Image

പത്മാവതി: ചരിത്രം, പേര്‍ഷ്യന്‍ ആത്മീയദര്‍ശനം, പിന്നെ വോട്ടുബാങ്ക് രാഷ്ട്രീയവും.(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 24 November, 2017
പത്മാവതി: ചരിത്രം, പേര്‍ഷ്യന്‍ ആത്മീയദര്‍ശനം, പിന്നെ വോട്ടുബാങ്ക് രാഷ്ട്രീയവും.(ദല്‍ഹികത്ത് : പി.വി.തോമസ്)
സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമ പത്മാവതി ഇന്‍ഡ്യയില്‍ ദേശവ്യാപകമായ ഒരു വിവാദം ആയിരിക്കുകയാണ്. പതിമൂന്ന്- പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്ന മേവാറിലെ ചിത്തോര്‍ഗഡിലെ(രാജസ്ഥാന്‍) അതിസുന്ദര ക്ഷത്രിയ റാണി ആണ് പത്മാവതി എന്ന പത്മിനി. സിനിമയില്‍ ദീപിക പഡ്‌ക്കോണ്‍ ആ വേഷം ഇടുന്നു. പത്മാവതി ആണോ സുന്ദരി അതോ ദീപിക ആണോ എന്നത് വിവാദം അല്ല. ഏതായാലും സിനിമ തിളയ്ക്കുന്ന വിവാദം ആയിരിക്കുകയാണ്. ആക്രമണവും ഭീഷണിയും നിരോധവും എല്ലാം അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. ക്ഷത്രിയ-മുസ്ലീം വൈരത്തിന്റെ ചരിത്രപശ്ചാത്തലവും തെറ്റിദ്ധാരണയും ചരിത്രവും മിഥ്യയും തെറ്റായി വായിച്ചതിന്റെ കുട്ടിക്കുഴച്ചിലും ഇതിന്റെ ഭാഗം ആണ്. ഇപ്പോള്‍ പൊതുവെയുള്ള അസഹിഷ്ണുത മറ്റൊരു ഘടകവും.

180 കോടി രൂപ മുടക്കി എടുത്ത സിനിമ ഇതുവരെ റിലീസ് ആയിട്ടില്ല. ആരും ഇത് ഇതുവരെ കണ്ടിട്ടും ഇല്ല. പക്ഷേ, സിനിമ നിരോധിക്കണം എന്നാണ് ക്ഷത്രിയ കാര്‍ണിസേനയുടെ ആവശ്യം. അവര്‍ സിനിമയുടെ സെറ്റ് ആക്രമിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കി. സംവിധായകന്‍ ബന്‍സാലിക്കും നായിക ദീപികയ്ക്കും എതിരെ വധഭീഷണി മുഴക്കി. ദീപികയ്ക്ക് 10 കോടി രൂപയുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. അത് ലേലം ആയിരുന്നു. ആദ്യം അഞ്ച് കോടി. പിന്നെ അത് ഒരു ബി.ജെ.പി. നേതാവ് 10 കോടി ആയി ഉയര്‍ത്തുകയാണ് ഉണ്ടായത്. ദീപികയെ ശൂര്‍പ്പണഖയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും മൂക്ക് ചെത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബന്‍സാലിയുടെ തലവെട്ടും എന്നാണ് ഭീഷണി! നോക്കണേ ഇന്നത്തെ ഇന്‍ഡ്യയിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കഥ! നമ്മള്‍ എവിടെ നിന്നും എവിടെ എത്തിയിരിക്കുന്നു?
എന്താണീ വിവാദം? ആരാണ് ഈ റാണി പത്മാവതി എന്ന പത്മിനി? എന്താണ് ശ്രീരാജ്പുട്ട് കാര്‍ണിസേന? ആരാണ് അവര്‍ക്കും മറ്റ് സംഘപരിവാര്‍- കോണ്‍ഗ്രസ് സംഘടനകള്‍ക്കും ഈ വക തെമ്മാടിത്തരത്തിന് ലൈസന്‍സ് നല്‍കിയത്? ബന്‍സാലിയെ കയ്യേറ്റം ചെയ്തു. ദീപികയെ കൊല്ലുമെന്ന് പറഞ്ഞു. കോണ്‍ഗ്രസ് അത്രയ്ക്ക് മുതിര്‍ന്നില്ല. പക്ഷേ, ഇതിനെയൊന്നും അപലപിച്ചില്ല. പിന്തുണച്ചു. പ്രത്യേകിച്ചും പഞ്ചാബിലെ മുഖ്യമന്ത്രി അമരീന്ദര്‍ സിംങ്ങ്. അദ്ദേഹം അത് പിന്നീട് തിരുത്തിയെങ്കിലും ദേശീയ നേതൃത്വം ശക്തമായ ഒരു നിലപാട് എടുത്തില്ല. ഇരുകൂട്ടരുടെയും വോട്ട് ബാങ്ക് രാഷ്ട്രീയം ആണ് ഇതിന്റെ കാരണം. അതിലേക്ക് വരുന്നതിന് മുമ്പെ പത്മിനി എന്ന ചിത്തോര്‍ഗഢിലെ അതിസുന്ദരി ആയ പത്മാവതിയിലേക്ക് വരാം.

പത്മാവതി ചരിത്രത്തില്‍ ഉണ്ടായിരുന്നോ? അതോ കാല്പനികയുടെ ഭാഗം ആയിരുന്നോ? ഇങ്ങനെ ഒരു കഥാപാത്രം ചരിത്രത്തില്‍ ഉണ്ടായിരുന്നതായി വിവരം ഇല്ല. പക്ഷേ, രജപുത്രരുടെ നായികയാണ് ഈ അതീവ സുന്ദരിയായ ചിത്തോറഗഢിലെ റാണി. ഇവര്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ആണോ പതിനാലാം നൂറ്റാണ്ടില്‍ ആണോ ജീവിച്ചിരുന്നതെന്നും നിശ്ചയം ഇല്ല. ജീവിച്ചിരുന്നെങ്കില്‍. 1540 ല്‍ പത്മാവത് എന്ന ഒരു കാല്പനിക കാവ്യത്തില്‍ ആണ് പത്മാവതി ആദ്യമായി അവതരിക്കുന്നത്. ഈ കാവ്യം രചിച്ചത് മാലിക്ക് മുഹമ്മദ് ജയാസി എന്നൊരു മുസ്ലീം കവി ആയിരുന്നു. അദ്ദേഹം ഈ കഥ മെനഞ്ഞത് പേര്‍ഷ്യന്‍ ആത്മീയ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു. ഈ ഭ്രമകല്പന പ്രകാരം പത്മാവതി സിംഗള രാജകുടുംബത്തിലെ(ലങ്ക) സുന്ദരിയായ ഒരു രാജകുമാരി ആയിരുന്നു. അവളെ ചിത്തോര്‍ഗഢിലെ രാജാവ് രത്തന്‍സെന്‍(രാജ്പുട്ട്) സ്‌നേഹിച്ച് വിവാഹം കഴിച്ചു. ഈ പ്രണയ വിവാഹത്തിന്റെ ഇടനിലക്കാരന്‍ ഒരു തത്ത ആയിരുന്നത്രെ! അവര്‍ അങ്ങനെ സുഖം ആയി ജീവിക്കവെ ദല്‍ഹിസുല്‍ത്താന്‍ അലാവുദ്ദീന്‍ കില്‍ജി പത്മാവതിയുടെ സൗന്ദര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് ആകൃഷ്ടനായി. ഇവിടെ ആണ് കഥയുടെ വര്‍ഗ്ഗീയ വശം. കില്‍ജി ചിത്തോറഗഡ് ആക്രമിച്ചു പത്മാവതിയെ സ്വന്തം ആക്കുവാനായി. പ്രശ്‌നം ക്ഷത്രിയ- മുസ്ലീം അഭിമാനത്തിന്റേതായി. കില്‍ജിയെ നേരിടുവാനായി പത്മാവതി 13000 ക്ഷത്രിയ സേനയെ മേവാറിന്റെ പ്രാന്തപ്രദേശത്തേക്ക് അയച്ചു. അവര്‍ പൊരുതി വീരമൃത്യുവരിച്ചു. ചിത്തോര്‍ഗഢിന്റെ പതനവും പത്മാവതിയുടെ കീഴടങ്ങലും ഉറപ്പായപ്പോള്‍ മഹാറാണി പത്മിനി 13000 വിധവകളോടൊപ്പം അഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്തു. അങ്ങനെ പത്മാവതി രജപുത്രരുടെ ആത്മാഭിമാനത്തിന്റെ പ്രതീകം ആയി. അവിടെ ആണ് ബന്‍സാലിയും ദീപികയും ആക്രമിച്ചു കടന്നിരിക്കുന്നത്. പത്മാവതി കില്‍ജിയെ കാണുകപോലും ഉണ്ടായില്ല. മറിച്ച് കണ്ണാടിയില്‍ മുഖം കാണിക്കുകമാത്രമെ ചെയ്തിട്ടുള്ളൂ എന്നാണ് രജപുത്രവിശ്വാസം. എന്നിട്ടാണ് സിനിമയിലെ ഡാന്‍സും കൂത്തും എന്നും ആരോപണം ഉണ്ട്. കില്‍ജിയും പത്മാവതിയും തമ്മില്‍ അനുരാഗം ഉണ്ടായിരുന്നുവെന്നും ശ്രുതി ഉണ്ട്. ഇതും രജപുത്ര-ക്ഷാത്രതേജസിന്- ഹാനികരം ആണ്. സിനിമയില്‍ എന്താണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന ശങ്കയാണ് രജപുത്ര വികാരം.

1303- ല്‍ അലാവുദ്ദീന്‍ കില്‍ജി ചിത്തോറഗഢിനെ ആക്രമിച്ചു എന്നത് ചരിത്രസത്യം ആണ്. അതിനുകാരണം മഹാറാണി പത്മാവതി ആയിരുന്നുവോ എന്നതിന് യാതൊരു തെളിവും ഇല്ല. ചരിത്രകാരന്മാര്‍ മഹാറാണി പത്മാവതിയുടെ ജീവിതത്തെക്കുറിച്ച് യാതൊരു തെളിവും നല്‍കുന്നില്ല. മറിച്ച് ഇതിന് ഉപോല്‍ബലകമായി യാതൊരു ചരിത്രസാക്ഷ്യവും ഇല്ലെന്നാണ് മിക്കചരിത്രകാരന്മാരും പറയുന്നത്. ഭോപ്പാലില്‍ ജീവിക്കുന്ന ചരിത്രകാരന്‍ റിസ് വാന്‍ ഉദ്ദിന്‍ അന്‍സാരി പറയുന്നത് ഇപ്രകാരം ആണ്. 'ഞാന്‍ അക്കാലത്തെ എല്ലാ ചരിത്രരേഖകളും പരിശോധിച്ചിട്ടും മഹാറാണി പത്മാവതിയെക്കുറിച്ച് ഒരു പരാമര്‍ശനവും കണ്ടില്ല. ഒരു സമകാലിക ചരിത്രകാരന്മാരും പത്മാവതിയുടെ വീരമൃത്യുവിനെക്കുറിച്ച് രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല. രജപുത്ര വംശപരമ്പരയുടെ ചരിത്രരേഖകള്‍ ഞാന്‍ വളരെ തെരഞ്ഞു. പക്ഷേ, പത്മാവതി അവിടെ ഒന്നും പരാമര്‍ശിക്കപ്പെട്ടിട്ടില്ല.'

പിന്നെ എന്താണ് ഈ കോലാഹലം? ശരിയാണ് ചരിത്രത്തില്‍ ഇല്ലെന്നു കരുതി ഒരു വിഭാഗം ജനത അവരുടെ അഭിമാനമായി കരുതുന്ന ഒരു കഥാപാത്രത്തെ ആരും അപമാനിച്ചു കൂട. പക്ഷേ, അപമാനിച്ചോ? ആര്‍ക്കും അതറിയില്ല. ആരും ബന്‍സാലിയുടെ ചലച്ചിത്രം കണ്ടിട്ടില്ല. കാണാതെ എന്തിനീ കോമാളിത്തരം? ആക്രമണങ്ങള്‍? എന്താണ് ഈ രാജ്യത്തെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അവസ്ഥ? ഒരു കൂട്ടം കോമാളികള്‍ക്ക് ഉഴുതുമറിക്കുവാനുള്ള ഒന്നാണോ അത്? ചരിത്രത്തില്‍ ഇല്ലാത്ത ഒട്ടേറെ പുരാണകഥാപാത്രങ്ങളെ ഇന്‍ഡ്യന്‍ സംസ്‌ക്കാരം ഭയഭക്തി ബഹുമാനത്തോടെ ആദരിക്കുന്നുണ്ട്. പക്ഷേ, അവിടെയും സര്‍ഗ്ഗശക്തിക്കും ഭാവനക്കും ഇടം നല്‍കണം.
ഇതുവരെ 5 സംസ്ഥാനങ്ങള്‍ ആണ് പത്മാവതിയുടെ പ്രദര്‍ശനത്തെ നിരോധിച്ചിരിക്കുന്നത്. ഇത് ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തും, രാജസ്ഥാനും, മദ്ധ്യപ്രദേശും, ഉത്തര്‍പ്രദേശും ആണ്. അഞ്ചാമത്തെ സംസ്ഥാനമായ പഞ്ചാബ് പിന്നീട് ഇതില്‍ നിന്നും പിന്മാറി. ഇതെല്ലാം വോട്ട്ബാങ്ക് രാഷ്ട്രീയം ആണ്. കഷ്ടം കല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഇര ആകുന്നു!

ഒട്ടേറെ സിനിമകള്‍ കലാസൃഷ്ടികള്‍, പുസ്തകങ്ങള്‍ ഇതുപോലെ ഭരണാധികാരികളുടെ രാഷ്ട്രീയലാഭത്തിന്റെ ബലിയാടുകള്‍ ആയിട്ടുണ്ട്. ഇവിടെ ലിസ്റ്റ് നിരത്തുന്നില്ല. കെ.എ.അബ്ബാസ്(നാലു നഗരങ്ങള്‍) അമൃത് നഹാത്ത(കിസ കുര്‍സികാ), പ്രകാശ് ജാ(അരക്ഷണ്‍) രാജ് കപൂര്‍(സത്യം ശിവം സുന്ദരം) തുടങ്ങി ആ പട്ടിക അങ്ങനെ നീളുന്നു. ബന്റിറ്റ് ക്വീനും ഏറ്റവും ഒടുവില്‍ ആന്‍ ഇന്‍സിഗ് നിഷിക്കന്റ് മാന്‍(അരവിന്ദ് കേജരിവാളിനെകുറിച്ച്) ഇതില്‍പെടുന്നു. ഒടുവിലത്തെ കേസില്‍ സുപ്രീംകോടതി ശക്തമായ മുന്നറിയിപ്പു തന്നെ നല്‍കിയതാണ് കലാകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇങ്ങനെയൊക്കെ കൈകടത്തുന്നതിനെ കുറിച്ച് പക്ഷേ ഈ വക മതമൗലീകവാദികള്‍, സാംസ്‌ക്കാരിക ഗുണ്ടകള്‍ ഉണ്ടോ ഇതൊക്കെ ചെവികൊള്ളുന്നു.

രാജസ്ഥാന്റെയോ ഇന്‍ഡ്യയുടെ തന്നെയോ സ്ത്രീകളുടെ പ്രശ്‌നം റാണി പത്മാവതി അല്ല. സ്ത്രീകളുടെ നിരക്ഷരതയാണ്, സുരക്ഷിതത്വം ഇല്ലായ്മ ആണ്, ആരോഗ്യ പ്രശ്‌നങ്ങള്‍ ആണ്, ശിശുവിവാഹം ആണ്, പെണ്‍കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ വച്ച് കൊല്ലുന്നതാണ്. ഇതൊക്കെ ഈ സേനകള്‍ പരിഹരിക്കുമോ? ഇല്ല. ഇതൊന്നും അല്ല അവരുടെ പ്രശ്‌നം. പോയകാലത്തെ ചില സാങ്കല്പിക കഥാപാത്രങ്ങളെ സംരക്ഷിക്കുകയും നായാടുകയും ആണ്. മഹാറാണി പത്മാവതിയെന്ന പത്മിനിയും അലാവുദ്ദീന്‍ കില്‍ജിയും അതില്‍പെടുന്നു. കാലഹരണപ്പെട്ട നായിക-നായക-പ്രതിനായകന്മാരെ ഉന്നം വയ്ക്കുന്നതിലും നല്ലത് ജീവിച്ചിരിക്കുന്നവരെ സംരക്ഷിക്കുവാന്‍, അവരുടെ ബഹുമതി കാക്കുവാന്‍ ശ്രമിക്കുന്നതാണ്.


പത്മാവതി: ചരിത്രം, പേര്‍ഷ്യന്‍ ആത്മീയദര്‍ശനം, പിന്നെ വോട്ടുബാങ്ക് രാഷ്ട്രീയവും.(ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
sunu 2017-11-24 08:06:53
സ്ത്രീകൾക്ക് സുരക്ഷയില്ലായ്മ എന്തുകൊണ്ട് ?. ഇവളുമാർ പ്രസവിച്ച സന്തതികളുടെ വളർത്തുദോഷം തന്നെ. ഒരിരുപതു ശതമാനം വരുന്ന 'മഹാഭോഗികളുടെ,  സിനിമയെന്ന വലയിൽപെട്ടു ഭാരതത്തിലെ സ്ത്രീകൾ അധംപതിച്ചുകൊണ്ടിരിക്കയാണ്. 'മൃഗങ്ങളെപ്പോലെ കൂട്ടിലടച്ചിട്ടു ഭോഗിക്കയാണ്. സ്വതന്ത്രമായി നടക്കുന്നവളോ ഭർത്താവിനെ അനുസരിക്കാത്തവളും. 
മതത്തിന്റെ കെട്ടുകഥയിലെ മഹാദ്രോഹികൾ പിറന്നുവീഴുന്ന തലമുറകളെ സിനിമയിലൂടെ അന്ധവിശ്വാസം വളർത്തുകയാണ്. ചരിത്രങ്ങൾ എല്ലാം വളച്ചൊടിച്ചിരിക്കുന്നു.  ചരിത്രപരമായ സിനിമകളുടെ നിർമാണം നിരോധിക്കണം. ക്രിസ്തുവായാലും കൃഷ്ണനായാലും അള്ളായായാലും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക