Image

ലോകത്തെ ധനാഢ്യരില്‍ നാല് ശതമാനവും ഇന്ത്യക്കാര്‍

Published on 08 March, 2012
ലോകത്തെ ധനാഢ്യരില്‍ നാല് ശതമാനവും ഇന്ത്യക്കാര്‍
ന്യൂയോര്‍ക്ക്: ലോകത്തെ ധനാഢ്യരില്‍ നാല് ശതമാനവും ഇന്ത്യക്കാരെന്ന് പ്രമുഖ ബിസിനസ് മാസികയായ ഫോബ്‌സ്. ഇതില്‍ അസിം പ്രേംജി, എന്‍.ആര്‍ നാരായണമൂര്‍ത്തി, അംബാനി സഹോദരന്‍മാര്‍ എന്നിവരൊക്കെ ഉള്‍പ്പെടും. ഈ വര്‍ഷത്തെ പട്ടികയില്‍ 48 ഇന്ത്യക്കാരാണ് ഇടം നേടിയത്. കൂടാതെ ഇന്തോനേഷ്യ, അയര്‍ലാന്‍ഡ്, തായ്‌ലന്‍ഡ്, യു.കെ, യു.എസ് എന്നിവിടങ്ങളില്‍ നിന്നായി ഒമ്പത് ഇന്ത്യന്‍ വംശജരും പട്ടികയിലിടം നേടി. ഇന്ത്യന്‍ കോടീശ്വരന്‍മാരില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയില്‍ 19ാം സ്ഥാനം നേടി. ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ഇന്ത്യക്കാരനും മുകേഷ് ആണെന്ന് ഫോബ്‌സ് വിലയിരുത്തി. 

മാസിക തിരഞ്ഞെടുത്ത 1226 ധനാഢ്യരില്‍ മുന്നില്‍ നില്‍ക്കുന്നത് മെക്‌സിക്കന്‍ കോടീശ്വരന്‍ കാര്‍ലോസ് സ്ലിമാണ്. 6900 കോടി ഡോളറാണ് സ്ലിമിന്റെ ആസ്തി. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് സ്ലിം ഏറ്റവും വലിയ കോടീശ്വരനായി തിരഞ്ഞെടുക്കപ്പെടുന്നത്. 

പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് രണ്ടാം സ്ഥാനത്ത്. 6100 കോടി ഡോളറാണ് ഗേറ്റ്‌സിന്റെ ആസ്തി. മൂന്നാം സ്ഥാനത്ത് അമേരിക്കന്‍ നിക്ഷേപകന്‍ വാറന്‍ ബഫെറ്റും സ്ഥാനം നേടി. 4400 കോടി ഡോളര്‍ ആസ്തിയാണ് ബഫെറ്റിന്. ലോകത്തെ ധനാഢ്യരുടെ എണ്ണം 1226 ആയി ഉയര്‍ന്നത് റെക്കോഡാണെന്ന് ഫോബ്‌സ് വിലയിരുത്തി. തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ധനാഢ്യരുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ധനയാണുണ്ടായത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി പട്ടിക തയ്യാറാക്കിയ അവസരത്തില്‍ ധനാഢ്യരുടെ എണ്ണം വെറും 140 മാത്രമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക