Image

റവ. ഡോ. എം.ഒ. ജോണിന് മാതൃ ഇടവകാംഗങ്ങളുടെ സ്വീകരണം

Published on 25 October, 2017
റവ. ഡോ. എം.ഒ. ജോണിന് മാതൃ ഇടവകാംഗങ്ങളുടെ സ്വീകരണം
  
വിയന്ന: ഓസ്ട്രിയയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ സ്ഥാപകനും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വൈദിക ട്രസ്റ്റിയുമായ റവ. ഡോ. എം.ഒ. ജോണിന് മാതൃ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ആം താബോര്‍ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ റവ. ഡോ. എം.ഒ. ജോണ്‍ മുഖ്യകാര്‍മികത്വം വഹിച്ചു അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. സി.എം ഫിലിപ്പോസ്, വികാരി ഫാ. വില്‍സണ്‍ അബ്രഹാം എന്നിവര്‍ സഹകാര്‍മികരായിരുന്നു. വര്‍ഗീസ് പന്നായികടവില്‍, ജെഫിന്‍ കീകാട്ടില്‍, പ്രിന്‍സ് നാങ്കുളം, മാര്‍ട്ടിന്‍ ബ്രെസോവിക്‌സ് എന്നിവര്‍ ശുശ്രൂഷകളില്‍ സഹായിച്ചു.

അനുമോദന സമ്മേളനത്തില്‍ യൂത്ത് ലീഗ് പ്രതിനിധി ജെറീന്‍ പന്നായിക്കടവില്‍ റവ. ഡോ. എം.ഒ. ജോണിനെ സ്വീകരിച്ചു. ഫാ. വില്‍സണ്‍ അബ്രഹാം സ്വാഗതം ആശംസിച്ചു. ഫാ. സി.എം ഫിലീപ്പോസ്, പാരിഷ് സെക്രട്ടറി വര്‍ഗീസ് ഫിലിപ്, ഏലിയാമ്മ ബ്രെസോവിക്‌സ് (മാര്‍ത്തമറിയം സമാജം), പ്രിന്‍സ് നാങ്കുളം (യൂത്ത് ലീഗ്) എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വൈദികര്‍ റവ. ഡോ. എം.ഒ. ജോണിനെ പൊന്നാട അണിയിച്ചു. സ്‌നേഹവിരുന്നോടുകൂടി സമ്മേളനം സമാപിച്ചു. 

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വൈദിക ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ട റവ. ഡോ. എം.ഒ. ജോണിന്റെ ശ്രമഫലമായിട്ടാണ് 1982ല്‍ വിയന്നയില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സ്ഥാപിതമായത്. വിയന്നയില്‍ ഗവേഷണ വിദ്യാര്‍ഥിയായി എത്തിയ അദ്ദേഹം ജര്‍മനിയില്‍ നിന്ന് വൈദികരെ എത്തിച്ചാണ് ഓസ്ട്രിയയില്‍ വിശുദ്ധ കുര്‍ബാന നടത്തിയത്. ഇപ്പോള്‍ എല്ലാ ഞായറാഴ്ചയും അം താബോര്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന നടക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക