Image

സിറോ മലബാര്‍ സഭ ഭൂമി ഇടപാട്: വൈദിക സമിതി യോഗം മാറ്റിവെച്ചു

Published on 04 January, 2018
സിറോ മലബാര്‍ സഭ ഭൂമി ഇടപാട്: വൈദിക സമിതി യോഗം മാറ്റിവെച്ചു
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണം ചര്‍ച്ചചെയ്യാന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വൈദിക സമിതി യോഗം മാറ്റിവെച്ചു. പാസ്റ്ററല്‍ കമ്മിറ്റി യോഗത്തിനു ശേഷം മാത്രം വിഷയം ചര്‍ച്ചചെയ്താല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് കര്‍ദിനാളും സഹായമെത്രാന്‍മാരും ചേര്‍ന്ന് യോഗം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

വൈദിക സമിതി യോഗം നടക്കാതിരിക്കാന്‍ ചിലര്‍ ഇടപെട്ടെന്നും യോഗത്തില്‍ പങ്കെടുക്കാതെ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അല്‍മായര്‍ തടഞ്ഞതായും വൈദികര്‍ ആരോപിച്ചു. സംഘര്‍ഷം ഒഴിവാക്കുന്നതിനുവേണ്ടിയാണ് കര്‍ദിനാള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും വൈദികര്‍ വ്യക്തമാക്കി. യോഗം നടത്തുന്നതില്‍ നേരത്തെ അല്‍മായ സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു. ഭൂമി ഇടപാടില്‍ സിറോ മലബാര്‍ സഭയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്ന് സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും ആരോപണം അന്വേഷിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

അലക്‌സൈന്‍ സന്യാസി സഭ സിറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപോയഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. (Mathrubhumi)
see below letter by Mar Alencherry
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക