ലണ്ടന്‍: യുക്മയുടെ കലാമേളകള്‍ എന്നും സിരകളില്‍ ആവേശം പടര്‍ത്തുന്ന ഒന്നാണ്. അതിനാല്‍ തന്നെ യുക്മ ദേശീയ കലാമേള കൊഴുപ്പിക്കുന്നതില്‍ അംഗ അസോസിയേഷനുകളുടെയും റീജണുകളുടെയും പങ്കു ഒന്നു വേറേ തന്നെയാണ്. കലാമേള പൂര്‍ണ വിജയത്തിലെത്താന്‍ എല്ലാവിധ ജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റുക എന്നത് കലാമേള ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ പൂര്‍ണ ഉത്തരവാദിത്തമാണ്. അതില്‍ പ്രധാനമാണ് മിതമായ നിരക്കില്‍ ഏവര്‍ക്കും സ്വാദിഷ്ടമായ ആഹാരം നല്‍കുക എന്നത്.
ചുരുങ്ങിയ കാലയളവില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച റോയല്‍ ഇവന്റ് യുകെ ആണ് ഈ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേളയില്‍ ഭക്ഷണ ശാല ഒരുക്കുന്നത്. രുചിയിലും സര്‍വീസിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ, ന്യായമായ വിലയ്ക്കു ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന് റോയല്‍ ഇവന്റ്സ് കാറ്ററിംഗ് ഡയറക്ടര്‍മാരായ ബിനു കൂട്ടുങ്കല്‍, പോള്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.
യുക്മ ദേശീയ കലാമേളയില്‍ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്നാക്സുകള്‍ തുടങ്ങിയവ ആവശ്യമനുസരിച്ചു ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കുള്ള സ്പെഷല്‍ ചിക്കന്‍ നട്സ് ആന്‍ഡ് ചിപ്സ് ഐസ്ക്രീം, ശീതള പാനീങ്ങള്‍ എന്നിവ ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്. സ്വാദിന് പേരുകേട്ട കോഴിക്കോടന്‍ ബിരിയാണിയും അപ്പം മുട്ടക്കറി എന്നുവേണ്ട മലയാളിക്ക് പ്രിയപ്പെട്ട എല്ലാ വിഭവങ്ങളും ലഭ്യമാണെന്നത് ആയിരക്കണക്കിന് മലയാളികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ ഒന്നു മാത്രമാണ്.
പാചകത്തില്‍ അതിനിപുണരായ മലയാളി ഷെഫുമാര്‍ക്കൊപ്പം പതിനഞ്ചോളം സര്‍വീസ് സ്റ്റാഫുമടങ്ങുന്ന ഒരു വന്‍ നിരയെ തന്നെയാണ് റോയല്‍ ഇവന്റ്സ് യുകെ കലാമേളയ്ക്കായി അണിനിരത്തുന്നത്. പായ്ക്കഡ് ലഞ്ച്, ഡിന്നര്‍ ബോക്സുകള്‍ നിര്‍ലോഭം മിതമായ നിരക്കില്‍ ലഭ്യമാണെന്നും റോയല്‍ ഇവന്റ്സ് അറിയിച്ചു.