Image

നാണയ നിര്‍വീര്യ കരണം ഒരു വര്‍ഷം പിന്നിടുമ്പോള്‍ (ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 10 November, 2017
നാണയ നിര്‍വീര്യ കരണം ഒരു വര്‍ഷം പിന്നിടുമ്പോള്‍ (ദല്‍ഹികത്ത് : പി.വി.തോമസ് )
നാണയ നിര്‍വീര്യകരണം കഴിഞ്ഞിട്ട് നവംബര്‍ എട്ടാം തീയതി(ബുധനാഴ്ച) ഒരു വര്‍ഷം കഴിഞ്ഞു. ഇത് വന്‍ വിജയം ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും സംഘവും കോടിക്കണക്കിന് ഖജനാവിലെ പണംമുടക്കി കൊട്ടിഘോഷിക്കുന്നു. അല്ല പരിപൂര്‍ണ്ണപരാജയം ആയിരുന്നുവെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം ഉചൈസ്തരം പ്രഘോഷിക്കുന്നു. സാമ്പത്തിക വിദഗ്ദ്ധരും രാഷ്ട്രീയനിരീക്ഷകരും വിഭിന്നാഭിപ്രായക്കാര്‍ ആണ്. എന്താണ് ഇതിന്റെ വാസ്തവം? നോക്കാം.
മോഡിസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ മുടക്കി ദേശീയ- പ്രാദേശീയ മാധ്യമങ്ങളില്‍ അവകാശപ്പെട്ടത് പ്രകാരം 125 കോടി ജനങ്ങള്‍ കള്ളപ്പണത്തിനും അഴിമതിക്കും എതിരെ നിര്‍ണ്ണായകമായ ഒരു യുദ്ധം നാണയ നിര്‍വീര്യകരണത്തിലൂടെ നടത്തി വിജയിച്ചു. നാണയ നിര്‍വീര്യകരണം ഒരു ഐതിഹാസിക-ബഹുമുഖ വിജയം ആയിരുന്നു. തീര്‍ന്നില്ല ഈ സ്വയംപുകഴ്ത്തല്‍. ഇത് ഇന്‍ഡ്യയുടെ ഏറ്റവും വലിയ കള്ളപ്പണവേട്ട ആയിരുന്നു. 0.00011 ശതമാനം ഇന്‍ഡ്യക്കാര്‍ 33 ശതമാനം പണം ബാങ്കുകളില്‍ നിക്ഷേപിച്ചു. 17.73 ലക്ഷം കേസുകളില്‍ പണം ഇടപാടുകള്‍ നികുതി ദാനവുമായി യോജിച്ചില്ല. 23.22 ലക്ഷം അക്കൗണ്ടുകളില്‍ 3.68 ലക്ഷം കോടിരൂപ സംശയാസ്പദമാണ്. ഉന്നത കറന്‍സി ആറ് ലക്ഷം കോടി ആയി കുറച്ചു.

നാണയനിര്‍വീര്യകരണം ഭീകരവാദത്തെയും നക്‌സലിസത്തെയും സാരമായി ബാധിച്ചു. കാശ്മീരിലെ കല്ലെറിയല്‍ 75 ശതമാനം കുറഞ്ഞു. ഇടതുപക്ഷ തീവ്രവാദം 20 ശതമാനം കുറഞ്ഞു. 7.62 ലക്ഷം കള്ളനോട്ടുകള്‍ പിടിച്ചു.

തീര്‍ന്നില്ല ഗവണ്‍മെന്റിന്റെ അവകാശവാദം നാണയ നിര്‍വീര്യകരണം ഇന്‍ഡ്യയുടെ സാമ്പത്തീക വ്യവസ്ഥയെ വലിയ തോതില്‍ ശുദ്ധീകരിച്ചു. ഒട്ടേറെ വ്യാജകമ്പനികളും അവരുടെ കള്ളപ്പണ- ഹവാല ഇടപാടുകളും പുറത്തുകൊണ്ടുവന്നു. 2.24 ലക്ഷം വ്യാജകമ്പനികളെ ഇല്ലാതാക്കി. 17,000 കോടി രൂപ ക്രയ-വിക്രയം ചെയ്യുന്ന 35,000 കമ്പനികളും 58,000 ബാങ്ക് അക്കൗണ്ടുകളും പിടിക്കപ്പെട്ടു. വേറെയും ഒട്ടേറെ നേട്ടങ്ങള്‍ ഗവണ്‍മെന്റ് നിരത്തുന്നുണ്ട്. നന്ദി ഗവണ്‍മെന്റിന്റെ ഡയറക്ടറേട്ട് ഓഫ് ഓഡിയോ വിഷ്വല്‍ പബ്ലിസിറ്റിക്കും നികുതിദായകന്റെ പണത്തിനും. പക്ഷേ, ഞാന്‍ ഈ വക സര്‍ക്കാര്‍ പ്രചരണത്തിലൊന്നും വിശ്വസിക്കുന്നില്ല. പാനമ-പരഡൈസ് അനൈ്വഷണങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്ന കള്ളപ്പണ-വ്യാജ കമ്പനികളുടെ ശതകോടികള്‍ക്ക് അടുത്തെങ്ങാന്‍ ഇവ എത്തുമോ? ഇതില്‍ ഉള്‍പ്പെട്ട് കേന്ദ്രമന്ത്രിമാര്‍ക്കും സര്‍ക്കാരിന്റെ പരസ്യ അംബാസിഡര്‍മാര്‍ക്കും എതിരെ എന്ത് നടപടി എടുത്തു? ഒന്നു ചെയ്തിട്ടില്ല. അതാണ് സത്യം.

നാണയ നിര്‍വീര്യകരണം ഭീകരവാദത്തിനും നക്‌സലിസത്തിനും എതിരായ ഒരു നിര്‍ണ്ണായക പ്രഹരം ആയിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അവകാശവാദം. അദ്ദേഹം നാണയനിര്‍വീര്യകരണത്തിന്റെ മറ്റു നേട്ടങ്ങളെയും പ്രകീര്‍ത്തിച്ചു. മോഡിജി, കാശ്മീരിലെയും മറ്റും ഭീകരവാദവും നക്‌സലിസവും വളരുന്നതും വ്യാപിക്കുന്നതും കറന്‍സിയിലൂടെ അല്ല. മറിച്ച് ക്ഷുഭിത, വൃണപ്പെട്ട മനസുകളില്‍ ആണ്. പ്രത്യേകിച്ചും യുവാക്കളുടെ. അതിന് പ്രതിവിധി നാണയ നിര്‍വീര്യകരണം അല്ല. രാഷ്ട്രീയ-സാമ്പത്തീക-വൈകാരീകതലങ്ങളില്‍ ആണ് അവയെ നേരിടേണ്ടത്.
നാണയ നിര്‍വീര്യകരണം ഒരു ദുരന്തം ആയിരുന്നു എന്നാണ് അതിന്റെ വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്‌ഘോഷിച്ചത്. അദ്ദേഹം പറഞ്ഞു പ്രധാനമന്ത്രിയുടെ അവകാശവാദങ്ങള്‍ വെറും പൊള്ളയാണെന്ന്! പ്രധാനമന്ത്രിയുടെ, ചിന്താശൂന്യമായ ഈ തീരുമാനത്തിലൂടെ ജീവിതവും ജീവിതമാര്‍ഗ്ഗവും നശിപ്പിക്കപ്പെട്ട ദശലക്ഷക്കണക്കിന് ജനങ്ങളുടെ കൂടെയാണ് താനും എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രകാരം നാണയ നിര്‍വീര്യകരണത്തിന്റെ പ്രധാന ഉദ്ദേശം അഴിമതിയെ തുടച്ചുനീക്കുകയെന്നത് ആയിരുന്നു. പക്ഷേ, തുടച്ച് നീക്കപ്പെട്ടത് ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉള്ള വിശ്വാസം ആയിരുന്നു. ഇപ്പോള്‍ സാമ്പത്തീക വളര്‍ച്ച രണ്ട് ശതമാനത്തിലേറെ പുറകോട്ടടിച്ചിരിക്കുന്നു. വന്‍കിട-ചെറുകിട കച്ചവടക്കാര്‍ ഈ സാമ്പത്തിക മാന്ദ്യതയുടെ വന്‍ ഇരകള്‍ ആണ്. ഗാന്ധി പറഞ്ഞത് ശരി തന്നെയാണ്. പക്ഷേ, അഴിമതിയെക്കുറിച്ചും, മറ്റും, രാഹുല്‍ ഉരിയാടുമ്പോള്‍ നാഷ്ണല്‍,  ഹെറാള്‍ഡ് കേസും സഹോദരീഭര്‍ത്താവ് റോബര്‍ട്ട് വധര ഭൂമി ഇടപാട് കേസും മറ്റും ഓര്‍മ്മിച്ചാല്‍ നന്ന്.

നാണയ നിര്‍വീര്യകരണ വാര്‍ഷിക വാദപ്രതിവാദത്തിലെ നായകന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്ങ് ആണ്. നാണയനിര്‍വീര്യകരണം ആസൂത്രിത കവര്‍ച്ചയും നിയമവല്‍ക്കരിക്കപ്പെട്ട കൊള്ളയും ആയിരുന്നു, അദ്ദേഹം ആരോപിച്ചു. ലോകത്ത് ഒരു രാജ്യത്തും ഒറ്റയടിക്ക്, ഒരു രാത്രികൊണ്ട്, 86 ശതമാനം കറന്‍സി ആരും നിര്‍വീര്യകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് ഇന്‍ഡ്യയുടെ ചെറുകിട കച്ചവടക്കാരുടെ നട്ടെല്ല് തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.  ഒപ്പം തത്വദീക്ഷയില്ലാത്ത ചരക്ക് സേവനനികുതി നിയമവും, സിംങ്ങിന്റെ ആരോപണം ശരിതന്നെയാണ്. അതുപോലെ തന്നെ ശരിയാണ് അദ്ദേഹത്തിന്റെ 10 വര്‍ഷത്തെ ഭരണം ഇന്‍ഡ്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ കുംഭകോണങ്ങളുടെ സാക്ഷി ആയിരുന്നുവെന്നതും. പക്ഷേ, ഇന്‍ഡ്യയുടെ സാമ്പത്തികപരിഷ്‌ക്കാരങ്ങളുടെ ശില്പി ആയ സിംങ്ങ് കൂട്ടുഭരണത്തിന്റെയും പാര്‍ട്ടി അദ്ധ്യക്ഷയുടെ ഇടപെടലിന്റെയും തടവുകാരന്‍ ആയിരുന്നു.

ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി ആണ് വാര്‍ഷിക വാദപ്രതി വാദത്തിന്റെ പ്രതിനായകന്‍. മന്‍മോഹന് മറുപടി ആയി അദ്ദേഹം തിരിച്ചടിച്ചു. കൊള്ളയും കവര്‍ച്ചയും നടന്നത് 2ജി കുംഭകോണത്തിലും, കല്‍ക്കരി അഴിമതിയിലും, കോമണ്‍വെല്‍ത്ത് ഗെയിംസിലും ആണ്. നാണയ നിര്‍വീര്യകരണം ഒരു സാമ്പത്തിക അഭ്യാസം ആയിരുന്നു. അത് ധാര്‍മ്മികതയിലും നൈതികതയിലും അധിഷ്ഠിതം ആയിരുന്നു. ജയ്റ്റിലി പറഞ്ഞതും ശരി തന്നെ. പക്ഷേ, ജയ്റ്റിലിക്ക് പാര്‍ട്ടിയുടെ തന്നെ സാമ്പത്തീക ആചാര്യന്മാരായ യശ്വവന്ത് സിന്‍ഹയെയും, അരുണ്‍ ഷൂറിയെയും മറ്റും ഇത് ബോദ്ധ്യപ്പെടുത്തുവാന്‍ സാധിക്കുമോ? ഇല്ലതന്നെ. സാമ്പത്തികശാസ്ത്രത്തില്‍ നൊബേല്‍ വിജയേതാവായ അമാര്‍ത്ത്യസെന്നിനെയും നാണയനിര്‍വീര്യകരണത്തെ എതിര്‍ത്ത അപ്പോഴത്തെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഗവര്‍ണ്ണര്‍ രഘുരാം രാജനെയും വിട്ടേക്കുക.

നാണയ നിര്‍വീര്യകരണം അഴിമതിക്കും, കള്ളപ്പണത്തിനും, നികുതിവെട്ടിപ്പിനും എല്ലാം എതിരെ മോഡിസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അശ്വമേധയാഗം ആയിരുന്നു. പക്ഷേ, ആ യാഗ്വാശ്വത്തെ വന്‍കിട കുത്തക വ്യവസായികളും ബി.ജെ.പി.യുടെ ചങ്ങാത്ത മുതലാളിമാരും സൗകര്യപൂര്‍വ്വം ബന്ധിച്ചു. പാവപ്പെട്ടവരും ഇടത്തരക്കാരും കണ്ണീരുകുടിച്ചു. ഇപ്പോഴും കണ്ണീര് കുടിച്ചുകൊണ്ടിരിക്കുന്നു. ഇത് വിദൂര ഭാവിയില്‍ ഗുണം ചെയ്യുമെന്ന് മോഡി അവകാശപ്പെടുന്നു. പക്ഷേ, ആ വിദൂരഭാവിയില്‍ നാമൊക്കെ മരിച്ചു പോയിട്ടുണ്ടാവുമെന്ന് മന്‍മോഹന്‍സിംങ്ങും പറയുന്നു. ഞാന്‍ മന്‍മോഹന്‍സിംങ്ങിനൊപ്പമാണ്. വ്യാജപ്രചരണവും പൊള്ളയായ വാഗ്ദാനങ്ങളും വാരി വിതറുന്ന മോഡിക്ക് ഒപ്പം അല്ല.

നാണയ നിര്‍വീര്യകരണത്തിന്റെ വാര്‍ഷികത്തെ കള്ളപ്പണ വിരുദ്ധദിനമായ ആഘോഷിക്കുകയാണ് ബി.ജെ.പി. പക്ഷേ, ബി.ജെ.പി. ഒരു ആത്മപരിശോധന നടത്തിയാല്‍ നന്ന്. ഈ വക രാഷ്ട്രീയ പുറംപൂച്ചുകള്‍ക്കും കുപ്രചരണങ്ങള്‍ക്കും ഇടയില്‍ നീറുന്ന ഒരു യാഥാര്‍ത്ഥ്യം ഉണ്ട്. ഇതൊന്നും രാജ്യത്തെ അഴിമതിയില്‍ നിന്നും, കള്ളപ്പണത്തില്‍ നിന്നും, ഭീകരവാദത്തില്‍ നിന്നും രക്ഷിച്ചിട്ടില്ല. തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചില്ല. കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളാവുകയാണ്. ഒരു ടൈം ബോംബ് മോഡി ഗവണ്‍മെന്റിന്റെ കസേരക്ക് അടിയില്‍ മിടിക്കുന്നുണ്ട്. സമയത്ത് കണ്ടെത്തി അതിനെ നിര്‍വീര്യം ആക്കിയാല്‍ രക്ഷപ്പെടാം.

നാണയ നിര്‍വീര്യകരണ വാര്‍ഷികദിനത്തെ കരിദിനമായിട്ടാണ് കോണ്‍ഗ്രസ്  ഉള്‍പ്പെട്ട പ്രതിപക്ഷം ആചരിച്ചത്. നല്ലത്. പക്ഷേ, നിങ്ങളുടെ ഇന്നലെകള്‍ നിങ്ങള്‍ക്ക് മാപ്പ് തരികയില്ല. അക്ഷന്ത്യപമായ അപരാധങ്ങള്‍ ആണ് നിങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളോട് നിങ്ങളുടെ ഭരണകാലത്ത് ചെയ്തിട്ടുള്ളത്. എങ്കിലും പ്രതിപക്ഷം എന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ കര്‍മ്മം കരിദിനാചരണത്തിലൂടെ നിറവേറ്റുക. പക്ഷേ, അത് അവിടെ തീരുന്നില്ല എന്ന് ഓര്‍മ്മിക്കണം.

നാണയ നിര്‍വീര്യ കരണം ഒരു വര്‍ഷം പിന്നിടുമ്പോള്‍ (ദല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക