Image

മണ്ഡലക്കാലം (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 17 November, 2017
മണ്ഡലക്കാലം (തൊടുപുഴ കെ ശങ്കര്‍, മുംബൈ)
മണ്ഡലക്കാലമായ് രുദ്രാക്ഷ മാലകള്‍
കണ്ഠത്തില്‍ ചാര്‍ത്തേണ്ട നേരമായി!
കോടിക്കണക്കിനു ഭക്ത ജനങ്ങളെ
മാടിവിളിപ്പൂ ശബരിമല!

പൊന്മല പൂമല ശരണം വിളികള്‍തന്‍
പൂമഴ പെയ്യുന്ന പൂങ്കാവനം!
ശാദ്വല ഭൂമിയാം പൊന്നമ്പലമേടു
ശബ്ദായമാനമായ് മാറ്റും മല!

അയ്യപ്പസ്വാമിതന്‍ ദര്‍ശനംനേടുവാന്‍
ആ പുണ്യ ദേവനെ കൈവണങ്ങാന്‍
ഇഷ്ട ഭഗവാന്റെ മന്ദസ്മിതം കാണ്മാന്‍
നിഷ്ഠയോടെത്തുന്നു ഭക്ത വൃന്ദം!

ഹരിഹര പുത്രനായുള്ളം കവരുമാ
ഹരിതാഭയോലുന്ന കാനനത്തില്‍
ജന്മമിയന്ന ഭഗവാന്റെ മാനസം
നന്മകള്‍ വാര്‍ഷിക്കും പാരിജാതം!

പ്രതിവര്‍ഷമേറുന്നു ഭക്തര്‍ തന്‍ സംഖ്യയും
പ്രതി പത്തിയുമൊപ്പം നാള്‍ക്കു നാളില്‍!
എങ്ങും സമാധാനം സന്തോഷം സൗഹൃദം
ഏവര്‍ക്കുമെന്നു മരുളേണമേ!

അയ്യപ്പാ! ആരാധ്യ ദേവനേനിന്‍കൃപ
വയ്യകമാകെ ചൊരിയേണമേ!
ശാന്തിയുമൈശ്വര്യം ദീര്‍ഘായുസ്സാരോഗ്യം
സന്തോഷ മെല്ലാമരുളേണമേ!

ആനന്ദമെങ്ങും പരത്തേണമേ, അന്ന
ദാന പ്രഭുവേ! ഭൂപാലകനേ!
ആരണ്യ വാസാ!പൊന്നമ്പലവാസാ!നിന്‍
കാരുണ്യമെങ്ങും പരക്കേണമേ!

കാനന ഭൂവിലെ കല്ലുകള്‍ മുള്ളുകള്‍
കാലിനു മെത്തയായ് മാറ്റുന്നു നീ!
കഷ്ടങ്ങള്‍ ക്ലേശങ്ങള്‍ കാറ്റില്‍ പറത്തുന്നു
അഷ്ട ദിക് പാലരും കൂട്ടു വരും!

എങ്ങും മുഴങ്ങും ശരണം വിളികളില്‍
എങ്ങോ മറയുന്നു ദുഃഖമെല്ലാം!
എല്ലാമെന്നയ്യപ്പന്‍ മാത്രമെന്‍ ജീവനില്‍
എന്നുള്ള ചിന്ത ജ്വലിച്ചു നില്കും!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക