Image

ഫോമായുടെ 2020 കണ്‍വെന്‍ഷന്‍ ടൊറോന്റോയില്‍ നടത്തണമെന്ന് കനേഡിയന്‍ മലയാളികള്‍

ജയ് പിള്ള Published on 14 October, 2017
ഫോമായുടെ 2020 കണ്‍വെന്‍ഷന്‍  ടൊറോന്റോയില്‍ നടത്തണമെന്ന് കനേഡിയന്‍ മലയാളികള്‍

നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ 2020 കണ്‍വെന്‍ഷന്‍ കാനഡയിലെ ടൊറോന്റോയില്‍ നടത്തണമെന്ന് കനേഡിയന്‍ മലയാളികള്‍ ആവശ്യപ്പെട്ടു.

കാനഡയുള്‍പ്പെടെയുള്ള നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ പ്രാദേശികമായി തുല്യനീതി പുലര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാല്‍ വിസ്തീര്‍ണ്ണം കൊണ്ടും മലയാളികളുടെ എണ്ണംകൊണ്ടും അമേരിക്കയിലെ ഏതൊരു സ്റ്റേറ്റിനെക്കാളും ഒട്ടും പിന്നിലല്ലാത്ത കാനഡയില്‍ ഒരു കണ്‍വെന്‍ഷന്‍ നടത്തേണ്ടത് ഫോമായുടെ ആവശ്യമാണെന്നും അതിന് ഇനി ഒട്ടും വൈകരുതെന്നും കനേഡിയന്‍ മലയാളികള്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
സമാന്തര സംഘടനയായ ഫൊക്കാന ഇതിനോടകം രണ്ടു കണ്‍വെന്‍ഷനുകള്‍ കാനഡയില്‍ നടത്തിയത് തങ്ങളുടെ ആവശ്യത്തിന് പിന്‍ബലമേകുന്നതായി അവര്‍ ചൂണ്ടി കാട്ടി. മാത്രമല്ല ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ജനനിബിഡമായ ടൊറോന്റോ കണ്‍വെന്‍ഷന്‍ നടത്തിയ അന്നത്തെ നേതൃനിര ഇന്ന് ഫോമാ കണ്‍വെന്‍ഷന്‍ ഏറ്റെടുത്ത് നടത്താന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തില്‍ നിന്നും രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളെയും കലാ - സാഹിത്യ രംഗത്തെ പ്രമുഖരെയും കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാന്‍ വിസ തയ്യാറാക്കുന്നതുള്‍പ്പെടെ ഗവണ്മെന്റ് തല പിന്തുണ ഇപ്പോഴത്തെ സാഹചര്യത്തില്‍ കിട്ടാന്‍ എളുപ്പമാണെന്നും കനേഡിയന്‍ മലയാളികള്‍ പറഞ്ഞു.
അമേരിക്കന്‍ മലയാളികള്‍ക്ക് ഈ കണ്‍വെന്‍ഷന്‍ ഒരു രാജ്യാന്തര ടൂറിനും കനേഡിയന്‍ കാഴ്ചകള്‍ കാണാനുമുള്ള ഒഴിവുകാല ഉല്ലാസത്തിനും അവസരവുമാകും. അതിനാല്‍ കൂടുതല്‍ അംഗങ്ങള്‍ അമേരിക്കയില്‍ നിന്ന് തന്നെ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സാധ്യതയേറെയാണ്.

ഒരു വിജയകരമായ കണ്‍വെന്‍ഷന്‍ നടത്താനുള്ള എല്ലാ അനുകൂല കാലാവസ്ഥയാണ് ഇന്ന് കാനഡായിലുള്ളത്. ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ ഗവണ്മെന്റുകളുടെ പിന്തുണ, കലാ സാംസ്‌കാരിക സംഘടനകളുടെയും കലാകാരന്മാരുടെയും പിന്തുണ, സുരക്ഷിതത്വം, ഹോട്ടല്‍-സുഖ സൗകര്യങ്ങള്‍ തുടങ്ങിയവ എല്ലാം അനുകൂല ഘടകങ്ങളാണ്.
കാനഡയിലെ തന്നെ എട്ടോളം മലയാളിസംഘടനകള്‍ ഇപ്പോള്‍ ഫോമായോടൊപ്പമുണ്ട്. കാനഡായിലൊരു കണ്‍വെന്‍ഷന്‍ നടത്തിയാല്‍ കൂടുതല്‍ മലയാളി സംഘടനകള്‍ ഫോമായോടൊപ്പം ചേരാന്‍ തയ്യാറായിട്ടുണ്ട്.

എന്നാല്‍, ഫോമായില്‍ നിന്നും കാനഡയ്ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കില്‍ നിലവിലുള്ളവര്‍ കൂടി മറുകണ്ടം ചാടാന്‍ സാധ്യതയുണ്ട്.

അതിനാല്‍ ഫോമായുടെ വളര്‍ച്ചയും അംഗബലവുമാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ 2020 ഫോമാ കണ്‍വെന്‍ഷന്‍ ടൊറോന്റോയില്‍ നടത്തേണ്ടത് ഫോമായുടെ തന്നെ ആവശ്യമായി കരുതി എല്ലാ അമേരിക്കന്‍ മലയാളി സംഘടനകളും പിന്തുണക്കണമെന്നും ഫോമായുടെ നിലവിലുള്ള ഭാരവാഹികള്‍ അതിനായി യത്‌നിക്കണമെന്നും കനേഡിയന്‍ മലയാളി അസോസിയേഷന്‍ രക്ഷാധികാരിയും ഫോമായുടെ കാനഡാ റീജിയണല്‍ പ്രസിഡണ്ടുമായ തോമസ് കെ തോമസിന്റെ നേതൃത്വത്തില്‍ വിവിധ അസോസിയേഷന്‍ ഭാരവാഹികളോടൊപ്പം കനേഡിയന്‍ മലയാളികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക