Image

തെറ്റാത്ത പ്രണയ സമവാക്യങ്ങള്‍ (ശരത് ശശി )

ശരത് ശശി Published on 14 February, 2018
തെറ്റാത്ത പ്രണയ സമവാക്യങ്ങള്‍ (ശരത് ശശി )
നാട്ടില്‍ ഗണിതശാസ്ത്രത്തില്‍ കേമന്‍ ആയ നമ്പീശന്‍ സാര്‍ അന്ന് അവനോട് അറുത്തു മുറിച്ചു പറഞ്ഞു.
'ഇനി കണക്ക് തെറ്റിച്ചാല്‍ നിന്റെ ചെവി ഞാന്‍ വലിച്ചു കീറും.'

ആ വാക്കുകള്‍ സൃഷ്ടിച്ച മറ്റൊലികള്‍ ചെന്ന് നിന്നത് നാട്ടിലെ മറ്റൊരു പ്രമുഖന്‍ ആയ മണി സാറിന്റെ വീട്ടുപടിക്കല്‍ ആണ്.അതിപ്രധാനമായ ജീവശാസ്ത്രത്തിന്റെ നാല് അധ്യായങ്ങള്‍ കഴിഞ്ഞിരിക്കുന്ന ആ വൈകിയ വേളയില്‍, നാല് വരുംകാല എസ്എസ്എല്‍സി റാങ്കുകാര്‍ പഠിക്കുന്ന ട്യൂഷന്‍ ക്ലാസ്സില്‍ അവനെ ചേര്‍ക്കുന്നത് ഉചിതം ആകില്ല എന്ന തോന്നലില്‍ മണി സാര്‍ അവന്റെ അഡ്മിഷന്‍ ആദ്യം സ്‌നേഹപൂര്‍വം നിരസിച്ചു എങ്കിലും, മണി സാറിന് റെഫ്യൂസ് ചെയ്യാന്‍ പറ്റാത്ത ഒരു ഓഫറിന്റെ ബലത്തില്‍ അവന്‍ അവിടെ കയറി പറ്റി.

നീല പാവാടയും, വെള്ള ഷര്‍ട്ടും ധാരിണികള്‍ ആയ കുമാരികളെ മാത്രം കണ്ടു,വറ്റി വരണ്ട വേനല്‍ ചൂടില്‍ വിയര്‍ത്ത അവന്റെ ജീവിതത്തിലേക്ക് വര്‍ണശഭളമായ ഒരു പത്ത് മുപ്പത് സുന്ദരികള്‍ അന്നാണ് കടന്ന് വന്നത്.അവന് അഡ്മിഷന്‍ കിട്ടിയ ശനിയാഴ്ച ദിവസത്തെ, ഉച്ചതിരിഞ്ഞുള്ള ഭൂമിശാസ്ത്ര ക്ലാസ്സില്‍ രണ്ടര മണിക്കൂര്‍ സമയം ഫലപ്രദമായി ഉപയോഗിച്ചു അവന്‍ ക്ലാസ്സിലെ പെണ്കുട്ടികളുടെ ഒരു ഏകദേശ കണക്കെടുപ്പ് നടത്തി വരും ദിവസങ്ങളിലേക്കുള്ള പ്രവര്‍ത്തന പദ്ധതിയുടെ കരട് തയ്യാറാക്കി.

ആദ്യം കണ്ണില്‍ ഉടക്കിയ പേടിച്ച പേട മാന്‍ മിഴികളുടെ ഉടമസ്ഥയുടെ മുന്‍വരിയിലെ രണ്ടു പല്ലുകള്‍ പുഴുപ്പല്ലുകള്‍ ആയിരുന്നു. അത് കാഡ്ബറീസ് ചോക്ലേറ്റുകള്‍ ശീലമായ അവളുടെ സാമ്പത്തിക സ്ഥിതിയെ വിളിച്ചു പറഞ്ഞു.അന്നത്തെ താരമായിരുന്ന പ്രിയാ രാമന്റെ ഒരു വിദൂര ഛായ തോന്നിയ ആ പേട മാന്‍ മിഴിയ്ക്ക് പിന്നാലെ രണ്ടു ആഴ്ച കാലത്തോളം അവന്‍ സഞ്ചരിച്ചു.ജീവിതത്തില്‍ എല്ലാ പ്രണയങ്ങളും അതി തീവ്രങ്ങള്‍ ആയിരുന്ന അവന്റെ ഹൃദയം നീറിപ്പുകഞ്ഞ ആ ദിവസങ്ങള്‍ക്ക് തിരിശീലയിട്ടത് അവളുടെ രണ്ടാം പേരിനെ കുറിച്ചുള്ള അറിവായിരുന്നു.ആ പേര് അവളുടെ ജാതി വിളിച്ചു പറഞ്ഞിരുന്നു.തികഞ്ഞ മതേതര വിശ്വാസി ആയിരുന്നെങ്കിലും ജനിച്ച നാള്‍ മുതല്‍ അവനോടൊപ്പം ഉള്ളില്‍ വളര്‍ന്ന തല്ലിനോടുള്ള അകാരണമായ ഭയം അവനോട് ആ ഇഷ്ടം വേണ്ടെന്ന് പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ജയിക്കാന്‍ തുനിഞ്ഞു ഇറങ്ങിയ അവന് ബാക്കപ്പ് പ്ലാനുകള്‍ ധാരാളം ഉണ്ടായിരുന്നതിനാല്‍ കാഡ്ബറീസ് ചോക്ലേറ്റില്‍ നിന്നും അവന്‍ നേരെ പോയത് അംബാസിഡര്‍ കാറിലേക്ക് ആണ്.എന്നും ഫാന്‍സി നമ്പര്‍ അംബാസിഡര്‍ കാറില്‍ െ്രെഡവര്‍ കൊണ്ടു വിടുകയും, വിളിച്ചു കൊണ്ടു പോകുകയും ചെയ്യുന്ന ആ ക്ലാസിലെ സൂക്ഷിച്ചു നോക്കിയാല്‍ സുന്ദരിയായ ഒരു കുമാരിയോട്, സെക്കന്‍ഡ് ഹാന്‍ഡ് ബിഎസ്എ എസ്എല്‍ആര്‍ (റീപെയിന്റഡ്) മാത്രം സ്വന്തമായി ഉള്ള അവന് തോന്നിയത് ആരാധനയ്ക്ക് അപ്പുറം മറ്റു പലതും ആയിരുന്നു.

ആദ്യമായി അവന്‍ അവളെ കാണുമ്പോള്‍ വൈകുന്നേരത്തെ ഇളംവെയിലില്‍ അവളുടെ കണ്ണുകള്‍ ചിമ്മിയിരുന്നു.പല തവണ ചുവന്ന ചുരിദാര്‍ കണ്ടിട്ടുണ്ടെങ്കിലും അത് ഒരു അത്ഭുതമായി തോന്നിയത് അന്നായിരുന്നു.

പ്രണയത്തിന്റെ നാമ്പുകള്‍ ഒരിക്കല്‍ കൂടി മുള പൊട്ടട്ടേ എന്ന് അനുവാദം ചോദിച്ച മനസ്സിനോട്,

'മുള പൊട്ടിയാല്‍ വളര്‍ന്ന് പന്തലിക്കാന്‍ രണ്ടു ലോഡ് രാസവളം ഞാന്‍ പകര്‍ന്നു നല്‍കാം'

എന്നാണ് അവന്റെ ഹൃദയം അന്ന് പറഞ്ഞത്.

മൊട്ടിട്ട പ്രണയം പൂത്തതും, കായ്ച്ചതും അവന്റെ കണ്ണുകളില്‍ ആയിരുന്നു.പക്ഷേ പ്രണയ കഥകള്‍ പറഞ്ഞ ആ കണ്ണുകളെ അവള്‍ വിളിച്ചത് 'വായിനോക്കി' എന്നായിരുന്നു. പിന്നീട് അവളും കൂട്ടുകാരും പറഞ്ഞു ചിരിച്ച കഥകളില്‍ അവന്റെ പേര് 'ഫെയര്‍ ആന്‍ഡ് ലവ്‌ലി' എന്നായിരുന്നു. ചരിത്ര പുസ്തകത്തില്‍ പഠിച്ച വര്‍ണ വര്‍ഗ വിവേചനമാണ് അവനു അതിന്റെ അര്‍ത്ഥം പറഞ്ഞു കൊടുത്തത്.

അവന്‍ തളരാന്‍ തയ്യാറല്ലായിരുന്നു.വളരുന്ന പ്രണയത്തോട് ഒപ്പം, അവളുടെ ഫാന്‍സി നമ്പര്‍ അംബാസിഡര്‍ കാറും അവനില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു. മോഹം കണ്ണില്‍ പ്രേമം നല്‍കുന്നതിന് പകരം അവന് ധൈര്യമാണ് നല്‍കിയത്. ആ ധൈര്യത്തോട് ഒപ്പം, കൂട്ടുകാരുടെ കളിയാക്കല്‍ കൂടി ആയപ്പോള്‍, ജീവിതത്തില്‍ ആദ്യമായി അവന്‍ പ്രണയം തുറന്ന് പറഞ്ഞു. ഒരു പതിനഞ്ചുകാരന്റെ ധീരതയുടെ മറുപടി അവനില്‍ തിരിച്ചെത്തിയത്, അവന്റെ അമ്മയ്ക്ക് കിട്ടിയ ഫോണ്‍ കോളിലൂടെ ആയിരുന്നു.പിന്നീട് ജീവിതത്തില്‍ അവനു വളരാന്‍ ഊര്‍ജം നല്‍കിയ, അവന്‍ കേട്ടറിഞ്ഞ ആ വാക്കുകളുടെ സാരാംശം ഇതായിരുന്നു.

'എനിക്ക് ആ ട്രീ ഡോഗിനെ കണ്ണെടുത്താല്‍ കണ്ടു കൂടാ.ആ സാധനത്തിനോട് ഇനി എന്റെ മുന്നില്‍ വരരുത് എന്നു പറയണം,എന്റെ അച്ഛന്‍ ഒക്കെ ഈ പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ കാര്യങ്ങള്‍ മോശം ആകും.'

അവന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ തൊട്ട ആ വാക്കുകള്‍ പിന്നീട് ഒരുപാട് ദിവസങ്ങളിലേക്ക് അധ്വാനത്തിനുള്ള ഊര്‍ജം അവന് പകര്‍ന്ന് നല്‍കി.

അപമാന ഭാരവും പേറി അവളുടെ കണ്ണ് എത്താത്ത ദൂരത്തേക്ക് ഓടിയൊളിച്ചെങ്കിലും,അവന്‍ തനിക്ക് കഴിയുന്നത്ര നന്നായി പഠിക്കാന്‍ ശ്രമിച്ചു.എന്‍ട്രന്‍സ് പരീക്ഷയില്‍ നല്ലൊരു റാങ്ക് വാങ്ങി ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജില്‍ ചേര്‍ന്നു. പഠനത്തിനിടയില്‍ അവന്റെ തുറന്നു വെച്ച പുസ്തകത്താളുകളില്‍ പല കുറി അവളുടെ മുഖം മിന്നി മാഞ്ഞു. അവള്‍ കാറില്‍ വന്നിറങ്ങുന്ന കാഴ്ചയുടെ ഓര്‍മകള്‍,എല്ലാം മറക്കാന്‍ ശ്രമിച്ച അവനെ വീണ്ടും കുത്തിനോവിച്ചു.

വിഷമം,അതിജീവനത്തിന്റെ പാഠങ്ങള്‍ പൊട്ടിച്ചെറിഞ്ഞ ചില ദിവസങ്ങളില്‍ അവന്‍ പബ്ലിക്ക് ടെലിഫോണ്‍ ബൂത്തുകളില്‍ നിന്നും അവളുടെ ലാന്‍ഡ് ഫോണ്‍ നമ്പറിലേക്ക് വിളിച്ചു.മറുപടി പറയാന്‍ ഉള്ള ധൈര്യം ഇല്ലായിരുന്നെങ്കിലും, വല്ലപ്പോഴും കേള്‍ക്കാന്‍ സാധിക്കുന്ന അവളുടെ 'ഹലോ' എന്ന ഒരു വാക്കിനായി മാത്രം.

അതിജീവനത്തിന്റെ ദിവസങ്ങള്‍ക്ക് അപ്പുറം, പഠനം പൂര്‍ത്തിയാക്കി അവനൊരു ജോലിക്കാരന്‍ ആയി.വിദേശത്തു പോയി കുറേ പണം സമ്പാദിച്ചു.നഷ്ടപ്പെട്ടു പോയ ആത്മവിശ്വാസം പതിയെ അവനില്‍ മടങ്ങിയെത്തി.ഉള്ളിലെ അപകര്‍ഷത മാഞ്ഞു തുടങ്ങിയ ദിവസങ്ങളില്‍ ഒന്നില്‍ അവന്‍ അവളെ കുറിച്ചു വീണ്ടും അന്വേഷിച്ചു.ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാത്ത കാലം,കഴിഞ്ഞു പോയ വര്‍ഷങ്ങള്‍ക്കിടയില്‍ അവളെ ഒരു ഭാര്യയായും അമ്മയായും രൂപം മാറ്റി കഴിഞ്ഞിരുന്നു.

തുടരന്വേഷങ്ങളില്‍ അവളെ കുറിച്ചു കേട്ടത് അത്ര സന്തോഷ വാര്‍ത്തകള്‍ ആയിരുന്നില്ല. എന്തോ ഒരു പ്രശ്‌നത്തിന്റെ പേരില്‍ അവളുടെ വിവാഹബന്ധം വേര്‌പെട്ടുവെന്നും, അവളുടെ അച്ഛന്റെ ബിസിനസ് ഒക്കെ പൊളിഞ്ഞു കഷ്ടപ്പാടില്‍ ആണെന്നും അവന്‍ കേട്ടറിഞ്ഞു.

അവന്റെ ഹൃദയംപറഞ്ഞത്,

'അവളെ അന്വേഷിച്ചു പോകണം' എന്നായിരുന്നു.

'സാഹചര്യങ്ങളുടെ മുതലെടുപ്പ് എന്ന് മറ്റുള്ളവര്‍ കരുതും'

എന്നാണ് അവനെ മനസ് ഉപദേശിച്ചത്.

ആ സംഘര്‍ഷത്തില്‍ ജയിച്ചത് അവന്റെ ഹൃദയം ആയിരുന്നു.അങ്ങിനെ ദിവസങ്ങള്‍ നീണ്ട ആലോചനയ്ക്കും കണക്കു കൂട്ടലുകള്‍ക്കും ശേഷം,അവന്‍ അവളുടെ വീട് അന്വേഷിച്ചു യാത്രയായി.ഈ കാലത്തിനിടയില്‍,മനസ്സ് കൊണ്ട് ഒരുപാട് തവണ അവന്‍ അവിടെ പോയി വന്നിരുന്നു.പല തവണ ബസ്സില്‍ കടന്നു പോകുമ്പോഴും എത്തി വലിഞ്ഞു നോക്കിയിരുന്ന ആ വീടിന്റെ ഗേറ്റിന് മുന്നില്‍ അവന്‍ നിന്നു.അവന്റെ കരസ്പര്ശത്തില്‍ തുരുമ്പെടുത്ത് തുടങ്ങിയ ഗേറ്റ് വല്ലാത്തൊരു ശബ്ദം ഉണ്ടാക്കി, പുറത്തു ഒരാള്‍ വന്ന വിശേഷം ആ പ്രദേശത്ത് ആകെ വിളിച്ചു അറിയിച്ചു.

ജീര്‍ണിച്ചു തുടങ്ങിയ പ്രതാപത്തിന്റെ അവശേഷിപ്പുകള്‍, അവനേറെ തവണ കണ്ട സ്വപ്നങ്ങളില്‍ നിന്ന് അകലെ ആയിരുന്നു. ഉമ്മറത്ത് പുസ്തകം വായിച്ചു കൊണ്ടിരുന്ന ഒരു കൊച്ചു പെണ്കുട്ടി അവനെ കണ്ടതും അകത്തേക്ക് കയറി പോയി. വീടിന്റെ പിന്നാമ്പുറത്ത് നിന്ന് പാത്രം കഴുകുന്ന ഒരു യുവതി,പാത്രം കഴുകല്‍ മതിയാക്കി, പരിഭ്രമത്തോടെ അയാളെ നോക്കി.

'കടം തിരികെ ചോദിച്ചു വന്ന ആരെങ്കിലും ആയിരിക്കുമോ?'

എന്നൊരു ചോദ്യം ആ മുഖത്തു നിന്ന് അയാള്‍ വായിച്ചെടുത്തു.വില കുറഞ്ഞ,മുഷിഞ്ഞ വസ്ത്രങ്ങള്ക്കും, മുഖത്തു കാലം തീര്‍ത്ത പ്രാരാബ്ദത്തിന്റെ കരിപ്പാടുകള്‍ക്കും മേലെ, ആ പഴയ ചുവന്ന ചുരിദാറുകാരിയുടെ മുഖം അവന്‍ തിരിച്ചറിഞ്ഞു.
അവള്‍ അവനടുത്തേക്ക് നടന്നു എത്തുന്നതിനും മുമ്പ്, വീടിന്റെ മുന്‍വാതില്‍ തുറന്ന് ഒരു വൃദ്ധന്‍ അവന്റെ മുന്നിലേക്ക് എത്തി.

നിറം മങ്ങി തുടങ്ങിയ അയാളുടെ കണ്ണട ഫ്രയിമും, പിഞ്ചി തുടങ്ങിയ വെള്ള ബനിയനും പഴയ പ്രതാപ കാലത്തിന്റെ കഥകള്‍ പറഞ്ഞില്ല.മുന്‌പൊരിക്കലും കണ്ടിട്ടില്ലെങ്കിലും,വലിയൊരു കന്‍സ്ട്രക്ഷന്‍ കമ്പനി ഉടമ ആയിരുന്ന, പണ്ട് തന്നെ ഗുണ്ടകളെ അയച്ചു തല്ലിക്കാന്‍ പോന്നയാള്‍ എന്നു അവള്‍ പറഞ്ഞ അതികായന്‍ അയാള്‍ തന്നെയാണ് എന്ന് അവന്‍ തിരിച്ചറിഞ്ഞു.

'എന്തു വേണം ?'

എന്ന വൃദ്ധന്റെ ചോദ്യത്തില്‍ നീരസം പ്രകടമായിരുന്നു.

ഒരു ചോദ്യത്തിലോ, വാക്കിലോ പതറി പോകാത്ത വിധം, കാലം അവനെ കരുത്തന്‍ ആക്കിയിരുന്നു.ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം,

മുറ്റത്തെ കോണില്‍,കഥാ നായിക ചാരി നിന്നിരുന്ന തുരുമ്പിച്ചു തുടങ്ങിയ വെള്ള അംബാസിഡര്‍ കാര്‍ ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു.

'എനിക്ക് അതില്‍ താല്‍പര്യം ഉണ്ട്, നല്ല വില തരാം.'

വിജയശ്രീലാളിതനായി, ബിസിനസ് ജയിച്ചു മുറ്റത്തേക്ക് നടക്കുമ്പോള്‍, അവന്റെ മനസില്‍ ഇരുന്ന് ആരോ പറഞ്ഞു.

'ഇനി മറ്റേ കാഡ്ബറീസുകാരിയുടെ ഭര്‍ത്താവിന്റെ ബേക്കറിയില്‍ പോയി ഒരു ഡയറി മില്‍ക്ക് സില്‍ക്ക് വാങ്ങണം. അങ്ങിനെ ജീവിതത്തിലെ പ്രണയത്തിന്റെ കടങ്ങള്‍ ഓരോന്നായി വീട്ടണം.'


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക