Image

എമര്‍ജന്‍സി ബ്ലഡ് ഡൊണേഷന്‍ ക്യാന്പ് നടത്തി

Published on 09 December, 2017
എമര്‍ജന്‍സി ബ്ലഡ് ഡൊണേഷന്‍ ക്യാന്പ് നടത്തി

കുവൈത്ത്: ബ്ലഡ് ഡോണേഴ്‌സ് കേരള, കുവൈത്ത് ചാപ്റ്റര്‍ നടത്തി വരുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സന്നദ്ധ രക്തദാന പ്രചാരണ പരിപാടികളുടെ ഭാഗമായി ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രക്തദാനക്യാന്പ് സംഘടിപ്പിച്ചു. 

സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് അധികൃതരുടെ അഭ്യര്‍ഥനപ്രകാരം ഡിസംബര്‍ ആറിന് വൈകുന്നേരം അഞ്ചു മുതലാണ് ക്യാന്പ് സംഘടിപ്പിച്ചത്. നെഗറ്റീവ് ഗ്രൂപ്പില്‍ പെട്ട അന്‍പതിലധികം ദാതാക്കള്‍ ക്യാന്പില്‍ പങ്കെടുത്ത് രക്തദാനം ചെയ്തു. 

കുവൈത്തിലെ രക്തദാനമേഘലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധരക്തദാന സംഘടനയായ കുവൈത്ത് പാക്കിസ്ഥാന്‍ ബ്ലഡ് ഡോണേഴ്‌സ് പ്രതിനിധികള്‍ ക്യാന്പ് സന്ദര്‍ശിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ രക്തദാനപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും രക്തദാതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. 

2011 മുതല്‍ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സന്നദ്ധരക്തദാനരംഗത്തു പ്രവര്‍ത്തിച്ചു വരുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ കുവൈത്ത് ചാപ്റ്റര്‍ കഴിഞ്ഞ ദിവസം അദാന്‍ ആശുപത്രിയില്‍ അത്യപൂര്‍വയിനം രക്തം ലഭിക്കാത്തതിനാല്‍ പ്രസവസംബന്ധമായ ശസ്ത്രക്രിയ വൈകിയ കര്‍ണാടക സ്വദേശിയായ ഒരു യുവതിക്കുവേണ്ടി ഖത്തറില്‍ നിന്നും ഒരു രക്തദാതാവിനെ എത്തിച്ചിരുന്നു. പത്തുലക്ഷത്തില്‍ നാലു പേര്‍ക്ക് മാത്രം കാണപ്പെടുന്ന ബോംബെ ബ്ലഡ് എന്ന ഇനത്തില്‍ പെട്ട, നിധീഷ് രഘുനാഥ് എന്ന രക്തദാതാവിനെ ആണ് കൃത്യതയോടെ നടത്തിയ നീക്കങ്ങളിലൂടെ കുവൈത്തില്‍ എത്തിക്കാന്‍ സാധിച്ചത്. 

ബിഡികെ കുവൈത്ത് ടീമിന് ലഭിച്ച സഹായാഭ്യര്‍ഥന പ്രകാരം സോഷ്യല്‍ മീഡിയയില്‍ നടത്തിയ തിരച്ചിലില്‍ ആണ് ബിഡികെ ഖത്തര്‍ ടീം ഈ ദാതാവിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് കുവൈത്ത് ഖത്തര്‍ ടീമുകള്‍ സംയുക്തമായി നടത്തിയ സജീവ ഇടപെടലുകളിലൂടെ ആവശ്യമായ അനുമതികളും യാത്രാ രേഖകളും തയാറാക്കി നിധീഷിനെ കുവൈത്തില്‍ എത്തിച്ചു ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കിയത്. 

കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക്, ആരോഗ്യമന്ത്രാലയം, ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, നിധീഷിന്റെ തൊഴിലുടമകളായ, അന്‍സാര്‍ ഗാലറി എന്നിവരും ഉദ്യമത്തില്‍ സര്‍വാത്മനാ സഹകരിച്ചു. രാജ്യത്ത് ആദ്യമായാണ് പുറത്തു നിന്നും ഒരു ദാതാവിനെ എത്തിച്ചു രക്തം സ്വീകരിക്കുന്നതെന്ന് കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡോണര്‍ വിഭാഗം മേധാവി ഡോ. റാണ്യ മക്ദൂര്‍ പറഞ്ഞു.

രക്തദാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര്‍ക്ക് അവരവരുടെ പേരും ബ്ലഡ് ഗ്രൂപ്പും 6999 7588 എന്ന നന്പറിലേക്ക് വാട്‌സ് ആപ് സന്ദേശമായി അയയ്ക്കാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക