Image

പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്ക്കാരവുമായി പൊന്നോണം 2017 ഹ്യുസ്റ്റണില്‍

രഞ്ജിത് നായര്‍ Published on 29 September, 2017
പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്ക്കാരവുമായി പൊന്നോണം 2017 ഹ്യുസ്റ്റണില്‍
ഹ്യൂസ്റ്റണ്‍: മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളില്‍ ഒന്നായ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പൂതപ്പാട്ടിനെ ആസ്പദമാക്കി സബിതാ രഞ്ജിത് അണിയിച്ചൊരുക്കുന്ന നൃത്ത സംഗീത ദൃശ്യാവിഷ്ക്കാരം "നങ്ങേലിയും ഭൂതവും " ഒക്ടോബര്‍ 1 ന് ഹ്യുസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന " പൊന്നോണം 2017 " ല്‍ അരങ്ങിലെത്തുന്നു .അരുമയായ പൊന്നുണ്ണിയെ നഷ്ടപ്പെട്ട ഒരു അമ്മയുടെ കഥ പറഞ്ഞ പൂതപ്പാട്ട് ,പവിത്രമായ മാതൃസ്‌നേഹത്തിന്റെ മൂര്‍ത്തിമദ് ഭാവത്തെ വരച്ചു കാട്ടുന്നു .

ഒരു കാലത്തു നാട് വിറപ്പിച്ച നാട്ടുകാരുടെ പേടി സ്വപ്നമായിരുന്നു ഭൂതം ,പിന്നീട് കാല ചക്ര പ്രയാണത്തില്‍ എല്ലാ വര്‍ഷവും വീടുകളില്‍ നിന്ന് നെല്ലും മുണ്ടും വാങ്ങാന്‍ വരുന്ന വ്യസനിക്കുന്ന ഭൂതം ആയി കവിതയില്‍ രൂപാന്തരം പ്രാപിക്കുന്നു .ആ വ്യസനത്തിനു പിന്നില്‍ എല്ലാ ജീവ ജാ ലങ്ങളും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കൊതിയുള്ളവരാണെന്ന സത്യം വരച്ചു കാട്ടുന്ന ഒരു കഥയുണ്ട് .കുന്നിന്റെ താഴ്വാരത്തു പാറക്കെട്ടിനടിയില്‍ താമസിക്കുന്ന ഭൂതം ,ആറ്റിന്‍ കരയിലെ മാളിക വീട്ടിലെ നങ്ങേലിയുടെ ഉണ്ണിയെ തട്ടിയെടുക്കുകയും തന്റെ പൊന്നോമനയെ തിരിച്ചു കിട്ടാനായി മാതൃ സ്‌നേഹത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നങ്ങേലി നടത്തുന്ന പോരാട്ടവും ആണ് ഈ കഥയിലെ ഇതിവൃത്തം .

ഇരുപതോളം കലാകാരന്മാര്‍ അണിനിരക്കുന്ന നൃത്ത സംഗീത ദൃശ്യാവിഷ്കാരത്തില്‍ ഭൂതമായി നിഷാ സുരേഷും നങ്ങേലിയായി സബിതാ രഞ്ജിത്തും വേഷമിടുന്നു .കൂടാതെ ശ്രീന നാരായണന്‍ ,കല്യാണി നായര്‍ ,കൃഷ്ണജ കുറുപ്പ് ,ശ്രീജിത്ത് മാരാര്‍ ,കിരണ്‍ വാസന്തി ,സജി നായര്‍ ,ജിഷ്ണു ഗോവിന്ദ് ,അനന്തന്‍ നായര്‍ , ഗീതികാ നായര്‍ ,ആര്യാ നായര്‍ ,ദേവികാ തമ്പി ,ഗൗരി ഹരി ,കൃഷ്ണാ മനോജ് ,ഗോപികാ നായര്‍ ,കൃഷ്‌ണേന്ദു സായ്‌നാഥ് ,മാനസാ മുരളീധരന്‍ ,കൃഷ്ണന്‍ ഗിരിജ ,സജി കണ്ണോലില്‍ എന്നിവരും വേഷമിടുന്ന "നങ്ങേലിയും ഭൂതവും ഓണാഘോഷത്തിനു പൊലിമ കൂട്ടും . നൃത്ത സംവിധാനം സബിതാ രഞ്ജിത്തും ,വസ്ത്രാലങ്കാരം ശ്രീകല കൃഷ്ണനും ,കലാ സംവിധാനം സുരേഷ് കരുണാകരനും നിര്‍വഹിക്കുന്നു .

മുത്തശ്ശിക്കഥകളും പഴം പാട്ടും കൈമോശം വന്ന തലമുറയ്ക്ക് മുന്നില്‍ ഭാവനകളും താളങ്ങളും ഗൃഹാതുരതയും ഒത്തു ചേരുന്ന ദൃശ്യാവിഷ്കാരം നവ്യാനുഭവമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു .പ്രകൃതിയുടെ മനോഹാരിതയും സ്‌നേഹത്തിന്റെ മൃദുലതയുമുള്ള കഥകള്‍ കേട്ട് വളരുന്ന കുട്ടികളില്‍ നമ്മുടെ സംസ്കാരത്തിന്റെ വേരു കളും സ്‌നേഹ ബന്ധങ്ങളിലെ ആഴങ്ങളെക്കുറിച്ചുള്ള അറിവും പ്രാപ്യമാക്കാന്‍ സഹായകരമാകും എന്നുള്ളതും ഇത്തരം കഥകളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക