Image

കാമദേവനും വാലന്‍ടൈനും (ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 14 February, 2018
കാമദേവനും വാലന്‍ടൈനും (ഡോ.നന്ദകുമാര്‍ ചാണയില്‍)
വാലന്‍ടൈന്‍ ഡേ ഇന്ന് ലോകം മുഴുവന്‍ ആഘോഷിക്കുന്ന, കമിതാക്കളുടെ ഒരു ഉത്സവമായി മാറിയിരിക്കുകയാണ്. പാശ്ചാത്യരാജ്യങ്ങളില്‍ എന്നു വേണ്ടാ, എവിടേയും ഈ ദിവസം ഹരം പകരുന്ന ഒന്നായിരിക്കുന്നു.

വാലന്‍ടൈന്‍ ആഘോഷം തുടങ്ങുന്നതിന് എത്രയോ മുമ്പു തന്നെ, നമ്മുടെ കൊച്ചുകേരളത്തില്‍, ദിവ്യത്വം മുറ്റി നിന്നിരുന്ന തിരുവാതിര ആഘോഷിച്ചിരുന്നു. പ്രാണനാഥന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും ദീര്‍ഘായുസ്സിനും വേണ്ടി സുമംഗലിമാര്‍ നൊയമ്പ് നോറ്റ് വ്രതശുദ്ധിയോടെ തിരുവാതിര കൊണ്ടാടുക പതിവായിരുന്നു. ചുറ്റുവട്ടത്തുമുള്ള തരുണീമണികള്‍ ഉറക്കമൊഴിക്കുന്നതിനായി, നീരാട്ടും, തിരുവാതിരക്കളിയും ഊഞ്ഞാലാട്ടവുമായി ശിശിര രാവിന്റെ കുളിരും തണുപ്പും സഹിച്ച് ധനുമാസത്തിലെ പൂ നിലാവിന്റെ പരിരംഭണത്തില്‍ മതിമറന്ന് തിരുവാതിര ഒരാഘോഷമായി കൊണ്ടാടി. കാലം മാറിയതനിനനുസരിച്ച് കോലവും മാറി. ഇന്നു പാശ്ചാത്യരെ അനുകരിച്ച്, കേരളത്തിന്റെ ഓണംകേറാ മൂലകളില്‍ പോലും വാലന്‍ടൈന്‍ ഡേ എത്തിയിരിക്കുന്നു. വാലന്‍ടൈന്‍ ഡേ, ആശംസാ കാര്‍ഡുകളും, കേക്കും, സമ്മാനങ്ങളുമായി ഇന്ന് നമ്മുടെ ചെറുപ്പക്കാര്‍ ഒരു ആഢംബരമാക്കി മാറ്റി. പാശ്ചാത്യരെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ കമ്പോളങ്ങളും, ഈ സന്നാഹങ്ങള്‍ക്ക് കൊഴുപ്പുക്കൂട്ടി, തകൃതിയായി നടത്തുന്നു. ഇതിനെല്ലാമുപരിയായി, വാലന്‍ടൈന്‍ ദിനത്തിന് ലൈംഗികതയുടെ പരിവേഷവും യുവതലമുറ നല്‍കി ലാളിക്കുന്നു. ഇതെഴുന്നയാളിന്റെ കൗമാരപ്രായത്ത് ഇങ്ങനെയുള്ള ഒരാഘോഷത്തെക്കുറിച്ച് നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വിപ്പോലും ഉണ്ടായിരുന്നില്ല.

തിരുവാതിരയുടെ പിന്നിലെ കഥ ഇങ്ങിനെ പോകുന്നു. ദക്ഷന്റെ പുത്രിയായ സതീദേവിയെ, ശ്വശുരന്റെ സമ്മതമില്ലാതെ ആണല്ലോ ശ്രീപരമേശ്വരന്‍ സ്വപത്‌നിയാക്കിയത്. ദക്ഷന്‍ സര്‍വ്വാഢംബരങ്ങളോടെ, ഒരു യാഗം നടത്തിയപ്പോള്‍, സ്വന്തം മകളേയും ജാമാതാവായ ശ്രീപരമേശ്വരനേയും മനഃപൂര്‍വ്വം ക്ഷണിച്ചില്ല. ക്ഷുഭിതനായ ശിവന്‍ യാഗത്തിന് പോകുന്നതില്‍ നിന്നും സതീദേവിയെ വിലക്കി. പ്രാണനാഥന്റെ എതിര്‍പ്പിനെ വകവക്കാതെ, തന്റെ അച്ഛന്‍ നടത്തുന്ന യാഗമായതുകൊണ്ട് ക്ഷണിച്ചില്ലെങ്കിലും പോകുമെന്ന വാശിയോടെ യാഗത്തില്‍ പങ്കുചേരാന്‍ സതീദേവി പോയി. ഒട്ടനവധി അതിഥികളുടെ മുമ്പില്‍ വച്ച് അപമാനിക്കപ്പെട്ട സതീദേവി തീയ്യില്‍ചാടി ആത്മഹത്യ ചെയ്തു. ഈ ദുരന്തം കാരണം, മനം നൊന്ത പരമശിവന്‍ കൈലാസത്തില്‍ തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഹിമവാന്റെ സപുത്രിയായ പാര്‍വ്വതിക്ക് പൂജാനുഷ്ഠാനങ്ങളില്‍ പരമശിവനെ സഹായിക്കാനവസരം കിട്ടിയത്.(ഇടക്ക് പറയട്ടെ, സതീദേവിയുടെ പുനരവതാരമാണ് ശ്രീപാര്‍വ്വതി). ഇതിനിടെ ഭൂ ലോകത്ത് താരകാസുരന്റെ താണ്ഡവം സഹിക്ക വയ്യാതെ, ദേവന്മാരും മനുഷ്യരും നരകമനുഭവിക്കാന്‍ തുടങ്ങി. താരകാസുരനില്‍ നിന്നും സുരക്ഷ ലഭ്യമാകണമെങ്കില്‍, താരകാസുരവധം കൊണ്ടേ പറ്റൂ. ശൈവ സന്തതിക്കേ ഈ ദുര്‍ഘടം പിടിച്ച കര്‍മ്മം ചെയ്യാന്‍ സാദ്ധ്യമാവുകയുള്ളൂ എന്നു മനസ്സിലാക്കിയ ഇന്ദ്രഭഗവാന്‍ പഞ്ചബാണനായ കാമദേവനെ സമീപിച്ചു. ശ്രീപാര്‍വ്വതിയുടെ സേവനത്തില്‍ സന്തുഷ്ടനായ പരമശിവന്‍, അവരെ അനുഗ്രഹിക്കുന്ന തല്‍മാത്രമയില്‍, കാമദേവന്‍ സാക്ഷാല്‍ പരമശിവനെ ഉന്നമാക്കി അമ്പെയ്തു.(വാലന്‍ടൈന്‍ എബ്ലത്തിലെ അമ്പിന്റെയും കാമദേവന്റെ കഥയിലെ അമ്പിന്റേയും സാദൃശ്യം മാന്യവായനക്കാര്‍ ശ്രദ്ധിക്കുമല്ലോ, അമ്പെയ്ത്തിനെക്കുറിച്ച് ഓരോരുത്തരുടെ ഭാവനക്കൊത്ത് വിവിധ വ്യാഖ്യാനങ്ങളുമുണ്ടായി.). തപശ്ചര്യയില്‍ മുഴുകിയിരുന്ന തന്റെ ചഞ്ചലമായത് എങ്ങിനെയൊന്നു പരിശോധിച്ച പരമശിവനു മനസ്സിലായി ഇതു കാമദേവന്റെ കളിയാണെന്ന്. തന്റെ തപസ്സു മുടക്കിയതില്‍ കോപാന്ധനായ പരമശിവന്‍ തൃക്കണ്ണുകൊണ്ട് കാമദേവനെ തല്‍ക്ഷണം ഭസ്മമാക്കി. കാമദേവന്റെ തിരോധാനത്താല്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍പുതന്നെ അപകടത്തിലാവുമല്ലോ എന്നു കരുതി കാമദേവന്റെ പുനര്‍ജനനത്തിനുവേണ്ടി അദ്ദേഹത്തിന്റെ പത്‌നിമാരായ രതിയും പ്രീതിയും ഉപവാസമനുഷ്ഠിക്കാന്‍ തുടങ്ങി എന്നാണ് സങ്കല്പം. ഈ പതിവ്രതമാരുടെ പരിത്യാഗം കൊണ്ട് പുനര്‍ജനിച്ച കാമദേവന്‍ നഷ്ടശരീരനാകകൊണ്ട് അനംഗനെന്നുപേരിലും അറിയപ്പെടുന്നു. കാമദേവനെന്ന ഭര്‍ത്താവിന്റെ അങ്ങിനെ ജീവന്‍ തിരിച്ചുകിട്ടുകയാല്‍, പിന്‍തുടര്‍ച്ചക്കാരായ സ്ത്രീജനങ്ങള്‍ ഭര്‍ത്തൃക്ഷേമത്തിനായി തിരുവാതിര നോയ്മ്പ് തുടങ്ങി.

കാമദേവനും വാലന്‍ടൈനും (ഡോ.നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക