Image

ഇംഗ്ലീഷ്-മലയാള സാഹിത്യത്തിലെ സംഹാര ശക്തികള്‍ (കാരൂര്‍ സോമന്‍)

Published on 13 January, 2018
ഇംഗ്ലീഷ്-മലയാള സാഹിത്യത്തിലെ സംഹാര ശക്തികള്‍ (കാരൂര്‍ സോമന്‍)
ഇംഗ്ലണ്ടിലെ ഈസ്റ്റ്‌വുഡ് ടൗണില്‍ ജീവിച്ചിരുന്ന സാഹിത്യകാരന്‍ ഡി.എച്ച്. ലോറന്‍സിന്റെ ഭവനം കണ്ടുമടങ്ങുമ്പോഴാണ് വിവാദ നായകനായിരുന്ന പൊന്‍കുന്നം വര്‍ക്കിയെ ഓര്‍ത്തത്. കര്‍ഷകതൊഴിലാളികളുടെ ഇഷ്ട തോഴനും അധികാരികളുടെ ശത്രുവുമായിരുന്നു വര്‍ക്കി. ഭൂമിയുടെ പൂമുഖവാതില്‍ക്കല്‍ വിരുന്നുകാരെ പോലെ വന്നു പോകുന്ന ചില എഴുത്തുകാരുണ്ട്. അവരുടെ സര്‍ഗ്ഗരചനകളിലും ആ സൗന്ദര്യപ്പൊലിമ കാണാം. പലപ്പോഴും അത് നായ്ക്കളെ പോലെ പലരുടെയും പിറകെ കുരച്ചുകൊണ്ട് ഓടും. ചിലര്‍ക്ക് കടിയും കിട്ടും. ചില നായ്ക്കള്‍ യജമാനനെ അത്യാധികം വാലാട്ടി സ്‌നേഹിക്കുന്നവരാണ്. വര്‍ക്കിയെ പോലുളള എഴുത്തുകാര്‍ തുടലിട്ട നായ്ക്കളെ പോലെ ജീവിച്ചവരല്ല. അവര്‍ക്ക് ഈ ലോകസുഖത്തിലെ സൗഭാഗ്യങ്ങളോടല്ല കടപ്പാട്. ആ കടപ്പാട് മനുഷ്യവര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നതിലാണ്. ഇന്ന് സാമൂഹിക ജീവിതത്തില്‍ ചൂഴ്ന്നു നില്‍ക്കുന്ന ജീര്‍ണ്ണതകളിലേക്ക് കടന്നുചെല്ലാന്‍ പലതും തോളിലേറ്റി ജീവിക്കുന്ന എഴുത്തുകാര്‍ക്ക് സാധിക്കുന്നില്ല. അതും ഒരു സര്‍ഗ്ഗ പ്രതിഭയുടെ ബോധതലത്തില്‍ ഉണ്ടാകേണ്ടകാര്യമാണ്.

ഉദാഹരണത്തിന് ഒരു സന്യാസിവര്യന്‍ അതീവ സുന്ദരിയായ,  ആരിലും കാമമുണര്‍ത്തുന്ന ഒരു സ്ത്രീയെ കാണുന്നു. സന്യാസി കണ്ടത് വെറുമൊരു സ്ത്രീയേയാണ്. അതേ സ്ഥാനത്ത് അവളെ പ്രണയിക്കുന്നവന്റെ മനസ്സിന് ലഭിക്കുന്ന കുളിരും കുളിര്‍മ്മയും വേര്‍പിരിയാതെ കിടക്കുന്ന ഒരു അനുഭൂതിയാണ്. സാഹിത്യസൃഷ്ടികള്‍ അരങ്ങിലും അണിയറയിലും മധുരാര്‍ദ്രമായി വീണമീട്ടുമ്പോള്‍ വര്‍ക്കിയെപ്പോലുളളവരുടെ സൃഷ്ടീകളില്‍ നിന്ന് പുറത്ത് വന്നത് തീയാണ്. അതിനെ അണക്കാനുളള പ്രതിവിധിയില്ലാത്തവര്‍ ഒന്നുകില്‍ വെടിവെച്ച് കൊല്ലും അല്ലെങ്കില്‍ ജയിലില്‍ അടക്കും. 1910ല്‍ പൊന്‍കുന്നത്ത് ജനിച്ച വര്‍ക്കി ചെറുപ്പം മുതലെ അധ്വാനിക്കുന്നവനൊപ്പമായിരുന്നു. വളരും തോറും സാമൂഹിക വ്യവസ്ഥിതി മനുഷ്യനെ അന്ധകാരത്തിലെക്ക് നയിക്കുന്നത് കണ്ടാണ് തന്നിലെ ധാര്‍മ്മികരോക്ഷം അക്ഷരങ്ങളായി അധികാര മതങ്ങളെ ഉഴുതു മറിച്ചത്. ഒരു ജോലിയും ചെയ്യാതെ അധ്വാനിക്കുന്നവന്റെ പങ്കുപറ്റി ജീവിക്കുന്ന അധികാരികളെയും കാണാത്ത ദൈവങ്ങളുടെ പേരില്‍ പങ്കുപറ്റി ജീവിക്കുന്ന മതമേലാളന്‍മാരെയും വര്‍ക്കി മിന്നലും ഇടിമിന്നലുമായി സങ്കീര്‍ണ്ണമാക്കി. നിലാവ് പെയ്യുന്ന രാത്രികളില്‍ സുഖനിദ്ര കൊണ്ടവര്‍ രൗദ്രഭാവം പൂണ്ടു വരുന്ന മിന്നലിനെ ഭയന്നു. സാഹിത്യത്തിന്റെ സംഹാരശക്തിക്ക് മുന്നില്‍ അന്തപുരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഉല്‍കണ്ഠയേറി വന്നു. കൊട്ടാരത്തിലെ തോഴിമാരുടെ രാമവിശറിക്കുമുന്നില്‍ പാവങ്ങളെ പീഡിപ്പിച്ചുകൊണ്ടിരുന്ന ഭരണാധികാരി സി.പി.രാമസ്വാമിക്കും തണുത്ത കാറ്റല്ല ലഭിച്ചത് മറിച്ച് ചൂടുളള കാറ്റാണ്. ഇന്നത്തേതു പോലെ അന്നും ചൂക്ഷിതവര്‍ഗ്ഗം ഒന്നായി നിന്ന് അക്ഷരത്തില്‍ കുതിച്ചുയരുന്ന വര്‍ക്കിയെ തളക്കാന്‍ തീരുമാനിച്ചു. സാമൂഹിക അസമത്വങ്ങളും മതവര്‍ഗ്ഗീയതയും വളര്‍ത്തുന്നുവര്‍ അതേ കുറ്റം ചുമത്തി വര്‍ക്കിയെ ജയിലില്‍ അടച്ചു. സമൂഹത്തിലെ അനീതിക്കും അന്ധതക്കും ചൂഷണത്തിനുമെതിരെ കഥകള്‍ എഴുതിയതിന് കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു സാഹിത്യകാരന്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്.

ജനങ്ങളുടെ സമ്പത്ത് അപഹരിക്കുന്ന ഭരണാധിപര്‍ അന്ധവിശ്വാസങ്ങളുടെ തടവറയില്‍ തളച്ചിടുന്ന മതമേധാവികള്‍ക്ക് ഒപ്പംനിന്നു കിട്ടുന്ന ആനുകൂല്യങ്ങള്‍ വാങ്ങി വര്‍ക്കി ജീവിച്ചിരുന്നവെങ്കില്‍ ഈ ഭാരങ്ങളൊന്നും അദ്ദേഹം ചുമക്കേണ്ടി വരില്ലായിരുന്നു. മതമേധാവികളെ കരിവാരി തേക്കുന്നുവെന്ന് അവരുടെ സ്തുതിപാഠകര്‍ പറഞ്ഞു പരത്തിയപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി “ആ കരി ഞാന്‍ തേച്ചതല്ല അവരുടെ മുഖത്തുളളതാണ്.” ഇതുപോലെ പരിഹസിക്കുന്ന ആക്ഷേപിക്കുന്ന തിവ്രരചനകളാണ് വര്‍ക്കിയുടേത്. വര്‍ക്കി അന്നു പറഞ്ഞത് “മതവും അധികാരവും മനുഷ്യനെ മയക്കുന്ന കറുപ്പാണ്” ഇന്നതിന്റെ ആഴം എത്രയോ കൂടിയിരിക്കുന്നു. വര്‍ക്കിയെ പോലെ ഇന്ന് എത്ര എഴുത്തുകാരുണ്ട്? അധ്വാനിക്കുന്നവന്റെ വിയര്‍പ്പിന്റെ ഫലം കാര്‍ന്നുതിന്നുന്നവരെ വര്‍ക്കിയെ പോലെയുളള എഴുത്തകാരും വിമര്‍ശിച്ചിട്ടുണ്ട്. അവര്‍ക്കൊന്നും ജയില്‍വാസം കിട്ടിയില്ല.

അദ്ദേഹത്തിന്റെ വികാരസദനം, അണിയറ, നിവേദനം, ആരാമം, പൊട്ടിയ ഇഴകള്‍, ശബ്ദിക്കുന്ന കലപ്പ അങ്ങനെ ധാരാളം കൃതികള്‍ നിലവിലിയിരുന്ന ഒരു കൂട്ടരുടെ കെട്ടുപ്പിനെ ശിഥിലമാക്കാനും ആ വേലിക്കെട്ടുകളെ പൊളിച്ചുമാറ്റാനും സഹായിച്ചു. പുരോഗമനാശയങ്ങളുടെ ഒരു നവ ലോകത്തിനായി കഥകള്‍ കൊണ്ടു മാത്രമല്ല കര്‍മ്മം കൊണ്ടുകൂടി പൊന്‍കുന്നം വര്‍ക്കി വിജയിച്ചു.

ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനപ്പെട്ടതും വിവാദപുരുഷന്‍ന്മാരുമായ സാഹിത്യകാരന്മാരില്‍ ഒരാളാണ് ലോറന്‍സ്. പള്‍പ്പ് ഫിക്ഷന്റെ പിതാവ് എന്നു വേണമെങ്കില്‍ പറയാവുന്ന ലോറന്‍സിന്റെ മുഴുവന്‍ പേര് ഡേവിഡ് ഹെര്‍ബെര്‍ട്ട് റിച്ചാഡ്‌സ് ലോറെന്‍സ് എന്നായിരുന്നു. (ജീവിതകാലം: സെപ്റ്റംബര്‍ 11-1885-മാര്‍ച്ച് 2-1930). നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, നാടകങ്ങള്‍, ഉപന്യാസങ്ങള്‍, യാത്രാപുസ്തകങ്ങള്‍, വിവര്‍ത്തങ്ങള്‍, സാഹിത്യ വിമര്‍ശനം, സ്വകാര്യ കത്തുകള്‍ എന്നിവ ഡി.എച്ച്. ലോറന്‍സിന്റെ ധന്യവും വൈവിദ്ധ്യവുമാര്‍ന്ന പേനയില്‍ നിന്നും ഒഴുകി. ചില ചിത്രങ്ങളും അദ്ദേഹം വരച്ചു. ആധുനികതയുടെയും വ്യവസായവല്‍ക്കരണത്തിന്റെയും മനുഷ്യത്വം നശിപ്പിക്കുന്ന പരിണിതഫലങ്ങളോടുളള ഒരു വിചിന്തനമായി ലോറെന്‍സിന്റെ കൃതികളുടെ സന്ദേശത്തെ കാണാം.

ലോറെന്‍സിന്റെ കോളിളക്കമുണ്ടാക്കുന്ന അഭിപ്രായങ്ങള്‍ അദ്ദേഹത്തിനു പല ശത്രുക്കളെയും സമ്മാനിച്ചു. കഷ്ടപ്പാടുകളും ഔദ്യോഗിക വേട്ടയാടലും സെന്‍സര്‍ഷിപ്പും അദ്ദേഹത്തിന്റെ സര്‍ഗ്ഗസൃഷ്ടികളുടെ തെറ്റായ പ്രതിനിധാനവും തന്റെ ജീവിതത്തിന്റെ രണ്ടാം പകുതിയില്‍ ലോറന്‍സിന് സഹിക്കേണ്ടി വന്നു. ഇതില്‍ കുടുതല്‍ സമയവും സ്വമേധയാ ഒരു പ്രവാസിയായി ലോറന്‍സ് കഴിഞ്ഞു. ഇതിനെ തന്റെ വന്യമായ തീര്‍ത്ഥയാത്ര എന്നാണ് ലോറന്‍സ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണസമയത്ത് തന്റെ പ്രാധാന്യമാര്‍ന്ന കഴിവുകള്‍ പാഴാക്കിക്കളഞ്ഞ ഒരു ലൈംഗികസാഹിത്യ രചിതാവ് എന്നായിരുന്നു ലോറന്‍സിനെക്കുറിച്ചുളള പൊതുജനാഭിപ്രായം. ഇ.എം. ഫോസ്റ്റര്‍ എഴുതിയ ചരമക്കുറിപ്പില്‍ ഈ വ്യാപകമായ വീക്ഷണത്തെ വെല്ലുവിളിച്ചു, “നമ്മുടെ തലമുറയിലെ ഏറ്റവും മികച്ച ഭാവനാശാലിയായ നോവലിസറ്റ് “എന്ന് ഇ.എം.ഫോസ്റ്റര്‍ ഡി.എച്ച്. ലോറന്‍സിനെക്കുറിച്ചു എഴുതി. പിന്നീട് പ്രശസ്ത കേംബ്രിഡ്ജ് നിരൂപകനായ എഫ്.ആര്‍.ലൂയിസ് ലോറന്‍സിന്റെ കലാപരമായ കെട്ടുറപ്പിനെയും സാന്മാര്‍ഗ്ഗിക ഗൗരവത്തെയും പ്രഘോഷിച്ചു. ലോറന്‍സിന്റെ കൃതികളില്‍ ഭൂരിഭാഗത്തെയും എഫ്.ആര്‍.ലൂയിസ് ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രശസ്ത പാരമ്പര്യം പിന്തുടരുന്ന നോവലുകളുടെ ഗണത്തില്‍പെടുത്തി. ഇന്ന് ലോറന്‍സ് ഒരു മാര്‍ഗ്ഗദര്‍ശിയായ ചിന്തകനായും ഇംഗ്ലീഷ് സാഹിതൃത്തില്‍ ആധുനികതയുടെ ഒരു പ്രതിനിധാതാവും ആയി കരുതപ്പെടുന്നു. എന്നാല്‍ ചില വനിതാവാദികള്‍ ലോറന്‍സിന്റെ കൃതികളിലെ ലൈംഗികതയെയും കൃതികളിലെ സ്ത്രീകള്‍ക്കുനേരയുളള കാഴ്ചപ്പാടിനെയും വിമര്‍ശിക്കാറുണ്ട്.

karoorsoman@yahoo.com
www.karoorsoman.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക