Image

യാത്ര (കവിത: ജയന്‍ വര്‍ഗീസ്)

Published on 04 November, 2017
യാത്ര (കവിത: ജയന്‍ വര്‍ഗീസ്)
നമ്മളാം യാത്രികര്‍ കാലഘട്ടത്തിന്റെ
നെഞ്ചില്‍ ചവിട്ടിക്കുതിക്കുന്നു പിന്നെയും.
എങ്ങോ മരണമാം നാഴികക്കല്ലിനെ
യൊന്നു പുനര്‍ന്നുറങ്ങാന്‍ മാത്രമീശ്രമം.!

കുഞ്ഞായിവന്നു പിറന്നതുമമ്മതന്‍
നെഞ്ചിന്റെ ചൂടില്‍ പതുങ്ങി വളര്‍ന്നതും,
കുഞ്ഞിളം നാവിലെ തേനും വയന്പുമാ
യന്ന് ഗുരുവരനക്ഷരം തന്നതും,

പാട വരന്പിലെ തുന്പയും, തുന്പിയു
മേതോ ഗതകാല ബന്ധുരമായതും,
മീശയില്‍ മെല്ലെ കറുത്ത രോമങ്ങളില്‍
ച്ചായം പുരട്ടി ക്കറുപ്പിച്ചു വച്ചതും,

സ്വപ്നങ്ങളാം വല വീശിയെറിഞ്ഞതും,
കൊച്ചു പരലുകള്‍ വീണു പിടഞ്ഞതും,
സ്വച്ഛം കുടുംബവും കുട്ടിയും, വീടുമായ്
നിത്യ നിദാനത്തിനായ് പാട് പെട്ടതും,

വെട്ടിപ്പിടിച്ചും, സ്വരൂപിച്ചും ജീവിത
ക്കല്‍പ്പടവിന്റെ മുകള്‍ത്തട്ടില്‍ വന്നതും.
താടി രോമങ്ങളിലാദ്യമായ് തീമഴ
വീണതറിഞ്ഞു കരഞ്ഞു വിളിച്ചതും,

ആരുടെ യാജ്ഞയും കാക്കാതെ യാമഴ
മേലാകെ വീണു പടര്‍ന്നു നിറഞ്ഞതും,
ചാലെ മിനുത്ത വെളുത്ത തൊലിപ്പുറ
ത്താകെ ചുളിപ്പിന്റെ രേഖകള്‍ വീണതും,

കണ്ണുകള്‍ നക്ഷത്ര ദീപ്തിയില്‍ നിന്നൊരു
മങ്ങലിന്‍ കൊച്ചു ചിമിഴിലില്‍ വലിഞ്ഞതും,
പല്ലുകള്‍ മെല്ലെ കൊഴിഞ്ഞതും,മോണകള്‍
തല്ലൊരാശ്വാസമായ് മൂര്‍ച്ചയറിഞ്ഞതും,

നേരേ നടക്കുവാനാകാതെ കാട്ടിലെ
പ്പാഴ് മരത്തണ്ടിനെ ചേര്‍ത്തു പിടിച്ചതും,
വേദനയോടെ ഗതകാലമോര്‍മ്മയില്‍
നീറിപ്പടര്‍ന്നങ്ങിണയെ പിരിഞ്ഞതും,

എല്ലാമൊരേയൊരു ലക്ഷ്യം മരണമേ,
എല്ലാമുപേക്ഷിച്ചു പോരുന്നു ഞാനിതാ!
ഒന്നെന്നെ മാറോട് ചേര്‍ത്തു പുണരുമോ?
ധന്യം! നിന്‍ പാദ പതനമേ സ്വാഗതം!

എത്ര യുദ്ധങ്ങള്‍? കൊടും ചതി, വഞ്ചന
യൊക്കെ പടുതിരി കത്തിയ നാളുകള്‍!
വെട്ടിപ്പിടിച്ചതു മൊത്തു കുതിച്ചതു
മൊക്കെ വെറുതെ! യെന്‍ പാഴായ നാളുകള്‍!

മായയാണൊക്കെയും സോളമന്‍ കണ്ണീരാല്‍
കൊറിയ സത്യം ത്രസിക്കുന്നു പിന്നെയും!
ഒക്കെയും മിഥ്യകള്‍, മിഥ്യകള്‍ മിഥ്യകള്‍,
സത്യം! മരണമേ, നഗ്‌നനായ് ഞാനിതാ!

നമ്മളാം യാത്രികര്‍ കാലഘട്ടത്തിന്റെ
നെഞ്ചില്‍ ച്ചവിട്ടി ക്കുതിക്കുന്നു പിന്നെയും.
എങ്ങോ മരണമാം നാഴികക്കല്ലിനെ
യൊന്നു പുണര്‍ന്നുറങ്ങാന്‍ മാത്രമീ ശ്രമം!!
Join WhatsApp News
വിദ്യാധരൻ 2017-11-05 01:13:48
എന്തിനിങ്ങനെ ഇടിയ്ക്കിടെ 
മരണ മണി മുഴക്കുന്നു കവി  നീ?
സ്വസ്ഥമായിരുന്നെന്റെ സ്വപ്നങ്ങൾ 
നെയ്യാൻ അനുവദിക്കില്ലേ  ?

ഇന്നലെയും എന്റെ സ്വപ്നങ്ങൾ 
അലങ്കോലപ്പെടുത്തിഡോ എം വി പിള്ള  
രാത്രിയുടെ ഭീകരതയെക്കുറിച്ചെഴുതി,  
മൂത്രം ഒഴിക്കാൻപോലും കഴിഞ്ഞില്ലെനിക്ക് 

എന്തു പറ്റി കവികൾക്ക് ;
ഹന്ത! വിഷയങ്ങൾ ഇല്ലേ എഴുതുവാൻ ?
ഇല്ലെങ്കിൽ എഴുതുക, മനുഷ്യന് 
മനസിലാകത്ത മറുഭാഷയിൽ 

ചെയ്യ്തു തീർക്കാനുണ്ട് പലതുമെനിക്ക് 
ലോട്ടറി കിട്ടിയാലുടൻ,
കളയണം ഇപ്പോളുള്ള ഭാര്യയെ
വീടുവേണം കാറു വേണം ഊരു ചുറ്റണം 

എത്രയോ കിളവന്മാർ ചക്രശ്വാസം-
വലിയ്ക്കുന്നു വായു കിട്ടാതെ 
എഴുതി അയക്കുക അന്ത്യയാത്ര കവിത 
വായിച്ചു മൃതിയടയട്ടെ പാവങ്ങളവർ  

വെറുതെ വിടുക ഇരുമ്പു മുഷ്ടികൾ 
കഠിനാദ്ധ്വാനികൾ കുതിരകൾ ഞങ്ങളെ 
കാലത്തിന്റെ ദേവന് ഒരു പണികൊടുക്കാൻ   
സമയം മാറ്റുകയാണ് ഇന്ന് ഞങ്ങൾ  (നവ. 5 )

മരണത്തെ തിരിച്ചയക്കാൻ കവിത 
കുറയ്ക്കുക നീ കവി പാതിരാവിൽ 
വെറുതെ വിടുക സ്വാപനത്തിന്റെ 
ചിറകു വിടർത്തി പറക്കാൻ ശ്രമിപ്പോരേ 



Joseph 2017-11-05 12:48:41
ജയന്റെ കവിത നന്നായിരുന്നു. എന്നാൽ അതിലും ആശയപുഷ്ടി നിറഞ്ഞിരുന്നത് വിദ്യാധരന്റെ കവിതയ്ക്കായിരുന്നു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.

വർത്തമാനകാലം ഉടൻ അവസാനിക്കുമെന്ന് ചിന്തിക്കാതെ അതിനെ ആസ്വദിക്കുകയാണ് വേണ്ടത്. ജീവിതം അവസാനിക്കുമെന്നു ചിന്തിച്ചുകൊണ്ടല്ല നാം ഇന്നത്തെ ദിവസം കഴിക്കേണ്ടത്. യാത്ര പുറപ്പെടുമ്പോൾ ട്രെയിൻ താമസിക്കാം. കടുത്ത മഞ്ഞുകാരണം കാലാവസ്ഥ മോശമാകാം. ആ ദിവസം നമുക്കില്ലാതാകുന്നില്ല. നമ്മൾ സന്തോഷത്തിൽ തന്നെ. ജനിച്ചാൽ മരണമുണ്ട്‌. അത് സത്യമാണ്. അംഗീകരിക്കുക. അതിന്റെ പേരിൽ വിലാപ കാവ്യം പുറപ്പെടുവിക്കുന്ന കവികൾ ജീവിതത്തെ നേരിടാൻ കഴിവില്ലാത്ത ഭീരുക്കളെന്നു മാത്രമേ പറയാൻ കഴിയുള്ളൂ. ഇടപ്പള്ളിയ്ക്ക് അങ്ങനെ ഒരു കവിതയുണ്ട്. അയാൾ പ്രേമ നൈരാശ്യം ബാധിച്ച ഭ്രാന്തനായിരുന്നു. ജീവിതത്തെ നേരിടാൻ കഴിവുണ്ടായിരുന്നില്ല. 

അമിതമായി സ്വത്തു സമ്പാദിക്കാനും ബാങ്കിൽ നിക്ഷേപിക്കാനും ചിന്തിക്കുന്നത് മരിച്ചുകഴിഞ്ഞശേഷവും വീണ്ടും ജീവിതമുണ്ടെന്ന് ചിന്തിക്കുന്നവരാണ്. ഇന്നുള്ള നമ്മുടെ ആവശ്യങ്ങൾക്കും അൽപ്പം ആനന്ദത്തിനും പണം ചെലവഴിക്കുന്നവരാണ് വാസ്തവത്തിൽ ജീവിതം സന്തുഷ്ടമാക്കുന്നത്. ഒരോ പെനിയും ബാങ്കിൽ നിക്ഷേപിക്കണമെന്നു ചിന്തിക്കുന്നവരേക്കാൾ അവർ ജീവിതം ഫലവത്താക്കുന്നു.  

ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക. ബീഫ് എങ്കിൽ ബീഫ്. ചിക്കനെങ്കിൽ ചിക്കൻ. ബീച്ചിൽ പോവാൻ ആഗ്രഹമെങ്കിൽ പോയി അന്നത്തെ ദിനം ആനന്ദം കണ്ടെത്തുക. മരണത്തെ ഭയപ്പെടുത്തി നമ്മെ  നിരാശരാക്കുന്നവരുമായി കൂട്ട് കൂടാതിരിക്കുക.

കൂടുതലും കരിഷ്മാറ്റിക്ക് പുരോഹിതരാണ് മരണത്തെപ്പറ്റി മറ്റുള്ളവരെ വിരട്ടി ഉപജീവനം നടത്തുന്നവർ. അത്തരം ചിന്താഗതികളായി നടന്നാൽ നാം നമ്മെത്തന്നെ രോഗികളാക്കുകയാണ്. മരണ മെന്നു ചിന്തിച്ചു നടക്കുന്നവരും പ്രസംഗിച്ചു നടക്കുന്നവരും ക്ഷണികമായ നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നവരാണ്.

ജീവിതം അവസാന നിമിഷം വരെയും കർമ്മനിരതമാക്കുക. മരണത്തെപ്പറ്റി ദുഃഖിരാവുന്നവർ നിരാശയുടെ മനോവൈകല്യം ബാധിച്ചവരാണ്. നൈരാശ്യത്തോടെയല്ല ജീവിതം പുലർത്തേണ്ടത്. തുറന്ന മനസും ശുഭപ്രതീക്ഷകളുമാണ് നമ്മെ എന്നും നാമാക്കുന്നത്. 
മൃതസജ്ജീവനി 2017-11-05 18:47:05
വിദ്യാധരന്റെ കവിതയിലെ ഏറ്റവും നല്ല വരി

"കാലത്തിന്റെ ദേവന് ഒരു പണികൊടുക്കാൻ   
സമയം മാറ്റുകയാണ് ഇന്ന് ഞങ്ങൾ  (നവ. 5 )"  

ഇതൊരു നല്ല പരിപാടിയാണ് . ഇടയ്ക്കിടെ സമയം മാറ്റുക . കാലൻ കുറച്ചു കഴിയുമ്പോൾ കൺഫ്യൂസ് ആകും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക