Image

ആ നിമിഷം (സംഭവ കഥ: പൊന്നോലി)

Published on 04 January, 2018
ആ നിമിഷം (സംഭവ കഥ: പൊന്നോലി)
ഇതൊരു സംഭവ കഥയാണ്. 1976. ഹൈദരാബാദ് നാഷണല്‍ പോലീസ് അക്കാദമിയില്‍ സി. ബി. ഐ. ട്രെയിനി ആയി പരിശീലനം നേടുന്ന കാലം. പരിശീലനത്തിന്റെ ഭാഗമായി ജയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകള്‍’ എന്ന കഥ ഓര്മ്മിച്ചുകൊണ്ടു ആ മതിലുകള്‍ക്കുള്ളില്‍ അടയ്ക്കപ്പെട്ട മനുഷ്യ ജീവിതങ്ങളെ കണ്ടു. ജയിലിനു വെളിയില്‍ മനുഷ്യര്‍ ഇതിലും വലിയ ജയിലില്‍ കഴിയുന്നു എന്ന് ബഷീര്‍ എഴുതിയത് ചിന്തിച്ചുകൊണ്ടിരുന്നു.

മനുഷ്യ ജീവിതങ്ങള്‍ എവിടെയും ഓരോ ജയിലഴിക്കുള്ളില്‍. ജനനം മുതല്‍ മരണം വരെ ചങ്ങലകള്‍. ഏകാന്തതയല്ലേ ഏറ്റവും വലിയ കാരാഗ്രഹം? അങ്ങനെ പല ചിന്തകളും മനസ്സില്‍ തേരോട്ടം നടത്തി.
അവിടെ ജയിലില്‍ കണ്ട മുഖങ്ങളില്‍ പല ഭാവങ്ങള്‍ കാണാമായിരുന്നു: വെറുപ്പ്, വിദ്വേഷം, ധാര്‍ഷ്ട്യം. എങ്കിലും പൊതുവായി ഒരു നിസ്സംഗത. ഉള്ളിന്റെ ഉള്ളിലുള്ള വെറുപ്പും, വിദ്വേഷവും അവര്‍ മറച്ചു വയ്ക്കുന്നതായിരിക്കും.

ഞങ്ങളെ കണ്ടു മുഖം തിരിക്കുന്ന ആ മനുഷ്യ കോലങ്ങള്‍ പല തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു ശിക്ഷിക്കപ്പെട്ടവര്‍. കൊലയാളികള്‍ , മോഷ്ടാക്കള്‍, അവര്‍ സഹതാപം അര്ഹിക്കുന്നില്ലായിരിക്കും.
പക്ഷെ അവരെ ഓര്‍ത്തു വേദനയും, കഷ്ഠതയും അനുഭവിക്കുന്ന വെളിയിലുള്ള അവരുടെ ഉടയവര്‍ സഹതാപം അര്ഹിക്കുന്നില്ലേ? അവര്‍ നശിപ്പിച്ച ജീവിതങ്ങള്‍, കുടുംബങ്ങള്‍ … അവര്‍ സമുദായത്തില്‍ നിരാശ്രയരായി ഒറ്റപ്പെടുന്നില്ലേ?

ജീവിതത്തിന്റെ അര്‍ത്ഥവും അര്‍ത്ഥമില്ലായ്മയും ഓര്‍ത്തു എന്റെ മനസ്സ് കലുഷിതമായിരുന്നു.
കുറ്റവാളികളായ അവരെ മാത്രം പഴിച്ചിട്ടു കാര്യമുണ്ടോ എന്നെന്റെ മനസ്സ് മന്ത്രിച്ചു.

II

ജയില്‍ സന്ദര്‍ശനത്തിന്റെ അവസാനം ജയില്‍ ഉദ്യോഗസ്ഥന്‍ മറ്റുള്ള ജയിലറകളില്‍ നിന്നും മാറിയുള്ള രണ്ടു മൂന്നു അറകളിലേക്കു കൂട്ടികൊണ്ടുപോയി.

അവയില്‍ ഒന്നില്‍ മാത്രം ഒരു മനുഷ്യന്‍ അഴികള്‍ക്കുള്ളില്‍ ചുവരിനു നേരെ നോക്കിക്കൊണ്ടു തറയില്‍ ഇരിക്കുന്നു. വസ്ത്രങ്ങളും തലമുടികളും ഒരു ഭ്രാന്തന്റെ ലക്ഷണം വിളിച്ചു ചൊല്ലി.
അയാളുടെ കൈകള്‍ ചങ്ങലകള്‍ കൊണ്ട് ബന്ധിപ്പിച്ചിട്ടുണ്ട്. വയസ്സ് ഏകദേശം 40.
അയാളുടെ കഥ ജയ്‌ലര്‍ പറഞ്ഞു.

അയാളെ തൂക്കു കയറില്‍ കയറ്റാന്‍ ഏതാനും ആഴ്ചകള്‍ മാത്രം. അയാളോട് സംസാരിക്കണമെന്ന് തോന്നി.

ജയ്‌ലര്‍ പറഞ്ഞു അയാള്‍ ആരോടും സംസാരിക്കുകയില്ല.
ഒരു ഭ്രാന്തനായി അയാള്‍ മാറിയിരുന്നു.

കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവന്‍ . അപ്പീലുകളും ദയാ ഹര്‍ജികളും നിരസിക്കപ്പെട്ടു..
എല്ലാവരാലും ഉപേക്ഷിച്ചു, വെറുക്കപ്പെട്ടവന്‍.

കൂട്ടു കുറ്റവാളി സ്ത്രീയും അയാളോടൊപ്പം ശിക്ഷിക്കപ്പെട്ട് അടുത്ത ജയിലറയില്‍ ഉണ്ടായിരുന്നു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ്, അവര്‍ എവിടെ നിന്നോ സംഘടിപ്പിച്ച ഒരു ബ്ലേഡ് കൊണ്ട് കയ്യിലെ ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്തു.

III

അയാള്‍ക്ക് ഭാര്യയും കുട്ടിയുമുണ്ട്. അയാള്‍ എയര്‍ ഫോഴ്‌സിലെ ഒരു ഉദ്യോഗസ്ഥന്‍ ആയിരുന്നു. എയര്‍ ഫോഴ്‌സ് കോളനിയിലെ അയാളുടെ അയല്‍ വാസിയായിരുന്നു കൂട്ട് പ്രതിയായിരുന്ന സ്ത്രീ.
അവര്‍ രണ്ടു പേരും കൂടി കൊന്നത് അയാളുടെ ഒന്‍പതു വയസ്സുള്ള സ്വന്തം മകളെ.

ഭാര്യ അവിടെ ഇല്ലായിരുന്ന സമയത്തു് അവര്‍ രണ്ടു പേരും സന്ധിച്ചു. ഒരു ദുര്‍ബല നിമിഷത്തിന്റെ പ്രേരണയില്‍ അവിഹിത വേഴ്ച നടത്തിയതു ആ കുട്ടി കണ്ടു. 'അമ്മ വരുമ്പോള്‍ പറയും’ എന്ന് പറഞ്ഞ കുട്ടിയെ ഇല്ലാതാക്കാന്‍ ആ നിമിഷം അവര്‍ തീരുമാനിച്ചു.

കുട്ടിയെ കഴുത്തു പിരിച്ചു കൊന്നതിനു ശേഷം ഒരു ചാക്കിലിട്ടു എവിടെയോ മറവു ചെയ്തു.
ഭാര്യ തിരിച്ചു വന്നപ്പോള്‍ കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞു അയാള്‍ ബഹളം വച്ചു.
കാണാതായ കുട്ടിയെ അന്വേഷിച്ച പോലീസിന് കൊലപാതക കുറ്റം കണ്ടു പിടിക്കാനും തെളിയിക്കാനും, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിപ്പിക്കാനും വിഷമമുണ്ടായില്ല.
നശിച്ചു പോയ മൂന്നു ജന്മങ്ങള്‍.

അവരുടെ ഭ്രമണപഥത്തില്‍ വേറെ എത്രയോ ജന്മങ്ങള്‍.
ഞങ്ങള്‍ തിരിഞ്ഞു നടക്കുമ്പോള്‍ ‘ഗാലോസ് (തൂക്കുകയര്‍) എന്ന മുറിയുടെ വാതിക്കല്‍ കൂടി കടന്നു പോയി. ഏതോ പള്ളിയില്‍ മണി മുഴങ്ങുന്നതായി തോന്നി.
ഞാന്‍ ചിന്തിച്ചു, ആര്‍ക്കുവേണ്ടി ആ മണികള്‍ മുഴങ്ങുന്നു?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക