Image

ആമയുടെ ഹൃദയം

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D Published on 15 March, 2012
ആമയുടെ ഹൃദയം
കനത്ത പുറന്തോടില്‍
കറുത്ത കഠിനതയില്‍
വെറുക്കും കൂര്‍ത്ത തല നീട്ടി
ആമ പ്രതലത്തില്‍.
അമ്പതുനോമ്പു നോല്‍ക്കും
വിശുദ്ധവാരം നല്‍കും
വിനയം പൂശിയ വിമലതയില്‍
വിരുദ്ധചിന്ത വമിക്കും-
ദേഹവും ദേഹിയും മത്സരിച്ച്‌
പുനര്‍ജനിക്കും പുതുസിദ്ധി:
ആമയെന്നാല്‍ മത്സ്യപ്രതിനിധി-
മാംസം വര്‍ജ്ജ്യമെങ്കില്‍ കൂര്‍മ്മം പഥ്യം.

നായാടിയുടെ തുടിക്കും ചാക്കില്‍
വില പേശും ആമഗണങ്ങള്‍;
തിളയ്‌ക്കും ചെമ്പിലെ വെള്ളപ്പോളയില്‍
വെന്തു മലര്‍ക്കും വിധിമൃഗം.
സ്വാദിഷ്‌ടഭോജനം സുഖനിദ്രയായ്‌
വേനല്‍ച്ചൂടിലുരുകും സ്വപ്‌നം;
വാഴക്കൂട്ടം വാങ്ങും പുറന്തോടില്‍
തിരയും ആമയുടെ ഹൃദയം ...

ക്രൂരമാം തലോടലേറ്റു ചലിക്കും,
മൃഗശാലയില്‍ മതില്‍ക്കെട്ടില്‍
കറുത്ത പാറപ്പുറംകാട്ടി
കൂറ്റന്‍ കൂര്‍മ്മം ക്ഷണിക്കും:
ഒരുവട്ടം പറമ്പില്‍ കറങ്ങാന്‍,
പാറപോല്‍ ഉറച്ച പുറത്ത്‌
സാവധാന സവാരി ചെയ്യാന്‍
വെറും മഞ്ഞരണ്ടണ മാത്രം!

യോഗാസന ശാന്തതയില്‍
മുയലിന്‍ വേഗത മറച്ച്‌
ഭാരമേറ്റി ഭരണി നീങ്ങവെ
നീലാകാശ കൂണിന്‍ തണലില്‍
കൂര്‍പ്പിച്ച കര്‍ണ്ണത്തില്‍
അലയ്‌ക്കും ഹൃദയമിടിപ്പില്‍
പച്ചപ്പുല്ലില്‍ ഇഴയുംനേരം
തവഹൃത്തിന്‍ സ്‌പന്ദനമറിയും!
ആമയുടെ ഹൃദയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക