Image

കൗമാരത്തിന്റെ ഉദയാസ്തമയപ്പൊരുള്‍ തേടി (കഥ:രാജീവ് പഴുവില്‍)

Published on 26 December, 2017
കൗമാരത്തിന്റെ ഉദയാസ്തമയപ്പൊരുള്‍ തേടി (കഥ:രാജീവ് പഴുവില്‍)
സേതു കിടക്കപ്പായില്‍ തിരിഞ്ഞു കിടന്നു.

മേലാസകലം നല്ല വേദന.

റേഡിയോയില്‍ നിന്ന് ഏതോ പ്രഭാത പരിപാടിയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. പ്രാദേശിക വാര്‍ത്തകള്‍ ഇനിയും ആയിട്ടില്ല. അടുക്കളയില്‍ പതിവ് പോലെ തട്ടലും മുട്ടലും. അമ്മ കട്ടന്‍ ചായ തയ്യാറാക്കി വെച്ചിട്ടുണ്ടാകും.

കുറച്ചു കൂടെ കിടക്കാന്‍ തോന്നുന്നു. ഇന്ന് പോയില്ലെങ്കിലോ ?
സാവധാനം വശത്തേക്ക് കണ്ണോടിച്ചു. തൊട്ടപ്പുറത്തുള്ള പായകളില്‍ മൂന്നെണ്ണം കൂടെ കിടന്നുറങ്ങുന്നുണ്ട്.
അനിയന്മാരാണ്.
തൊട്ടു താഴെയുള്ളവന്‍ എട്ടാം ക്ലാസ്സില്‍. അതിനപ്പുറത്തുള്ളവന്‍ അഞ്ചില്‍.
വാതില്‍ വെച്ചിട്ടില്ലാത്ത തൊട്ടടുത്ത മുറിയില്‍ രണ്ട് തലകള്‍ കൂടെ കാണാം . അനിയത്തിമാരും സുഖ നിദ്ര തന്നെ.
ഇന്ന് ശനിയാഴ്ചയാണ്. സ്കൂളില്‍ പോകേണ്ടല്ലോ. കുറെ നേരം കൂടെ അവര്‍ക്കു കിടക്കാം. കിടന്നോട്ടെ .
താന്‍ ഇനിയും കിടന്നാല്‍ ശരിയാകില്ല.
എട്ടു മണിക്ക് മുന്ന് പണിസ്ഥലത്തു എത്തണം.
ഇന്നലെ സിനിമയ്ക്കു പോയി വന്നപ്പോള്‍ വൈകി.അതാണ് തല പൊന്താത്തത്. വേണ്ടായിരുന്നു.
പെട്ടെന്ന് മറുചിന്തയും വന്നു . എന്ത് കൊണ്ട് വേണ്ടായിരുന്നു ? പണി കഴിഞ്ഞു വന്നാല്‍ അതൊക്കെയല്ലേ ആകെ ഒരു വിനോദം?
ഇപ്പോള്‍ റേഡിയോയില്‍ നിന്ന് വല്ലാത്ത ഒരു മുരളിച്ച.
സേതു എണീറ്റ് അടുക്കളയിലൂടെ കടന്നു കിഴക്കു പുറത്തേക്കു നടന്നു.
പെട്ടെന്ന് പല്ലു തേച്ചു മുഖം കഴുകി , അമ്മ കൊടുത്ത കട്ടന്‍ കുടിച്ചു.
പ്രഭാത ചര്യകള്‍ വേഗം തീര്‍ത്തു , കുറച്ചു കഞ്ഞിയും കുടിച്ചു വന്നപ്പോഴും അകത്ത് അവരുറക്കമാണ്.
ശബ്ദമുണ്ടാക്കാതെ ഒരു വശത്തു കൂടെ ഒതുങ്ങി കടക്കാന്‍ ശ്രമിച്ചു.
ഒരു നിമിഷം , ഉള്ളില്‍ താനറിയാതെ ഒരു നിമിഷത്തേക്ക് ആ ചിന്ത തേട്ടി വന്നു.
അവരിലൊരാളായിരുന്നു താനെങ്കില്‍ !
എങ്കില്‍ , എങ്കില്‍ ..
പിന്നില്‍ അമ്മയുടെ കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍, നേരെ ഇറയത്തേക്കു നടന്നു. ചാച്ചിറക്കില്‍ ഒതുക്കി വച്ചിരുന്ന പണിസ്സഞ്ചിയില്‍ ഉളികളും, ചിന്തേരും, മട്ടവും ഉണ്ടെന്ന് ഉറപ്പു വരുത്തി, മുറ്റത്തേക്കിറങ്ങി.
പതിവ് പോലെ പടിക്കല്‍ ചെന്ന് അവന്‍ തിരിഞ്ഞു നോക്കി .
നിറ കണ്ണുകളോടെ നില്‍ക്കുന്ന അമ്മയെ നോക്കിയെന്നു വരുത്തി, പെട്ടെന്ന് തല വെട്ടിച്ചു, കാലുകള്‍ വലിച്ചു വെച്ച് വേഗം നടന്നു.

സമയം ഏഴേ കാല്‍ ആയിക്കാണണം.
ഉദ്ദേശം ഇരുപത്തഞ്ചു മിനിറ്റോളം നടക്കണം , സേതു ഓര്‍ത്തു.
അച്ഛന്റെ സൈക്കിള്‍ ഉള്ളത് റിപ്പയറിങ്ങിന് കൊടുത്തിരിക്കയാണ്.
വടക്കോട്ടുള്ള ഇറക്കം നടന്നിറങ്ങുമ്പോള്‍ , ബന്ധു വീട്ടിലെ ചേട്ടന്‍ ഇറയത്തു സുഖിച്ചു കസാലയില്‍ കിടപ്പാണ്.
' ആ , സേതു ഇന്ന് നേര്ത്ത്യാ ? എവിടാ പണി ', ആള്‍ ചോദിച്ചു.
തന്നെക്കാള്‍ നല്ല മുതിര്‍ന്നതാണ്.
പഠിച്ചിട്ടുള്ള ആളാണ്. ഇത് വരെ ജോലിയൊന്നും ആയിട്ടില്ല.
ആളുടെ അച്ഛന്‍ നല്ല നിലയിലുള്ള ആളാണ് . അത് കൊണ്ട് ആ ചേട്ടന് ജോലി കിട്ടുന്ന വരെ വിശ്രമിക്കാം .
പരമ സുഖം. താന്‍ അയാളായിരുന്നെങ്കിലോ ?
ഓരോരുത്തര്‍ക്കൊരോന്നു വിധിച്ചിട്ടുണ്ട്.
“ കോട്ടം കടന്നു കുറച്ചു പോണം", നടക്കുന്നതിനിടയില്‍ മറുപടി പറഞ്ഞു.

കിഴക്കോട്ടു പോകുന്ന മെയിന്‍ റോഡ് വഴി കുറച്ചു നടന്നു പിന്നെ പോസ്റ്റ് ഓഫീസിനപ്പുറം വടക്കോട്ടു തിരിഞ്ഞു, ഇടവഴി കുറച്ചു ചെന്നാല്‍ ശിവക്ഷേത്രത്തിനടുത്തെത്തും.

അമ്പലക്കുളത്തിനോരം ചേര്‍ന്നിറങ്ങിയാല്‍ പാടമാണ്. പാടം മുറിച്ചുകടക്കുന്നതാണ് എളുപ്പവഴി. .
ക്ഷേത്രത്തിനടുത്തു വെച്ച് ശ്രീധരന്‍ വാര്യരും വേറൊരാളും എതിരെ വന്നു .
അച്ഛന്റെ വളരെ അടുത്ത സുഹൃത്താണ്.
" ആ , സേതുവോ ", ഇടറിയ ശബ്ദത്തില്‍ ആള്‍ അത്രയേ ചോദിച്ചുള്ളൂ .
വല്ലാത്തൊരു വിമ്മിഷ്ടം . അവന്‍ ഒന്ന് മൂളി എന്ന് വരുത്തി.

പിന്നെ കിഴക്കോട്ടു തിരിഞ്ഞു പാടത്തേക്കിറങ്ങി.
അച്ഛന്‍ മരിച്ചിട്ട് കഷ്ടി ഒരു മാസം ആകുന്നു.
അഞ്ചു വര്‍ഷത്തോളം മാറാരോഗത്തിനെതിരെ അച്ഛന്‍ പിടിച്ചു നിന്നു. അവസാനം വരെ ഒരു കഷ്ടതയും കഴിയുന്നതും തങ്ങളെ അറിയിച്ചില്ല .

എന്നാലിപ്പോള്‍...
പ്രായ പൂര്‍ത്തിയെത്താത്ത ആറു മക്കളും അമ്മയും അടങ്ങുന്ന കുടുംബം ..എങ്ങനെ...എത്രനാള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്രയിക്കും ?
വേറെ മാര്‍ഗ്ഗമൊന്നും ആരുടേയും മുന്നില്‍ ഇല്ലായിരുന്നു..
താന്‍ പണിക്കു പോകുകയല്ലാതെ.
അവന്‍ ഒരു നെടുവീര്‍പ്പിട്ടു.

കുളത്തില്‍ വെള്ളം നല്ലവണ്ണമുണ്ട്. രാവിലെ കുളിക്കാനും ഇഷ്ടം പോലെ ആള്‍ക്കാരുണ്ട്.
പാടത്തിന്റെ കിഴക്കേ ഏറ്റവും മറ്റൊരു അമ്പലക്കുളമാണ്. തിരുവാണിക്കാവ് ദേവി ക്ഷേത്രത്തിന്റെ കുളം.
അവിടെയും രാവിലെ കുളത്തില്‍ ആള്‍ത്തിരക്കുണ്ടാവും .
രണ്ട് അമ്പലങ്ങളുടെ ഇടക്കുള്ള ഒരു പാടം. അത് ഇവിടെ മാത്രമുള്ള ഒരു പ്രത്യേകതയാണോ.?
എത്ര മനോഹരമാണ്, ഇവിടെനിന്നു പാടത്തിനു ചുറ്റും കണ്ണോടിച്ചാല്‍.
ആരോ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു തോന്നല്‍.
അവന്‍ തിരിഞ്ഞു നോക്കി.
അച്ഛന്റെ ആ കൂട്ടുകാരന്‍ തന്നെത്തന്നെ നോക്കി അവിടെ തന്നെ നില്‍പ്പുണ്ട്.
സങ്കടവും, സഹതാപവും, അലിവും എല്ലാം ഉള്ള ഒരു നോട്ടം !!!
താന്‍ കണ്ടതും ആള്‍ ദൃഷ്ടി മറ്റെ വിടേക്കോ മാറ്റി .
പിന്നെ പതിയെ ക്ഷേത്രത്തിനുള്ളിലേക്ക് നടന്നു.
ഉള്ളില്‍ ഒരു ചെറിയ തേങ്ങലോടെ.. അവന്‍ വീണ്ടും മുന്നോട്ടു തന്നെ നടന്നു.

പാടത്തിന്റെ നടുക്ക് തെക്കു വടക്കായി ഒഴുകുന്ന ചെറിയ തോട്.

തോടിനിപ്പുറം കൃഷിയിടങ്ങള്‍ കുറവാണ്. തരിശായി കിടക്കുന്ന ചില കണ്ടങ്ങള്‍ സീസണുകളില്‍ സമീപ പ്രദേശത്തെ യുവാക്കളുടെ ഫുട്‌ബോള്‍ ഗ്രൗണ്ട് ആയി മാറും. വൈകീട്ട് അഞ്ചു മണിയോടെ തന്റെ സമപ്രായക്കാരും , ഇത്തിരി വലിയ ചേട്ടന്മാരുമൊക്കെ സംഘമായെത്തും. ഇവിടത്തെ ആരവം പണിസ്ഥലത്തേയ്ക്കു കേള്‍ക്കാം. അപ്പോഴൊക്കെ അറിയാതെ കാലുകള്‍ തരിക്കും. പണി വലിച്ചെറിഞ്ഞു അവരുടെ കൂട്ടത്തില്‍ ഒരാളാനാവാനുള്ള വല്ലാത്ത ഒരു ആവേശം ഉടലാകെ പടരും. മനസ്സില്‍ കരയാതെ കരയുന്ന നിമിഷങ്ങള്‍. സ്വന്തം വിധിയെ അറിയാതെ വീണ്ടും പഴിച്ചു കൊണ്ട് അവിടെ തന്നെ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കും .

തോട്ടില്‍ വെള്ളമുണ്ട്. പതിവായി ആള്‍ക്കാര്‍ മുറിച്ചു കടക്കുന്ന ഭാഗത്തു കൂടി തോട്ടിലേക്കിറങ്ങി.
അവിടെ തെളിഞ്ഞ വെള്ളമാണ്. ചെളിയുമില്ല. അല്ലാത്ത ഭാഗങ്ങളില്‍ താഴെ ചെളിമണ്ണാകും. ആഴവും കാണും. വെള്ളത്തിന് പുറമെ മൊത്തം ചണ്ടി ( ആഫ്രിക്കന്‍ പായല്‍ ) മൂടി കിടക്കും.

അവന്‍ പണിസ്സഞ്ചി തോട്ടിന്‍ കരയില്‍ വെച്ച് , കാലും മുഖവും കഴുകാമെന്നു വെച്ച് വെള്ളത്തില്‍ തന്നെ നിന്നു.
മുഖം കുനിച്ചു വെള്ളത്തില്‍ നോക്കി.
ചെറിയ മീനുകള്‍ സംഘം സംഘമായി കാലുകള്‍ക്കിടയിലൂടെ പോകുന്നുണ്ട്. നല്ല ഭംഗി. ചെറുപ്പത്തിലേ ഇവയൊക്കെ സ്വന്തമായി ഇര തേടിപ്പിടിച്ചു വയറ് നിറക്കുമല്ലോ. മനുഷ്യരെപ്പോലെ ആരും മറ്റുള്ളവര്‍ക്ക് വേണ്ടി കഷ്ടപ്പെടേണ്ട. എന്തൊരു വൈരുധ്യം.

താനും അവയിലൊന്നായിരുന്നെങ്കില്‍......

കൈ വെള്ളയില്‍ വെള്ളം കോരിയപ്പോള്‍ വല്ലാതെ ചുട്ടു നീറി. ചില ദിവസങ്ങളില്‍ മൊത്തം ചിന്തേര് വലിയായിരിക്കും പണി.. വൈകീട്ടാവുമ്പോഴേക്കും ഉള്ളം കൈയ്യില്‍ കുമിളകള്‍ പോലെ പൊന്തി പൊട്ടും. ഒന്ന് രണ്ട് ദിവസത്തേക്ക് വെള്ളം തട്ടുമ്പോള്‍ വല്ലാത്ത നീറ്റവും വേദനയും ഉണ്ടാകും. തഴമ്പ് വരുന്നതിന്റെ മുന്നോടിയായി അത് സഹിച്ചേ പറ്റൂ.

പെട്ടെന്ന് അവന് കരച്ചില്‍ വന്നു.

ഇനിയും തിരിച്ചു പോയാലോ ?
വീട്ടില്‍ അകത്തു പോയി വീണ്ടും നിവര്‍ന്നു കിടന്നു ആവോളം ഉറങ്ങിയാലോ ? മനസ്സ് പിടിച്ചിട്ടു കിട്ടാത്ത അവസ്ഥ..
വയ്യ . ഇത്ര ചെറുപ്പത്തിലേ താങ്ങാനാവാത്ത ഭാരം ..
എന്ത് ചെയ്യണം എന്നറിയാത്ത, ഇതെത്ര നാള്‍ എന്നറിയാത്ത, അവസ്ഥ .

കാലൊന്നു കഴുകിയെന്നു വരുത്തി , തോട്ടുകരയില്‍ സഞ്ചിക്കടുത്തായി മുഖം താഴ്ത്തി അവന്‍ ഇരിപ്പായി.
കണ്ണുകള്‍ കലങ്ങി വന്നു.
മനസ്സ് വിങ്ങി പ്പൊട്ടി.
കുറച്ചു നേരം കഴിഞ്ഞിരിക്കണം .
എവിടന്നോ കുറച്ചു പക്ഷികള്‍ അവന്റെ തൊട്ടു മുകളിലൂടെ ചിലച്ചു പറന്ന തും അവന്‍ ചിന്തയില്‍ നിന്നുണര്‍ന്നു.
അറിയാതെ കണ്ണുകള്‍ അവയുടെ പിറകെ പോയി. അവ ചെന്നിരുന്നത് തരിശായ ഫുട് ബോള്‍ ഗ്രൗണ്ടിന് സമീപം. ആ ഗ്രൗണ്ട് വീണ്ടും കണ്ണില്‍ പെട്ടപ്പോള്‍ അവന്റെ സങ്കടം ഒന്ന് കൂടെ കൂടി.
ചെറുതായി ഏങ്ങലടിച്ചു തുടങ്ങി.

പെട്ടെന്ന് …

കിഴക്ക് അമ്പലത്തിന്റെ അവിടെ നിന്ന് ഒരു കാറ്റ് വീശി.. അത് പടിഞ്ഞാറോട്ടു നീങ്ങി തോടിനിപ്പുറം വിളഞ്ഞു നില്‍ക്കുന്ന നെല്‍ക്കതിരുകളെ യും കടന്നു സേതുവിനടുത്തെത്തി.. അവനെ ആശ്ലേഷിക്കും പോലെ അവനു ചുറ്റും അത് കറങ്ങി നിന്നു..

അവന്‍ പിടഞ്ഞെണീറ്റു ചുറ്റും കണ്ണോടിച്ചു ..

"മോനേ സേതു "..
അച്ഛന്റെ ശബ്ദം കേട്ടുവോ ?..
കാറ്റ് അവനെ വീണ്ടും ചുറ്റി വന്നു .
അതെ , ആ കാറ്റില്‍ അച്ഛന്റെ സാമീപ്യം ഇപ്പോഴവനറിയുന്നു .

വീണ്ടും ശബ്ദം ..

" ഇത് നിന്റെ നിയോഗമാണ് മോനെ ..തളരരുത്.. കരയരുത് .. എല്ലാം നേരെയാകും... നല്ലയൊരു നാളേക്ക് വേണ്ടി ..എണീക്കൂ .. കിഴക്കുദിച്ചുയര്‍ന്നു വന്ന സ്വര്‍ണ നിറമുള്ള സൂര്യനെ കാണുന്നില്ലേ ? ഓരോ അസ്തമയത്തിനുമപ്പുറം പൂര്‍വാധികം തേജസ്സോടെ , ശോഭയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന , ഉദിച്ചുയരുന്ന സൂര്യനെ !
ഓരോ അസ്തമയവും പിന്നീടുള്ള ഉദയത്തിന്റെ മുന്നോടിയാണ് ..
കൗമാരത്തിന്റെ കളിത്തൊട്ടിലില്‍ ആടേണ്ട നീ ..
ഇനിയും കുട്ടിത്തവും കളിയും വിട്ടുമാറാത്ത നിന്റെ സ്വപ്നങ്ങളുടെ പൊടുന്നനെയുള്ള ഈ അസ്തമയം..ഞാന്‍ അറിയുന്നു മോനെ...ഈ അസ്തമയത്തിനപ്പുറം, നിന്നില്‍ നിന്നും ഒരു കടുംബത്തിന്റെ സ്വപ്നങ്ങളുടെ ഉദയം ..
അതാണ് നിയോഗം കുട്ടീ.. മുജ്ജന്മ നിയോഗം!.
അത് തന്നെ സാക്ഷാത്കാരവും !
അതെത്ര മഹത്തരം എന്നറിയുക!
എഴുന്നേല്‍ക്കൂ..
നല്ലൊരു നാളെ അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി എന്റെ സ്ഥാനത്തു നിന്ന് നീ കെട്ടിപ്പടുക്കും.
അച്ഛന്‍ നിന്നോടൊപ്പമുണ്ട് ..”

കാറ്റിന്റെ ശക്തി പതുക്കെ കുറഞ്ഞു...
എങ്കിലും ഒരു സാന്ത്വനം പോലെ അച്ഛന്റെ സാമീപ്യം ഇപ്പോഴും അവിടെയുള്ളത് അവനറിഞ്ഞു.

സേതു കണ്ണ് തുടച്ചു.
അവന്റെ ശരീരം കോള്‍മയിര്‍ കൊണ്ടു.
കണ്ണും മനസ്സും വല്ലാത്തൊരഭിനിവേശത്താല്‍ തുടിച്ചു.
കിഴക്കുയര്‍ന്നു നില്‍ക്കുന്ന സ്വര്‍ണ പ്രഭയാര്‍ന്ന ഉദയസൂര്യന്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നതായും സ്വാഗതം ചെയ്യുന്നതായും അവനു തോന്നി.
ആ സമയം കിഴക്കേ അമ്പലത്തില്‍ നിന്ന് മണി മുഴങ്ങി .
പുതിയൊരു ശുഭ മുഹൂര്‍ത്തത്തിന് നാന്ദി കുറിക്കാനെന്നോണം , പടിഞ്ഞാറേ അമ്പലത്തില്‍ നിന്ന് ഒരു ശംഖ നാദവും അതേ സമയം കേള്‍ക്കായി.

സേതു എഴുന്നേറ്റു. പണിസ്സഞ്ചി എടുത്തു .

നെല്‍ക്കതിരുകള്‍ തലയാട്ടി താലപ്പൊലിയോടെ അവനെ വരവേറ്റു.
പാടത്തിനപ്പുറം കിഴക്കേ കരയില്‍ നിന്നും ഉയരത്തില്‍ കാറ്റിലാടി തെങ്ങോലകള്‍ അവനെ മാടി വിളിച്ചു.
പന്ത് കളി സ്ഥലത്തു തത്തി നടന്നിരുന്ന പക്ഷികള്‍ തിരിയെ പറന്ന് വന്നു അവനു മുന്‍പില്‍ കിഴക്കോട്ടു വഴി കാണിച്ചു.
പുതിയൊരുന്മേഷത്തോടെ , ആവേശത്തോടെ കാലുകള്‍ നീട്ടി വെച്ച് അവന്‍ നടന്നു.
അസ്തമയങ്ങളെ ഭാവിയില്‍ ഉദയങ്ങളാക്കാനുള്ള കരുത്ത് ആ കുഞ്ഞു മനസ്സിലും ശരീരത്തിലും ആവാഹിച്ചു കൊണ്ട്!.
ആ ചെറിയ കാറ്റ് അവനു അകമ്പടി സേവിച്ചുകൊണ്ട് അപ്പോഴും പിറകെ തന്നെ ഉണ്ടായിരുന്നു.

*******************************************
അടിക്കുറിപ്പ് : ഇത് ഒരു സാങ്കല്പിക കഥയല്ല, മറിച്ച് യഥാര്‍ത്ഥ ജീവിതത്തിലെ ഒരേടാണ്. ഞങ്ങളുടെ ജീവിതത്തിലെ വിലമതിക്കാനാവാത്ത, തുലനം ചെയ്യാനാവാത്ത ഒരു ത്യാഗത്തിന്റെ കഥ. തന്റെ കൗമാര പ്രായത്തില്‍ കുടുംബഭാരം മുഴുവന്‍ ഏറ്റെടുത്തു അച്ഛന്റെ സ്ഥാനത്തു നിന്ന് ഞങ്ങളെയെല്ലാം വളര്‍ത്തി വലുതാക്കിയ പിതൃ തുല്യനായ ചേട്ടനാണ് സേതു (യഥാര്‍ത്ഥ പേര് അതല്ല). ആ ചേട്ടന് ഇളയ സഹോദരന്മാരില്‍ ഒരാള്‍ സ്‌നേഹാദരങ്ങളോടെ സമര്‍പ്പിക്കുന്ന എളിയ ഒരു ക്രിസ്മസ് സമ്മാനമാകട്ടെ ഈ കുറിപ്പ്.

******************************************
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക