Image

ചരിത്രം കുറിച്ച് മലയാളി വനിത; പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡില്‍ പാര്‍ലമെന്റ് എംപി

Published on 27 September, 2017
ചരിത്രം കുറിച്ച് മലയാളി വനിത; പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡില്‍ പാര്‍ലമെന്റ് എംപി
 ഒക് ലന്‍ഡ്: ന്യൂസിലന്‍ഡില്‍ പാര്‍ലമെന്റ് അംഗത്വം നേടി മലയാളി വനിത ചരിത്രം കുറിച്ചു. എറണാകുളം പറവൂര്‍ സ്വദേശി പ്രിയങ്ക രാധാകൃഷ്ണനാണ് കേരളത്തിന്റെ അഭിമാനമായത്. ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍ ലിസ്റ്റ് എംപിയായ പ്രിയങ്ക ഒക് ലന്‍ഡിലെ മൗന്‍ഗാകിക്കിയെയാണ് പ്രതിനിധീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 23നു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൊട്ടടുത്ത എതിരാളിയായ നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയോടു പ്രിയങ്ക പരാജയപ്പെട്ടിരുന്നു. ഒക്ടോബര്‍ രണ്ടാം വാരമാണു സത്യപ്രതിജ്ഞ. ചരിത്രത്തില്‍ ആദ്യമായി മലയാളി ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗമാകുന്നത്. 

നേരത്തെ കണ്‍വെല്‍ജിത് ബക്ഷി, പരംജിത് പരമാര്‍ എന്നീ ഇന്ത്യക്കാര്‍ ഭരണകക്ഷിയായ നാഷണല്‍ പാര്‍ട്ടിയുടെ എംപിമാരായി വിജയിച്ചിരുന്നു. കൂടാതെ മഹേഷ് ബിന്ദ്ര ന്യൂസിലാന്‍ഡ് ഫസ്റ്റ് എന്ന ചെറു പാര്‍ട്ടിയുടെ ലിസ്റ്റ് എംപിയുമായിരുന്നു. ഇവര്‍ ഇക്കുറിയും പാര്‍ട്ടിയുടെ ലിസ്റ്റ് എംപിമാരായി തുടരും. ഇതോടെ ന്യുസിലന്‍ഡ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം നാലായി. 

2004 ല്‍ സ്റ്റുഡന്റ്‌സ് വീസയിലാണ് പ്രിയങ്ക ന്യൂസിലന്‍ഡിലെത്തുന്നത്. 2006ല്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതു പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ പബ്ലിക് പോളിസി കമ്മിറ്റിയുടെ അംഗവും പാര്‍ട്ടിയിലെ പല സബ് കമ്മിറ്റികളില്‍ അംഗവും ഉപദേശകയും ആണ്. 

വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. െ്രെകസ്റ്റ്ചര്‍ച്ചില്‍നിന്നുള്ള സ്‌കോട്ട്‌ലന്‍ഡ് വംശജനായ റിച്ചാര്‍ഡ്‌സണ്‍ ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്. അച്ഛന്‍ രാമന്‍ രാധാകൃഷ്ണനും അമ്മ ഉഷ രാധാകൃഷ്ണനും ചെന്നൈയില്‍ വിശ്രമ ജീവിതം നയിക്കുന്നു. 

പരാജയപ്പെട്ട പ്രിയങ്ക എങ്ങനെ എംപി ആയി? ന്യൂസിലന്‍ഡിലെ തെരഞ്ഞെടുപ്പ് രീതി ഇങ്ങനെ...

ഒക് ലന്‍ഡ്: ന്യുസിലാന്‍ഡിലെ തെരഞ്ഞെടുപ്പ് രീതി ഇന്ത്യയില്‍നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. ആകെയുള്ള 120 പാര്‍ലമെന്റിലെ സീറ്റില്‍ 71 ഇലക്ട്‌റല്‍ സീറ്റ് ആണ്. ഈ മണ്ഡലങ്ങളിലേക്ക് വോട്ടേഴ്‌സ് നേരിട്ട് അവരുടെ എംപിയെ തിരഞ്ഞെടുക്കുന്‌പോള്‍ ബാക്കിയുള്ള 49 സീറ്റ് അകെ ഓരോ പാര്‍ട്ടിക്കും കിട്ടിയ വോട്ടു ശതമാനം കണക്കാക്കി അതാതു പാര്‍ട്ടി നല്‍കുന്ന ലിസ്റ്റില്‍ നിന്ന് എംപിയാക്കും. 

ഇതനുസരിച്ചു 41 % വോട്ടു കിട്ടിയ നാഷണല്‍ പാര്‍ട്ടിക്ക് 41 ഇലക്ടറേറ്റില്‍ (നിയോജകമണ്ഡലങ്ങളില്‍ ) നിന്ന് ജയിച്ച 41 എംപിമാരെയും വോട്ടിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ 17 ലിസ്റ്റ് എംപിമാരെയും ലഭിക്കും. ഇതില്‍ തന്നെ നേരത്തെ കിവി ഇന്ത്യന്‍ ലിസ്റ്റ് എംപിമാരായ കണ്‍വെല്‍ജിത് ബക്ഷിയും പരംജിത് പരാമാരും നാഷണല്‍ പാര്‍ട്ടിയുടെ ലിസ്റ്റില്‍നിന്ന് വീണ്ടും ലിസ്റ്റ് എംപി ആകും. ഇവര്‍ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിലും തോറ്റിരുന്നു. എന്നിരുന്നാലും പാര്‍ട്ടിയില്‍ ഇന്ത്യന്‍ പ്രാതിനിധ്യം ഉള്‍ക്കൊള്ളിക്കാനാണ് പാര്‍ട്ടിയില്‍ സീനിയര്‍ ആയ ഈ നേതാക്കന്മാരെ വീണ്ടും നാഷണല്‍ പാര്‍ട്ടി ലിസ്റ്റ് എംപിമാരായി നോമിനേറ്റ് ചെയ്യുന്നത്. 

ലേബര്‍ പാര്‍ട്ടിക്കും, ഈ തെരഞ്ഞെടുപ്പില്‍ 36 % വോട്ടു കിട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കു 16 ലിസ്റ്റ് എംപിമാരെ ലഭിക്കും. കൂടാതെ 29 നിയോജക മണ്ഡലങ്ങളില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചിട്ടുണ്ട്. അങ്ങനെ ലേബര്‍ പാര്‍ട്ടി എംപിമാരുടെ എണ്ണം 45 ആകും. 

ഇങ്ങനെ ലിസ്റ്റ് എംപിമാരാകേണ്ട ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റില്‍ 11ാം സ്ഥാനമാണ് മലയാളിയായ പ്രിയങ്കയ്ക്കുള്ളത്. ലിസ്റ്റ് എംപിമാര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട എംപി മാര്‍ക്കും പാര്‍ലമെന്റില്‍ അധികാരങ്ങളും, അവകാശങ്ങളും ഒരേപോലെയാണ്. ലിസ്റ്റ് എംപി ഒരു ഇലക്ടറേറ്റിനെ( നിയോജകമണ്ഡലത്തെ) പ്രതിനിധികരിക്കുന്നില്ല. പക്ഷെ എംപി എന്ന നിലയില്‍ ന്യുസിലാന്‍ഡില്‍ എവിടെയും സര്‍ക്കാര്‍ ചെലവില്‍ ഓഫീസ് സ്ഥാപിക്കാം. മറ്റു സര്‍ക്കാര്‍ പാര്‍ലമെന്റു കമ്മിറ്റികളില്‍ മെന്പറോ മന്ത്രിയോ ആകാം.

എന്നാല്‍ ലേബര്‍ പാര്‍ട്ടി ഇപ്പോഴത്തെ അവസ്ഥയില്‍ പ്രതിപക്ഷത്താണ്. ചെറിയ പാര്‍ട്ടികളായ ഗ്രീന്‍, ന്യുസിലാന്‍ഡ് ഫസ്റ്റ് എന്നി പാര്‍ട്ടികള്‍ക്ക് ഈ വര്‍ഷം ഒറ്റ സ്ഥാനാര്‍ഥിപോലും ഇലക്ടറേറ്റില്‍ വിജയിപ്പിക്കാനായില്ല. എന്നാല്‍ ആകെ ലഭിച്ച പാര്‍ട്ടി വോട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രീന്‍പാര്‍ട്ടിക്ക് ഏഴും ന്യുസിലാന്‍ഡ് ഫസ്റ്റ് പാര്‍ട്ടിക്ക് ഒന്പതും എംപിമാരെ ലഭിക്കും. 

ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച നാഷണല്‍ പാര്‍ട്ടിക്ക് വേണ്ടത്ര ഭൂരിപക്ഷമില്ലാത്തിതിനാല്‍ ചെറുപാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാണ്. ഈ രണ്ടു പാര്‍ട്ടികളും ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചാല്‍ ഭരണം ലേബര്‍ പാര്‍ട്ടിക്ക് കിട്ടും. ഏതെങ്കിലും ഒരു ചെറു പാര്‍ട്ടി നാഷണലിനെ പിന്തുണച്ചാല്‍ ഭരണം ഇപ്പോഴത്തെ ഭരണകക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് കിട്ടും. ചര്‍ച്ചകള്‍ നടന്നു വരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക