Image

'ശ്രീജിവിന്റെ മരണം: സിബിഐ നാളെ കേസ്‌ റജിസ്റ്റര്‍ ചെയ്യും

Published on 23 January, 2018
'ശ്രീജിവിന്റെ മരണം:  സിബിഐ നാളെ കേസ്‌ റജിസ്റ്റര്‍ ചെയ്യും
തിരുവനന്തപുരം: ശ്രീജിവിന്റെ മരണത്തില്‍ സിബിഐ ബുധനാഴ്‌ച കേസ്‌ റജിസ്റ്റര്‍ ചെയ്യും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ്‌ അന്വേഷണച്ചുമതല. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍ ഇന്നു പരിഗണിക്കാനിരിക്കെയാണ്‌ ഉത്തരവു വന്നിരിക്കുന്നത്‌.

സിബിഐ അന്വേഷണം തുടങ്ങിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന്‌ ശ്രീജിത്ത്‌ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപടികളില്‍ തൃപ്‌തിയില്ല. സര്‍ക്കാരിന്‌ നേരത്തെ തന്നെ നടപടികളെടുക്കാമായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്‌. 

അന്വേഷണത്തിന്റെ നടപടികള്‍ ആരംഭിച്ചാല്‍ മാത്രമേ സമരം നിര്‍ത്തുകയുള്ളൂ. വിജ്ഞാപനം ഇറങ്ങിയതുകൊണ്ട്‌ മാത്രം സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത്‌ വ്യക്തമാക്കിയിരുന്നു.

കുറ്റാരോപിതരായ പൊലീസുകാര്‍ തങ്ങള്‍ക്കെതിരായ നടപടികള്‍ സ്‌റ്റേ ചെയ്‌തുകൊണ്ടുള്ള ഉത്തരവു ഹൈക്കോടതിയില്‍നിന്നു സമ്‌ബാദിച്ചിരുന്നു. ഈ സ്‌റ്റേ നീക്കണമെന്നും സിബിഐ അന്വേഷണത്തിനായി ഉത്തരവു നല്‍കണമെന്നും ആവശ്യപ്പെട്ടാണു ശ്രീജിത്ത്‌ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്‌. കുറ്റാരോപിതരെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്യണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക