Image

സുധീര്‍ പണിക്കവീട്ടിലിന്റെ അക്ഷരക്കൊയ്ത്ത് (നിരൂപണം -ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 22 January, 2018
സുധീര്‍ പണിക്കവീട്ടിലിന്റെ  അക്ഷരക്കൊയ്ത്ത് (നിരൂപണം -ജോണ്‍ വേറ്റം)
സത്യത്തിന്റെ സുന്ദരചിത്രങ്ങള്‍ എടുക്കുന്ന നിരീക്ഷണങ്ങള്‍ മലയാള സാഹിത്യ രംഗത്ത് വന്നിട്ട് അധികകാലം ആയിട്ടില്ല. ഇപ്പോഴും കലാസാഹിത്യസൃഷ്ടികളെ സംബന്ധിച്ച ചട്ടങ്ങള്‍ ഭിന്നിക്കുന്നു. ആധുനികരീതികളിലുള്ള രചനകളും പരമ്പരാഗത രചനകളും പരിശോധിച്ചാല്‍ ഇതു കാണാം. കവിത, മലയാളത്തില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിനാല്‍, കവിതയുടെ കാന്തിയിലും സുഗന്ധങ്ങളിലും ആവിഷ്‌കരണരീതികളിലും ഉളവാകുന്ന വ്യത്യസ്തകളെ  വേര്‍തിരിച്ചുകാണുന്നതിന്, കവികള്‍ക്കുമാത്രമല്ല, വായനക്കാര്‍ക്കും കഴിയും, കവിതകളെ സംബന്ധിച്ച സാമാന്യവായനക്കാരുടെ അഭിപ്രായങ്ങളും സാഹിത്യകാരന്മാരുടെ നിരൂപണങ്ങളും സമനില പാലിക്കണമെന്നില്ല. കൃതികളുടെ പഴമയും പുതുമയും കവികളെയും വായനക്കാരെയും വേര്‍തിരിക്കുമെന്ന വാസ്തവം ഓര്‍ക്കേണ്ടതാണ്. നിരന്തരവായനയിലൂടെ നിത്യവും ലഭിക്കുന്ന സാഹിത്യപരിചയം അഭിപ്രായപ്രകടനത്തിനുള്ള പക്വതയും പ്രാപ്തിയും വായനക്കാരനു നല്‍കും.
സുപ്രസിദ്ധ സാഹിത്യകാരനായ സുധീര്‍ പണിക്കവീട്ടില്‍ രചിച്ച അക്ഷരക്കൊയ്ത്ത് എന്ന കവിതാസമാഹാരത്തില്‍ എന്താണ് ഉള്ളതെന്നു നോക്കാം.

ഒരു നാണയത്തിനെന്നപോലെ സ്‌നേഹത്തിനു രണ്ട് വശങ്ങള്‍ ഉണ്ടെന്നു കരുതാം. ഒരു വശത്ത് മാതൃവാത്സല്യത്തിന്റെ സനാതനഗുണങ്ങള്‍ നിറഞ്ഞ നിര്‍മ്മലത. മറുവശത്ത് വികാരതീവ്രതയുള്ള അനുരാഗം അഥവാ കാമശൃംഗാരങ്ങള്‍ കലര്‍ന്ന പ്രേമം. ആധുനിക മനുഷ്യഭാവങ്ങളില്‍ ഊര്‍ജ്ജമായി ഉയര്‍ന്നുവരുന്നത് ഉജ്ജ്വല പ്രണദാഹമാണ്. കുറഞ്ഞുപോകുന്നത്. മാതൃത്വത്തിന്റെ തീവ്രമനോധര്‍മ്മം. ആര്‍ദ്രമായ ആത്മഗതം ഊഷ്മളമായ ആവേശം പ്രണയചിന്ത മധുരസ്മരം മായാമോഹം യൗവന വികാരം വശ്യമായ  ആശയവിനിമയം വിഷയാസക്തി എന്നിവ ഇടകലര്‍ന്ന പത്ത് കവിതകള്‍ അക്ഷരക്കൊയ്ത്തില്‍ ഉണ്ട്.

ജീവിതത്തിന്റെ ആരംഭം മുതല്‍ അന്ത്യം വരെ അനുഭവിക്കേണ്ടി വരുന്ന ദുഃഖത്തിന്റെയും സുഖത്തിന്റെയും ചിത്രങ്ങളും വിചാരങ്ങളും മനസ്സില്‍ കിടക്കും. സന്തുഷ്ടസംഗമവേളകളെ സംതൃപ്തിയോടെ ഓര്‍ക്കും. അനുഭവങ്ങളെ ആധാരമാക്കി രചിച്ചതാണ് മറ്റ് മൂന്ന് കവിതകള്‍.

വര്‍ണ്ണവര്‍ണ്ണനകള്‍കൊണ്ട് കലാസാഹിത്യസൃഷ്ടികളെ ആകര്‍ഷകവും പുഷ്ടിയുള്ളതുമാക്കുന്ന കര്‍മ്മം കാര്യക്ഷമതയുടെ ഭാഗമാണ്. കാലങ്ങളുടെ കാലാത്മകതയിലും, പ്രപഞ്ചത്തിന്റെ ചേതന ചൊരിയുന്ന കാഴ്ചകളിലും, നൈസര്‍ഗ്ഗികസൗന്ദര്യത്തിലും, പിന്നെ എവിടെയെല്ലാം കാവ്യകലയുടെ കണങ്ങള്‍ ഇറ്റുനില്‍ക്കുന്നുവെന്ന് വേറെ അഞ്ച് കവിതകളില്‍ കവി വ്യക്തമാക്കുന്നു.
മനുഷ്യന്റെ ആത്മബന്ധത്തിന്റെ ആഴമളക്കാന്‍ വൈദ്യശാസ്ത്രത്തിനും, രക്തബന്ധത്തിന്റെ ശക്തിനിശ്ചയിക്കാന്‍ ഔഷധത്തിനും സാദ്ധ്യമല്ല. മനസ്സില്‍ നന്മ ഉറങ്ങുമ്പോഴും തിന്മ ഉണര്‍ന്നു പ്രവര്‍ത്തിക്കും. സ്‌നേഹിക്കപ്പെടുന്നതറിഞ്ഞു സ്‌നേഹിക്കുമ്പോഴും വിവാഹിതയാണെന്ന ബോധം സ്ത്രീകളെ നിയന്ത്രിക്കും. പക്ഷേ, ഭര്‍ത്താവുണ്ടായിട്ടും അന്യരെ ആത്മാവില്‍ സൂക്ഷിക്കുന്നവരും ഉണ്ട്. സര്‍ഗ്ഗശക്തിയുള്ള സാഹിത്യകാരന്മാര്‍ ജീവിതാന്ത്യവരെ എഴുത്തില്‍ വ്യാപൃതരായിരിക്കും. അവര്‍ നിത്യകാമുകന്മാര്‍ ആയിരിക്കും. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും കടഞ്ഞെടുത്ത പ്രസ്തുത സിദ്ധാന്തങ്ങള്‍ സമാഹാരത്തിലുള്ള ഏഴ് കവിതകളില്‍ ധ്വനിക്കുന്നു.

'പൊടിയയും, കറിയയും' എന്ന ശീര്‍ഷകത്തില്‍ എഴുതിയ കാവ്യം ഒരു സൗഹൃദബന്ധത്തിന്റെ കഥ പറയുന്നു.

ചിരിപ്പിക്കുന്ന വാക്കും വചനവുമാണ് സാഹിത്യസൃഷ്ടികളില്‍ ഫലിതം പകരുന്ന ഉപകരണങ്ങള്‍. ഫലിതരസം വിളമ്പുന്നവര്‍ നര്‍മ്മഭാവന ഉള്ളവരായിരിക്കും. അശ്ലീലഫലിതം പാടില്ല എന്ന  വേദ പുസ്തകസിദ്ധാന്തത്തെ സാഹിത്യം, നിരാകരിക്കുന്നില്ല. എന്നാല്‍, ചിരിയരങ്ങുകള്‍ അവഗണിക്കുന്നു. ഞാന്‍ പാലാക്കാരന്‍, ഭാര്യ നേഴ്‌സാകണേ ദൈവമേ',  'ഉണ്ണൂണ്ണിയുടെ പഴക്കുല' എന്നിവയാണ് അക്ഷരക്കൊയ്ത്തിലെ ഹാസ്യകവിതകള്‍.

മതരാഷ്ട്രീയ സാമൂഹ്യസംഘടനാവേദികളിലും, പൊതു പ്രവര്‍ത്തനമേഖലകളിലും ഉയരുന്ന പ്രഭാഷണങ്ങളുടെ മുഖ്യഭാഗം വിമര്‍ശനങ്ങളും വിവാദങ്ങളുമാകാറുണ്ട്. ഇതിന് ഉദാഹരണമായ എട്ട് കവിതകള്‍ സമാഹാരത്തില്‍ ചേര്‍ത്തിട്ടുണ്ട്. സ്വാര്‍ത്ഥതയും പ്രതിലോമ ചിന്തകളുമായി ജീവിക്കുന്ന കുറെ ആളുകളുടെ സഹജസ്വഭാവങ്ങള്‍, ഭിന്നജാതിക്കാരുടെ വിചിത്രജീവിതരീതികള്‍, കുറെ മലയാളി സാഹിത്യകാരന്മാരുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണത്തിന് അയച്ചുകൊടുക്കുന്ന കൃതികള്‍ ചൂഷ്ണം ചെയ്‌തെടുക്കുന്ന പ്രവണത, സാംസ്‌ക്കാരിക സംഘടനകളിലെ മത്സരങ്ങള്‍ എന്നിവയാണഅ വിമര്‍ശനം അടിസ്ഥാനമാക്കിയുള്ള കവിതകള്‍.

അഭിനന്ദിക്കുന്നതും നന്ദിപറയുന്നതും നന്മകള്‍നേരുന്നതും നല്ല സംസ്‌ക്കാരത്തെ സൂചിപ്പിക്കുന്നു. അതു എല്ലാവരും വേണ്ടത്ര പാലിക്കപ്പെടുന്നില്ല. 
നോര്‍ത്തമേരിയ്ക്കയിലെ ഒരു പത്രമാദ്ധ്യമത്തെ നമിച്ചു നമസ്‌ക്കാരവാക്കുകള്‍കൊണ്ട് നിര്‍മ്മിച്ച കാവ്യമാണ് മലയാളം പത്രമേ, നമോവാകം!

ആഢംബരസമൃദ്ധവും അലങ്കൃതവുമായ, ആധുനിക ക്രിസ്തുമസ്സ് ആഘോഷരീതികള്‍ യേശുക്രിസ്തുവിന്റെ പാവന സിദ്ധാന്തങ്ങളെ മറക്കുന്നുവെന്ന അര്‍ത്ഥവത്തായ ചിന്ത രണ്ട് കവിതകളിലൂടെ ക്രൈസ്തവലോകത്തിനു നല്‍കുന്നുണ്ട്. അതില്‍ ഭക്തിയും യുക്തയുക്തിയും ഉണ്ട്.

സകലഭാഷകളിലും പ്രസിദ്ധീകരിക്കുന്ന ആകര്‍ഷകവിഷയമാണ് കാമകല. വിഷയസുഖം അനുഭവിക്കുന്നതിനുള്ള ആഗ്രഹം ജനങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ് കാരണം. അക്ഷരക്കൊയ്ത്തിലെ പല കൃതികളിലും ശൃംഖാരമെന്ന സുഗന്ധപ്പൊടി വിതറിയിട്ടുണ്ട്. എങ്കിലും, 'നീലിയും നളിനനും', 'അഭിസാരിക' എന്നീ കവിതകളില്‍ കാമം മുറ്റി നില്‍ക്കുന്നു.

അന്തരിച്ചുവെങ്കിലും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന വിശ്വപ്രസിദ്ധി നേടിയ തകഴി ശിവശങ്കരപ്പിള്ളയെയും, അനാഥരുടെ അമ്മ എന്ന് വിളിക്കപ്പെട്ട  സെയിന്റ് തെരേസ്സയേയും, ന്യൂയോര്‍ക്കില്‍ ഭീകരതയുടെ സ്‌ഫോടനത്തില്‍ പൊട്ടിത്തകര്‍ന്ന ഇരട്ട സൗധങ്ങളെയും, കുറെ ബാല്യകാല അനുഭവങ്ങളെയും അനുസ്മരിക്കുന്ന കവിതകളും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

പൗരാണികന്മാരുടെ ഭരണരീതികളിലും നീതിനിയമങ്ങളിലും ഉറ്റു നോക്കുവാന്‍ പ്രേരിപ്പിക്കുന്ന 'റാം, റാം' എന്ന കൃതിയും ആചാരങ്ങളുടെ അടിമകളായി സ്വയം വെട്ടിമരിച്ച കാര്‍മ്മികരുടെ രക്തം കുടിച്ച ഘട്ടത്തിന്റെ കഥ പറയുന്ന ഒരു വെളിച്ചപ്പാടിന്റെ മരണവും മാരകമായ ആരാധനാ രീതികള്‍ക്കെതിരെ പ്രതികരിക്കുവാന്‍ പ്രേരിപ്പിക്കുന്നു. വിചാരവിപ്ലവം ജ്വലിപ്പിക്കുന്ന കവിതകള്‍.

ലളിതമായ വാക്കുകള്‍ ചേര്‍ത്തു കുട്ടികള്‍ക്കുവേണ്ടി ചിട്ടപ്പെടുത്തിയ, ഭാവശുദ്ധിയുള്ള, നാല്കൃതികളും സമാഹാരത്തില്‍ ഉണ്ട്.

ഒരു സാംസ്‌കാരികസംഘടനയെ സംബന്ധിച്ച പരാമര്‍ശവും, മാവേലിമന്നന്റെ ഉപദേശങ്ങളും, ഇന്നത്തെ സാമൂഹ്യതലങ്ങളില്‍ ആഭിജാത്യമുള്ളവരും പാദസേവചെയ്യുന്നവരും വേറിട്ടു നില്‍ക്കുന്ന വസ്തുതയും, സ്ത്രീകളെ അസ്വതന്ത്രരാക്കുന്ന അസമത്വവും, നോര്‍ത്തമേരിക്കയില്‍ മുരടിച്ചുനില്‍ക്കുന്ന കവിതാസാഹിത്യം എങ്ങനെ വളര്‍ത്തെപ്പെടുമെന്ന  ചോദ്യവും അടിസ്ഥാനമാക്കി രചിച്ച അഞ്ച് കവിതകളും അക്ഷരക്കൊയ്ത്തിന്റെ ഭാഗമാണ്.

മലയാളഭാഷയെ അമ്മയായി കാണുന്ന മനുഷ്യസ്‌നേഹത്തെ പുണ്യവികാരമായി കരുതുന്ന രണ്ട് കവിതകളും കവിതാസമാഹരത്തിലുണ്ട്. 

ജാതിചിന്തയും മതപരിവര്‍ത്തനവും ഊതിയാല്‍ കത്തുന്ന കനലുകള്‍പോലെ ജനഹൃദയങ്ങളില്‍ കിടക്കുമ്പോള്‍ മതം മാറുന്നവര്‍ക്ക് ഉണ്ടാകാവുന്ന അനുഭവം എന്തായിരിക്കുമെന്ന സൂചന 'ജാതി ചോദിക്കുന്നു ഞാന്‍, സോദരാ' എന്ന നര്‍മ്മഗീതത്തില്‍ മുഴങ്ങുന്നു. അമേരിക്കയിലെ അക്ഷരലോകത്ത് തിളങ്ങുന്ന ഇ-മലയാളി എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗീതമാണ് അക്ഷരക്കൊയ്ത്ത്. അതില്‍ എഴുത്തുകാരുടെ ബഹുത്വവും വായനക്കാരുടെ ക്ഷാമവും ശ്രദ്ധേയമാക്കി. ധാര്‍മ്മികമായ ഉത്തരവാദിത്ത്വമുള്ള ഒരു സാഹിത്യകാരന്റെ യുക്തിചിന്ത അതിനെ ഊര്‍ജ്ജിതമാക്കുന്നു.
നിഷ്‌കളങ്കതയുടെ ആഹ്ലാദം പങ്കിട്ട കളിക്കൂട്ടുകാരെ കാലങ്ങള്‍ അകലങ്ങളിലാക്കിയാലും, അവരുടെ പുന:സംഗമത്തില്‍ സൗഹൃദം തളിര്‍ക്കുമെന്ന് തെളിയിക്കുകയാണ് 'കൂടിക്കാഴ്ച'.

അനുശോകാകുലമായ പാരതന്ത്ര്യത്തിന്റെയും, പരിതപ്തമായ നഷ്ടബോധത്തിന്റെയും, ഗദ്ഗദപൂര്‍ണ്ണമായ മോഹഭംഗത്തിന്റെയും ഹൃദയസ്പര്‍ശിയായ വാക്കുകള്‍കൊണ്ട് നെയ്‌തെടുത്ത ഗാനങ്ങളും ചേര്‍ത്തിട്ടുണ്ട്. പ്രകൃതിഭംഗികളണിഞ്ഞ മലയാളനാട് മനോഹരയാണെങ്കിലും ജാതീയസംഘര്‍ഷങ്ങളാല്‍ കേഴുകയാണെന്നും കവി പാടുന്നു.
കാവ്യലോകത്തോടുളള കവിയുടെ ആത്മസ്‌നേഹവും, കവിതാനുരാഗത്തോടുകൂടിയ വിചാരങ്ങളും, ജീവിതത്തിന്റെ അന്ത്യം എവിടെയായിരിക്കും മരണാനന്തരം എന്ത് സംഭവിക്കും എന്ന ആത്മഗതവും രണ്ട് കൃതികളില്‍ തീവ്രമായ വൈകാരികത നല്‍കുന്നു.

'ഒരു മണ്ണാകട്ട പറഞ്ഞത്' എന്ന കവിതയിലൂടെ കടങ്കഥ പറഞ്ഞു വിജ്ഞാനപരീക്ഷ നടത്താനും കവിശ്രമിച്ചിട്ടുണ്ട്.

വാലന്റയിന്‍ പുണ്യവാളന്റെ ഓര്‍മ്മപ്പെരുന്നാളിനെ നവീകരിച്ചും സ്‌നേഹബന്ധങ്ങളുടെ അനുസ്മാരകദിനമാക്കി മാറ്റിയും നൂതന പ്രവണതകളോടെ ലോകവ്യാപകമായിത്തീര്‍ന്ന പ്രണയദിനത്തെ ആധാരശിലയാക്കി ആവിഷ്‌ക്കരിച്ച നാല് പദ്യകൃതികളും സമാഹാരത്തിലുണ്ട്. അനുരാഗത്തിന്റെ അഭിനിവേശം അണിഞ്ഞൊരുങ്ങിയ കൃതികള്‍.
സന്തുഷ്ടമാകേണ്ട ദാമ്പത്യജീവിതത്തില്‍ അസംതൃപ്തിയും മടുപ്പും ഉണ്ടാകുന്നതിന്റെ ഒരു ഹേതു പൂര്‍ണ്ണമാകാത്ത ലൈംഗികബന്ധമെന്നു തെളിഞ്ഞിട്ടുണ്ട്. അതുപരിഹരിക്കുവാന്‍ ചികിത്സ ഉണ്ടെങ്കിലും, ആരോഗ്യവും സന്മനസ്സുമുള്ള ദമ്പതികളെ തടഞ്ഞു നിര്‍ത്തുന്നത് അവരുടെ മതപരമായ വിശ്വാസമാണ്. ഭാര്യാഭര്‍ത്താക്കന്മാരുടെ ലൈംഗികബന്ധം സന്തോനോല്പാദനത്തിനു വേണ്ടിയുള്ളതാണെന്നും, അതിനു വെളിയിലുള്ള ഇണചേരല്‍ നിഷിദ്ധമായിട്ടോ പാപമായിട്ടോ കരുതണമെന്നും പഠിപ്പിക്കുന്നു.  ഒരു മതത്തില്‍ ഈ വിശ്വാസത്തിന്റെ അടിസ്ഥാനം ബൈബിള്‍ ആകുന്നു. സങ്കീര്‍ത്തനങ്ങള്‍. 51.5: ഞാന്‍ ആകൃത്യത്തില്‍ ഉരുവായി. പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു. ഏതാനും സഭകള്‍ ഈ വചനത്തെ ആരാധനാക്രമത്തില്‍ ചേര്‍ത്തു(51-ാം മസുമൂര്‍) ചൊല്ലുന്നു. ബൈബിളിന്റെ പുതിയ ഭാഷാന്തരം ഈ വചനത്തെ നവീകരിച്ചു. കണ്‍ടെംപ്രറി ഇംഗ്ലീഷ് വെര്‍ഷനില്‍ പ്രസുത വചനം ഇല്ല. സ്വന്തം ഭാര്യയില്‍ സന്തോഷിക്കുന്നതിന് ബൈബിള്‍ ഉപദേശിച്ചിട്ടുണ്ട്(സദൃശവാക്യങ്ങള്‍/ സുഭാഷിതങ്ങള്‍; 5 : 18-19). നിങ്ങള്‍ സന്താനസമൃദ്ധിയുള്ളവരായി വര്‍ദ്ധിച്ചുപെരുകുവാന്‍ ദൈവം മനുഷ്യനെ അനുഗ്രഹിച്ചിട്ടുമുണ്ട്(ഉല്‍പത്തി. 1.28). കവിയുടെ ലഘുലേഖനത്തോടുകൂടിയാണ് 'വയാഗ്ര' എന്ന കവിത ആരംഭിക്കുന്നത്. അര്‍ത്ഥവത്തായ കാര്യങ്ങള്‍ അവയില്‍ നിവര്‍ത്തിയിട്ടുണ്ട്. അര്‍ത്ഥവത്തായ കാര്യങ്ങള്‍ അവയില്‍ നിവര്‍ത്തിയിട്ടുണ്ട്. പരസ്പരസഹകരണത്തോടെ ദാമ്പത്യജീവിതം സന്തുഷ്ടമാക്കാന്‍ കവി ആഹ്വാനം ചെയ്യുന്നു.

ഈ സമാഹാരത്തില്‍ 76 കവിതകള്‍ ഉണ്ട്. അനുഭവം അനുരാഗം അഭിനന്ദനം ഓര്‍മ്മ കാമകല കുടുംബം കുട്ടികള്‍ക്കു വേണ്ടിയുള്ള രചന തത്വചിന്ത ദാമ്പത്യം ദേശീയം നര്‍മ്മം പ്രണയം ഭക്തി ഭാഷ മതം വര്‍ണ്ണന വിചാരവിപ്ലവം സാമൂഹ്യ സൗഹൃദം എന്നീ വിവിധവിഷയങ്ങള്‍ കവിതാസമാഹാരത്തിനു വര്‍ണ്ണ വൈവിദ്ധ്യം നല്‍കുന്നു. വ്യക്തമായ കാവ്യഗുണങ്ങളും താളക്രമവും തീവ്രതയും ഭാവനയും സാന്ദ്രതയും ഹൃദ്യതയും വേണമെന്ന വിചാരത്തോടെ എഴുതിയ കവിതകള്‍. വായനക്കാരില്‍ പ്രതികരണം ഉളവാക്കുന്നതും ആനന്ദവും സംതൃപ്തിയും പകരുന്നതും സന്‍മാര്‍ഗ്ഗത്തിലേക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതുമായ കവിതകളാണ് അധികം.
നോര്‍ത്തമേരിക്കയിലെ മലയാള സാഹിത്യകാരന്മാരുടെ സമൂഹത്തില്‍ കവികള്‍ ഇല്ല എന്ന പരാമര്‍ശം കേരളീയകവികള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ ആ തെറ്റിന് ഒരു തിരുത്താണ് അക്ഷരക്കൊയ്ത്ത്. കാവ്യാത്മകമായ  ഭാവനയുടെ കവിതകള്‍. സുധീറിന് അഭിനന്ദനം.

കോപ്പികള്‍ക്ക്: Email: Sudhirpanikkaveetil@gmail.com

സുധീര്‍ പണിക്കവീട്ടിലിന്റെ  അക്ഷരക്കൊയ്ത്ത് (നിരൂപണം -ജോണ്‍ വേറ്റം)
Join WhatsApp News
James Mathew, Chicago 2018-01-22 19:31:44
നീലിയും നളിനനും, അഭിസാരിക എന്നീ കവിതകളിൽ കാമം മുറ്റി നിൽക്കുന്നു. സുധീർ
ഓപ്പൻ ആയിട്ട് എഴുതിട്ടുണ്ടോ? എന്തായാലും വേ റ്റത്തിന്റെ നിരൂപണം പുസ്തകത്തെക്കുറിച്ച് ഒരു സമഗ്ര വിവരം തരുന്നു. കവിക്കും നിരൂപകനും ആശംസകൾ.
Keraleeyan 2018-01-22 19:46:50
കാട്ടുപോത്തിനു എന്ത് കേട്ടുകേൾവി എന്ന് പറയുന്നപോലെയാണ് വായനയുടെ കാര്യത്തിൽ അമേരിക്കൻ മലയാളികൾ.  അവർക്ക് എന്തെങ്കിലും വായിച്ച് ആസ്വദിക്കാൻ നേരമുണ്ടോ?? അവർക്ക് ട്രംപിനെ കുറ്റം പറയാനും, ദിലീപിനെ ജയിലിൽ അടക്കാനും നെട്ടോട്ടം ഓടണമെന്നല്ലാതെ. . എന്തായാലും വേ റ്റം അദ്ദേഹത്തിന്റെ സമയം കളഞ്ഞു. ഇങ്ങനെ എത്രയോ പുസ്തകങ്ങൾ അമേരിക്കൻ മലയാളി എഴുതുന്നു. 
Ninan Mathullah 2018-01-22 23:04:15
All the best to Sudhir Sir and the critic. I enjoy his writing in 'emalayalee.
josecheripuram 2018-01-22 21:49:43
Mr Sudhir is one of my best friend since so many years.Most of his poems I have red,he has his unique way of writing which is like a fluent flow of breez which soothens our souls.All the best "KAVE".Continue the good work.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക