Image

ദേശീയ ഗാനത്തിന്റെയും ദേശഭക്തിയുടെയും പേരില്‍ കോടതി-സര്‍ക്കാര്‍ കലഹം മൂര്‍ച്ഛിക്കുന്നു. (ദല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 27 October, 2017
  ദേശീയ ഗാനത്തിന്റെയും ദേശഭക്തിയുടെയും പേരില്‍ കോടതി-സര്‍ക്കാര്‍ കലഹം മൂര്‍ച്ഛിക്കുന്നു. (ദല്‍ഹി കത്ത് : പി.വി.തോമസ്)
ദേശഭക്തിയും ദേശീയതയും ദേശീയഗാനത്തോടുള്ള ആദരവും ദേശീയ പതാകയോടുള്ള ബഹുമാനവും ഒന്നും കോടതിയോ, സര്‍ക്കാരോ, രാഷ്ട്രീയ പാര്‍ട്ടികളോ ജനങ്ങളില്‍ അടിച്ചേല്പിക്കേണ്ട ഒന്ന് അല്ല ജനാധിപത്യത്തില്‍. അത് പൗരന്റെ ഉള്ളില്‍ നിന്നും സ്വമേധയാ വരണം. ഒരുപക്ഷേ അത് ഒരു സ്വേച്ഛാധിപത്യത്തില്‍ ഏകാധിപതി നിര്‍ബ്ബന്ധമായി നിഷ്‌ക്കര്‍ഷിച്ചേക്കാം. പക്ഷേ, ഇന്‍ഡ്യ ഒരു ജനാധിപത്യരാജ്യമാണ്. ഇവിടെ വിമര്‍ശനവും, വിയോജിപ്പും, വിമതത്വവും അനുവദനീയം ആണ്. അതാണ് വാദപ്രിയനായ ഇന്‍ഡ്യാക്കാരന്‍. അതാണ് ജനാധിപത്യത്തിന്റെ അന്തസത്തയും. ഈ വിയോജിപ്പിനെ, വിമര്‍ശനത്തെ രാജ്യദ്രോഹം ആയി വ്യാഖ്യാനിക്കുമ്പോള്‍ ആണ് അടിസ്ഥാനപരമായ പ്രശ്‌നം.

ഇവിടെ ഇതെല്ലാം പ്രതിപാദിക്കുവാന്‍ കാരണം ഉണ്ട്. 2016 നവംബര്‍ 30 ന് ഇന്‍ഡ്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി ദേശീയഗാനം സംബന്ധിച്ച് ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതു പ്രകാരം സുപ്രീം കോടതി ഉത്തരവ് ഇട്ടു ഇന്‍ഡ്യയിലെ എല്ലാ സിനിമ കൊട്ടകളും സിനിമ ആരംഭിക്കുന്നതിനു മുമ്പ് ഇന്‍ഡ്യയുടെ ദേശീയ ഗാനം ആയ 'ജനഗണമന' ആലപിക്കണം. തീയേറ്ററില്‍ സന്നിഹിതരായ എല്ലാവരും ആസമയത്ത് എഴുന്നേറ്റ് നില്‍ക്കണം. ആരെയും അപ്പോള്‍ പുറത്തുപോകുവാന്‍ അനുവദിച്ചുകൂട. ഇതിന് കാരണം ആയി സുപ്രീം കോടതി പറഞ്ഞത് ഇത് ജനങ്ങളില്‍ ദേശഭക്തിയും ദേശസ്‌നേഹവും ഉളവാക്കുവാന്‍ ഉതകും. നല്ലത്. എന്നാല്‍ ഒക്ടോബര്‍ 23 ന് ഇതേ സുപ്രീം കോടതി തന്നെ ഇത് തിരുത്തി. കോടതി ചോദിച്ചു എന്തിന് ജനം ദേശീയ ഗാനം സിനിമാശാലയില്‍ ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരിക്കുക വഴി അവരുടെ ദേശസ്‌നേഹം കുപ്പായകൈയ്യില്‍ പ്രദര്‍ശിപ്പിക്കണം? ഇതും വളരെ നല്ല ചോദ്യം? മൂന്നംഗ ബഞ്ചിലെ ഒരു ജഡ്ജി ആയ ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് നിശിതമായ ചില പരാമര്‍ശനങ്ങള്‍ കൂടെ നടത്തി ജനം സിനിമകാണുവാന്‍ പോകുന്നത് മാനസീക ഉല്ലാസത്തിനും വിനോദത്തിനും വേണ്ടി ആണ്. നാളെ ആരെങ്കിലും സിനിമാശാലയില്‍ നിക്കറും ബനിയനും ഇട്ടുകൊണ്ട് ചെന്നാല്‍ അത് പാടില്ല കാരണം അവിടെ ദേശീയഗാനം പാടുന്നുണ്ട് എന്ന് പറഞ്ഞാല്‍ എന്താണ് അതിന്റെ യുക്തി? ചന്ദ്രചൂഡ് ചോദിച്ചു. ഇതുപോലെയുള്ള ധാര്‍മ്മീക ശാസനങ്ങള്‍ എവിടം വരെ പോകും? അദ്ദേഹം ഇത് ചോദിക്കുമ്പോള്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും ഒപ്പം അതേ ബഞ്ചില്‍ ഉണ്ട്. ജസ്റ്റീസ് മിശ്ര ആണ് 2016 ലെ വിവാദമായ ഉത്തരവ് പുറപ്പെടുവിച്ച ബഞ്ചിലെ ഒരംഗം. ഇപ്പോള്‍ അദ്ദേഹവും ആ ഉത്തരവിലെ യുക്തി ഇല്ലായ്മയെ തിരുത്തുവാന്‍ ഒപ്പം നിന്നത് വളരെ നല്ലതുതന്നെ. ഇത് സുപ്രീംകോടതിയുടെ തന്നെ ചരിത്രത്തിലെ അഭൂതപൂര്‍വ്വം ആയ ഒരു സംഭവം ആണ്. പക്ഷേ, കേന്ദ്ര ഗവണ്‍മെന്റ് ഇതിനെ എതിര്‍ത്തു. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ വാദിച്ചു സുപ്രീം കോടതിയുടെ പഴയ ഉത്തരവ് റദ്ദാക്കരുത്. കാരണം, അത് ജനങ്ങളില്‍ ദേശസ്‌നേഹത്തെ വളര്‍ത്തുവാന്‍ സഹായിക്കും. ഇന്‍ഡ്യപോലെയുള്ള വൈവിദ്ധ്യങ്ങളുടെ ഒരു രാജ്യത്ത് അത് ദേശീയ ഐക്യത്തെ ഊട്ടി വളര്‍ത്തുവാന്‍ സഹായിക്കും. അദ്ദേഹം ഭരണഘടനയിലെ 51-എ ആര്‍ട്ടിക്കിളിനെയും ഇതു സംബന്ധിച്ച് ഉദ്ധരിച്ചു. പക്ഷേ, സുപ്രീം കോടതി അതൊന്നും വകവച്ചില്ല. ഗവണ്‍മെന്റിനോട് ദേശീയ ഗാനാലാപനം സംബന്ധിച്ചു വ്യക്തമായ നിയമനിര്‍മ്മാണവുമായി വരുവാന്‍ ആജ്ഞാപിച്ചു. അടുത്ത വര്‍ഷം ജനുവരി 9 വരെ സമയവും അനുവദിച്ചു.

സുപ്രീം കോടതിയുടെ ആദ്യത്തെ ഉത്തരവ് ശുദ്ധ അസംബന്ധം ആണെന്ന് പൗരാവകാശ സംഘടനകള്‍ ഒന്നടങ്കം പറയുകയുണ്ടായി ഇപ്പോഴത്തെ നിര്‍ദ്ദേശത്തെ അവര്‍ ഒന്നടങ്കം സ്വാഗതം ചെയ്യുകയും ചെയ്തു. ബി.ജെ.പി.യും സംഘികളും ഒഴിച്ച്. കാരണം ദേശസ്‌നേഹത്തിന്റെ കുത്തകാവകാശം ആര്‍ക്കാണല്ലൊ.

ജസ്റ്റീസ് ചന്ദ്രചൂഡിന്റെ ചോദ്യം വളരെ പ്രസക്തം ആണ്. ദേശസ്‌നേഹം കൈപട്ടയില്‍ കൊണ്ടു നടക്കേണ്ട കാര്യമുണ്ടോ? അത് മനസിലും ചോരയിലും ഞരമ്പിലും ഉണ്ടായാല്‍ മതി. ഇന്ന് ഇന്‍ഡ്യയില്‍ സാംസ്‌ക്കാരിക ദേശീയതയുടെയും ഹിന്ദുത്വ തീവ്രതയുടെയും പശുസംരക്ഷണത്തിന്റെയും പേരില്‍ നടക്കുന്നത് ഈ വഴിവിട്ട ദേശീയതയും ദേശഭക്തിയും ആണ്. ദേശീയ ഗാനാലാപനം സംബന്ധിച്ച് അതുകൊണ്ടാണഅ വലതുപക്ഷ തീവ്രവാദികളില്‍ നിന്നും വലിയ പിന്തുണ ലഭിച്ചത്. സിനിമാശാലകളില്‍ ഈ സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവരെ, അംഗവിഹീനര്‍ ഉള്‍പ്പടെ, തല്ലിച്ചതച്ച സംഭവങ്ങള്‍ വളരെ ഉണ്ട്. സാംസ്‌ക്കാരിക-ദേശഭക്ത ഗുണ്ടകള്‍ക്ക് കോടതിയും ഗവണ്‍മെന്റും മറ്റൊരു വടികൂടെ നല്‍കി. അവര്‍ അത് ശരിക്കും ഉപയോഗിക്കുകയും ചെയ്തു.
സിനിമശാലകളും ക്രിക്കറ്റ് ഗ്രൗണ്ടുകളും ആണോ ദേശഭക്തി പ്രകടിപ്പിക്കുവാനുള്ള ഇടം? എത്ര ബാലിശം ആണ് ഈ വക സമീപനങ്ങള്‍! വിശ്രമത്തിന്റെയും വിനോദത്തിന്റെയും ഈ വേദികളെ കപടദേശസ്‌നേഹത്തിന്റെ പേരില്‍ രാഷ്ട്രീയ വല്‍ക്കരിക്കുന്നത്, ചിലപ്പോള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നത്, ദേശവിരുദ്ധമാണ്. സിനിമശാലകളില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തത് ദേശദ്രോഹത്തിന്റെ പ്രകടനം ആണെങ്കില്‍ അങ്ങനെ ഒരു നിയമം തന്നെ ജനവിരുദ്ധം ആണ്. അതാണ് ഗവണ്‍മെന്റിന് ഇനി സ്വീകരിക്കുവാനുള്ള തീരുമാനം. ആ വെല്ലുവിളിയാണ് സുപ്രീംകോടതി കേന്ദ്രഗവണ്‍മെന്റിന്റെ മുമ്പാകെ എറിഞ്ഞിട്ടിരിക്കുന്നത്. ഗവണ്‍മെന്റ് എന്ത് തീരുമാനം ജനുവരിയില്‍ എടുക്കും എന്നുള്ളത് നിര്‍ണ്ണായകം ആണ്.
ഇതുപോലുള്ള തീവ്രനിയമങ്ങള്‍, നിബന്ധനകള്‍ സാംസ്‌ക്കാരിക-കപട ദേശീയ ഗുണ്ടകളെ അഴിഞ്ഞാടുവാന്‍ മാത്രമെ സഹായിക്കുകയുള്ളൂ. ദേശഭക്തിക്ക് പകരം ദേശവിദ്വേഷം മാത്രമെ ഈ വക ഫാസിസ്റ്റ് പ്രവണത വളര്‍ത്തുകയൂള്ളൂ. ഭീകരവാദികളും, കരിഞ്ചന്തക്കാരും, കള്ളപ്പണക്കാരും, അഴിമതി വീരന്മാരും ദേശസ്‌നേഹികളായി വാഴുകയും ദേശീയ പതാകയെയും ദേശീയ ഗാനത്തെയും വിറ്റ് കാശാക്കുകയും ചെയ്യുമ്പോള്‍ ആരാണ് യഥാര്‍ത്ഥ ദേശസ്‌നേഹി എന്ന് എങ്ങനെ അറിയും? പശു പരിപാലന നിയമത്തിന്റെ പേരില്‍ നടക്കുന്ന അഹമ്മതി എല്ലാവര്‍ക്കും അറിയാവുന്നത് ആണ്. അതുപോലെയുള്ള മറ്റ് നരനായാട്ടുകളും. പാക്കിസ്ഥാന്‍ പോലെയുള്ള മുസ്ലീം രാജ്യങ്ങളിലെ ദൈവദൂഷണ നിയമങ്ങള്‍ പോലെ മനുഷ്യത്വ രഹിതം ആണ് അവ. ഇന്‍ഡ്യയും ആവഴിക്ക് പോകണമോ?

അതിദേശീയതയും തീവ്ര ദേശഭക്തിയും ഫാസിസത്തിന്റെ കപടമുഖങ്ങള്‍ ആണ്. ചരിത്രത്തിന്റെ ഓരോ വഴിത്തിരിവുകളില്‍ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ഇത് നിഷ്‌ക്കരുണം ദുരുപയോഗിച്ചിട്ടുണ്ട്. ചരിത്രം വായിച്ചിട്ടുള്ളവര്‍ക്ക് ഈ വക കാപട്യങ്ങള്‍ മനസിലാകും. അവ ആപല്‍സൂചകങ്ങള്‍ ആണ്. മതത്തിന്റെയും വംശത്തിന്റെയും, തൊലിയുടെ നിറത്തിന്റെയും പേരിലുള്ള ഈ വക വിവേചനങ്ങളും അമിത ആരാധനകളും അടിച്ചമര്‍ത്തലിന്റെയും വര്‍ഗ്ഗ-വംശനിഗ്രഹത്തിന്റെയും കാരണങ്ങള്‍ ആയിരുന്നു. ഹിറ്റ്‌ലറും മുസോളിനിയും എല്ലാം ഈ ശൃംഖലയിലെ കണ്ണികള്‍ ആയിരുന്നു. അമിത ദേശസ്‌നേഹവും വംശാധിപത്യവും അവരുടെ ആയുധങ്ങള്‍ ആയിരുന്നു അവരുടെ ഏകാധിപത്യം ഊട്ടി ഉറപ്പിക്കുവാന്‍.

സര്‍വ്വകലാശാലകളിലും കോളേജുകളിലും ത്രിവര്‍ണ്ണ പതാക പറപ്പിക്കുക, സിനിമശാലകളില്‍ ദേശീയഗാനം ആലപിക്കുക, ചൂതാട്ടകേന്ദ്രങ്ങളിലും ചുവന്നതെരുവുകളിലും ദേശഭക്തിഗാനങ്ങള്‍ ആലപിക്കുക ഇതൊന്നും അല്ല ദേശസ്‌നേഹം, ദേശീയത. കാമ്പസുകളിലെ ദളിത്-ദരിദ്ര വിവേചനം അവസാനിപ്പിക്കുക. സിനിമാ ശാലകളെ വിനോദകേന്ദ്രങ്ങളായി കണക്കാക്കുക. ചൂതാട്ട കേന്ദ്രങ്ങളുടെയും ചുവന്ന തെരുവുകളുടെയും അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കുക. ദേശസ്‌നേഹവും ദേശീയതയും ശരിയായ തരത്തില്‍, തലത്തില്‍ അപ്പോള്‍ പടര്‍ന്നു പന്തലിക്കും. കലഹന്തിയിലെയും കോരാപുട്ടിലെയും ഝാര്‍ഖണ്ഡിലെയും പട്ടിണിമരണങ്ങളെ അഭിസംബോധന ചെയ്യുക. ദേശസ്‌നേഹവും ദേശീയതയും ശരിയായ അര്‍ത്ഥത്തില്‍ അപ്പോള്‍ വേരോടും. പട്ടിണികിടക്കുന്നവനോട് ജനഗണമന പാടി ദേശസ്‌നേഹം തെളിയിക്കുവാന്‍ പറയരുത്. എവിടെയാണ് ഇന്‍ഡ്യ ഇന്ന് ആഗോള പട്ടിണി പട്ടികയില്‍ നില്‍ക്കുന്നത്? ലജ്ജ തോന്നുന്നില്ലേ?
ഇന്‍ഡ്യയെ സ്‌നേഹിക്കുന്നതും ഇന്‍ഡ്യക്ക് വേണ്ടി മരിക്കുന്നതും ഈ വക വര്‍ഗ്ഗീയവാദികള്‍ അല്ല. മതഭ്രാന്തന്മാര്‍ അല്ല. അത് ഏത്, മതവും ജാതിയും ആകട്ടെ. ഇന്‍ഡ്യയിലെ കര്‍ഷകരും അതിര്‍ത്തി കാക്കുന്ന ജവാന്മാരും ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത പട്ടിണിപാവങ്ങളായ അസംഘടിത കൂലി പണിക്കാരും ആണ്. അവര്‍ക്ക് അവരുടെ ദേശസ്‌നേഹം കുപ്പായ കയ്യില്‍ പ്രദര്‍ശിപ്പിക്കേണ്ട കാര്യം ഇല്ല. ഒരു പക്ഷേ ചങ്ങാത്ത മുതലാളിമാര്‍ക്കും അവരുടെ സംരക്ഷകര്‍ക്കും പല രാഷ്ട്രീയക്കാര്‍ക്കും വേണ്ടി വന്നേക്കാം.

  ദേശീയ ഗാനത്തിന്റെയും ദേശഭക്തിയുടെയും പേരില്‍ കോടതി-സര്‍ക്കാര്‍ കലഹം മൂര്‍ച്ഛിക്കുന്നു. (ദല്‍ഹി കത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക