Image

പ്രസിഡന്റ് ട്രംപിന് ചുറ്റും ബുഷ് അനുയായികളുടെ വലയം (ഏബ്രഹാം തോമസ്)

Published on 27 November, 2017
പ്രസിഡന്റ് ട്രംപിന് ചുറ്റും  ബുഷ് അനുയായികളുടെ വലയം (ഏബ്രഹാം തോമസ്)
ഒരു പാര്‍ട്ടിയിലെ പ്രസിഡന്റിനെ പിന്തുടര്‍ന്ന് അതേ പാര്‍ട്ടിയില്‍ നിന്നെത്തുന്ന മറ്റൊരു പ്രസിഡന്റ് ആദ്യ പ്രസിഡന്റിന്റെ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുക പതിവാണ്. ഇത് പാര്‍ട്ടിയുടെ ഭരണ തുടര്‍ച്ച യാഥാര്‍ത്ഥ്യമാക്കും എന്ന വാദവും ഉയരാറുണ്ട്. എന്നാല്‍ പ്രത്യക്ഷമായും പരോക്ഷമായും ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മുന്‍ പ്രസിഡന്റുമാരുടെ വലംകൈകളായിരുന്ന ഭരണാധികാരികളെ നിലവിലെ പ്രസിഡന്റ് വീണ്ടും നിയമിക്കുന്നത് അപൂര്‍വ കാഴ്ചയാണ്. ട്രംപ് ഭരണത്തില്‍ ഈ അപൂര്‍വത കാണാന്‍ കഴിയുന്നു.

പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഭരണത്തില്‍ ഉണ്ടായിരുന്ന മൂന്ന് ഡസനിലധികം ഉദ്യോഗസ്ഥരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചു. ഇവര്‍ ഭരണത്തിലും ഗവണ്‍മെന്റ് ഏജന്‍സികളിലും വിദേശ നയത്തിലും പ്രസിഡന്റിന്റെ പരിപാടികള്‍ ക്രമീകരിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു. അമേരിക്കന്‍ രാഷ്ട്രീയം മാറ്റി മറിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രംപ് കീഴ് വഴക്കങ്ങള്‍ക്ക് അടിയറവ് പറഞ്ഞു എന്ന് നിരീക്ഷകര്‍ ആരോപിക്കുന്നു.

അടുത്ത ദിനങ്ങളില്‍ ബുഷ് ജൂനിയറിന്റെ കാലത്ത് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസില്‍ പ്രവര്‍ത്തിച്ചിരുന്ന അലക്‌സ് അസറിനെ അതേ ഡിപ്പാര്‍ട്ടു മെന്റിന്റെ തലവനായി ട്രംപ് നിയമിച്ചു. പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് ഭരണത്തില്‍ ട്രഷറി ഡിപ്പാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്ന ജെറോം ജയ് പവലിനെ ട്രംപ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനാക്കി. ഇങ്ങനെയുള്ള നിയമനങ്ങള്‍ സാധാരണമാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ന്യായീകരിക്കുമ്പോള്‍ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കുന്ന ട്രംപ് സ്‌റ്റൈലിന് വിപരീതമാണ് ഇവ എന്ന് ട്രംപിന്റെ തന്നെ ചില അനുയായികള്‍ വിമര്‍ശിച്ചു. ട്രംപ് പ്രസിഡന്‍സി പരാജയപ്പെടുകയാണെങ്കില്‍ അതിന് കാരണം മനഃപൂര്‍വ്വമല്ലാതെ തന്റെ ചുറ്റും ബുഷ് അനുയായികളുടെ വലയം സൃഷ്ടിച്ചതായിരിക്കും. ട്രംപിന്റെ ദീര്‍ഘകാല സുഹൃത്ത് റോജര്‍ സ്റ്റോണ്‍ മുന്നറിയിപ്പ് നല്‍കി.

ട്രാന്‍സ് പോര്‍ട്ടേഷന്‍ സെക്രട്ടറി എലൈന്‍ ഷാവോ (ചാവോ)- ബുഷിന്റെ ലേബര്‍ സെക്രട്ടറിയായിരുന്നു. ദീനാ പവല്‍- ബുഷിന്റെ ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറും കോണ്ടലീസ റൈസിന്റെ കീഴില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലും പ്രവര്‍ത്തിച്ചു. ഇവരെ വീണ്ടും നിയമിച്ചു. പ്രസിഡന്റിന്റെ ദൈനംദിന പരിപാടികള്‍ പ്രഖ്യാപിക്കുന്നത് ജോ ഹേഗിനാണ്. ഹേഗിന്‍ ബുഷിന്റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിന്റെ ഡെപ്യൂട്ടി ആയിരുന്നു. ഈ ജോലികള്‍ സങ്കീര്‍ണമാണ്. സമയം വളരെ ചുരുങ്ങിയതും. ഫെഡറല്‍ നിയന്ത്രണങ്ങളുടെ സങ്കീര്‍ണതയും ബജറ്റും കോണ്‍ഗ്രഷനല്‍ ബന്ധങ്ങളും അറിയാവുന്നവരെയാണ് നിയമിച്ചത്. മുന്‍ യൂട്ടാ ഗവര്‍ണറും ബുഷിന്റെ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറിയുമായിരുന്ന മൈക്ക് ലിയവിറ്റ് പറഞ്ഞു.

തന്റെ പ്രചാരണ കാലത്ത് ബുഷ് ജൂനിയര്‍ ഇറാഖ് യുദ്ധം കൈകാര്യം ചെയ്തതും രാജ്യാന്തര നിലവാരത്തില്‍ മാത്രം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും ട്രംപ് വിമര്‍ശിച്ചിരുന്നു. സഹോദരന്‍ മുന്‍ ഫ്‌ലോറിഡ ഗവര്‍ണര്‍ ജെബ് ബുഷിനെ ലോ എനര്‍ജി ജെബ് എന്ന് പ്രൈമറികള്‍ നടക്കുമ്പോള്‍ കളിയാക്കി. കഴിഞ്ഞ മാസം ഒരു പ്രസംഗത്തില്‍ ബുഷ് ജൂനിയര്‍ ട്രംപിന്റെ പേര് പറയാതെ നിര്‍ബന്ധബുദ്ധിക്കാരനായ ഒരു നേതാവ് നാഷണലിസത്തെ നേറ്റി വിസമാക്കി ദുഷ്പ്രചരണം നടത്തുന്നതിനെക്കുറിച്ച് പറഞ്ഞു. അമേരിക്കന്‍ സുരക്ഷ ഭീഷണി നേരിടുന്നത് അവ്യവസ്ഥിതാവസ്ഥയില്‍ നിന്നും വിദൂരങ്ങളിലുള്ള നിരാശയില്‍ നിന്നും ആണെന്ന് കൂട്ടിച്ചേര്‍ത്തു.

ടെക്‌സസിലും ഫ്‌ലോറിഡയിലും പ്യൂര്‍ട്ടോറിക്കയിലും ഉണ്ടായ ചുഴലിക്കൊടു ങ്കാറ്റുകള്‍ക്ക് ദുരിതാശ്വാസം നല്‍കാന്‍ ട്രംപിന് ചുറ്റും ഉണ്ടായിരുന്നത് ബുഷ് സംഘത്തിലെ ടോം ബോസര്‍ട്ട്, ബ്രോക്ക് ലോംഗ്, എലൈന്‍ ഡ്യൂക്ക് എന്നിവരായിരുന്നു. ബുഷ് ഭരണ കാലത്ത് ഹോം ലാന്‍ഡ് സെക്യൂരിറ്റിയില്‍ ഉണ്ടായിരുന്ന കിര്‍സ്റ്റണ്‍ നീല്‍സനിനെയാണ് ട്രംപ് ഏജന്‍സിയുടെ തലപ്പത്തേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്. റിപ്പബ്ലിക്കനുകള്‍ക്ക് വൈറ്റ് ഹൗസ് ഭരണപരിചയം നേടിയത് ബുഷ്(ജൂനിയര്‍) 43 ന്റെ കാലത്താണ്. ബുഷിന്റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോഷ് ബോള്‍ട്ടറന്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക