Image

ബെസ്റ്റ്‌ അസംപ്‌ഷന്‍ അലുംമ്‌നി അവാര്‍ഡ്‌ ആര്‍ തങ്കമണിക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 March, 2012
ബെസ്റ്റ്‌ അസംപ്‌ഷന്‍ അലുംമ്‌നി അവാര്‍ഡ്‌ ആര്‍ തങ്കമണിക്ക്‌
ഷിക്കാഗോ: ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്‌റ്റര്‍ ഏര്‍പ്പെടുത്തിയ `ബെസ്റ്റ്‌ അസംപ്‌ഷന്‍ അലുംമ്‌നി' അവാര്‍ഡ്‌ വടക്കേക്കര ഗവ. ഹയര്‍ സെക്കന്‍ഡറി റിട്ട. പ്രിന്‍സിപ്പലും അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥിയും (1966- 71) സാമൂഹിക പ്രവര്‍ത്തകയുമായ ആര്‍. തങ്കമണി കരസ്ഥമാക്കി.

സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസ ബിരുദവുമുള്ള ആര്‍. തങ്കമണിയുടെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മികവിനെ മുന്‍നിര്‍ത്തിയാണ്‌ അവാര്‍ഡ്‌ സമ്മാനിക്കുന്നത്‌.

അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും ആഗോളതലത്തില്‍ വിവിധ തുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്ക്‌ കൊടുക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണിത്‌. കോളജിന്റെ വജ്ര ജൂബിലി വര്‍ഷമായ 2010-ലാണ്‌ ഇതിനു തുടക്കംകുറിച്ചത്‌. സി. മേരി ലിറ്റിയായിരുന്നു പ്രഥമ അവാര്‍ഡ്‌ കരസ്ഥമാക്കിയത്‌.

പ്രശസ്‌തിപത്രവും കാഷ്‌ അവാര്‍ഡും അടങ്ങിയ ഈ അംഗീകാരം കോളജ്‌ മാനേജര്‍ മോണ്‍. ജോസഫ്‌ നടുവിലേഴം അസംപ്‌ഷന്‍ കോളജില്‍ വെച്ച്‌ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ ആര്‍. തങ്കമണിക്ക്‌ സമ്മാനിച്ചു.

വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന വിജ്ഞാനവും വിവേകവും സമൂഹ നന്മയ്‌ക്കായി വിനിയോഗിക്കണം എന്ന്‌ മോണ്‍. ജോസഫ്‌ നടുവിലേഴം തന്റെ മുഖ്യ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിബദ്ധതയ്‌ക്കുമുള്ള ജനകീയാംഗീകാരമാണ്‌ ഈ അവാര്‍ഡ്‌ എന്ന്‌ ആര്‍. തങ്കമണി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

മികച്ച എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍ എന്ന സംസ്ഥാന അവാര്‍ഡും നിരവധി പ്രാദേശിക അവാര്‍ഡുകളും അംഗീകാരങ്ങളും ആര്‍. തങ്കമണിക്ക്‌ ലഭിച്ചിട്ടുണ്ട്‌.

സാമൂഹിക സ്‌നേഹവും പരിസ്ഥിതി സ്‌നേഹവും ആരോഗ്യപരിപാലനവും കൈമുതലാക്കിയിട്ടുള്ള ആര്‍. തങ്കമണി പാവപ്പെട്ടവര്‍ക്കും പിന്നോക്കവിഭാഗത്തില്‍പ്പെട്ടവര്‍ക്കും വേണ്ടി റോഡ്‌ നിര്‍മ്മിക്കുക, വീടുകള്‍ തോറും വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ച്‌ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട്‌ പ്രകൃതിയെ സ്‌നേഹിക്കുക, വാഴപ്പള്ളി പഞ്ചായത്തിലുടനീളം സാനിട്ടറി ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ മാസംതോറും നടത്തിയും ബോധവത്‌കരണ സെമിനാറുകളും ക്ലാസ്സുകളും വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി നടത്തിക്കൊണ്ട്‌ സമൂഹത്തെ ബോധവത്‌കരിക്കുകയും ചെയ്യുന്നു.

വാഴപ്പള്ളി പഞ്ചായത്തിന്റെ പ്രസിഡന്റായി നോമിനേറ്റ്‌ ചെയ്യപ്പെട്ടിരിക്കുന്ന ആര്‍. തങ്കമണി പഞ്ചായത്ത്‌ മെമ്പര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍, മഹിളാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ എന്നിങ്ങനെ മറ്റ്‌ പല സ്ഥാനമാനങ്ങളും വഹിച്ചുകൊണ്ട്‌ പൊതുരംഗത്ത്‌ സമൂഹ നന്മയ്‌ക്കായി അനസ്യൂതം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സജീവ സാന്നിധ്യമാണ്‌. ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.
ബെസ്റ്റ്‌ അസംപ്‌ഷന്‍ അലുംമ്‌നി അവാര്‍ഡ്‌ ആര്‍ തങ്കമണിക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക