Image

മറീനയും നജീബും മനസുതുറന്നു; സഭ നിശബ്ദമായി; സാഹിത്യമല്‍സര വിജയികള്‍

Published on 13 January, 2018
മറീനയും നജീബും മനസുതുറന്നു; സഭ നിശബ്ദമായി; സാഹിത്യമല്‍സര വിജയികള്‍
ലോക കേരള സഭയിലെ ഒരംഗത്തെ പ്രസംഗിക്കാന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ക്ഷണിച്ചപ്പോള്‍ പറഞ്ഞത് ഈ സഭയിലെ ഏറ്റവും സവിശേഷമായ ഒരു സാന്നിദ്ധ്യമാണ് ഇനി സംസാരിക്കുന്നത് എന്നാണ്. സദസ് ഒന്നടങ്കം പോഡിയത്തിലേക്ക് കണ്ണുനട്ടു. കൂപ്പുകൈകളുമായി മൈക്കിനു മുന്നിലേക്ക് ആടുജീവിതത്തിലെ നജീബ് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി സഭ കാതുകൂര്‍പ്പിച്ചു.

ഏതാനും മിനിറ്റുകള്‍ നീണ്ട ഈ സഭയിലെ ഏറ്റും ഹ്രസ്വമായ പ്രസംഗം.പക്ഷേ ഈ സഭയില്‍ ഏറ്റവും കൂടുതല്‍ കയ്യടി ലഭിച്ചതും ആ പ്രസംഗത്തിനുതന്നെ. ലോക കേരളസഭയില്‍ തന്നെപ്പോലെ ഒരാള്‍ക്ക് അംഗമാകാന്‍ കഴിഞ്ഞത് അവശത അനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസവും പ്രതീക്ഷയും വളരെ വലുതാണ് എന്ന് നജീബ് പറഞ്ഞപ്പോള്‍ ഉയര്‍ന്ന നിലയ്ക്കാത്ത കയ്യടി ഈ സഭയുടെ പൊതുവികാരം പ്രതിഫലിപ്പിക്കുന്നതായി. 

ഇറാക്കിലെ ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപെട്ട് നാട്ടിലെത്തിയ നേഴ്സ് മറീന സഭയില്‍ സംസാരിച്ചപ്പോഴും അംഗങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. നേഴ്സുമാര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച അവര്‍ ഇതിനുപരിഹാരം തേടാന്‍ സഭയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. 

വിദേശ രാജ്യങ്ങളിലെ ഏംബസി ഉദ്യോഗസ്ഥര്‍ അറുമാസം കൂടുമ്പോഴെങ്കിലും നഴ്സുമാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സമയം കണ്ടെത്തണം എന്നും മെറീന പറഞ്ഞു. കേരളത്തെ വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ ആക്കി ടൂറിസത്തിന്റെ ഭാഗമാക്കണം, സഭയിലെ സ്ത്രീ പ്രാതിനിധ്യം കൂട്ടണം, മുംബെ യൂണിവേഴ്സിറ്റിയില്‍ മലയാളം ചെയര്‍ തുടങ്ങണം, പ്രവാസികളുടെ പുനരധിവാസ പദ്ധതികളോട് മുഖം തിരിക്കുന്ന ബാങ്കുകളുടെ പ്രവണത തടയണം തുടങ്ങിയ വിവിധ വിഷയങ്ങളും സഭയില്‍ ഉന്നയിക്കപ്പെട്ടു. 

ലോക കേരള സഭയോടനുബന്ധിച്ച് നടത്തിയ സാഹിത്യമല്‍സര വിജയികള്‍

ലോക കേരള സഭയോടനുബന്ധിച്ച് മലയാളം മിഷന്‍ നടത്തിയ ആഗോള സാഹിത്യമല്‍സര വിജയികളെ പ്രഖ്യാപിച്ചു. വീടുവിട്ടവര്‍ എന്ന് വിഷയത്തെ അധികരിച്ചുള്ള കഥാ രചനയില്‍ സീനിയര്‍ വിഭാഗത്തില്‍ ചെന്നൈയിലെ ചൈത്ര ഒന്നാം സ്ഥാനവും നീലഗിരിയിലെ ആന്‍ ഫ്രഡി ചീരന്‍ രണ്ടാം സ്ഥാനവും ജോ ഫ്രഡി ചീരന്‍ മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ നീലഗിരിയിലെ എസ്.എന്‍ നയന, റായ്ഗഡിലെ നിവേദ്യ അനീഷ് ബാബു, അമൃത സഹദേവന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

പ്രയാണം എന്ന വിഷയത്തെ അധികരിച്ചുള്ള കവിതാ രചന മല്‍സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ശ്രീജിഷ് ചെമ്മരന്‍, സൗദി അറേബ്യയിലെ നിവ്യദാസ്, റായ്ഗഡിലെ സ്നേഹ ഷിബു എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

ജൂനിയര്‍ വിഭാഗത്തില്‍ കൊല്ല്ത്തെ പൂജ പ്രിജി, റായ്ഗഡിലെ നിവേദ്യ അനീഷ് ബാബു, ചെന്നൈയിലെ കൈലാസ് നാഥ് എന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

വിദേശ വിനോദസഞ്ചാരികളുടെ
വരവ്  ഇരട്ടിയാക്കുക ലക്ഷ്യം; കേരള ബാങ്ക് ഈ വര്‍ഷം തന്നെ

കേരളത്തിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്‍െ ലക്ഷ്യമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലോകകേരള സഭയുടെ ഭാഗമായി നടന്ന സഹകരണവും ടൂറിസവും ഉപസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനയും അതിലൂടെ ഒരു ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

കേരളം ദൈവത്തിന്റെ സ്വന്തം നാട്, ആയുര്‍വേദം തുടങ്ങിയവയ്ക്ക് പുറമേ മൂന്ന് പുതിയ മേഖലകള്‍കൂടി ഇതിനായി കെണ്ടത്തിക്കഴിഞ്ഞു. സാഹസിക ടൂറിസം, ഉത്തരമലബാിന്റെ സാധ്യതകള്‍ മുതലാക്കുന്ന ഉത്തരമലബാര്‍ ടൂറിസം, പൈതൃക ടൂറിസം എന്നീ മേഖലകളിലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ മലബാര്‍ ടൂറിസം പദ്ധതിയില്‍ 600 കോടിയുടെ മുതല്‍ മുടക്കാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഉത്തരമലബാറിലെ ഏഴ് നദികളെ കേന്ദ്രീകരിച്ചുള്ള റിവര്‍ ടൂറിസം പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രവാസികളില്‍നിന്നും നിക്ഷേപവും സഹകരണവും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

നിര്‍ദ്ദിഷ്ട കേരള ബാങ്കില്‍ ഒന്നരലക്ഷം കോടിയുടെ എന്‍ആര്‍ഐ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തിലെ സഹകരണ നിക്ഷേപങ്ങളില്‍ 60 ശതമാനവും ഇപ്പോള്‍ കേരളത്തിലാണ്. എന്നാല്‍ കേരളത്തിലെ സഹകരണ നിക്ഷേപത്തില്‍ എന്‍ആര്‍ഐ നിക്ഷേപമില്ലെന്ന ദുരവസ്ഥയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ബാങ്ക് രൂപീകൃതമാകുമ്പോള്‍ എന്‍ആര്‍ഐ നിക്ഷേപത്തിനും അവസരമുാകും. രണ്ടാം ഘട്ടത്തില്‍ ബാങ്കിന്റെ ബ്രാഞ്ചുകള്‍ വിദേശ രാജ്യങ്ങളില്‍ ആരംഭിക്കും. പ്രവാസികള്‍ക്കായി പ്രവാസിക്ഷേമ സഹകരണ സംഘം രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള ബാങ്ക് ഈ കലണ്ടര്‍വര്‍ഷം തന്നെ ആരംഭിക്കുമെന്ന് പ്രവാസി സംഘടനാ പ്രതിനിധികള്‍ക്ക് മന്ത്രിയുടെ അനുമതിേയാടെ സെക്രട്ടറി പി. വേണുഗോപാല്‍ ഉറപ്പുനല്‍കി. റിസര്‍വ് ബാങ്കിന്റെ അനുമതി താമസിയാതെ ലഭിക്കും. ഷെഡ്യൂള്‍ ബാങ്കിനുള്ള ലൈസന്‍സ് ഇപ്പോള്‍തന്നെ കൈവശമുള്ളതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളുണ്ടാവില്ല. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ശാഖകളുടെ കാര്യത്തില്‍ എസ്ബിഐ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ ബാങ്കായി കേരള ബാങ്ക് മാറുമെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി.

ടൂറിസം മേഖലയില്‍ വന്‍കിട ഹോട്ടല്‍ പദ്ധതികള്‍ക്കൊപ്പം ഹോംസ്റ്റേകള്‍ക്കും പ്രാധാന്യം നല്‍കേണ്ടതുെണ്ടന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രവാസി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ ജോലിയെടുക്കുന്ന പലര്‍ക്കും നാട്ടില്‍ സ്വന്തം വീടില്ല. അങ്ങനെയുള്ളവര്‍ക്ക് നാട്ടില്‍ വരുമ്പോള്‍ താമസത്തിനായി ഇത്തരം ഹോംസ്റ്റേകള്‍ ഉപകരിക്കപ്പെടുമെന്നും ടൂറിസം വകുപ്പ് ഇതിന് മുന്‍കൈയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. നാട്ടിലെ വീട് പൂട്ടിയുന്ന വിദേശികളുണ്ട്. അവരുടെ വീട് ഹോംസ്റ്റേയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ടായി.

ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും കേരളബാങ്കിനും പ്രതിനിധികള്‍ ഒരേപോലെ സഹായം വാഗ്ദാനം ചെയ്തു. ശ്രീമതി ടീച്ചര്‍ എംപി, എം.എല്‍എമാരായ അഡ്വ. എം ഷംസുദ്ദീന്‍, പി വി അന്‍വര്‍, ഡോ. വി. വേണു ഐഎഎസ് എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക