Image

അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി: യുപിഎ സര്‍ക്കാരിനെതിരെ പ്രണബ്‌ മുഖര്‍ജി

Published on 21 October, 2017
അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി: യുപിഎ സര്‍ക്കാരിനെതിരെ പ്രണബ്‌ മുഖര്‍ജി


ദില്ലി: അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട്‌ യുപിഎ സര്‍ക്കാരിനെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുന്‍ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമായിരുന്നു അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയതെന്ന്‌ പ്രണബ്‌ മുഖര്‍ജി തുറന്നു പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പ്രണബ്‌ മുഖര്‍ജി ഇക്കാര്യം വെളിപ്പെടുത്തിയത്‌. 

നിരവധി ഘട്ടങ്ങളിലൂടെ കടന്നാണ്‌ ഒരു ദയാഹര്‍ജി അന്തിമതീരുമാനത്തിനായി രാഷ്ട്രപതിയുടെ മുന്നിലെത്തുന്നതെന്ന്‌ പ്രണബ്‌ മുഖര്‍ജി പറയുന്നു. രാഷ്ട്രപതി അതില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യും.

 ദയാഹര്‍ജി തള്ളാനാണ്‌ കേന്ദ്രസര്‍ക്കാര്‍ പറയുന്നതങ്കില്‍ സ്വാഭാവികമായി അതിനെ പിന്തുണയ്‌ക്കുകയേ രാഷ്ട്രപതിക്ക്‌ വകയുള്ളൂ. രാഷ്ട്രപതിക്ക്‌ കോടതിയുടെ പ്രതിച്ഛായയില്ല. പല വഴിയിലൂടെ കടന്നാണ്‌ അന്തിമതീരുമാനമുണ്ടാകുന്നതെന്നും പ്രണബ്‌ മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

ഫയലുകള്‍ കൈവശംവെച്ചാല്‍ മാത്രം നടപടിയുണ്ടാകില്ല. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്‌താല്‍ മാത്രമേ തീരുമാനമുണ്ടാകൂ. ഒന്നോ രണ്ടോ ഒഴിച്ചാല്‍ ബാക്കിയെല്ലാം തള്ളിയത്‌ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരമാണ്‌. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച ചെയ്‌ത ശേഷമാണ്‌ നടപടി സ്വീകരിച്ചിട്ടുള്ളത്‌. വധശിക്ഷയെ വ്യക്തിപരമായി എതിര്‍ക്കുന്നില്ല. വധശിക്ഷ ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും അദ്ദേഹം പറഞ്ഞു.

2001 ഡിസംബര്‍ പതിമൂന്നിലെ പാര്‍ലമെന്റ്‌ ആക്രമണവുമായി ബന്ധപ്പെട്ടാണ്‌ അഫ്‌സര്‍ ഗുരുവിനെ വധശിക്ഷയ്‌ക്ക്‌ വിധിച്ചത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക