Image

പാസ്‌പോര്‍ട്ട് പുറംചട്ടയുടെ കാവിവത്കരണം ഉപേക്ഷിക്കുക: ദമാം ഒഐസി സി

Published on 19 January, 2018
പാസ്‌പോര്‍ട്ട് പുറംചട്ടയുടെ കാവിവത്കരണം ഉപേക്ഷിക്കുക: ദമാം ഒഐസി സി

ദമാം: ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളുമല്ലാത്ത എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നാളിതുവരെ നല്‍കിയിരുന്ന കടും നീല നിറത്തില്‍ പുറംചട്ടയുള്ള പാസ്‌പോര്‍ട്ട് ഇനി മുതല്‍ ഒരു വിഭാഗം ആളുകള്‍ക്ക് മാത്രമായി നിജപ്പെടുത്തുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 

കടും നീല നിറത്തിലുള്ള പുറംചട്ടയുളള സ്‌പോര്‍ട്ടിനൊപ്പം കാവി നിറത്തില്‍ പുറംചട്ടയുള്ള പാസ്‌പോര്‍ട്ട് കൂടി നിലവില്‍ വരികയാണ്. വിദേശത്ത് ജോലി അന്വേഷിച്ചു പോകുന്നവരില്‍ വിദ്യാസന്പന്നരായ എമിഗ്രേഷന്‍ ആവശ്യമില്ലാത്തവരെയും എമിഗ്രേഷന്‍ ആവശ്യമുള്ള അവിദഗ്ദ്ധരും സാധാരണക്കാരുമായ തൊഴിലാളികളെയും പാസ്‌പോര്‍ട്ടിന്റെ നിറവ്യത്യാസത്തിലൂടെ വേര്‍തിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കം തുഗ്ലഖ് ഭരണപരിഷ്‌കാരമാണ്. ഇത് ഫലത്തില്‍ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് ഒഐസിസി ആവശ്യപ്പെട്ടു.

കാവി നിറത്തിലുള്ള പുറംചട്ടക്കൊപ്പം പാസ്‌പോര്‍ട്ടുടമക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നതിനെന്ന പേരില്‍ അവസാന പേജിലെ മാതാപിതാക്കളുടെയും ജീവിത പങ്കാളിയുടെയും പേര്, സ്വന്തം മേല്‍വിലാസം എന്നിവയും എടുത്ത് കളയുകയാണ്. പ്രവാസികളെ സംബന്ധിച്ചിടത്തോളം അവസാനപേജിലെ ഈ രേഖകളാണ് വിദേശത്തും സ്വദേശത്തും ഔദ്യോഗിക രേഖയായി കണക്കാക്കുന്നത്. വിശിഷ്യാ മലയാളികള്‍ക്ക് നോര്‍ക്കയില്‍ അംഗത്വമെടുക്കണമെങ്കില്‍ പോലും പാസ്‌പോര്‍ട്ടിന്റെ അവസാന പേജ് നിര്‍ബന്ധമാണ്. ഇങ്ങനെയുള്ള ഔദ്യോഗിക രേഖയെയാണ് കേന്ദ്ര സര്‍ക്കാരിന്റെ വികലമായ നയത്തിലൂടെ എടുത്തു കളയുന്നത്. ഇത് അംഗീകരിക്കാനാവില്ല. 

ചുരുക്കിപറഞ്ഞാല്‍ സാധാരണക്കാരായ പ്രവാസികളെ രണ്ടാംതര പൗരന്മാരായി വേര്‍തിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സങ്കുചിത താല്‍പര്യമാണ് നടപ്പിലാക്കുന്നത്. 

ചില രാജ്യങ്ങളില്‍ ഭര്‍ത്താവിന് ഭാര്യയ്ക്കുവേണ്ടിയോ, ഭാര്യക്ക് ഭര്‍ത്താവിന് വേണ്ടിയോ വീസക്ക് അപേക്ഷിക്കണമെങ്കില്‍ ഇരുവരുടെയും പാസ്‌പോര്‍ട്ടില്‍ പേരുകള്‍ അന്യോന്യം നിര്‍ബന്ധമാണെന്നിരിക്കെ, ഇതൊന്നും കണക്കിലെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് ബുദ്ധിശൂന്യമായ നടപടിയാണ്. 

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മദ്രസകള്‍ക്കും കാവി നിറത്തിലുളള പെയിന്റടിക്കാന്‍ ഉത്തരവിറക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടിക്ക് പിന്നാലെ ഒരൊറ്റ രാജ്യം, ഒരൊറ്റ ജനതയെന്ന ഇന്ത്യയുടെ അമൂല്യ സ്വത്വത്തെ ഇല്ലായ്മ ചെയ്യുവാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും, കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ പ്രവാസി സമൂഹവും ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് ഒഐസിസി ദമാം റീജണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. 

ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് കത്തയക്കുമെന്ന് ദമാം റീജണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ജനറല്‍ സെക്രട്ടറി ഇ.കെ.സലിം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക