Image

പുതുവര്‍ഷത്തില്‍ ജര്‍മനിയെ പിടിച്ചുലച്ച് കൊടുങ്കാറ്റ് താണ്ഡവമാടി

Published on 04 January, 2018
പുതുവര്‍ഷത്തില്‍ ജര്‍മനിയെ പിടിച്ചുലച്ച് കൊടുങ്കാറ്റ് താണ്ഡവമാടി

ബര്‍ലിന്‍: പുതുവര്‍ഷാഘോഷം ശാന്തമായി കടന്നുപോയെങ്കിലും ശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്ന ജര്‍മനിയെ പിടിച്ചുലച്ച് കൊടുങ്കാറ്റും പേമാരിയും താണ്ഡവമാടി. 

കാലാവസ്ഥാപ്രവചനം ശരിവയ്ക്കുന്ന രീതിയില്‍ മണിക്കൂറില്‍ 120 മുതല്‍ 160 കിലോ മീറ്റര്‍ വേഗതയിലായിരുന്നു കാറ്റ് വീശിയത്. പുതുവര്‍ഷ പുലരിയിലും ചൊവ്വാഴ്ച രാത്രിയിലും ഇടതടവില്ലാതെ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് ചുഴലികൊടുങ്കാറ്റ് ജര്‍മനിയിലുടനീളം വീശിയത്. ഇതിന്റെ വെളിച്ചത്തില്‍ ജര്‍മനിയില്‍ റെഡ് അലെര്‍ട്ടിലൂടെ ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പ് തുടരുകയാണ്. 

നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ പോലീസും ഫയര്‍ഫോഴ്‌സും അത്യാഹിത വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിലാണ്. മരങ്ങള്‍ കടപുഴകി വീണ് ചിലയിടങ്ങളില്‍ റെയില്‍ ഗതാഗതം തടസപ്പെടുകയും വൈദ്യുതി ലൈനുകള്‍ തകരാറിലായിട്ടുമുണ്ട്. കാറ്റിന്റെ ശക്തിയില്‍ ഹൈവേകളില്‍ വലിയ ട്രക്കുകള്‍ മറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 

ചുഴലിക്കാറ്റ് നോര്‍ത്തില്‍ നിന്ന് ഉത്ഭവിച്ച് ജര്‍മനിയുടെ കിഴക്കന്‍ മേഖലകളിലേയ്ക്ക് വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സ്ട്രാസ്ബുര്‍ഗ്, ബാസല്‍ എയര്‍പോര്‍ട്ടുകളില്‍ വ്യോമഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 

തണുപ്പിന്റെ കാഠിന്യം അത്ര മോശമല്ലെങ്കിലും ശൈത്യത്തിന്റെ പിടിയിലാണ് ജര്‍മനി. ചിലയിടങ്ങളില്‍ അന്തരീക്ഷ താപനില ഏഴു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തണുപ്പു തുടരുകയാണ്. തെക്കു കിഴക്കന്‍ മേഖലയില്‍ മഞ്ഞുവീഴ്ചയും ശക്തമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക