Image

ഒരു അഡാര്‍ ലവ് മുതല്‍ കൊലപാതക രാഷ്ട്രീയം വരെ: പി.സി. ജോര്‍ജിന്റെ കുറിപ്പ്‌

Published on 15 February, 2018
ഒരു അഡാര്‍ ലവ് മുതല്‍ കൊലപാതക രാഷ്ട്രീയം വരെ: പി.സി. ജോര്‍ജിന്റെ കുറിപ്പ്‌
യൂത്ത് കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ഷുഹൈബിന്റെ മരണത്തില്‍ പ്രതികരണവുമായി പി.സി ജോര്‍ജ് എംഎല്‍എ. 

പി.സി ജോര്‍ജിന്റെ വാക്കുകളിലേക്ക്-

ഒരു അഡാര്‍ ലൗ നന്നായിട്ടുണ്ട് ഗാനവും, പാട്ടിലുള്ള കുഞ്ഞുങ്ങളുടെ അഭിനയവും. നമ്മുടെ യുവതീ യുവാക്കളെ മറ്റൊരു വിഷയത്തിലേക്കുകൂടി ശ്രദ്ധ ക്ഷണിക്കുന്നതിനായാണ് ഈ ഗാനത്തിലെ ചിത്രങ്ങള്‍ ഉപയോഗിച്ചത് ഈ സിനിമയുടെ സംവിധായകനും അഭിനന്ദങ്ങള്‍.

ആഘോഷങ്ങളും, സന്തോഷങ്ങളും നമുക്കുവേണം പക്ഷെ അതോടൊപ്പം സഹജീവി സ്‌നേഹവും ഈ കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ ബോംബെറിഞ്ഞ് വീഴ്ത്തി, നിരവധി വെട്ടും കുത്തുമേല്‍പ്പിച്ച് അതി ക്രൂരമായി കൊലപ്പെടുത്തിയത് എല്ലാവരും അറിഞ്ഞു കാണുമല്ലോ.

കൊലചെയ്യപ്പെട്ട ആ ചെറുപ്പക്കാരന്‍ ഒരു കൊച്ചിനെയും കയ്യില്‍ പിടിച്ച് മുണ്ടുമുടുത്ത് നില്‍ക്കുന്ന ചിത്രം എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല.

ചില കാര്യങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ വെറുതെ കണ്ണിറുക്കില്ല
പ്രബലരായ രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് നടത്തുന്ന അക്രമവും, കൊലപാതകവും കണ്ണൂരുകാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. ആ ചെറുപ്പക്കാരനെ കൊല ചെയ്യുന്നതിന് മുന്‍പേ, കൊല്ലുമെന്ന് പറഞ്ഞ് കൊലവിളി നടത്തി പ്രകടനവും നടത്തിയിരിക്കുന്നു. എത്ര നീചമായാണ് എതിര്‍ നിലപാടുള്ളവരെ ഇക്കൂട്ടര്‍ ഇല്ലായ്മ ചെയ്യുന്നതെന്നതിന് വലിയ ഉദ്ദാഹരണമാണ് ഇത്തരം പ്രവര്‍ത്തികള്‍. ഇതിലൂടെ ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നേടിയെടുക്കുന്നതാകട്ടെ ഭീതി ജനിപ്പിച്ച്കൊണ്ടുള്ള രാഷ്ട്രീയ അടിമത്തവും. ഒരുവശത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനായി വലിയ പ്രക്ഷോപങ്ങള്‍ നടത്തുമ്പോള്‍, മറുവശത്ത് പാര്‍ട്ടി ഗുണ്ടകളെ വളര്‍ത്തി എതിരഭിപ്രായമുള്ളവരെ വെട്ടി നിരത്തുന്നു.

ചിന്താ ശക്തിയുള്ള യുവജനമേ ഷുഹൈബെന്നത് നമുക്കുമുന്നിലുള്ള വലിയ ചോദ്യ ചിഹ്നമാണ്. കാലാ കാലങ്ങളായി അവസാനമില്ലാതെ തുടരുന്ന ഈ കൊലപാതക രാഷ്ട്രീയം ക്യാന്‍സര്‍ പോലെ നമുക്ക് ചുറ്റും പടരും. നിങ്ങള്‍ക്കുള്ളൊരു ഭിന്നാഭിപ്രായം, ഈ ക്യാന്‍സറിനെ നിങ്ങളുടെ വീട്ടു പടിക്കലുമെത്തിക്കും. ഈ ക്യാന്‍സര്‍ ഇനിയുമിങ്ങനെ പടരാന്‍ അനുവദിക്കരുത്.

രാഷ്ട്രീയ നേതാക്കളെ, ജനപ്രതിനിധികളെ നിങ്ങളുടെ മക്കളെയും കുടുംബത്തെയും സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചും, ഇരുത്തിയതിനുംശേഷം ഓരോ കൊലപാതകങ്ങള്‍ കഴിയുമ്പോഴും കൂടെയുള്ളവര്‍ക്ക് ആവേശം പകരാന്‍ 'ഇതുനു പകരം ചോദിക്കുമെന്ന്' പറഞ്ഞു നടത്തുന്ന വെല്ലുവിളികള്‍ ഉണ്ടല്ലോ.. ആ വെല്ലുവിളി സ്വന്തം മക്കളെയോ സഹോദരങ്ങളെയോ കൂടെ ഇരുത്തി ഒരു പ്രാവശ്യമെങ്കിലും നടത്തുമോ..?

അങ്ങനെ ചെയ്താലേ നിങ്ങള്‍ക്ക് മനസ്സിലാകൂ നൊന്തുപെറ്റ ഒരമ്മയുടെ വേദന. അച്ഛനെ നഷ്ടപ്പെട്ട മകന്റെ വേദന. ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യയുടെ വേദന. ജേഷ്ടനെ നഷ്ടപ്പെട്ട സഹോദരന്റെ വേദന. ഈ വേദനകള്‍ക്കൊപ്പം നിങ്ങളെ മരണം വരെ വേട്ടയാടാനുള്ള തീരാ ശാപവും.

പി.സി. ജോര്‍ജ്ജ് എം.എല്‍.എ.
ഒരു അഡാര്‍ ലവ് മുതല്‍ കൊലപാതക രാഷ്ട്രീയം വരെ: പി.സി. ജോര്‍ജിന്റെ കുറിപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക