Image

നിശബ്ദ ജനസേവകര്‍ക്ക് വെല്‍ഫെയര്‍ കേരളയുടെ ആദരം

Published on 11 January, 2018
നിശബ്ദ ജനസേവകര്‍ക്ക് വെല്‍ഫെയര്‍ കേരളയുടെ ആദരം

ഫഹാഹീല്‍: ജനസേവന ജീവകാരുണ്യ മേഖലയില്‍ നിശബ്ദ പ്രവര്‍ത്തനങ്ങളിലൂടെ നൂറു കണക്കിന് അശരണര്‍ക്ക് ആശ്വാസമേകിയ സാമൂഹിക പ്രവര്‍ത്തകരെ വെല്‍ഫെയര്‍ കേരള കുവൈത്ത് ആദരിച്ചത് വേറിട്ട കാഴ്ചയായി. പരസഹായത്തിനു ആരോരുമില്ലാതെ കുവൈത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ ദിനചര്യയെന്നോണം സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്ന ഏഴു പേരെയാണ് വികാര നിര്‍ഭരമായ ചടങ്ങില്‍ ആദരിക്കപ്പെട്ടത്. 

സാമൂഹ്യപ്രവര്‍ത്തകരായ സലിം കൊമ്മേരി, സി.എച്ച് സന്തോഷ്‌കുമാര്‍, മധു വിജയന്‍, നീത ഷൈജു, പുഷ്പ സാജന്‍, അജിത്കുമാര്‍, ഷംസീര്‍ ഉമ്മര്‍ എന്നിവര്‍ക്ക് നല്‍കിയ ആദരം പ്രാര്‍ത്ഥനകളോടെയാണ് സദസ് എതിരേറ്റത്. നിനച്ചിരിക്കാതെ വരുന്ന അസുഖങ്ങളും അപകടങ്ങളും മൂലം മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദിവസങ്ങളോളം ആശുപത്രികളുടെ നാലു ചുമരുകള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെടുന്നത് . അപകടം സംഭവിച്ചു മാസങ്ങളോളം അദാന്‍ ആശുപത്രിയില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിയെ കുറിച്ചുള്ള വിവരം വാട്‌സപ്പിലൂടെ പ്രചരിച്ചപ്പോഴാണ് പുറംലോകം അറിയുന്നത്. 

സഹായമഭ്യര്‍ത്തിച്ചു വാട്‌സപ്പ് സന്ദേശം അയച്ച അദാന്‍ ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്യുന്ന നീതയും പുഷ്പയും ആദരം ഏറ്റുവാങ്ങിയവരിലുണ്ട്. പിന്നീട് നിരവധി പേര്‍ ജയേഷിനെ സഹായിക്കാന്‍ രംഗത്ത് വരുകയും സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ അദ്ദേഹത്തെ നാട്ടിലയക്കാനും സാധിച്ചു. നിരവധി പ്രവാസികള്‍ക്കായി നിശബ്ദ സേവനം നടത്തുന്നവരെ കണ്ടെത്തുകയും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുകയും എന്ന ഉദേശത്തോടെയാണ് വെല്‍ഫെയര്‍ കേരള ഫഹഹീല്‍ മേഖല ഈ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. 

ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ വെല്‍ഫെയര്‍ കേരള കേന്ദ്ര ട്രഷറര്‍ ഷൗക്കത്ത് വളാഞ്ചേരി, ജനസേവന വിഭാഗം കണ്‍വീനര്‍ ലായിക് അഹ്മദ്, സെക്രട്ടറി റീന ബ്ലെസ്സന്‍, മേഖലാ ട്രെഷറര്‍ നസീം, മൊയ്തു.കെ എന്നിവര്‍ ജനസേവന പ്രവര്‍ത്തകര്‍ക്ക് വെല്‍ഫെയര്‍ കേരളയുടെ ഉപഹാരം കൈമാറി. വെല്‍ഫെയര്‍ കേരള കുവൈത്ത് സാമൂഹിക വിഭാഗം കണ്‍വീനര്‍ അന്‍വര്‍ ഷാജി പരിപാടി നിയന്ത്രിച്ചു. മേഖലാ പ്രസിഡന്റ് യൂനുസ് കാനോത്ത് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് സ്വാഗതവും യൂനുസ് സലിം നന്ദിയും പറഞ്ഞു .

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക