Image

ഡാലസില്‍ ബൈക്ക് ഷെയറിംഗ് പ്രശ്‌നമാവുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 23 January, 2018
ഡാലസില്‍ ബൈക്ക് ഷെയറിംഗ് പ്രശ്‌നമാവുന്നു (ഏബ്രഹാം തോമസ്)
ഡാലസ്: ഡാലസ് നഗരത്തില്‍ ബസ്‌റ്റോപ്പുകളിലും കുറെ അകലെയായും ബൈസിക്കിളുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നഗരവാസികള്‍ അമ്പരന്നു. അന്വേഷണത്തില്‍ പലരും മനസിലാക്കിയത് തെരുവോരത്ത് സ്റ്റാഡിലിട്ട് വച്ചിരിക്കുന്ന 20,000ല്‍ അധികം സൈക്കിളുകള്‍ അഞ്ച് കമ്പനികള്‍ വാടകയ്ക്ക് നല്‍കുകയാണെന്ന്. ഒരു മണിക്കൂറിന് ഒരു ഡോളര്‍  വാടക ക്രമത്തില്‍ ആര്‍ക്കും ഈ സൈക്കിളുകള്‍ ഉപയോഗിക്കാം.

എന്നാല്‍ തെരുവുകള്‍ വച്ചിരിക്കുന്ന സൈക്കിളുകള്‍ ഒരു നയന മനോഹര കാഴ്ചയല്ല. പല സ്ഥലങ്ങളിലും നടപ്പാതകള്‍ ആക്രമിച്ച് കാല്‍ നടക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഭൂമി ശാസ്ത്രപരമായും അല്ലാതെയും ഏവര്‍ക്കും കാണാനാവുമായിരുന്ന സുന്ദര കാഴ്ചകള്‍ മറച്ച് വിരൂപമായ ഒരു ചിത്രമാണ് കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്. ഇങ്ങനെ ആരോപണങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

ഇപ്പോള്‍ ഡാലസ് സിറ്റി മാനേജര്‍ ടി.സി.ബ്രോഡ്‌നാക്‌സ് ലൈംബൈക്ക്, ഓഫോ, വിബൈക്ക്‌സ്, സ്പിന്‍, മോബൈക്ക് എന്നീ അഞ്ചു കമ്പനികള്‍ക്ക് കത്തയച്ചിരിക്കുകയാണ്. ഡാലസ് ഡോക്ക്‌ലെസ് ബൈക്ക് ഷെയര്‍ പ്രോഗ്രാം എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന സൈക്കിളുകള്‍ ഫെബ്രുവരി 9ന് മുന്‍പ് മാറ്റി തെരുവോരങ്ങള്‍ പഴയപടി ആക്കാനാണ് നിര്‍ദ്ദേശം.

കമ്പനികള്‍ 10 അടിയില്‍ കുറവ് വീതിയുള്ള നടപ്പാതകളില്‍ നിന്നും കര്‍ബുകൡ നിന്നും സൈക്കിളുകള്‍ നീക്കം ചെയ്യണം. പുല്‍ത്തകിടിയില്‍ നിന്നും സമതലമല്ലാത്ത പ്രദേശത്തുനിന്നും ഇവ മാറ്റണം. കാലടി പാതകളുടെ ആരംഭത്തില്‍ മാത്രം ഇവ ഒരു വശത്ത് പാര്‍ക്ക് ചെയ്യുക.

ഡാലസ് മേയര്‍ മൈക്ക് റൗളിംഗ്‌സ് മാനേജരുടെ നീക്കത്തെ പ്രകീര്‍ത്തിച്ചു. താന്‍ സ്വയം ഇവയില്‍ ചില കമ്പനികളെ വിളിച്ച് പുതിയ നിയമം വരാന്‍ പോകുകയാണ് എന്നറിയിച്ചതായി മേയര്‍ പറഞ്ഞു. ഡാലസ് നഗരവാസികള്‍ കാല്‍നടയായി പോകുമ്പോള്‍ അത് ആയാസ് രഹിതമായിരിക്കണം. അവര്‍ക്ക് കൂടുതല്‍ ബൈക്ക് സൗകര്യങ്ങള്‍ ആവശ്യമാണെന്ന് തോന്നാം. പക്ഷെ ഇതിന് ചില നിയമങ്ങള്‍ പാലിക്കേണ്ടി വരും, മേയര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഓഗസ്റ്റില്‍ നഗരത്തിലുണ്ടാക്കിയിരുന്നത്(സ്വകാര്യ വ്യക്തികളുടേത് അല്ലാതെ) പൂജ്യം സൈക്കിളുകളായിരുന്നു. ഗാര്‍ലന്റ് നഗരത്തില്‍ ആസ്ഥാനമുള്ള വിബൈക്ക്‌സാണ് ആദ്യം ഡാലസ് വിപണിയില്‍ എത്തിയത്. ഇപ്പോള്‍ 20,000 ല്‍ അധികം സൈക്കിളുകള്‍ തെരുവിനരികില്‍ ഉണ്ടെന്ന് ബ്രോഡ്‌നാക്‌സ് പറഞ്ഞു. ആറാമതൊരു കമ്പനി, ബ്രിട്ടീഷ് കൊളമ്പിയ ആസ്ഥാനമായ യു ബൈസിക്കിള്‍സും ഉടനെ ഡാലസിലെത്താന്‍ സാധ്യതയുണ്ട്.

ഡാലസ് നഗരാധികൃതര്‍ 2017 ഡിസംബര്‍ 7ന് ബൈക്ക് ഷെയര്‍ കമ്പനികളുമായി സംസാരിച്ചപ്പോള്‍ വഴിയോരങ്ങളില്‍ തകര്‍ന്നു കിടക്കുന്നവയും അല്ലാത്തവയുമായ സൈക്കിളുകള്‍ ശേഖറിക്കണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം കമ്പനികള്‍ നടപ്പാക്കിയില്ലെന്ന് അധികൃതര്‍ പറയുന്നു.

ഫെബ്രുവരി 9ന് ശേഷം നിര്‍ദേശങ്ങള്‍ പാലിക്കാത്ത സൈക്കിളുകള്‍ പൗണ്ടിലേയ്ക്ക് മാറ്റാനാണ് ഡാലസ് നഗരസഭ ഉദ്ദേശിക്കുന്നത്. 50 ഡോളര്‍ പിഴ ഒടുക്കിയാല്‍ മാത്രം  സൈക്കിള്‍ തിരികെ നല്‍കിയാല്‍ മതി എന്നാണ് മേയറുടെ നിര്‍ദ്ദേശം, നിര്‍ദ്ദേശത്തില്‍ നഗരസഭ തീരുമാനം എടുത്തിട്ടില്ല.

ഡാലസില്‍ ബൈക്ക് ഷെയറിംഗ് പ്രശ്‌നമാവുന്നു (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക