Image

മകനെതിരെ കേസില്ലെന്ന്‌ കോടിയേരി

Published on 24 January, 2018
 മകനെതിരെ കേസില്ലെന്ന്‌ കോടിയേരി


തന്റെ മൂത്തമകനെതിരെ യാതൊരുവിധ പരാതിയുമില്ലെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ മകന്‍ ബിനോയ്‌ കോടിയേരി മറുപടി പറയുമെന്നും അദേഹം പറഞ്ഞു. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം പുറത്തേക്ക്‌ വരുമ്പോഴാണ്‌ കോടിയേരി മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌.


ഇതിനിടെ കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന പരാതി ഒതുക്കി തീര്‍ക്കാന്‍ തലസ്ഥാനത്ത്‌ തിരക്കിട്ട ശ്രമം തുടങ്ങി. ദുബൈയിലെ ജാസ്‌ ടൂറിസം പ്രതിനിധി രാഹുല്‍ കൃഷ്‌ണ തിരുവനന്തപുരത്തെത്തി. ബിനോയ്‌ കോടിയേരിക്കെതിരെയുള്ള പരാതി പിന്‍വലിപ്പിക്കാന്‍ ഇദേഹവുമായി സിപിഎം പ്രതിനിധികള്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ ചര്‍ച്ച നടത്തിയിരുന്നു.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരിയും തമ്മില്‍ എകെജി സെന്ററില്‍ കൂടിക്കാഴ്‌ച നടത്തി. മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതോടെനിയമസഭയില്‍ നിന്ന്‌ പിണറായി നേരിട്ട്‌ എകെജി സെന്ററില്‍ എത്തുകയായിരുന്നു.

ദുബായില്‍ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസിലെ മുഖ്യ പ്രതി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകനാണെന്ന്‌ വ്യക്തമായ രേഖകള്‍ പുറത്തുവന്നിരുന്നു. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി കോടിയേരിയുടെ മൂത്തമകനായ ബിനോയ്‌ കോടിയേരിക്കെതിരെയാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌.

 കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ്‌ വിടുകയും ചെയ്‌ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ പറയുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക