Image

വളര്‍ത്തുനായയെ കൊന്ന മകനെ പിതാവ്‌ അറസ്റ്റ്‌ ചെയ്യിച്ചു

Published on 05 January, 2018
 വളര്‍ത്തുനായയെ കൊന്ന മകനെ പിതാവ്‌ അറസ്റ്റ്‌ ചെയ്യിച്ചു
 റായ്‌പൂര്‍:  ഛത്തീസ്‌ഗഡില്‍  വളര്‍ത്തുനായയെ കൊന്ന മകനെ പൊലിസിനെ കൊണ്ട്‌ അറസ്റ്റ്‌ ചെയ്യിച്ചിരിക്കുകയാണ്‌ ശിവ്‌മംഗല്‍ സായ്‌ എന്ന പിതാവ്‌. ഭത്‌ഗാവിലെ സൂരജ്‌പൂര്‍ ജില്ലയിലാണ്‌ സംഭവ. 62കാരനായ ശിവ്‌മംഗല്‍ ജോലിക്ക്‌ പോയ സമയത്ത്‌ മകന്‍ സന്താരി ജബ്ബുവിനെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട്‌ വെട്ടിക്കൊല്ലുകയായിരുന്നു. തിരിച്ചെത്തിയ ശിവ്‌മംഗള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നായയുടെ മൃതദേഹം സൈക്കിളിലെടുത്ത്‌ പൊലിസ്‌ സ്‌റ്റേഷനിലേക്ക്‌ പോവുകയും മകനെതിരേ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ്‌ സന്താരിയെ പൊലിസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

 അതേസമയം അച്ഛന്‍ പുറത്തുപോയ സമയത്ത്‌ നായയോട്‌ താനെറിഞ്ഞ പന്ത്‌ എടുത്ത്‌ കൊണ്ടുവരാന്‍ പറയുകയും അത്‌ അനുസരിക്കാത്തതിനെ തുടര്‍ന്ന്‌ സന്താരി നായയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന്‌ സൂരജ്‌പൂര്‍ എഎസ്‌പി എസ്‌ ആര്‍ ഭഗത്‌ പറഞ്ഞു. ഇയാള്‍ നായയെ കൊല്ലാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. പിതാവിന്റെ നായയോടുള്ള അമിത സ്‌നേഹം സന്താരി ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പൊലിസ്‌ പറഞ്ഞു.

എന്നാല്‍  ജബ്ബു മഹാശല്യക്കാരനായിരുന്നെന്നും തന്റെ അമ്മയെ പലതവണ ആക്രമിച്ചതായും ശിവ്‌മംഗലിന്റെ മറ്റൊരു മകനായ ശിവ്‌നാഥ്‌ പറഞ്ഞു. അമ്മയ്‌ക്ക്‌ തങ്ങളില്ലാത്തപ്പോള്‍ കൂടുതല്‍ ആക്രമണം നേരിടേണ്ടിവരുമെന്ന ഭയത്താലാണ്‌ നായയെ കൊന്നതെന്ന്‌ ശിവ്‌നാഥ്‌ വ്യക്തമാക്കി. ഇത്‌ ഇയാള്‍ പൊലിസിനോടും പറഞ്ഞിട്ടുണ്ട്‌. ശിവ്‌നാഥിനെതിരേയും അദ്ദേഹത്തിന്റെ പിതാവ്‌ പരാതി നല്‍കിയിട്ടുണ്ട്‌. വളരെ സ്‌നേഹമുള്ള നായയായിരുന്നു ജബ്ബുവെന്നും വീട്ടിലുള്ളവരെയെല്ലാം വളരെ ഇഷ്ടപ്പെട്ടിരുന്നെന്നും ശിവ്‌മംഗല്‍ പറഞ്ഞു.

 പ്രിയപ്പെട്ട നായയുടെ മൃതദേഹം കണ്ണീരോടെയാണ്‌ വീട്ടിന്‌ പുറകില്‍ കുഴിച്ചുമൂടിയതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ശിവ്‌മംഗലിന്റെ രണ്ടുമക്കള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്‌. നേരത്തെ നായയുമായി ബന്ധപ്പെട്ട്‌ ശിവ്‌മംഗലും മക്കളും വഴക്കിട്ടതായും എന്നാല്‍ ശിവ്‌മംഗല്‍ ജബ്ബു തുടര്‍ന്നും ഇവിടെ തന്നെ താമസിക്കുമെന്നും നിലപാടറിയിച്ചിരുന്നുവെന്ന്‌ മൊഴി നല്‍കിയതായി പൊലിസ്‌ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക