Image

കുഞ്ഞിക്കയെപ്പറ്റി ... മനോഹര്‍ തോമസ്

Published on 29 October, 2017
കുഞ്ഞിക്കയെപ്പറ്റി ... മനോഹര്‍ തോമസ്
കുഞ്ഞിക്ക (പുനത്തിൽ കുഞ്ഞബ്‌ദുള്ള ) ഒരു വ്യക്തി ആയിരുന്നില്ല . പ്രത്യുതാ  ഒരു പ്രിതിഭാസമായിരുന്നു .ഇരുപത്തെട്ടു വര്‍ഷങ്ങളിലേക്കു നീളുന്ന സൗഹൃദം അത് പറയിക്കുന്നു . ഒന്നിച്ചുള്ള ഒരുപാട് യാത്രകള്‍ ,വിരുന്നുകള്‍ , സൗഹൃദങ്ങള്‍ , വിശകലനങ്ങള്‍ , തര്‍ക്കങ്ങള്‍ , വഴക്കുകള്‍ , ഏതെല്ലാം അതിനെ ഓര്‍മിപ്പിക്കുന്നു .

ജീവിതത്തിന്റെ ഓരോ തുള്ളിയും കുടിച്ചു തീര്‍ക്കണം എന്ന മനസ്സ് ; അതിനുള്ള അഭിനിവേശം !

മാധവികുട്ടി എറണാകുളത്തു അപ്പാര്‍ട്മെന്റില്‍ താമസിക്കുന്ന കാലം .ചേച്ചിയെ കാണാന്‍ തീരുമാനിച്ചു . വി .കെ . മാധവന്‍കുട്ടി , മണര്‍കാട് മാത്യു ,എം .മുകുന്ദന്‍ ,പിന്നെ കുഞ്ഞിക്കയുമുണ്ട് .

സ്വികരിച്ചിരുത്തി ,കാപ്പി വന്നു ,ചേച്ചി വിഷയങ്ങളിലേക്ക് കടന്നു .നിമിഷങ്ങള്‍ തൊങ്ങലും കിങ്ങിണിയും ചാര്‍ത്തി കടന്നുപോകുന്നു .

ഇടക്ക് കുഞ്ഞിക്കയോട് ഒരു ചോദ്യം :-
'ഞാന്‍ മുസ്ലിം സമുദായത്തില്‍ ചേര്‍ന്നതിനെപ്പറ്റി നിന്റെ അഭിപ്രായമെന്താണ് കുഞ്ഞബ്ദുള്ള ? '

കുഞ്ഞിക്ക ഒന്നും മിണ്ടിയില്ല .ചിരിച്ചങ്ങിനെ ഇരുന്നു .ചേച്ചി വീണ്ടും വിഷയങ്ങളില്‍ നിന്ന് വിഷയങ്ങളിലേക്ക് പാറി നടന്നു .എന്തോ ഓര്‍ത്തിട്ടെന്നപോലെ ചേച്ചി കുഞ്ഞിക്കയെ നോക്കി .

'അതെന്താടാ മേത്തചെറുക്കാ നിന്നോട് ഞാനൊരു ചോദ്യം ചോദിച്ചിട്ട് മിണ്ടാതിരിക്കുന്നത് ?'

ഒരു നിമിഷാര്‍ദ്ധം! കുഞ്ഞിക്കയുടെ മറുപടി ചിതറി വീണു .

'ചേച്ചി ബോധമില്ലാതെ മഹാ സമുദ്രത്തില്‍ നിന്ന് പള്ളിക്കുളത്തിലേക്ക് എടുത്തു ചാടിയതിനു ഞാനെന്തു പറയാനാ ? '

ഞങ്ങളാകെ വിളറി .പക്ഷെ മാധവിക്കുട്ടി എന്ന മഹാ കഥാകാരി പൊട്ടി ചിരിച്ചു .

ജീവിതത്തെ പ്രണയിക്കുക .അവിടെ കാണുന്ന ഓരോ കണികകളെയും ഒരഭിനിവേശത്തോടെ നോക്കിക്കാണാന്‍ കഴിയുക ; അത് ഈ ഭൂമിയില്‍ ചിലര്‍ക്ക് മാത്രമേ കഴിയുകയുള്ളു . മദ്യമായാലും
ഭക്ഷണമായാലും , രതിയായാലും , പുതിയ മേച്ചില്‍ പുറങ്ങളായാലും , പരിചയങ്ങളായാലും , അറിവുകളായാലും --അതിനോടെല്ലാം പ്രണയാതുരമായ ഒരഭിനിവേശത്തോടെ സമീപിക്കുക .

അവസാനം രോഗാതുരനായി കോഴിക്കോട്ടെ അപ്പാര്‍ട്മെന്റിലേക്ക് ഒതുങ്ങുന്നതുവരെ ജീവിതത്തിന്റെ ഓരോ തുള്ളിയും ഊറ്റി കുടിച്ച പച്ചയായ മനുഷ്യന്‍ ! ' എല്ലാ കുതിപ്പിനും ഒടുവില്‍ ഒരു കിതപ്പുണ്ടെന്ന് '
പറഞ്ഞു കെട്ടിപിടിച്ചു കരഞ്ഞ പഴയ കൂട്ടുകാരന്‍

വടകരയിലെ നാട്ടു വഴികളിലൂടെ നടന്നു പോകുമ്പോള്‍ , കണ്ടു മുട്ടുന്നവരെയെല്ലാം കഥാപാത്രങ്ങളായി പരിചയപ്പെടുത്തുന്നു . ഓരോ വ്യക്തിയെ കാണുമ്പോഴും അയാളുടെ പുറകില്‍ ഒളിമങ്ങികിടക്കുന്ന കഥക്കാണ് പ്രാധന്യം . ' സ്മാരകശിലകളുടെ ' രണ്ടാം ഭാഗം എഴുതാന്‍ സമയമായി .പുതിയ കാലത്തില്‍ നിന്ന് ,നാടിനു വന്ന മാറ്റങ്ങളുടെ പട്ടികയിലുടെ ഒരു പുതിയ സൃഷ്ടി .അതിന് സമയമായില്ലേ ?
എന്ന ചോദ്യത്തിന് ഒരുറിയ ചിരിയായിരുന്നു മറുപടി .

ആരെയെല്ലാം വേദനിപ്പിച്ചാലും , പിണക്കിയാലും തനിക്ക് ഇഷ്ടപ്പെട്ടത് മാത്രമേ ചെയ്യൂ എന്ന് വാശി പിടിക്കുന്ന താന്തോന്നി .അത് രാഷ്ട്രീയമോ , മതമോ ,തൊഴിലോ, കുടുംബമോ ആയാലും ഒരു വ്യത്യാസവുമില്ല .സ്‌നേഹമുള്ളവര്‍ വിമര്‍ശിച്ചാല്‍ ഒന്ന് ചിരിക്കും , അല്ലെങ്കില്‍ ചീറും .

'കന്യാവനങ്ങള്‍ ' കട്ടതാണെന്നു സുഹൃത്തായിരുന്ന വടകരക്കാരന്‍ തന്നെ പരസ്യപ്പെടുത്തി .
ആളുകള്‍ വീടിനു കല്ലെറിഞ്ഞു .ഒരു വര്ഷം എങ്ങും പോകാതെ വീട്ടിന് അകത്തു പെട്ടു .മക്കള്‍ക്ക് സ്‌കൂളില്‍ പോലും പോകാനാകാത്ത അവസ്ഥ വന്നു .ഒരെഴുത്തുകാരന്‍ എന്ന നിലക്ക് തനിക്കനുഭവിക്കാന്‍
ഇടവന്ന വലിയ അത്യാഹിതം അതുതന്നെയായിരുന്നു എന്ന് ഓര്‍മിപ്പിച്ചു .

കുറച്ചൊക്കെ യാത്രകളും , അനുഭവങ്ങളുടെ കണികകളും , ഓര്‍മകളുടെ തിരത്തള്ളലും ഒക്കെ ആകുമ്പോള്‍ കുറെ നാളത്തേക്ക് ആളെ കാണില്ല . ഫോണില്ല ,കത്തില്ല , ഒരനക്കവുമില്ല !

'എഴുത്തുകാരന് ' ഒരിടം ' വേണം . ഞാനൊന്നു മുങ്ങി '

പുതിയൊരു സൃഷ്ഠിയുമായി കുഞ്ഞിക്ക പൊങ്ങുന്നു .

വാഷിങ്ങ്ടണില്‍ Dr . പാലിന്റെ തടാക തീരത്തെ വീട്ടിലെ ഏകാന്തവാസം . അഞ്ചേക്കറില്‍ ഒറ്റ വീട് .
ഒരു പ്രേത മാളിക എന്ന് പറയുന്നതാകും ശരി .

കുഞ്ഞിക്ക ഈ വീട്ടില്‍ ഒറ്റയ്ക്ക് '

'രാത്രിയില്‍ തടാകത്തില്‍ യക്ഷികളുടെ കുളി . മരപ്പലകയില്‍ ബുട്ടിട്ടു നടക്കുന്ന ശബ്ദം . ഞാനുണ്ടാക്കുന്ന ഭക്ഷണം പകുതിയും കാണില്ല . ഞാന്‍ ആരുടെയൊക്കെയോ കൂടെയാണ് താമസിക്കുന്നത് എന്നൊരു തോന്നല്‍ .'

അതായിരുന്നു കുഞ്ഞിക്ക !

പ്രിയപ്പെട്ട കൂട്ടുകാരാ യാത്രാമൊഴി !

'ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്തു കാണാം ' 
കുഞ്ഞിക്കയെപ്പറ്റി ... മനോഹര്‍ തോമസ് കുഞ്ഞിക്കയെപ്പറ്റി ... മനോഹര്‍ തോമസ് കുഞ്ഞിക്കയെപ്പറ്റി ... മനോഹര്‍ തോമസ്
Join WhatsApp News
Joseph 2017-10-30 06:28:57
കുഞ്ഞബ്ദുള്ള എന്ന പ്രസിദ്ധ സാഹിത്യകാരനെ ഒരിക്കലും പരിചയപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ വിദ്യാർഥിയായിരുന്ന, സുമുഖനായിരുന്ന കുഞ്ഞബ്ദുള്ളായെ അറിയാമായിരുന്നു. 1969-ൽ അലിഗഢിൽ ഞാൻ ബിസിനസ്സ് വിഷയങ്ങൾ പഠിക്കുമ്പോൾ എംബിബിഎസ് പൂർത്തിയാക്കാൻ കുഞ്ഞബ്ദുള്ളയും അവിടെയുണ്ടായിരുന്നു. രണ്ടു ഹോസ്റ്റലുകളിലായി താമസിച്ചിരുന്നതിനാൽ ഒരിക്കലും സൗഹാർദ്ദം സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഒരു ജാവാ മോട്ടോർ സൈക്കിളിൽ ഒറ്റയ്ക്ക് എപ്പോൾ നോക്കിയാലും കറങ്ങുന്നത് കാണാമായിരുന്നു. നാലു വർഷം കൊണ്ട് പൂർത്തിയാകുന്ന എംബിബിഎസ്‌ പാസാകാൻ അദ്ദേഹം പത്തു വർഷത്തോളം അലിഗഢ് സർവ്വകലാശാലയിൽ സമയം ചെലവഴിച്ചു. മാതൃഭുമിയിലുണ്ടായിരുന്ന പഴയ ഒരു അഭിമുഖ സംഭാഷണത്തിൽ അദ്ദേഹത്തിന് മലയാളം പഠിക്കാനായിരുന്നു താല്പര്യമെന്നും കുടുംബത്തിലെ പ്രേരണകൊണ്ടാണ് ഡോക്ടറായതെന്നും പറയുന്നുണ്ട്. 

ഒരു എഴുത്തുകാരനാകാൻ മലയാളം എംഎ ആവശ്യമില്ലെന്നുള്ള അദ്ദേഹത്തിൻറെ അഭിപ്രായവും ശരിയാണ്. അക്ഷരങ്ങൾ കൂട്ടി ആശയങ്ങൾ കലാപരമായി അടുക്കി വെച്ചാൽ ആർക്കും എഴുത്തുകാരനാകാം. പക്ഷെ കുഞ്ഞബ്ദുള്ള ദൈവത്തിന്റെ അനുഗ്രഹീതനായ എഴുത്തുകാരനായിരുന്നു. ഞാൻ കാണുമ്പോൾ കുഞ്ഞബ്ദുള്ള എഴുത്തിന്റെ ലോകത്തെ തുടക്കക്കാരൻ മാത്രമായിരുന്നു. അവിടെ ഒരു നായരുടെ ചായക്കടയിൽ മലയാളികൾ ഒത്തുകൂടാറുണ്ടായിരുന്നു. കുഞ്ഞബ്ദുള്ള തന്റെ കഥകൾ പത്രത്തിൽ വരുന്നത് മറ്റുള്ളവരോട് ചർച്ച ചെയ്യുന്നതും ഓർമ്മിക്കുന്നു.

സ്വന്തമായി മോട്ടോർ സൈക്കിളും യൂണിവേഴ്‌സിറ്റിയിൽ സീനിയറും മെഡിക്കൽ ബിരുദ വിദ്യാർത്ഥിയുമായിരുന്നതുകൊണ്ടു ഞാൻ അദ്ദേഹവുമായി സൗഹാർദ്ദത്തിലാകാൻ മടികാണിച്ചിരുന്നു.  അതിൽ നഷ്ടബോധവുമുണ്ട്. മലയാളം കണ്ട ഈ വലിയ എഴുത്തുകാരൻ മലയാള ഭാഷയുള്ളടത്തോളം നിത്യമായി ജീവിക്കും. പരബ്രഹ്മത്തിൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന് ശാന്തി നേരുന്നു.        
GEORGE V 2017-10-30 09:53:57
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനെപറ്റി ചില ഓർമ്മകൾ പങ്കു വെച്ചതിനു നന്ദി. മരണ ശേഷം തന്റെ ശരീരം ദഹിപ്പിക്കണം എന്നൊരു ആഗ്രഹം അദ്ദേഹം പലയിടത്തും പ്രകടിപ്പിച്ചിരുന്നു. പക്ഷെ എന്തുകൊണ്ടോ അദ്ദേഹത്തിന്റെ ബന്ധുക്കളും മലയാളി സമൂഹവും അദ്ദേഹത്തിന് നീതി നിഷേധിച്ചു എന്നൊരു തോന്നൽ. 
ബെന്നി ന്യൂ ജേഴ്‌സി 2017-10-31 09:32:38
Manohar, thank you for sharing your warm memories.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക