Image

അതിരൂപതയുടെ ഭരണത്തില്‍ ഭൂമാഫിയ കടന്നുകയറ്റമുണ്ടായി

Published on 07 January, 2018
അതിരൂപതയുടെ ഭരണത്തില്‍ ഭൂമാഫിയ കടന്നുകയറ്റമുണ്ടായി
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭരണത്തില്‍ ഭൂമാഫിയ സംഘങ്ങളുടെയും കള്ളപ്പണത്തിന്റെയും കടന്നുകയറ്റമുണ്ടായതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. വിവാദ ഭൂമിയിടപാടില്‍ അടിയന്തിര തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് സിറോ മലബാര്‍ സിനഡിന് വൈദിക സമതി അയച്ച കത്തിലാണ് ഈ വെളിപ്പടുത്തല്‍.

ഭൂമി വില്‍പ്പനയിലെ കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നാണ് വൈദിക സമിതിയുടെ ആവശ്യം. ഇത് സംബന്ധിച്ച് വൈദിക സമതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാട് സിനഡ് സെക്രട്ടറിക്ക് കത്തയച്ചു. സഭയിലെ മുഴുവന്‍ ഫാദര്‍മാര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ഭൂമി വില്‍പ്പനയെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അതിരൂപതാ നേതൃത്വത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ടെന്ന് വൈദിക സമിതി സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

ഭൂമാഫിയ സംഘങ്ങളും കള്ളപ്പണക്കാരും ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തന്നെ കുറ്റപ്പെടുത്തുന്നന്ന ആന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വൈദിക സമിതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. റിപ്പോര്‍ട്ട് വൈദിക സമിതി അന്വേഷിച്ച് വത്തിക്കാനിലേക്ക് അയക്കുമെന്ന് ഉറപ്പായതോടെ കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവര്‍ യോഗം തടസപ്പെടിത്തിയിരുന്നു.

സഭാ ആസ്ഥാനത്ത് നാളെ തുടങ്ങുന്ന സിനഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് വൈദിക സമിതിയുടെ ആവശ്യം. സിനഡില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും വൈദിക സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. (Mathrubhumi)
അതിരൂപതയുടെ ഭരണത്തില്‍ ഭൂമാഫിയ കടന്നുകയറ്റമുണ്ടായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക