Image

തീരങ്ങള്‍ തേടി (കവിത: സി.ജി. പണിക്കര്‍, കുണ്ടറ)

Published on 30 October, 2017
തീരങ്ങള്‍ തേടി (കവിത: സി.ജി. പണിക്കര്‍, കുണ്ടറ)
ഓണത്തുമ്പികള്‍ പാറിപ്പറക്കും
പാടത്തിനപ്പുറം പൂമരക്കൊമ്പിലായ്
കാട്ടുവള്ളിയില്‍ ഊഞ്ഞാലാടി
പണ്ട് രണ്ടുപെണ്‍കിളികള്‍

മെല്ലെ ഓണപ്പൂരം കണ്ടു കണ്ടെത്തി
അവളുടെ ചാരത്തൊരാണ്‍ കിളി
ആ മെയ്യഴകുളള മയ്യഴിവാസിക്ക്
അതില്‍ ഒരു കിളിയോടിഷ്ടം തോന്നി

കണ്‍കളാല്‍ പ്രേമത്തില്‍ പൂവമ്പുകള്‍ എയ്ത്
കരളിലെ മോഹത്തിന്‍ ചെപ്പ് തുറന്നവര്‍
മനമൊന്നായ് ചിറകുകള്‍ ഉരുമ്മിപ്പറന്നു
ദൂരെ കാണാത്ത തീരങ്ങള്‍ തേടി

കാലം എന്തോ പറഞ്ഞു കടന്നു പോയി
കൂട്ടില്‍ കുഞ്ഞിക്കിളികള്‍ വളര്‍ന്നു
ചിറകുകള്‍ മുറ്റി പറന്നകന്നു
വ്യദ്ധക്കിളികള്‍ തനിയെ കഴിഞ്ഞ് പോന്നു

വീണ്ടും ഒരോണം കടന്നുവന്നു
ഓര്‍മ്മയില്‍ ആ ദിനം പൊന്തിവന്നു
ആ പൂമരക്കൊമ്പിലൊന്നാടുവാന്‍ മോഹമായ്
ശോഷിച്ച ചിറകുകള്‍ വീശി പറന്നുചെന്നു

തുമ്പപ്പൂക്കളില്ല ഓണത്തുമ്പികളുമില്ല
പൂമരങ്ങളില്ല കാട്ടുവളളികളില്ലവിടെ
ഓണം എന്നോണം ഒരാരവം ഇല്ലെന്നാലും
കണ്ടുമുട്ടി അവരാ കൂട്ടുകാരിക്കിളിയെ

കെട്ടിപ്പിടിച്ചിട്ട്, പൊട്ടികരഞ്ഞിട്ടാ
കൂട്ടുകാരിക്കിളി ചൊല്ലി ഞാനിന്ന്
ചിറകൊടിഞ്ഞ ഒരു കിളിയുടെ അമ്മ
എന്നും കൂട്ടിന് കൂടെയിരിക്കുന്നൊരമ്മ

കെട്ടുകള്‍ പൊട്ടിയ പട്ടങ്ങളെപ്പോലെ
ഈ ജീവിത വീഥിയില്‍ കൂട്ടുകാരി നമ്മള്‍
വേദനയോടെ നിന്‍ ജീവിതം എങ്കില്‍
ചേതനയറ്റപോല്‍ ഇന്നെന്‍ ജീവിതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക