Image

കൊല്‍ക്കത്ത ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും 31 വിദ്യാര്‍ത്ഥികളെ പുറത്താക്കി

Published on 17 October, 2017
കൊല്‍ക്കത്ത ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും 31 വിദ്യാര്‍ത്ഥികളെ പുറത്താക്കി
കൊല്‍ക്കത്ത: സത്യജിത്‌ റേ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സിസ്റ്റിറ്റിയൂട്ടില്‍ നിന്നും 31 വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള ഡയറക്ടറേറ്റിന്റെ തീരുമാനത്തിനെതിരെ ക്യാമ്പസില്‍ വിദ്യാര്‍ത്ഥി സമരം. 

കോളേജ്‌ ഹോസ്റ്റലില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാറി താമസിക്കണമെന്ന നിര്‍ദ്ദേശം കൊണ്ടുവന്നതിനു പിന്നാലെയാണ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ ബോര്‍ഡിന്റെ പ്രതികാര നടപടി.

വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ എസ്‌.ആര്‍.എഫ്‌.ടി.ഐ സ്റ്റുഡന്റ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരിക്കുകയാണ്‌. 

അധികൃതര്‍ സമരത്തോടും മുഖം തിരിക്കുന്ന നടപടികളാണ്‌ കൈക്കൊള്ളുന്നതെന്ന്‌ വിദ്യാര്‍ത്ഥികള്‍പറഞ്ഞു.

'ഒരു ബില്‍ഡിങ്ങില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും താമസിക്കാന്‍ പാടില്ലെന്നാണ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ പറയുന്നത്‌. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ഹോസ്റ്റലില്‍ നിന്നു മാറ്റാനുള്ള ശ്രമം നടന്നെങ്കിലും ഇതിന്‌ തയ്യാറാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെയാണ്‌ പുറത്താക്കല്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്‌.' 
വിദ്യാര്‍ത്ഥികള്‍പറഞ്ഞു.

'31 വിദ്യാര്‍ത്ഥികളെയാണ്‌ റെസ്‌ട്രിഗേറ്റഡ്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പെര്‍മനെന്റ്‌ ഹോസ്റ്റല്‍ എക്‌സ്‌പെന്‍ഷനും, പെര്‍മനെന്റ്‌ അക്കാദമിക്‌ സസ്‌പെന്‍ഷനുമാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

 കേന്ദ്ര മന്ത്രാലയത്തിന്റെ പിന്‍ബലത്തിലാണ്‌ ഇത്തരത്തിലൊരു നടപടിയിലേക്ക്‌ അധികൃതര്‍ നീങ്ങിയിരിക്കുന്നത്‌.'

'ഇന്‍സിസ്റ്റിറ്റിയൂട്ട്‌ ആരംഭിച്ച്‌ കഴിഞ്ഞ 20 വര്‍ഷത്തോളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബില്‍ഡിങ്ങിലാണ്‌ കഴിഞ്ഞിരുന്നത്‌. എന്നാല്‍ അത്‌ പാടില്ലെന്നാണ്‌ പുതിയ ഡയറക്ടര്‍ പറയുന്നത്‌. 

 ആണായതിന്റെ പേരില്‍ നീ ഇവിടെ കഴിയരുത്‌ അല്ലെങ്കില്‍ പെണ്ണായതിന്റെ പേരില്‍ ഇവിടെ കഴിയരുതെന്നാണ്‌ അവര്‍ പറയുന്നത്‌. എന്നാല്‍ വ്യക്തമായ ഒരു കാരണം പറയാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല.' വിദ്യാര്‍ത്ഥികള്‍പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക