Image

അടിപൊളി സിനിമകളും, അവയുണര്‍ത്തുന്ന സാമൂഹ്യ പ്രശ്‌നങ്ങളും (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 08 October, 2017
അടിപൊളി സിനിമകളും, അവയുണര്‍ത്തുന്ന സാമൂഹ്യ പ്രശ്‌നങ്ങളും (ലേഖനം: ജയന്‍ വര്‍ഗീസ്)
ശാസ്ത്രത്തിന്റെയും, സാങ്കേതിക വിദ്യയുടെയും സഹായത്തോടെ കഴിഞ്ഞ നൂറ്റാണ്ട് മനുഷ്യ രാശിക്ക് വേണ്ടി തുറന്നിട്ട വലിയ വാതായനമാണ് സിനിമ. മനുഷ്യ വേദനകളും, ആത്മ സംഘര്‍ഷങ്ങളും, സ്വപ്നങ്ങളും, അഭിവാഞ്ചകളും അനായാസം പങ്കു വയ്ക്കുന്നതിന് ഈ മാധ്യമം വളരെയേറെ സഹായകമായി. ലോകത്താകമാനമുള്ള സിനിമാ പ്രവര്‍ത്തകര്‍ തങ്ങളുടെ ജനതകള്‍ക്കു വേണ്ടി അണിയിച്ചൊരുക്കിയ അഭ്രകാവ്യങ്ങള്‍ സാംസ്കാരികവും, സാമൂഹ്യവുമായ തലങ്ങളില്‍ പുത്തന്‍ മാനങ്ങള്‍ തൊട്ടറിയുന്നതിന് ആ ജനതകളെ സഹായിച്ചിട്ടുണ്ട്.മനുഷ്യ പുരോഗതിയുടെ വന്പന്‍ സാധ്യതകളും, വിശ്വ മാനവീകതയുടെ വിശാല വാതായനങ്ങളും സിനിമ നമുക്ക് മുന്നില്‍ തുറന്നിട്ടു. ഉള്ളം കൈയിലെ നെല്ലിക്കയായി ലോകത്തെ താന്‍ മാറ്റിയെടുത്തു എന്ന മനുഷ്യന്റെ അവകാശ വാദത്തിന് ഏറ്റവും സഹായകമായ ഘടകങ്ങളിലൊന്ന് സിനിമയായിരുന്നു എന്ന് ഹൃദയ പൂര്‍വം സമ്മതിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ സിനിമയുടെ ചരിത്ര പരിശോധനക്ക് ഇവിടെ പ്രസക്തിയില്ല. അന്ധവിശ്വാസപരവും, അബദ്ധജടിലവുമായ സങ്കല്‍പ്പങ്ങളില്‍ കാലൂന്നി നിന്ന ഇന്ത്യന്‍ സാമൂഹ്യാവസ്ഥയെ പടിഞ്ഞാറന്‍ ജീവിത രീതിയുടെ പടിവാതില്‍ക്കല്‍ വരെ വലിച്ചിഴച്ചു കൊണ്ടുവന്നതില്‍ സിനിമ വഹിച്ച പങ്ക് വളരെ വലുതാണ്. ഈ വലിച്ചിഴക്കല്‍ ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടു എന്നതിനൊപ്പം തന്നെ, ഇന്ത്യന്‍ ധര്‍മ്മികതയുടെ മിനുത്ത തൊലിപ്പുറത്ത് അതേല്‍പ്പിച്ച പോറലുകളും, കീറലുകളും നിക്ഷ്പക്ഷമതികള്‍ക്കു കണ്ടില്ലെന്ന് നടിക്കാനുമാവില്ല.? ഇതില്‍ നിന്നുള്ള ചോരപ്പാടുകളെ അവഗണിച്ചു കൊണ്ട്, ഭരണ കൂടങ്ങളും, വാര്‍ത്താ മാധ്യമങ്ങളും ഇതിനെ പുരോഗതി എന്ന് വിളിച്ചാദരിക്കുന്നു. ഭാരതീയ ദര്‍ശനങ്ങളെയും, സാംസ്കാരിക സന്പന്നതകളെയും കുറിച്ച് ആഴത്തില്‍ അറിവില്ലാത്ത ഏതൊരാള്‍ക്കും ഇത് പുരോഗതിയായി അനുഭവപ്പെടാം. ഇത്തരക്കാരുടെ മൃഗീയ ഭൂരിപക്ഷം നയിക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ഇതിനെതിരെയുള്ള ഏതൊരു വാദഗതിയെയും ജനം പുച്ഛിച്ചു തള്ളുമെങ്കിലും, സ്വര്‍ണ്ണത്തളികക്കടിയിലെ സത്യത്തെ തുറന്നു വിടാനുമുള്ള വ്യഗ്രതയോടെ നാം ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടതുണ്ട്.

ഒരു ജനതയുടെ സാംസ്കാരികവും, സാമൂഹികവും, സന്മാര്‍ഗ്ഗികവും, സാന്പത്തികവുമായ സാധ്യതകളെ ഉദ്ധീപിപ്പിക്കുന്നതിനുള്ള ഊര്‍ജ്ജം ഓരോ കലാരൂപവും പുറത്തേക്കു പ്രസരിപ്പിക്കുക തന്നെ വേണം. ഇതിനെ നമുക്ക് ' സര്‍ഗാത്മക റവന്യൂ ' എന്ന് വിളിക്കാം. സര്‍ഗാത്മക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏവരും ഈ റവന്യൂവിന്റെ ഉല്‍പ്പാദകരായിരിക്കേണ്ടതുണ്ട്. ഈ റവന്യൂ ഉള്‍ക്കൊണ്ട് വളര്‍ച്ച പ്രാപിക്കുന്ന ഒരു സമൂഹം, വ്യക്തി സമൂഹത്തിനും, സമൂഹം വ്യക്തിക്കും എന്ന സമൂര്‍ത്തമായ സങ്കല്പം സാക്ഷാല്‍ക്കരിക്കുന്നു! ഇവിടെ മനുഷ്യ വേദനകള്‍ക്ക് സ്വാന്തനവും, അധര്‍മ്മത്തിനെതിരെയുള്ള പോരാട്ടവും, ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളെ എന്ന മനുഷ്യാവസ്ഥയുടെ മാറ്റളവുകളും യാഥാര്‍ഥ്യമായിത്തീരുന്നു!

ഈ പുനര്‍ വായനയില്‍ ജനകീയ കലാരൂപമായ സിനിമ എവിടെ നില്‍ക്കുന്നുവെന്നതാണ് ചോദ്യം. ലോകത്താകമാനമുള്ള സിനിമാ പ്രവര്‍ത്തകര്‍ തങ്ങളുടെ സിനിമകളെ ജന സാമാന്യത്തിന്റെ ഉള്‍ത്തുടിപ്പുകളുടെ ഉറവകളാക്കുന്‌പോള്‍, നമ്മുടെ സിനിമ അടിപൊളി ഭൂതത്തിന്റെ ആസനം താങ്ങികളായി അധഃപതിക്കുകയാണ്. ഈ പരാമര്‍ശനത്തിനു വഴങ്ങാത്ത മനോഹര സിനിമകള്‍ ഉണ്ടായിട്ടുണ്ട്, അവയെ വെറുതെ വിടുന്നു.

മൂന്നാം ലോക രാഷ്ട്രങ്ങളില്‍ ഈ അടിപൊളി ഭൂതത്തെ തുറന്നു വിട്ടതാവട്ടെ, പടിഞ്ഞാറന്‍ കച്ചവട തന്ത്രത്തിന്റെ ആസൂത്രിത അധിനിവേശവും. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പായ്ക്കപ്പലുകളില്‍ ലോകം ചുറ്റി കച്ചവടക്കവര്‍ച്ച നടത്തിയ പാശ്ചാത്യ ബുദ്ധിരാക്ഷസന്മാര്‍ ലോകത്താകമാനം കോളനികള്‍ സ്ഥാപിച്ചത് നമുക്കറിയാം. മൂന്നാം ലോക രാജ്യങ്ങളുടെ ധനവും, മാനവും, സാംസ്കാരിക സന്പന്നതകളും അപഹരിച്ച ഈ കള്ള നാണയങ്ങളെ അധിനിവേശ ജനതകള്‍ തിരിച്ചറിയുകയും, തങ്ങളുടെ മണ്ണില്‍ നിന്ന് അവരെ തുരത്തുകയും ചെയ്തതും നമുക്കറിയാം.

തോക്കുകളും, ബോംബുകളും മാത്രമല്ലാ, മനസുകളെ മയക്കാനായി മതവും അവര്‍ ഉപയോഗിച്ചുവെങ്കിലും, ഇതൊന്നും തങ്ങളുടെ ഇടയില്‍ വിലപ്പോവുകയില്ലന്ന് ഈ ജനതകള്‍ തെളിയിച്ചു കൊടുത്തപ്പോള്‍ അവര്‍ക്കു പിന്മാറേണ്ടി വന്നുവെങ്കിലും, തങ്ങളുടെ തേനറകളെ പൂര്‍ണ്ണമായി ഉപേക്ഷിക്കുവാന്‍ ആ പടിഞ്ഞാറന്‍ കരടികള്‍ക്ക് സാധിക്കുമായിരുന്നില്ല. അതിനായി വളരെ ബോധപൂര്‍വം അവരാവിഷ്ക്കരിച്ച ബൗദ്ധിക തന്ത്രമാണ്, ഇന്ന് മൂന്നാം ലോക രാഷ്ട്രങ്ങളുടെ ശാപമായി മാറിയിരിക്കുന്നതും, ' അടിപൊളി ' യെന്ന് മലയാളീകരിക്കപ്പെട്ടതുമായ ' എന്‍ജോയ് ദ ലൈഫ്. '

തിന്നുവാനും, കുടിക്കുവാനും, ആനന്ദിക്കുവാനുമുള്ള ഒരു അവതാരമാണ് മനുഷ്യ ജന്മം എന്നവര്‍ ജനതകളെ ഉത്‌ബോധിപ്പിച്ചു. "ജീവിതം ആഘോഷമാക്കൂ " എന്ന പുതിയ മുദ്രാവാക്യം അവര്‍ ജനസാമാന്യത്തിന് നല്‍കി. ഇതിനുള്ള ഭൗതിക സാഹചര്യങ്ങളും, ഉപകരണങ്ങളും മാര്‍ക്കറ്റ് ചെയ്യുക വഴി തങ്ങളുടെ അധിനിവേശ ഭൂമികളില്‍ നിന്ന് അവര്‍ മാന്യമായി ലാഭം കൊയ്യുന്നു.

ശക്തമായ സാംസ്ക്കാരിക അടിത്തറകളില്ലാത്ത കൊച്ചു കൊച്ചു പൗരസ്ത്യ രാജ്യങ്ങള്‍ വളരെ വേഗം ഈ ചൂണ്ടയില്‍ കുടുങ്ങിയെങ്കിലും, വേദേതിഹാസ കാലങ്ങളുടെ പൗരാണികര്‍ ഗലികളില്‍ വരെ നീണ്ടുനീണ്ടു കിടക്കുന്ന സാംസ്ക്കാരിക പാരന്പര്യമുള്ള ഭാരതത്തെ കീഴടക്കുക അത്ര എളുപ്പമായിരുന്നില്ല.

അതുകൊണ്ടാവണം, ജനസാമാന്യത്തിന് ഏറ്റവുമടുത്ത സന്പര്‍ക്കമുള്ള ദൃശ്യമാധ്യമ രംഗങ്ങളില്‍ സാവധാനം അവര്‍ തങ്ങളുടെ വേരുകള്‍ ഉറപ്പിച്ചത്. പ്രായോഗിക തലത്തില്‍ ഇതിന്റെ പരിണിത ഫലമായിട്ടായിരിക്കണം, ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്ന് വളരെ അകന്നു നില്‍ക്കുന്ന ഒരു സ്വപ്നക്കൂടാണ് ഇന്ന് ദൃശ്യ മാധ്യമങ്ങള്‍!.

ഈ കൂട്ടില്‍ പരുപരുത്ത ജീവിത യാഥാര്‍ഥ്യങ്ങളുടെ നഗ്‌ന വൈകൃതങ്ങളില്ല; സത്യസന്ധമായ ജീവിത വ്യാപാരങ്ങളുടെ പച്ചത്തുരുത്തുകളില്ല. പകരം, സുന്ദരന്മാരും, സുന്ദരികളും മേളിക്കുന്ന സ്വര്‍ഗ്ഗസമാനമായ ജീവിത വ്യാപാരങ്ങളേയുള്ളു! തമ്പുരാക്കന്മാരും, തന്പുരാട്ടികളും മരുവുന്ന കൊട്ടാരക്കെട്ടുകളേയുള്ളു! മീശ പിരിച്ചു കാര്യം നേടുന്ന ഫ്യൂഡല്‍ പ്രഭുക്കന്മാരും, കവലചട്ടന്പികളായ വല്യേട്ടന്മാരുമെയുള്ളു!?

ഇതില്‍ കുടിവെള്ളമെടുക്കാന്‍ മൈലുകള്‍ താണ്ടുന്ന ഗ്രാമീണ സ്ത്രീകളില്ല. നക്ഷത്ര റിസോര്‍ട്ടുകളില്‍ വിളയുന്ന നേച്വര്‍ ടൂറിസത്തിന്റെ ബാക്കി പത്രങ്ങളായി പിറന്നു വീഴുന്ന തന്തയില്ലാത്ത ആദിവാസികുട്ടികളില്ല? അടുത്ത നേരത്തെ ആഹാരത്തിനുള്ള അന്വേഷണ വിഹ്വലതയില്‍, " കാലണ കിട്ടില്ല തെണ്ടിയാല്‍ രാത്രിയില്‍ ; നാലണ കിട്ടും കടക്കണ്ണനക്കിയാല്‍ " എന്ന് കേഴുന്ന കിളുന്തു പെണ്ണ് ആയിഷയില്ല. ( വയലാറിനെ സ്മരിക്കുക.)

മദ്യവും, സ്വര്‍ണ്ണവും നിത്യോപയോഗ സാധനങ്ങളുടെ പട്ടികയില്‍ പെടുത്തി ജനത്തെ കൊള്ളയടിക്കുന്ന കച്ചവട മാഫിയയുടെ നക്കാപ്പിച്ച കൈപ്പറ്റുകവഴി അവരെ തള്ളിപ്പറയാനാവാതെ, അവര്‍ക്ക് വേണ്ടി കുര ക്കുകയും, കടിക്കുകയും ചെയ്യുന്ന കാവല്‍ നായ്ക്കളായി സ്വയം തരം താഴുകയാണ് സിനിമയുള്‍പ്പടെയുള്ള വര്‍ത്തമാന ദൃശ്യ മാധ്യമങ്ങള്‍?

' സിനിമാ നടികളുടെ സൗന്ദര്യവും, ശരീര ഭാഷയും കാണാനെത്തുന്ന പുരുഷന്മാരുടെ ആസക്തിയെയാണ് തൃപ്തിപ്പെടുത്തുന്നത് ' എന്ന് ചാനലില്‍ കയറിയിരുന്ന് തട്ടിവിടുന്ന ഡാക്ടര്‍ ശാരദക്കുട്ടിയേപ്പോലുള്ള ചലച്ചിത്ര നിരൂപകര്‍ക്ക്, ആസക്തിയുടെയും, ആസ്വാദനത്തിന്റെയും അര്‍ത്ഥ വ്യത്യാസങ്ങള്‍ ഇനിയും മനസിലായിട്ടില്ലന്നുള്ളത് തികച്ചും പരിതാപകരം തന്നെ! അല്ലങ്കില്‍, ഇത്തരം നിരൂപകരുടെ കാഴ്ച്ചക്കണ്ണുകളിലൂടെ ആസ്വാദനം മറന്ന് ആസക്തിയെ പുണരുന്ന ആധുനിക ഭാരതത്തിന്റെ വീര നായകന്മാരായിരിക്കണം, അരുമക്കുഞ്ഞുങ്ങള്‍ മുതല്‍ അമ്മൂമ്മത്തള്ളമാര്‍ക്കു വരെ ബലാത്സംഗ ഭീഷണിയുടെ മുള്‍മുന സമ്മാനിച്ചു കൊണ്ട് അവര്‍ക്കു മുന്പില്‍ അടിച്ചു പൊളിക്കുന്നത് ?

ജന സാമാന്യത്തിന്റെ ചിന്താ ധാരകളിലേക്ക് സംവദിച്ചിറങ്ങാന്‍ കഴിവുള്ള ഈ മീഡിയകള്‍ക്ക് ഒരു ജനതയെ മാറ്റിമറിക്കാന്‍ കഴിവുണ്ട്; ഉണ്ടാവണം. ധാര്‍മ്മികവും, സത്യസന്ധവുമായ ഒരടിത്തറയില്‍ ഉറച്ചു നിന്ന് കൊണ്ട് വരുവാനുള്ള നാളെകളുടെ വിശാല സാധ്യതകളിലേക്ക് സ്വപ്നങ്ങളുടെ വര്‍ണ്ണ വല വീശിയെറിയുവാന്‍ മനുഷ്യന് സാധിക്കണം. അതിനവനെ പ്രാപ്തനാക്കാന്‍ ഉന്നത ചലച്ചിത്രങ്ങള്‍ക്ക് സാധിക്കും. ദിശാവബോധവും, മനുഷ്യാവസ്ഥകളോട് ആന്തരിക പ്രതിബദ്ധതയുമുള്ള പ്രതിഭാ ശാലികള്‍ക്ക് മാത്രമേ ഇത്തരം കലാ വിസ്മയങ്ങള്‍ വിരിയിച്ചെടുക്കുവാനാകൂ !!

നമ്മുടെ സിനിമയിലെ വലിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഇത്തരം പ്രതിഭാ ശാലികളെ കണ്ടെത്തുക വളരെ വിഷമം. നൂറു കണക്കിന് ചാപിള്ളകള്‍ പിറന്നു വീഴുന്ന മലയാള സിനിമയില്‍ നിന്ന് ഓജസ്സുള്ള ഒരെണ്ണം? എന്തിന് ? അടുത്ത നേരത്തെ ആഹാരം ഉറപ്പില്ലാത്ത അനേകായിരങ്ങള്‍ അധിവസിക്കുന്ന അര്‍ദ്ധ പട്ടിണിക്കാരുടെ നാട്ടില്‍ നിന്ന് നൂറ്റിയന്പത് കോടി കവര്‍ന്നെടുത്ത പുലിമുരുകന്‍ പോലും എന്ത് തേങ്ങാക്കുലയന്‍ സന്ദേശമാണ് സമൂഹത്തിന് കൈമാറിയത് എന്നറിഞ്ഞാല്‍ക്കൊള്ളാം?

കലാ സാംസ്ക്കാരിക രംഗങ്ങളില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി അനുഭവപ്പെടുന്ന ധാര്‍മ്മിക അധഃപതനത്തിന്റെ ബാക്കിപത്രങ്ങളാണ് വിഷ്വല്‍ മീഡിയകള്‍ പുറത്തേക്ക് പ്രസരിപ്പിക്കുന്നത്. ഈ ധര്‍മ്മച്യുതി സ്വന്തം ജീവിതത്തില്‍ ഏറ്റുവാങ്ങി വഷളായ ഒരു ജനതയാണ് ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും ഇന്നുള്ളത്. വളരെക്കുറഞ്ഞ ഒരു കാലസന്ധിയില്‍ വന്നു ചേര്‍ന്ന ഈ മാറ്റം സര്‍വ നാശത്തിലേക്ക് ആടിപ്പാടി കുതിച്ചെത്തുന്ന ഈയാം പാറ്റകളാക്കി ഒരു ജനതയെ മാറ്റിയിരിക്കുന്നു!!

നനവെള്ളവും, സൂര്യപ്രകാശവും സമൃദ്ധമായ കന്നിമണ്ണ് തരിശിട്ടുകൊണ്ട് നമ്മുടെ യുവാക്കള്‍ ഓഫീസ് ശിപ്പായിമാരുടെ വൈറ്റ് കോളറിന് ക്യൂവില്‍ നില്‍ക്കുന്നു. പത്തുരൂപ അദ്ധ്വാനിച്ചുണ്ടാക്കാന്‍ കഴിയാത്തവര്‍ പത്തന്പതിനായിരത്തിന്റെ സെല്‍ഫോണുകളില്‍ അര്‍മ്മാദിക്കുന്നു.
മുക്കുവക്കുടിലില്‍ നിന്ന് കെട്ടഴിഞ്ഞു പോയ പട്ടിയെപ്പോലെ പ്രലോഭനങ്ങളുടെ അയിലയും, ചാളയും മണത്ത് ഇന്ത്യന്‍ യുവത്വം അലയുന്നു?ഒരു ലക്ഷ്യമേയുള്ളു: ചൈനയെ കടത്തി വെട്ടി ഇന്ത്യയെ ഒന്നാമതെത്തിക്കുക ജനസംഖ്യയുടെ കണക്കില്‍?

ലക്ഷ്യബോധവും, മുക്ത കാമനകളുമുള്ളവര്‍ വളരെ കുറവ്. രാവിലെ നല്ല വേഷത്തിലിറങ്ങണം. സന്തത സഹചാരിയായ സെല്‍ഫോണുമായി കുറെ രമിക്കണം. മേലനങ്ങാതെ കാശുണ്ടാക്കുന്നതിനുള്ള കുറെ വേലകള്‍ ഇറക്കണം. സമീപ മേഖലകളില്‍ ട്രാഫികജാം സൃഷ്ടിച്ചുകൊണ്ട് സണ്ണി ലിയോണിനെപ്പോലുള്ള സെക്‌സ് ബോംബുകളുടെ ആരാധകപ്പടയില്‍ അണിചേരണം. കൈയില്‍കിട്ടിയതും, കടം വാങ്ങിയതും ചേര്‍ത്ത് സക്കാര്‍ മദ്യം വാങ്ങിയടിച്ചു ഫിറ്റായി ഉറങ്ങണം? ഒരു ശരാശരി ന്യൂജെന്‍ മലയാളിയുടെ ഉല്‍പ്പാദന ക്ഷമമായ ഒരു ദിവസം ഇങ്ങിനെ അവസാനിക്കുന്നു!?

ഈ പുത്തന്‍ ജീവിത രീതിയെ നമ്മള്‍ അടിപൊളി എന്ന് വിളിക്കുന്നു. ഈ അടിപൊളി സമൂഹത്തിന് സമ്മാനിച്ച അരങ്ങിനു പിന്നിലെ വില്ലന്മാരാണ് സിനിമയും, ചാനലുകളും?

അവര്‍ പടച്ചുവിട്ട സ്വപ്ന കാമുകന്മാരും, സ്വര്‍ഗ്ഗ സുന്ദരികളും തങ്ങളാണെന്ന് പൊതുസമൂഹം പ്രത്യേകിച്ചും യുവജനങ്ങള്‍ ധരിച്ചു വശാകുന്നു. താരങ്ങളെ റോള്‍മോഡലുകളാക്കി മനസ്സില്‍ കെട്ടിപ്പൊക്കിയ കൊട്ടാരക്കെട്ടുകളില്‍ രാജാക്കന്മാരും, രാജ്ഞികളുമായി വാഴുന്നൂ കുറേക്കാലം. ഒറ്റ വാക്കില്‍ ഇതിനെ ' അടിച്ചുപൊളിച്ചു ' എന്ന് കൂട്ടിവായിക്കാം.

പിന്നെപ്പിന്നെ ക്ഷണിക്കാത്ത അതിഥികളെപ്പോലെ ജീവിത യാഥാര്‍ഥ്യങ്ങള്‍ പാത്തും പതുങ്ങിയും വന്നെത്തുന്നു. രോഗം, കഷ്ടത, ദാരിദ്ര്യം, കടം? .... നില്‍ക്കുന്ന പടവുകളില്‍ നിന്ന് താഴോട്ടിറങ്ങാന്‍ പലര്‍ക്കും മടി. എല്ലാറ്റിനും പരിഹാര സൂത്രമായി അവസാന വഴി കണ്ടെത്തുന്നു ആത്മഹത്യ!!

അപ്പോളും തങ്ങളുടെ റോള്‍മോഡലുകള്‍ താരക്കിളവന്മാരും, കിളവികളും ആടിയും , പാടിയും, അടിച്ചും, പൊളിച്ചും വെള്ളിത്തിരയില്‍ വിലസുന്നു! ചാനല്‍ തിളക്കത്തില്‍ നിറയുന്നു! അത് നെഞ്ചിലേറ്റി സംവേദിച്ചു കൊണ്ട് അടുത്ത നിര ആത്മഹത്യക്കായി ഒരുങ്ങുന്നു!

ഇളിക്കാനും, രസിക്കാനുമുള്ള ഇടം മാത്രമാണ് തീയറ്റര്‍ എന്ന ധാരണ കേരളത്തില്‍ അതി ശക്തമാണ്. അതുകൊണ്ടു തന്നെ മിമിക്രി ഇളിപ്പുകാരുടെ ചാകരപ്പൊയ്ത്താണ് കേരളത്തില്‍! ജീവിതത്തിന്റെ കാതലായ സീരിയസ്‌നെസ്സ് പാടേ ഊറ്റിയെടുത്ത് വെറുതേ ഒഴുകി നടക്കുന്ന പൊങ്ങുതടികളാക്കി മനുഷ്യനെ മാറ്റുന്നു ഇക്കൂട്ടര്‍. ഈ നില തുടര്‍ന്നാല്‍, നാണവും, മാനവും കെട്ട്, പ്രതികരണ ശേഷിയുടെ വരിയുടക്കപ്പെട്ട്, ആര്‍ക്കോ വേണ്ടി എവിടേക്കോ ഭാരം വലിക്കാന്‍ വിധിക്കപ്പെട്ട വണ്ടിക്കാളകളുടെ വലിയൊരു കൂട്ടമായി മാറും ദൈവത്തിന്റെ സ്വന്തം നാട്ടിലെ സന്പൂര്‍ണ്ണ സാക്ഷര ജനത!?

കലാരൂപങ്ങള്‍ എക്കാലവും പ്രസക്തമാണ്. അവയുടെ സ്ഥാനം പൊതുജീവിതധാരയില്‍ വളരെ വലുതുമാണ്. ജീവിത യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കണ്ണാടികളായിരിക്കണം അവകള്‍. ഒരു ജനതയുടെ സാംസ്കാരികവും, സാമൂഹികവും, ധാര്‍മ്മികവും, സാന്പത്തികവുമായ സന്പന്നതകള്‍ക്ക് അവകള്‍ പ്രേരകങ്ങളായിരിക്കണം. ' ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളെ 'എന്ന മനുഷ്യരാശിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുവാന്‍ വേണ്ടി അത് ജനതകളെ നയിക്കണം.

എങ്കില്‍ മാത്രമേ, കലയും, കലാകാരനും, ബിഗ്‌സ്ക്രീനും, മിനിസ്ക്രീനും ഒക്കെ മാനിക്കപ്പെടുകയുള്ളു; ആശംസകള്‍ !!

കുറിപ്പ്: ഉന്നതമായ ജീവിത വീക്ഷണവും, ഉല്‍കൃഷ്ടമായ സ്വഭാവ വൈശിഷ്ട്യവും പുലര്‍ത്തുന്ന, കുടുംബത്ത് പിറന്ന ഒട്ടേറെ യുവജനങ്ങള്‍ ഇന്ത്യയിലുണ്ട്. മിടുക്കന്മാരും,മിടുക്കികളും. ഈ ലേഖനത്തിലെ ' യുവ ' പരാമര്‍ശനങ്ങളില്‍ അവര്‍ ഉള്‍പ്പെടുന്നേയില്ല. നാളത്തെ ലോകത്തെ അവര്‍ നയിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
Join WhatsApp News
Ninan Mathullah 2017-10-08 13:21:04
Very strong writing. As true writers are prophets, give keen attention to such writing for the sake of our future here.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക