Image

പ്രണയ സമ്മാനം (മീട്ടു റഹ്‌മത് കലാം)

Published on 14 February, 2018
പ്രണയ സമ്മാനം (മീട്ടു  റഹ്‌മത്  കലാം)
പ്രണയദിനത്തിൽ എബി ആനിയ്ക്ക് നൽകിയ സമ്മാനം ഒരു കത്താണ്. അവന്റെ ഹൃദയത്തുടിപ്പ് ആ തുണ്ടുകടലാസ്സിൽ അവൾ തൊട്ടറിഞ്ഞു. കാശുമുടക്കാത്ത ഗിഫ്റ്റ് എന്നുപറഞ്ഞു കൂട്ടുകാർ കളിയാക്കി. അമൂല്യമായ എന്തോ കിട്ടിയതുപോലെ അതീവ  സന്തോഷത്തോടെ ഹോസ്റ്റലിലെ തന്റെ കിടപ്പുമുറിയിലെ കട്ടിലിൽ തലയിണ ചാരിവെച്ച് മറ്റാരും കാണാതെ മറച്ചുപിടിച്ച് ശ്വാസം അടക്കിപ്പിടിച്ചാണ് അവളത് വായിച്ചത്.

എന്റെ അന്നക്കുട്ടി, 

പ്രണയമഴയിൽ നിത്യവും നനയുന്ന നമ്മൾക്ക് സ്നേഹം കൈമാറാൻ പ്രത്യേകമായൊരു ദിവസം വേണമെന്ന് എനിക്ക് തോന്നുന്നില്ല. ജൂൺ- ജൂലൈ മാസങ്ങളിൽ പെയ്യുന്ന മഴയെക്കാൾ ഉള്ളം കുളിർപ്പിക്കുന്നത് വേനൽ മഴയല്ലേ? അതുപോലെ അപ്രതീക്ഷിതമായി സംഭവിക്കുന്നതിനേ ജീവിതത്തിൽ രസം പകരാനാകൂ. ഇന്ന് പ്രണയദിനമാണ്, അവൻ സമ്മാനം തരും എന്ന പ്രതീക്ഷയിൽ കിട്ടുന്നത് ഇതുതന്നെ ആയാലും മഴക്കാലത്തെ പതിവുമഴയ്ക്ക് സൃഷ്ടിക്കാൻ കഴിയുന്ന ഭാവമേ അതിനുള്ളു. സമ്മാനം തരാൻ ഉദ്ദേശമില്ലെന്നും പോക്കറ്റ് മണിയിൽ നിന്ന് ഇതിന്റെ പേരിൽ ഈ പിശുക്കന് ഒന്നും മാറ്റാൻ കഴിഞ്ഞില്ലെന്നും ഓർത്ത് ചിരിക്കുവാണല്ലേ നീ? അതിലും സത്യം ഇല്ലാതില്ല. നിന്റെ ചുണ്ടിലെ ഈ ചിരി മായാതെ കാത്തോളവും എന്നൊരുറപ്പേ എനിക്ക് തരാൻ കഴിയൂ. എന്റെയുള്ളിൽ നിനക്കായി ഒഴുകുന്ന പ്രണയസമുദ്രത്തിന്റെ ആഴം തിരിച്ചറിഞ്ഞാൽ വാലന്റൈൻ പുണ്യാളനെ ആ സ്ഥാനത്തു നിന്നിറക്കി എന്നെ പ്രതിഷ്ഠിക്കും. 

അത്രയ്ക്ക് ഇഷ്ടമുണ്ട്. സമ്മാനമായി ഒരുമിച്ചൊരു ജീവിതകാലം വാഗ്ദാനം ചെയ്യുന്നു...

സ്നേഹപൂർവ്വം 

എബി 


തലേനാൾ അവൾ ഒരുപാട് കരഞ്ഞിരുന്നു. എബിക്ക് സമ്മാനം വാങ്ങാൻ വെച്ച പൈസ ഓർക്കാപ്പുറത്ത് സെമസ്റ്റർ ഫീസ് അടയ്ക്കാൻ എടുക്കേണ്ടി വന്നത് കുറച്ചല്ല വേദനിപ്പിച്ചത്. എന്തായാലും കത്ത് വായിച്ചപ്പോൾ മനസ്സ് തണുത്തു. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം ഈ സ്നേഹം തന്നെയാണെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക