Image

അനശ്വര നടന്‍ സത്യന്റെ ജീവിതരേഖയും ഒഴിഞ്ഞു കിടക്കുന്ന സിംഹാസനവും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 16 November, 2017
അനശ്വര നടന്‍ സത്യന്റെ ജീവിതരേഖയും ഒഴിഞ്ഞു കിടക്കുന്ന സിംഹാസനവും (ജോസഫ് പടന്നമാക്കല്‍)
മലയാള സിനിമയുടെ ചരിത്ര താളുകളില്‍ എഴുതപ്പെട്ട അഭിനയ ചക്രവര്‍ത്തിയായിരുന്ന സത്യന്‍, രണ്ടുപതിറ്റാണ്ടോളം ഈ കര്‍മ്മഭൂമിയുടെ മണ്ണില്‍ ജ്വലിക്കുന്ന താരമായി തിളങ്ങി നിന്നിരുന്നു. ഇന്നും അനശ്വരനായി ജനഹൃദയങ്ങളില്‍ ജീവിക്കുകയും ചെയ്യുന്നു. സ്വാഭാവികമായ കലാ ചാതുര്യമുണ്ടായിരുന്ന ആ അതുല്യ നടനു സമാനമായ മറ്റൊരു നടന്‍ നാളിതുവരെ കേരള ചരിത്രത്തിലുണ്ടായിട്ടില്ല. 1950മുതല്‍ 1971 വരെ  സത്യന്റെ സാന്നിദ്ധ്യം അഭ്രപാളികളില്‍ തെളിഞ്ഞു നിന്നിരുന്നു. മലയാള സിനിമകളെ ആദ്യകാലങ്ങളില്‍ നിയന്ത്രിച്ചിരുന്നത് തിക്കുറുശി സുകുമാരന്‍ നായരും പ്രേം നസീറും സത്യനുമായിരുന്നു. സത്യനെപ്പറ്റി പറയുമ്പോള്‍ മധുവിനും ശാരദയ്ക്കും ആയിരം നാവുകളാണുള്ളത്. 'തന്റെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കുന്ന ഉത്തമ സുഹൃത്തായിരുന്നു സത്യന്‍ മാസ്റ്ററെന്നു' മധു പറയും. ശാരദയുടെ വാക്കുകളിലും സത്യന്‍ മാസ്റ്ററോടുള്ള ആരാധന നിറഞ്ഞിരിക്കുന്നു. 'എന്റെ  ആദ്യത്തെ സിനിമയായ ഇണപ്രാവുകളില്‍ അഭിനയിക്കുമ്പോള്‍ മാസ്റ്റര്‍ക്ക് പ്രായം അമ്പതും എനിക്ക് പ്രായം പത്തൊമ്പതും. അത്രയും ചെറിയകുട്ടിയായി അഭിനയിച്ചിട്ടും പ്രേക്ഷകര്‍ ഞങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.'

നാല്പത്തിയാറു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും പ്രസരിപ്പോടെയുള്ള സത്യന്റെ മുഖം മലയാളികളുടെ മനസ്സില്‍ മങ്ങലേല്‍ക്കാതെ നിഴലിച്ചു തന്നെ നില്‍ക്കുന്നു. സത്യന്‍ അഭ്രപാളികളില്‍ തുടങ്ങിവെച്ച മലയാള സിനിമ ഇന്ന് വളരെയേറെ മുന്നേറിയെങ്കിലും സത്യന്റെ ആ വ്യക്തിപ്രഭയ്ക്ക് യാതൊരു മങ്ങലുമേറ്റിട്ടില്ല. സത്യന്‍ അലങ്കരിച്ച ആ സിംഹാസനത്തില്‍ ഇരിക്കാന്‍ ഇന്നുവരെ ആരും യോഗ്യനുമായിട്ടില്ല. അറുപതു വയസ്സു കഴിഞ്ഞവര്‍ക്കെല്ലാം സത്യനെപ്പറ്റിയുള്ള ഓര്‍മ്മകളും സത്യന്റെ സിനിമകളും മനസ്സില്‍ കുടികൊള്ളുന്നുണ്ടാകാം. കാമുകനായ സത്യനെ, അച്ഛനും മകനുമായ സത്യനെ, വടക്കന്‍പാട്ടിലെ വീരനായകനായ സത്യനെ, തെമ്മാടിയായ സത്യനെ അങ്ങനെ ഓര്‍മ്മകളുടെ തീരത്തുകൂടി സത്യന്‍ എന്ന കഥാപാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നിരവധി കഥാപാത്രങ്ങള്‍ മനസിനുള്ളില്‍ കയറി വരുകയും ചെയ്യുന്നു.

തിരുനവന്തപുരത്ത് തൃക്കണ്ണാപുരത്ത് നാടാര്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ചെറുവിളകത്തു വീട്ടില്‍ മാനുവേലിന്റെയും എമിലിയുടേയും  മകനായി 1912 നവംബര്‍ ഒമ്പതാംതീയതി സത്യന്‍ ജനിച്ചു. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്, മാനുവേല്‍ സത്യനേശന്‍ നാടാര്‍ എന്നായിരുന്നു. ശ്രീമതി ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് മൂന്നിനായിരുന്നു അവരുടെ വിവാഹം. അദ്ദേഹത്തിന് സഹോദരി സഹോദരന്മാരായി അഞ്ചുപേരും കൂടിയുണ്ടായിരുന്നു. അക്കാലത്ത് മലയാളം വിദ്വാന്‍ പാസ്സായ ശേഷം തിരുവനന്തപുരത്ത് സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. പിന്നീട് കേരളാ സെക്രട്ടറിയേറ്റില്‍ ഒരു ക്ലര്‍ക്കായി ജോലി കിട്ടി. അവിടെ ഒരു വര്‍ഷത്തോളം ജോലി ചെയ്തു. 1941ല്‍ അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തില്‍ ചേര്‍ന്നു. പട്ടാളത്തില്‍ ഇന്ത്യന്‍ വൈസ്രോയുടെ കമ്മീഷന്‍ ഓഫിസറായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തില്‍ മണിപ്പൂര്‍, ബര്‍മ്മ, മലയാ, എന്നീ സ്ഥലങ്ങളില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ജോലി ചെയ്തു. യുദ്ധം കഴിഞ്ഞപ്പോള്‍ പട്ടാളത്തിലെ ജോലി അവസാനിക്കുകയും സ്വന്തം നാട്ടില്‍ മടങ്ങി വരുകയും ചെയ്തു. പിന്നീട് ട്രാവന്‍കൂര്‍ പോലീസ് ഇന്‍സ്‌പെക്റ്ററായി ജോലി ചെയ്തു. 1947–1948ല്‍ കമ്മ്യുണിസ്റ്റ് വിപ്ലവം ഉണ്ടായപ്പോള്‍ സത്യന്‍ അന്ന് ആലപ്പുഴയിലെ ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് പോലീസില്‍ ഓഫീസറായിരുന്നു.

സത്യന്‍ ജെസ്സി ദമ്പതികള്‍ക്ക് മൂന്ന് ആണ്‍മക്കള്‍ ജനിച്ചു. പ്രകാശ്, സതീഷ്, ജീവന്‍ എന്നിവര്‍ ; മക്കള്‍ കൂടാതെ  അന്നമ്മ ജീവന്‍ എന്ന മരുമകളും ആശാ ജീവന്‍ എന്ന പേരക്കിടാവും അടങ്ങിയ മാതൃകാ കുടുംബം ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. അദ്ദേഹം എന്നും ഗൗരവക്കാരനും പരുക്കന്‍ സ്വഭാവക്കാരനുമായിരുന്നെങ്കിലും കാരുണ്യം നിറഞ്ഞ വിശാല മനസ്ഥിതിയുടെ  ഉടമയുംകൂടിയായിരുന്നു. സാധുക്കളെ സഹായിക്കുന്നതില്‍ എന്നും മുമ്പില്‍ തന്നെയുണ്ടായിരുന്നു. ഹൃദയ ശുദ്ധി, ധീരത, കൃത്യനിഷ്ഠ, ചെയ്യുന്ന ജോലികളില്‍ അത്മാര്‍ത്ഥത എന്നീ വ്യക്തിഗുണങ്ങളും അദ്ദേഹത്തിന്റെ വിജയത്തിന് കാരണങ്ങളായിരുന്നു.

പോലീസ് ഓഫിസര്‍ ആയിരുന്ന കാലത്തു തന്നെ സത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി.  സിനിമയില്‍ യാദൃശ്ചികമായിട്ടാണ് വന്നെത്തിയത്. ആലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ ഇരിക്കുന്ന കാലത്ത് അന്നത്തെ സുപ്രസിദ്ധ ഗായകനായിരുന്ന സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരെ പരിചയപ്പെട്ടിരുന്നു. കുഞ്ഞുകുഞ്ഞു ഭാഗവതര്‍ സത്യനെ സിനിമാ വ്യവസായത്തിലുണ്ടായിരുന്ന അനേകരെ പരിചയപ്പെടുത്തി. ഒരു സിനിമാ നിര്‍മ്മാതാവ് സത്യന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും അതുണ്ടായില്ല. കൗമുദിയുടെ പത്രാധിപരായിരുന്ന കെ.ബാല കൃഷ്ണന്‍ സ്വന്തം ഉടമയില്‍ സിനിമാ നിര്‍മ്മിക്കാന്‍ പോകുന്ന വിവരം സത്യന്‍ അറിഞ്ഞു. അദ്ദേഹം ബാലകൃഷ്ണനെ കാണുകയും ബാലകൃഷ്ണനു സത്യനോട് നല്ല അഭിപ്രായങ്ങള്‍ ഉണ്ടാവുകയും ചെയ്തു. സത്യനെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചുകൊണ്ട് 'ത്യാഗ സീമാ' എന്ന പേരില്‍ ഒരു സിനിമ നിര്‍മ്മിച്ചു. കഥ എഴുതിയതും ബാലകൃഷ്ണന്‍ തന്നെയായിരുന്നു.  എന്നിരുന്നാലും ആ സിനിമാ ഒരിക്കലും അഭ്രപാളികളില്‍ പുറത്തു വന്നില്ല. അതിനുശേഷം സത്യന്‍ പോലീസ് ഓഫീസര്‍ എന്ന നിലയില്‍ ജോലി രാജി വെച്ചു. 1951ലാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം ആരംഭിച്ചത്.

സത്യന്‍ ഏകദേശം രണ്ടു തമിഴ് സിനിമകള്‍ ഉള്‍പ്പടെ 150 സിനിമകളോളം അഭിനയിച്ചിട്ടുണ്ട്. പരുക്കനായ ഒരു അഭിനേതാവായിട്ടായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബഹുമാനപൂര്‍വ്വം ആരാധകര്‍ അദ്ദേഹത്തെ സത്യന്‍ മാസ്റ്റര്‍ എന്ന് വിളിച്ചിരുന്നു. ജീവിതത്തിന്റെ യാഥാര്‍ഥ്യ വശങ്ങളെ തന്മയത്വമായി അഭിനയിച്ചിരുന്ന, ബഹുമുഖങ്ങളായ വൈദഗ്ദ്ധ്യങ്ങളുള്ള ഒരു കലാകാരനായിട്ടാണ് സത്യനെ അറിയപ്പെടുന്നത്. അവാര്‍ഡുകളുടെ കാലങ്ങളല്ലായിരുന്ന കാലഘട്ടത്തില്‍ രണ്ടു പ്രാവിശ്യം അദ്ദേഹം സ്‌റ്റേറ്റ് അവാര്‍ഡ് നേടിയിരുന്നു. വീര്യവത്തായ പൗരുഷ ഗുണങ്ങളുള്ള ഒരു നടനായിട്ടായിരുന്നു അദ്ദേഹം അഭ്രപാളികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അതേ സമയം പ്രേംനസീര്‍ എപ്പോഴും ഒരു പ്രേമ നായകനായും കാണപ്പെട്ടിരുന്നു. 1954ലെ നീലക്കുയിലിലെ ശ്രീധരന്‍ നായര്‍, 1964ലെ തച്ചോളി ഒതേനനിലെ ഒതേനന്‍, 1965ലെ ഓടയില്‍ നിന്നുള്ള പപ്പു, യക്ഷിയിലെ പ്രൊഫസര്‍ ശ്രീനിവാസന്‍, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍, കര കാണാ കടലിലെ തോമ്മാ, എന്നിങ്ങനെ വ്യക്തിവൈശിഷ്ട്യം തെളിഞ്ഞു നില്‍ക്കുന്ന അനേകം പുരുഷ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ നേട്ടങ്ങളിലുണ്ട്. സേതു മാധവന്‍, വിന്‍സെന്റ്, രാമു കാര്യാട്ട്, പി. വേണു മുതലായ പ്രസിദ്ധരായ സിനിമാ നിര്‍മ്മാതാക്കളുടെ പ്രിയ അഭിനയ കഥാപാത്രവുമായിരുന്നു, അദ്ദേഹം.

1952ല്‍ സത്യന്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രമായ 'ആത്മസഖി' പ്രദര്‍ശനത്തിനായി പ്രകാശനം ചെയ്തു. അന്ന് അദ്ദേഹത്തിന് മുപ്പത്തിയൊമ്പതു വയസു പ്രായം. 1954ല്‍ 'നീലക്കുയില്‍' എന്ന സിനിമയുടെ പ്രദര്‍ശനത്തോടെയാണ്, സത്യനെന്ന നടന്‍ ഒരു ഐതിഹാസിക കഥാപാത്രമായി അറിയപ്പെടാന്‍ തുടങ്ങിയത്. ആധികാരികമായ ഒരു കഥയുടെ പശ്ചാത്തലത്തിലൂടെ മലയാളത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ സിനിമയായിരുന്നു 'നീലക്കുയില്‍'. അന്നുവരെ മേധാവിത്വം പുലര്‍ത്തിയിരുന്ന  ഹിന്ദി സിനിമകളെ പിന്തള്ളിക്കൊണ്ടുള്ള നേട്ടമായിരുന്നു നീലക്കുയിലിലൂടെ സത്യന്‍ പ്രകടിപ്പിച്ചത്. അത് ദേശീയ തലത്തില്‍ അംഗീകരിച്ച അവാര്‍ഡ് നേടിയ മലയാളത്തിലെ ആദ്യത്തെ സിനിമയായിരുന്നു. സാഹിത്യകാരനായ ഉറൂബായിരുന്നു നീലക്കുയിലിന്റെ കഥയെഴുതിയത്. രാമു കാര്യാട്ടും പി.ഭാസ്‌ക്കരനും സിനിമാ ഡയറക്റ്റ് ചെയ്തു. പാട്ടുകള്‍ പി. ഭാസ്‌ക്കരന്റെതായിരുന്നു. പാട്ടുകള്‍ക്ക് ശബ്ദം കൊടുത്തത് കെ.രാഘവന്‍ ആയിരുന്നു. സിനിമയും പാട്ടുകളും സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. അവാര്‍ഡ് നേടിയ ഈ സിനിമയുടെ വിജയത്തോടെയാണ് മിസ് കുമാരിയുടെയും സത്യന്റേയും പേരുകള്‍ നടീ നടന്മാരെന്ന നിലയില്‍ പ്രസിദ്ധമായത്.

ആലപ്പുഴ കടല്‍ത്തീരത്തുനിന്നു എടുത്ത പ്രേമ കഥയായ ചെമ്മീനില്‍ സത്യന്റെ അഭിനയത്തിന് അവാര്‍ഡ് കിട്ടിയില്ല. ചെമ്മീനില്‍, അദ്ദേഹം പളനിയെന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിലെ പ്രധാന ഒരു  നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പേര് ഇന്ത്യ മുഴുവന്‍ പ്രസിദ്ധമായി കഴിഞ്ഞിരുന്നു. 1965ലെ ഇന്ത്യന്‍ പ്രസിഡണ്ടില്‍ നിന്നുമുള്ള ഗോള്‍ഡ് മെഡലിനും ചെമ്മീനെന്ന   സിനിമ അര്‍ഹമായി. 1969ല്‍ കടല്‍പ്പാലം അഭിനയിച്ചതില്‍ അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയിരുന്നു. കടല്‍പ്പാലം അക്കാലത്തെ ഏറ്റവും കൂടുതല്‍ നാളുകള്‍ തീയേറ്ററില്‍ ഓടിയ സിനിമയായിരുന്നു. അദ്ദേഹം ക്യാന്‍സര്‍ ബാധിതനായിരുന്ന സമയത്തായിരുന്നു 'പ്രവാചകന്മാരെ' എന്ന പാട്ടിലെ ഭാവ വികാരങ്ങളും വേദനയും അഭിനയത്തില്‍ക്കൂടി പ്രകടിപ്പിച്ചത്. ആ ഭാവാഭിനയം അദ്ദേഹം യഥാര്‍ത്ഥ ജീവിതത്തില്‍ അനുഭവിച്ചിരുന്ന വേദനയായിരുന്നുവെന്നും പറയപ്പെടുന്നു. 1971ല്‍ 'കരകാണാ കടല്‍' അഭിനയിച്ചതിനു അവാര്‍ഡ് ലഭിച്ചത് മരണശേഷമായിരുന്നു. ഒരു മാനസിക ശാസ്ത്രജ്ഞനായി യക്ഷിയില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.  മമ്മൂട്ടിയും സുരേഷ് ഗോപിയും കുട്ടികളായി സത്യന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി 'അനുഭവങ്ങള്‍ പാളീച്ചകളിലും' സുരേഷ് ഗോപി 'ഓടയില്‍ നിന്ന്' എന്ന സിനിമയിലും സത്യനോടൊപ്പമുണ്ടായിരുന്നു.

സത്യനെന്ന നടന്റെ തേജസുള്ള മുഖം കാലങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും പുതുമയോടെ തന്നെ നിലനില്‍ക്കുന്നു. കേരള മനസ്സില്‍ പതിഞ്ഞുപോയ മലയാളത്തിലെ ഒരേയൊരു നടന്‍ സത്യന്‍ മാത്രമേയുള്ളൂ. അദ്ദേഹം ഒരു റൊമാന്റിക്ക് ഹീറോ ആയിരുന്നില്ല. കൂടുതലും നാം കണ്ടുമുട്ടുന്ന പരുക്കരും വഴക്കാളികളും പ്രശ്‌നക്കാരുമായ മനുഷ്യരുടെ വേഷങ്ങള്‍ അണിയാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. അതുപോലുള്ള കഥാ പാത്രങ്ങള്‍ ഇന്നുള്ള സിനിമകളില്‍ ഉണ്ടാകാത്ത കാരണങ്ങളും പലരും ചിന്തിക്കാറുണ്ട്. സത്യന്‍ നടനായിരുന്നപ്പോള്‍ മലയാള ഭാഷയില്‍ ക്ലാസ്സിക്കല്‍ എഴുത്തുകാരുടെ കാലവുമായിരുന്നു. തകഴി, കേശവ ദേവ്, ഉറൂബ് മുതല്‍പേരുടെ നോവലുകളിലെ കഥാപാത്രങ്ങളെ അഭ്രപാളികളില്‍ ഒപ്പിയെടുക്കാന്‍ സത്യനല്ലാതെ മറ്റൊരു നടനും കഴിയുമായിരുന്നില്ല.

സത്യന്റെ കാലത്തുള്ള എഴുത്തുകാരുടെ കൃതികള്‍ കൂടുതലും അദ്ധ്വാനിക്കുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും മണ്ണിനോട് പട വെട്ടുന്നവരുടെയും ജീവിത പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ളതായിരുന്നു. അദ്ദേഹത്തിന്റെ മിക്ക അഭിനയ കഥാപാത്രങ്ങളിലും വിയര്‍പ്പിന്റെയും മണ്ണിന്റെയും മണമുണ്ടായിരുന്നു. മാനത്തു നോക്കി കടലമ്മ കോപിക്കുമോയെന്നു ചിന്തിക്കുന്ന ചെമ്മീനിലെ മത്സ്യത്തൊഴിലാളിയായ പളനിയുടെ ചിത്രം മലയാളി മനസ്സില്‍നിന്നും ഒരിക്കലും മാഞ്ഞു പോവില്ല. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ സത്യനല്ലാതെ മറ്റൊരു നടനും സാധിക്കില്ലായിരുന്നു. ഓടയില്‍ നിന്നുള്ള നോവല്‍ സിനിമയാക്കിയപ്പോള്‍ സത്യനല്ലാതെ മറ്റാരെയും 'പപ്പു'വായി അഭിനയിക്കാന്‍ കേശവ ദേവ് സമ്മതിക്കില്ലായിരുന്നു. നോവലിലെ തനി കഥാപാത്രമായ പപ്പുവെന്ന 'റിക്ഷാ' വലിക്കുന്ന തൊഴിലാളിയെ സത്യന്‍ തന്മയത്വമായി അവതരിപ്പിക്കുകയും ചെയ്തു.

അമ്പതുകളില്‍ സിനിമകള്‍ പൊതുവെ പ്രതിഫലിച്ചിരുന്നത് ഒരു നാടക രൂപത്തിലായിരുന്നു. ഇന്നത്തെപ്പോലെ നായകന്‍ നായികയുടെ പിന്നാലെ പാട്ടു പാടി മരം ചുറ്റുകയും താളത്തിനൊത്ത് നൃത്തമാടുകയും ഉണ്ടായിരുന്നില്ല. അന്നുവരെയുണ്ടായിരുന്ന നാടക സ്റ്റയിലില്‍ നിന്നും വ്യത്യസ്തമായ ഒരു അഭിനയം സിനിമാ ലോകത്ത് ആദ്യമായി കാഴ്ച്ച വെച്ചത് സത്യനായിരുന്നു. സത്യന്‍ ഒരു കഥാപാത്രം അവതരിപ്പിക്കുകയാണെങ്കില്‍ ആ കഥാപാത്രത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിരുന്നു. മനുഷ്യ ജീവിതത്തിന്റെ അഗാധതയില്‍ നുഴഞ്ഞിറങ്ങി ജീവിതവുമായി പടപൊരുതി അഭിനയിക്കാനുള്ള അദ്ദേഹത്തിന്റെ അനിയന്ത്രിതമായ കഴിവ് മറ്റാര്‍ക്കുമുണ്ടായിരുന്നില്ല.

സിനിമാ ലോകത്തിലെ ഭൂരിഭാഗം നായിക നായകന്മാര്‍ ഇഷ്ടപ്പെടുന്നത് ഗ്‌ളാമറിന്റ മേഖലകളില്‍ അഭിനയിക്കാനാണ്. എന്നാല്‍ സത്യനെന്ന നായകനില്‍ കൂടുതലായും പ്രകടമായി കണ്ടിരുന്നത് മനുഷ്യന്റെ വേദനകളും, കഷ്ടപ്പാടുകളും ജീവിത പ്രശ്‌നങ്ങളും അവതരിപ്പിക്കുന്നതിലായിരുന്നു. 'അനുഭവങ്ങള്‍ പാളീച്ചകള്‍' എന്ന ഹിറ്റ് സിനിമാ അതിനൊരു ഉദാഹരണമാണ്. ജീവിതവുമായി മല്ലിടുന്ന ഒരു കൂട്ടം മനുഷ്യ ജീവിതങ്ങളുടെ കഥയാണ് അനുഭവങ്ങള്‍ പാളിച്ചകള്‍. അതില്‍ അദ്ദേഹം നായകനായിരുന്നു. അതിനുള്ളിലെ സത്യനെപ്പോലുള്ള ഒരു സ്വാഭാവിക നടനെ അവതരിപ്പിക്കാന്‍ കഴിവുള്ള മറ്റൊരു നടന്‍ ഇന്നുവരെ മലയാള സിനിമയില്‍ ജനിച്ചിട്ടില്ല.  പലരും സത്യനെപ്പോലെ അഭിനയിക്കാന്‍ ശ്രമിച്ചിട്ടും ആരും വിജയിച്ചില്ലെന്നുള്ളതാണ് സത്യം. അതിലെ പോക്കിറിയും തെമ്മാടിയുമായ ചെല്ലപ്പനെന്ന നടനിലെ വെറുപ്പും വിദ്വേഷവും  കരുണയും, സ്‌നേഹവും ചിരിയും ദുഃഖങ്ങളും കണ്ണുനീരുമടങ്ങിയ തന്മയത്വപരമായ രംഗങ്ങള്‍  മനുഷ്യഹൃദയങ്ങളില്‍നിന്നു ഒരിക്കലും മാഞ്ഞുപോവില്ല.

ഇന്നത്തെ സിനിമാ നടന്മാര്‍ ഫാന്‍സുകളുടെ ലോകത്താണ് ജീവിക്കുന്നത്. മമ്മൂട്ടി ഫാന്‍സ്, മോഹന്‍ലാല്‍ ഫാന്‍സ്, സുരേഷ് ഗോപി ഫാന്‍സ്, ദിലീപ് ഫാന്‍സ് എന്നിങ്ങനെ ചേരി തിരിഞ്ഞുള്ള ആരാധകരാണ് ഓരോ നടന്മാര്‍ക്കുമുള്ളത്. ഇഷ്ടമില്ലാത്ത നടന്മാരുടെ സിനിമകള്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ അവിടെ ഒച്ചവെക്കാനും കൂവാനും ഫാന്‍സുകളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂവാന്‍ നടന്മാരുടെ പിന്തുണകളും ലഭിക്കും. എന്നാല്‍ ഒരു ആരാധക ലോകവുമില്ലാതെ ജനം മുഴുവനായി ഒന്നുപോലെ സ്‌നേഹിച്ചിരുന്ന  മഹാ നടനായിരുന്നു സത്യന്‍. അദ്ദേഹം, ഇന്നുള്ള നടന്മാരെപ്പോലെ  സ്‌നേഹം പിടിച്ചുപറ്റാന്‍ പണം വാരി എറിഞ്ഞിട്ടില്ല. എന്നിട്ടും അബാല വൃദ്ധം ജനങ്ങളുടെ മനസുകള്‍ ഒന്നുപോലെ പിടിച്ചെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഈ നേട്ടങ്ങളെല്ലാം  തന്റെ സ്വന്തം കഴിവും അഭിനയ ശൈലിയും കൊണ്ട് നേടിയതായിരുന്നു.

ഇന്നത്തെ മലയാളത്തിലെ നടന്മാര്‍ നായകസ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ്. സിനിമയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നതു മുതല്‍ നിര്‍മ്മാണം അവസാനിക്കുന്നവരെ നായകന്റെ താല്പര്യവും അഭിരുചിയും നോക്കണം. ഒരു സിനിമയില്‍ അഭിനയിക്കാനുള്ള വ്യവസ്ഥയില്‍ നായകസ്ഥാനം വേണമെന്ന വാശി സത്യനില്ലായിരുന്നു. 'അരനാഴിക നേരം' മലയാള സിനിമയുടെ ചരിത്രത്തിലെ അതിപ്രധാനമായ ഒരു നാഴികക്കല്ലാണ്. അതിലെ നായകനായി അഭിനയിക്കാന്‍ സത്യനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. അര നാഴിക നേരത്തിലെ 'കുഞ്ഞെനാച്ചന്‍' ആയി അഭിനയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ 'കൊട്ടാരക്കര ശ്രീധരന്‍ നായരെ'ന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് അദ്ദേഹം ആ സിനിമയിലെ അപ്രധാനമായ ഒരു വേഷത്തില്‍ അഭിനയിക്കുകയാണുണ്ടായത്. ഇന്നത്തെ നടന്മാരില്‍ നിന്നും വേറിട്ട ഒരു വ്യക്തിത്വം സത്യന്‍ അവിടെ പ്രകടിപ്പിക്കുകയുമുണ്ടായി.  

സത്യനോടൊപ്പം പ്രേംനസീറും അക്കാലത്ത് സിനിമയില്‍ തിളങ്ങിയിരുന്നു. പ്രേംനസീര്‍ പാട്ടും പാടി അഭിനയിക്കുമ്പോള്‍ സത്യന്‍ ഒരിക്കലും അദ്ദേഹത്തോട് അഭിനയ രംഗത്ത് മത്സരിക്കാന്‍ നിന്നില്ല. ഇന്നുള്ള നടന്മാരെല്ലാം നായകനാകാനുള്ള മത്സരത്തിലാണ്. മറ്റൊരു പ്രധാനപ്പെട്ട നടന്‍ വന്നാല്‍ അവര്‍ അഭിനയിക്കാന്‍ തയ്യാറാവുകയില്ല. എന്നാല്‍ സത്യന്റെ വ്യക്തിത്വം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സിനിമാ തന്നെ അനുഭവ സാക്ഷ്യങ്ങളാണ്. തന്നെക്കാള്‍ മെച്ചമായി അഭിനയിക്കാന്‍ കഴിവുള്ളവര്‍ വന്നാല്‍ അഭിനയിക്കട്ടെയെന്ന മനോഭാവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സത്യനെന്ന നടന്‍ ഒരു സിനിമയുടെ മുഴുവനായ വിജയത്തെയാണ് കണ്ടിരുന്നത്. ഇന്നത്ത നടന്മാരെപ്പോലെ നടന്റെ വിജയം മാത്രമല്ല, അദ്ദേഹം ചിന്തിച്ചിരുന്നത്. 'ഞാന്‍' മാത്രം തെളിഞ്ഞു നില്‍ക്കണമെന്ന മനോഭാവമാണ് ഭൂരിഭാഗം നടന്മാരുടെയും മനസുകളില്‍ നിറഞ്ഞിരിക്കുന്നത്. ആ അഹന്ത സത്യനുണ്ടായിരുന്നില്ല. സങ്കുചിതമായ മനസോടെ അവരെ മാത്രം ആകര്‍ഷിക്കാന്‍ സൂപ്പര്‍ നടന്മാര്‍ വരെ ചിന്തിക്കുന്നു. ഇന്നുള്ള സൂപ്പര്‍ നടന്മാരെ സിനിമാ നിര്‍മ്മിക്കുന്നവര്‍ വളര്‍ത്തിയെങ്കില്‍ സത്യനെന്ന നടനെ വളര്‍ത്തിയത് അദ്ദേഹത്തിന്റെ അഭിനയ ചാതുര്യമായിരുന്നു.

സത്യന്‍ ഒരു നടനെന്നതിനേക്കാളുപരി കര്‍ത്തവ്യനിരതനായ ഒരു കുടുംബ നാഥനും കൂടിയായിരുന്നു. കുടുംബ കാര്യങ്ങളില്‍ വളരെ കര്‍ശനക്കാരനായിരുന്നെങ്കിലും ഉത്തരവാദിത്വമുള്ള ഒരു ഭര്‍ത്താവും കുട്ടികള്‍ക്ക് സ്‌നേഹമുള്ള ഒരു അപ്പനുമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ സതീശന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നു, 'ഞങ്ങള്‍ക്ക് പപ്പായെന്നു വെച്ചാല്‍ ജീവനായിരുന്നു. കുട്ടികളും അച്ഛനുമൊത്ത് കളിക്കും. ഒന്നിച്ച് പാട്ടു പാടും. കളിയാക്കും. കുട്ടികളും തിരിച്ചു കളിയാക്കും. ഞങ്ങള്‍ തമ്മില്‍ കൈകൊട്ടിക്കളിയുമുണ്ടായിരുന്നു. സ്‌നേഹം വാരിക്കോരി തരുന്ന അപൂര്‍വം പിതാക്കന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അതായിരുന്നു സത്യനെന്ന സരസനായ പപ്പാ. മദ്രാസ്സില്‍ ഷൂട്ടിങ്ങുള്ള സമയം പപ്പാ എത്ര തിരക്കിലാണെങ്കിലും ഞങ്ങള്‍ക്കെല്ലാം മാറി മാറി കത്തുകളയക്കുമായിരുന്നു. ഇംഗ്‌ളീഷിലായിരുന്നു കത്തുകള്‍ എഴുതിയിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയില്‍ യാത്രയാകുന്ന വേളകളില്‍ മക്കള്‍ മൂന്നുപേരുടെയും കവിളില്‍ ഉമ്മ തരുമായിരുന്നു. അവസാന ദിവസവും യാത്രയാകുന്ന ദിനങ്ങളില്‍ അദ്ദേഹം ഉമ്മ തരുവാന്‍ മറന്നില്ല. മരണസമയത്തിനു മുമ്പ് സ്വത്തുക്കളില്‍ മരണപത്രം എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'എന്റെ മക്കള്‍ക്കു സ്വത്തുവീതം  വെക്കുന്നതിനുള്ള പ്രമാണം ആവശ്യമില്ലെന്നായിരുന്നു' അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ മാതൃകാപരമായ ഒരു കുടുംബ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.'

സത്യന്‍ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് മറ്റു മേലാധികാരികളെ കണ്ടാല്‍ സല്യൂട്ട് ചെയ്യില്ലായിരുന്നു. അങ്ങനെയുള്ള മനസിന്റെ ദൃഢതയും ശക്തിയും പില്‍ക്കാലത്ത് സിനിമയിലും പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ മൂന്നു മക്കളും അന്ധരായിരുന്നു. പ്രൊഫഷണല്‍ ജീവിതത്തിലുടനീളം അദ്ദേഹത്തില്‍ കുഞ്ഞുങ്ങളെപ്പറ്റിയുള്ള ആ ദുഃഖം നിഴലിച്ചിരുന്നു. ക്യാമറായുടെ മുമ്പില്‍ നില്‍ക്കുമ്പോഴും ദുഃഖങ്ങളെല്ലാം മറ്റുള്ളവരില്‍ പ്രകടമാക്കാതെ അമര്‍ത്തി പിടിച്ചിരുന്നു. ഷൂട്ടിങ്ങ് കഴിയുമ്പോഴേ അദ്ദേഹം കുഞ്ഞുങ്ങളുടെ ചീകിത്സാ കാര്യങ്ങള്‍ക്കായി ഓടുമായിരുന്നു. ക്യാന്‍സര്‍ ബാധിതനായ വാര്‍ത്ത അറിഞ്ഞിട്ടും ദൈവത്തെ വിളിച്ചു വിലപിക്കാതെ കര്‍മ്മ നിരതനായി തന്റെ ജോലി തുടര്‍ന്നിരുന്നു. ഒന്നും സംഭവിക്കാത്തപോലെ ആരെയും പഴി ചാരാതെ തമാശകള്‍ പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരുമായി സൗഹാര്‍ദ്ദത്തിലായിരുന്നെങ്കിലും സ്വന്തം അനുഭവങ്ങളില്‍ക്കൂടി കടന്നുപോയിരുന്ന ദുഃഖങ്ങളെ അദ്ദേഹം കൂട്ടുകാരില്‍ നിന്നും മറച്ചു വെച്ചിരുന്നു.

സൗന്ദര്യമോ ആകാരഭംഗിയോ അല്ല കാര്യമെന്നു തെളിയിച്ചുകൊണ്ട് ഭാവാഭിനയത്തില്‍ക്കൂടി മലയാളി മനസിനെ കീഴടക്കിയ ഒരു ഉജ്ജ്വല നടനായിരുന്നു സത്യന്‍. സര്‍ സിപിയുടെ കാലത്തെ വില്ലനായ ഈ പോലീസുകാരന്റെ കാക്കിക്കുപ്പായത്തിനുള്ളില്‍ സരളമായ ഒരു കലാഹൃദയവുമുണ്ടായിരുന്നു. സത്യന്‍ അഭിനയിച്ചിരുന്ന കാലത്ത് സിനിമാഭിനയം ഇന്നത്തെപോലെ ആദായകരമായ ഒരു തൊഴിലായിരുന്നില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സഹനടന്മാരെ സഹായിക്കാന്‍ അദ്ദേഹം എന്നും തല്പരനായിരുന്നു. വില്ലന്‍ സ്വഭാവമുണ്ടായിരുന്ന ഒരു പോലീസുകാരന്റെ കരുണാദ്രമായ കലാഹൃദയത്തിലേക്കുള്ള ഒരു പരിവര്‍ത്തനമായിരുന്നു അത്.  സാഹിത്യ നിരൂപകനായ കെ.പി. അപ്പന്‍ ഒരിക്കല്‍ എഴുതി, 'കമ്യുണിസ്റ്റുകാരില്‍ കലി പൂണ്ടിരുന്ന സതീശന്‍ നാടാര്‍ എന്ന ഈ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അവരെ നടുറോഡിലിട്ട് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീട് സിനിമയില്‍ക്കൂടി സത്യനെന്ന കലാകാരനെ കണ്ടു. ഓടയില്‍നിന്നുള്ള പപ്പുവിനേയും അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പനെയും ചെമ്മീനിലെ പളനിയെയും കണ്ടു. പോലീസുകാരനില്‍ നിന്ന് നടനിലേക്കുള്ള ഈ കുതിച്ചു ചാട്ടം അവിശ്വസിനീയമായിരുന്നു.'

സത്യനെ ബാധിച്ചിരുന്ന മാരക രോഗം തടഞ്ഞുകൊണ്ടും അദ്ദേഹം സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്നു. ഷൂട്ടിങ്ങിനിടയില്‍ വായില്‍ക്കൂടിയും മൂക്കില്‍ക്കൂടിയും രക്തസ്രാവം ഉണ്ടാവുമ്പോള്‍ അത് തുടച്ചുകൊണ്ട് അദ്ദേഹം ക്യാമറായെ അഭിമുഖീകരിച്ചിരുന്നു. ഒരു ദിവസം രോഗം മൂലം ക്ഷീണം അനുഭവപ്പെട്ട അദ്ദേഹം ഷൂട്ടിങ്ങ് കഴിഞ്ഞശേഷം കാര്‍ സ്വയം ചെന്നൈയില്‍ക്കൂടി െ്രെഡവു ചെയ്തു ഹോസ്പിറ്റലിലെത്തി. അന്നുതന്നെ 1971 ജൂണ്‍ പതിനഞ്ചാം തിയതി സത്യന്‍ മരണമടഞ്ഞു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 59 വയസ്സ് പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തു കൊണ്ടുവരുകയും എല്ലാ സംസ്ഥാന ബഹുമതികളോടെ സംസ്‌ക്കാര കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു. പതിനായിരക്കണക്കിനു ജനം ആ മഹാനടന്റെ ഭൗതിക ശരീരം ദര്‍ശിക്കാന്‍ തിരുവനന്തപുരത്ത് തിങ്ങിക്കൂടിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പതിനാറു വര്‍ഷങ്ങള്‍ കൂടി ജീവിച്ച ശേഷം 1987ല്‍ മരണമടഞ്ഞു. മൂത്ത മകന്‍ പ്രകാശ് സത്യന്‍ 2014ല്‍ ഒരു വിഷു ദിവസം മരിച്ചു.

സത്യനെപ്പോലെ അനുഗുണമായ  ഒരു നടന്‍ മലയാളമണ്ണില്‍ ജനിച്ചിട്ടില്ല. ഇനി അങ്ങനെയുള്ള ഒരു നടനെ ഉടനെങ്ങും പ്രതീക്ഷിക്കാനും സാധിക്കില്ല. മലയാള സിനിമകളിലെ ചക്രവര്‍ത്തിയായിരുന്ന സത്യന്റെ കിരീടം അണിയാന്‍, അദ്ദേഹം ഇരുന്ന കസേരയില്‍ ഇരിക്കാന്‍ നാളിതുവരെ ആരും യോഗ്യരായിട്ടില്ല. സത്യനും നസീറും സിനിമാ ലോകത്ത് ഏതാണ്ട് ഒരേ കാലത്ത് വന്നവരാണ്. സത്യന്‍ ജീവിച്ചിരുന്ന കാലത്ത് നസീര്‍ എന്നും രണ്ടാമനായിരുന്നു. സത്യന്‍ സഞ്ചരിച്ചിരുന്നത് ഇന്നത്തെ നടന്മാരെപ്പോലെ വാരിക്കൂട്ടുന്ന അവാര്‍ഡുകള്‍ക്കു മീതെയായിരുന്നില്ല. സ്വാധീനവും പണവും അവാര്‍ഡുകളുടെ ഒരു മാനദണ്ഡം കൂടിയാണ്.  സത്യം മാത്രം കൈമുതലുള്ള സത്യനെന്ന നടന്‍ ലക്ഷോപലക്ഷം ജനഹൃദയങ്ങളില്‍ കാലത്തിനതീതമായും നിത്യം ജീവിച്ചുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും സത്യനെന്ന നടനെ പ്രേക്ഷക ലോകം  മറക്കില്ല. അദ്ദേഹം അഭിനയിച്ച നിരവധി ചിത്രങ്ങള്‍ അഭ്രപാളികളില്‍ നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ലക്ഷണമൊത്ത ഈ യുഗനായകനെപ്പറ്റിയുള്ള ഓര്‍മ്മകള്‍  ജനമനസുകളില്‍ നിത്യം ജീവിക്കുന്നു.

അനശ്വര നടന്‍ സത്യന്റെ ജീവിതരേഖയും ഒഴിഞ്ഞു കിടക്കുന്ന സിംഹാസനവും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Mathew V. Zacharia, NEW YORK 2017-11-16 11:56:08
Thanks for the sweet memory, Reminiscence and Nostalgia about my favorite Malayalam cinema actor, Sathyan. Blessing to his loved ones. Mathew V. Zacharia, Edathua, New York
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക