Image

ഓഖി ദുരന്തം: 324 പേര്‍ തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ സഭ

Published on 14 January, 2018
ഓഖി ദുരന്തം: 324 പേര്‍ തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ 324 പേര്‍ കൂടി ഇനിയും മടങ്ങിയെത്താനുണ്ടെന്ന് ലത്തീന്‍ സഭ അറിയിച്ചു. സഭ നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.  324 പേരില്‍ കേരളത്തില്‍ നിന്നും മറ്റ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സഭ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 111 പേരാണ് ഇനിയും മടങ്ങിയെത്താനുള്ളതെന്നും ലത്തീന്‍ സഭ പുറത്ത് വിട്ട കണക്കില്‍ പറയുന്നു. 

കാണാതായവരെ സംബന്ധിച്ച് സഭ ശേഖരിച്ച വിവരങ്ങള്‍ ഫിഷറീസ്, റവന്യു, ടൂറിസം തുടങ്ങിയ വകുപ്പുകള്‍ക്കും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുമ്പുതന്നെ നല്‍കിയിട്ടുണ്ട്. തൂത്തൂര്‍ മേഖലയില്‍ നിന്ന് മാത്രം 136 മത്സ്യത്തൊഴിലാളികള്‍ മടങ്ങിയെത്താനുണ്ട്. ഇതില്‍ മിക്ക ആളുകളും കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണെന്നും ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ യൂജിന്‍ പെരേര അറിയിച്ചു.  

കണ്ടെത്താനുള്ളവരുടെ പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സഭ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും ഈ വിവരങ്ങള്‍ കൈമാറാന്‍ കേരളം തയാറായിട്ടില്ലെന്നും കെആര്‍എല്‍സിസി യോഗം ആരോപിച്ചു. ഓഖി ദുരന്തത്തിന് ഇരകളായ മത്സ്യത്തൊഴിലാളികളുടെ ധനസഹായത്തിനായി നിയമസാധ്യത നടപ്പാക്കാനും ഇതിനായി അടിയന്തിര ഉത്തരവ് പുറപ്പെടുവിക്കാനും സര്‍ക്കാര്‍ തയാറാവണം. ഇത് തമിഴ്‌നാട്ടില്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമെ, ഓഖി ഫണ്ട് വിനിയോഗത്തിലും കൃത്യമായ മാനദണ്ഡം പാലിക്കണമെന്നും ലത്തീന്‍ സഭ ആവശ്യപ്പെട്ടിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക