Image

വിസ്‌മയചെപ്പ്‌ തുറന്നു; ആപ്പിള്‍ ഐപാഡ്‌ എത്തി

Published on 08 March, 2012
വിസ്‌മയചെപ്പ്‌ തുറന്നു; ആപ്പിള്‍ ഐപാഡ്‌ എത്തി
കാലിഫോര്‍ണിയ: വിസ്‌മയങ്ങളുടെ അത്ഭുതച്ചെപ്പ്‌ തുറന്ന്‌ ആപ്പിളിന്റെ ഐപാഡ്‌ എത്തി. ഐപാഡ്‌-3 എന്നാണ്‌ പുതിയ ഐപാഡിന്റെ പേരായി നെറ്റില്‍ പ്രചരിച്ചിരുന്നതെങ്കിലും ആപ്പിള്‍ തങ്ങളുടെ പുതിയ ഐപാഡ്‌ മോഡലിന്റെ പേരൊന്നും മാറ്റിയിട്ടില്ല. ഐപാഡ്‌ എന്നു മാത്രമാണ്‌ പുതിയ മോഡലിന്റെയും പേര്‌. അല്ലെങ്കില്‍ തന്നെ പേരിലെന്തിരിക്കുന്നുവെന്നാണ്‌ ആപ്പിള്‍ ചോദിക്കുന്നത്‌.

കാരണം ഇതുവരെ ഒരു ടാബ്‌ലറ്റിനും നല്‍കാന്‍ കഴിയാത്തത്ര ആധുനിക സാങ്കേതികതകളാണ്‌ പുതിയ ഐപാഡില്‍ ആപ്പിള്‍ ഉപയോക്താക്കള്‍ക്കായി വാഗ്‌ദാനം ചെയ്യുന്നത്‌. ഇതുവരെ ഒരു ടാബ്‌ലറ്റിനും നല്‍കാന്‍ കഴിയാത്തത്ര ഉയര്‍ന്ന റെസല്യൂഷനാണ്‌ അതിലൊന്ന്‌. പുതിയ ഐപാഡിലെ ഹൈഡെഫനിഷന്‍ സ്‌ക്രീനിന്റെ റസല്യൂഷന്‍ 2048 ബൈ 1536 പിക്‌സല്‍സ്‌ ആണ്‌.

കൂടുതല്‍ മികവോടെ ഗ്രാഫിക്‌സ്‌ പ്രകടനം സാധ്യമാക്കാന്‍ കരുത്തേറിയ പുതിയ `എ 5 എക്‌സ്‌' ചിപ്പ്‌ ഉപയോഗിച്ചിരിക്കുന്നു. മാത്രമല്ല, 5 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറും ഉണ്‌ട്‌. ഐപാഡ്‌-2 ന്‌ 8.8 മില്ലീമീറ്റര്‍ കനമുണ്‌ടായിരുന്നുവെങ്കില്‍, പുതിയ ഐപാഡിന്‌ 9.4 മില്ലീമീറ്ററാണ്‌ കനം. ഇതിനു പുറമെ പുതിയ ഐപാഡ്‌ 4ജി സപ്പോര്‍ട്ട്‌ ചെയ്യും. അതായത്‌ കൂടുതല്‍ മിഴിവും കൂടുതല്‍ വേഗവുമായാണ്‌ ഐപാഡിന്റെ പുതിയ അവതാരലക്ഷ്യമെന്ന്‌ സാരം.

മിഴിവും വേഗവുമെല്ലാം കൂടിയതിനൊപ്പം വിലയും അല്‍പം കൂടിയിട്ടുണ്‌ട്‌ എന്നു മാത്രം. 499 ഡോളര്‍ മുതല്‍ 829 ഡോളര്‍ വരെയായിരിക്കും പുതിയ ഐപാഡിന്റെ യുഎസ്‌ വിപണിവില. വൈഫൈ മാത്രമുള്ള അടിസ്ഥാന മോഡലാണ്‌ 499 ഡോളറിന്‌ ലഭിക്കുക. 4 ജി മോഡലിന്‌ 629 ഡോളറിലാണ്‌ വില തുടങ്ങുന്നത്‌. 3 ജി സങ്കേതത്തിന്റെ പത്തുമടങ്ങായിരിക്കും 4 ജി കണക്ഷന്റെ വേഗം എന്ന്‌ കണക്കാക്കുമ്പോള്‍ അത്‌ കൂടുതലല്ല.

പുതിയ മോഡല്‍ പുറത്തിറക്കിയെങ്കിലും ഐപാഡ്‌-2ന്റെ വില്‍പന തുടരുമെന്ന്‌ ആപ്പിള്‍ അറിയിച്ചിട്ടുണ്‌ട്‌. ഐപാഡ്‌-2 ന്റെ അടിസ്ഥാന മോഡല്‍ വില 399 ഡോളറായി കുറച്ചിട്ടുമുണ്‌ട്‌. ഈ മാസം 16 മുതല്‍ യുഎസ്‌, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്‌, കാനഡ എന്നിവിടങ്ങളില്‍ പുതിയ ഐപാഡ്‌ ലഭ്യമാകും.

പുതിയ ഐപാഡ് വിപണിയിലെത്തുക മാര്‍ച്ച് 16 നാണ്. ബ്രിട്ടണ്‍, അമേരിക്ക, കാനഡ, ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്‌സ്വര്‍ലന്‍ഡ്, ഹോങ്കോങ്, സിങ്കപ്പൂര്‍, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളിലാവും ആദ്യം എത്തുക.

2011 ല്‍ 67 മില്യണ്‍ ആയി ലോകത്ത് ടാബ്‌ലറ്റ് ഉപയോഗം വര്‍ധിച്ചുവെന്ന് സ്ട്രാറ്റജി അനാലിസ്റ്റിക്‌സ് പറയുന്നു. രണ്ടക്ക വളര്‍ച്ചയാണ് 2011 ല്‍ ടാബ്‌ലറ്റ് രംഗം കാഴ്ച്ചവെച്ചത്. ഐഎംഎസ് റിസര്‍ച്ചിന്റെ കണക്ക് പ്രകാരം, 2011 ല്‍ ടാബ്‌ലറ്റുകളുടെ ആഗോളവിപണിയില്‍ ആപ്പിളിന്റെ വിഹിതം ഇപ്പോള്‍ 62 ശതമാനമാണ്. ഈ വര്‍ഷം അത് 70 ശതമാനമാകുമെന്നാണ് പ്രതീക്ഷ.

ഇത്രകാലവും ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകളായിരുന്നു ഐപാഡിനോട് മത്സരിച്ച് വിപണിയിലുണ്ടായിരുന്നത്. ഈ വര്‍ഷം പുതിയൊരു താരം കൂടി മത്സരത്തിനെത്തുകയാണ്-മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് 8 ഒഎസ്. ആ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് പുതിയ ഐപാഡ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക