Image

കൊലപതക രാഷ്ട്രീയത്തിന്റെ സാമൂഹിക മനസ്ഥിതി (ജെ എസ് അടൂര്‍)

Published on 18 February, 2018
കൊലപതക രാഷ്ട്രീയത്തിന്റെ സാമൂഹിക മനസ്ഥിതി (ജെ എസ് അടൂര്‍)
എന്ത് കൊണ്ടാണ് കേരളം കൊലപാതക രാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് .?

കേരളത്തില്‍ ഈ കഴിഞ്ഞ ഇരുപത്തി ഒന്ന് മാസത്തില്‍ 21 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതായത് ശരാശരി ഒരു മാസത്തില്‍ ഒരു രാഷ്ട്രീയ കൊലപാതകം. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ചു 2000 മുതലുള്ള 17 വര്‍ഷങ്ങളില്‍ 172 കൊലപാതകങ്ങള്‍ ആണ് നടന്നത്. അത് കഴിഞ്ഞ് നടന്നതും കൂടെ കൂട്ടിയാല്‍ അത് 185 ങ്കിലും ആകും, അതായതു കേരളത്തില്‍ ശരാശരി മിനിമം ഒരു പത്തു പേരെങ്കിലും ഒരു വര്‍ഷത്തില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ കൊല ചെയ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ കണക്കു അനുസരിച്ച്പതിനേഴ് വര്‍ഷങ്ങളില്‍ഏറ്റവും കൂടുതല്‍ കൊല്ലപെട്ടത് സി പീ എം കാരാണ് - 85 പേര്‍ . അത് കഴിഞ്ഞു കൂടുതല്‍ കൊല്ലപെട്ടത് ആര്‍ എസ എസ/ബി ജെ പി പ്രവര്‍ത്തകര്‍ ആണ് - 65 പേര്‍ . പതിനൊന്നു കൊണ്‍ഗ്രസുകാരും. അതിപോലെ 11 മുസ്ലീം ലീഗുകാരും കൊല്ലപെട്ടു. പുതിയ പാര്‍ട്ടി ആയ എസ് ഡി പി ഐ യും കൊലപാതക രാഷ്ട്രീയത്തിന്റെ ഭാഗമായി.

കഴിഞ്ഞ രണ്ടു ദശകങ്ങളിലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത് സി പി എം നേതുത്വംകൊടുക്കുന്ന എല്‍ ഡി എഫ് ഭരണകാലത്താണ്. അഖിലേന്ത്യാ തലത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടുതല്‍ അരങ്ങേറുന്നത്യു പി യിലും ബീഹാറിലും പിന്നെ കേരളത്തിലും ആണ്. പക്ഷെ രാഷ്ട്രീയ കൊലപാതകങ്ങളുടെ റേറ്റ് ജനസംഖ്യയും ആയി താരതമ്യപ്പെടുത്തിയാല്‍ കേരളം ആണ് മുന്നില്‍. കേരളത്തില്‍ കണ്ണൂര്‍ മുന്നില്‍ .

കേരളം ഇത്രമാത്രം അക്രമാസക്തമായ ഒരു സമൂഹം ആയത് എങ്ങെനെ ആണ്?. ഇത്രയം സാമൂഹിക വികസന സൂചികയിലും വിദ്യാഭ്യാസത്തിലും എല്ലാം മുന്നില്‍ നില്‍ക്കുന്ന ഈ സമൂഹം എങ്ങനെ ഇത്രഅക്രമാസക്തമായി?

അതിനു പ്രധാന ഒരു കാരണം രാഷ്ട്രീയ അക്രമങ്ങള്‍ കേരള സമൂഹത്തില്‍ നോര്‍മലൈസ് ചെയ്യപെട്ടിരിക്കുന്നു എന്നാണ്.അതിനു ചരിത്രപരവും സാമൂഹികവും ആയ കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന്ജനസാന്ദ്രമായ സമൂഹത്തില്‍ ഉള്ള അസമാനതകളും അതില്‍ നിന്ന് ഉളവാകുന്ന അക്രമത്വരയുള്ള കിടമത്സരങ്ങളും ആണ്.രാഷ്ട്രീയ കൊലപാതങ്ങള്‍ അതിന്റെ അടയാള പെടുത്തലില്‍ ഒന്ന് മാത്രം.

ഇന്ന് അക്രമം കുത്തിനിറച്ചവാക്കുകള്‍ കൊണ്ടും ആരോപണ പ്രത്യാരോപങ്ങള്‍ കൊണ്ടും പരസ്പരം മുറിവേല്‍പ്പിച്ചു കയ്യാങ്കളി രാഷ്ട്രീയം 'നോര്‍മല്‍ ' ആണ്.അതു മാധ്യമ ചര്‍ച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും നിയമ സഭയില്‍ പോലും 'നോര്‍മല്‍ ' ആണ്. അങ്ങനെ പലതരത്തില്‍ പല കാരങ്ങളാല്‍ അക്രമത്വരആന്തരവല്‍ക്കരിക്കപ്പെട്ട ഒരു രാഷ്ട്രീയ വ്യവഹാര സംസ്‌കാരം ആണ് കേരളത്തില്‍ ഉള്ളത്. അതിന്റെ അനുരണനങ്ങളില്‍ഒന്നു മാത്രമാണ് വാക്ക്‌പോരില്‍ തുടങ്ങി മത്സര കൊലപാതകങ്ങളില്‍ അവസാനിക്കുന്ന പകയുടെയും,പ്രതികാരത്തിന്റെയും ഭയത്തിന്റെയുംരാഷ്ട്രീയം.

താഴെ കാണുന്ന ചില തോന്നലുകള്‍ ചര്‍ച്ചക്ക് വക്കുന്നു.

1) കേരളം ഏറ്റവും ജന സാന്ദ്രമായ സംസ്ഥാനം ആണ്. പാരമ്പര്യമായി കേരളത്തിലെ ഭൂമിയുടെ ഭൂരിഭാഗവും പത്തില്‍ താഴെ ശതമാനം ഉള്ള സവര്‍ണ്ണ ഭൂ ഉടമകളുടെ കൈവശം ആയിരുന്നു.
ചുരുക്കത്തില്‍ കേരളം വളരെഅസാമാനതകളുംനീതി നിഷേധങ്ങളും നിറഞ്ഞ സമൂഹം ആയിരുന്നു. പഴയ സ്ഥിതിക്കു വളരെ മാറ്റം ഉണ്ടായെങ്കിലും കേരളത്തില്‍ ഇന്നും അസമാനതകള്‍ കൂടുതല്‍ ആണ്.കേരളത്തെ പോലെ വലിയ ജനസാന്ദ്രത ഉള്ള സ്ഥലത്തു ഭൂമിയും ഭൂമിയുടെ മേലുള്ള അധികാര-സാമ്പത്തികവും ഒരു വലിയ ഘടകം തന്നെയാണ്.കഴിഞ്ഞ ഇരുപത്തി അഞ്ചു കൊല്ലങ്ങളില്‍ ഭൂമിയുടെ ഉടമസ്ഥ അവകാശംഒരു പരിധി വരെ പ്രവാസ പണം കൊണ്ട് മാറിയെങ്കിലും കേരളത്തില്‍ ഇന്നും അസമാനതയുടെ ഒരു മാനദണ്ഡം ഭൂമിയാണ്.അസമാനതയും നീതി നിഷേധങ്ങള്‍ കൂടിയ ജനസാന്ദ്ര ഇടങ്ങളില്‍ കിട മത്സരങ്ങളും അക്രമങ്ങളും കൂടുന്നു എന്ന് പല പഠനങ്ങളും കാണിക്കുന്നുണ്ട്. ലോകത്തു പലയിടത്തും അതിനു ഉദാഹരങ്ങള്‍ ഉണ്ട്. അതു ചിലപ്പോള്‍ രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടാണ് ചിലപ്പോള്‍ സ്വത്വ കിടമത്സരം കൊണ്ടും.

കേരളത്തിലെഅസാമാനതകളുടെ നാരായ വേര് വളരേ വികലമായ ജാതി വ്യവസ്ഥയില്‍ ആയിരുന്നു. ആ ജാതി -മത വ്യവസ്ഥയുടെ കാഠിന്യം പഴയതു പോലെ ഇല്ലെങ്കിലും രാഷ്ട്രീയ സാമൂഹിക പിന്നാമ്പുറത്തു ഇന്നും ജാതി -മത വേര്‍തിരിവുകള്‍ സ്വത്വ കാരണങ്ങളാലും പ്രത്യയ ശാസ്ത്ര കാരണങ്ങളാലും നിലനില്‍ക്കുകയും സാമ്പത്തിക -രാഷ്ട്രീയ കിടമത്സരങ്ങളുടെ ചാലകങ്ങള്‍ ആയി വര്‍ത്തിക്കുകയും ചെയ്യുന്നു.

ചരിത്ര പരമായി തന്നെഭൂമികാരണംഉള്ള അസമാനതക്കുകാരണംജാതി -മതമേല്‍ക്കോയ്മകള്‍ ആണ്.നാട്ടിലെ സ്ഥലങ്ങള്‍ എല്ലാം ബ്രഹ്മസ്വും ദേവസ്വവും പിന്നെ രാജാവിന്റെ ശിങ്കിടികളും എല്ലാ ചേര്‍ന്ന് കയ്യടക്കി വച്ച് ജാതി വ്യവസ്ഥയില്‍ ഊന്നിയ സാമൂഹിക സാമ്പത്തിക ചുറ്റുപാടും ഉണ്ടായിരുന്നു. ഈ ജാതി വ്യവസ്ഥയിലും, സാമൂഹിക അസമാനതയിലും ഭൂമിയുടെ അധികാരത്തിലും ഊന്നിയ സമൂഹത്തില്‍ അനീതിയുംഅക്രമവുംരൂഡമൂലമായിരുന്നു.

2) അതു പോലെ അക്രമ സ്വഭാവം ഉള്ള പുരുഷ മേല്‍കോയ്മയുംസമൂഹത്തിലുംരാഷ്ട്രീയത്തിലുംഉണ്ട്.പത്തൊമ്പതാം നൂറ്റാണ്ടില്‍ഭൂരിഭാഗം സ്ത്രീകള്‍ക്കുംമാറ് മറക്കാന്‍ അവകാശമില്ലാത്ത ഒരു പുരിഷ കേന്ദ്രീക്രത 'മസ്‌ക്കുലൈന്‍' ഫ്യുഡല്‍ വ്യവസ്ഥയും കേരളത്തിലെ സമൂഹത്തില്‍ ആഴത്തില്‍ ഉള്ള ഒന്നാണ്. തിരുവതാംകൂറിലെ മുലക്കരവും മീശ കരവും തലകരവും തൊട്ടു 120 കരങ്ങളും താഴ് ജാതിയിലും മതത്തിലും പെട്ട ആളുകളെ പിഴിഞ്ഞുകരം പിരിക്കുന്ന വ്യവസ്ഥയും ഒക്കെ കാണിക്കുന്നത് കേരള സമൂഹത്തില്‍ എത്ര മാത്രം 'വയലന്‍സ്' പല തലത്തില്‍ ഉണ്ടായിരുന്നു എന്നതാണ് .

ഇതിനെ ആദ്യമായി ചോദ്യം ചെയ്തത്പ്രായേണതാഴ്ന്നജാതി സമുദായ വിഭാങ്ങളുടെഇടയില്‍പ്രവര്‍ത്തിച്ചഎല്‍ എം എസ മിഷനറിമാരായിരുന്നു. മിഷനറിമാര്‍ തുറന്ന സ്‌കൂളുകളാണ് കേരളത്തില്‍ മാറ്റങ്ങള്‍ക്കുആദ്യം നിദാനം ആയത്.പക്ഷെ അന്നും സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ ജീവിക്കുവാന്‍ വിധിക്കപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം അന്യം നിന്നു.

കേരള സമൂഹത്തിലെ അവസ്ഥക്ക് ഇരുപതാം നൂറ്റാണ്ടിന്റെആദ്യ ഭാഗം തൊട്ടാണ് മാറുവാന്‍ തുടങ്ങിയത്.പുതിയ സര്‍ക്കാര്‍ജോലിക്കുവേണ്ടിനടന്നകിടമത്സരങ്ങളിലും സ്വത്വംഒരുഘടകംആയിരുന്നു.അങ്ങനെ വിദ്യാഭ്യാസം സിദ്ധിച്ചവരില്‍ ബഹു ഭൂരിഭാഗവും സവര്‍ണ്ണ ജാതിക്കാരും നസ്രാണി ക്രിസ്ത്യാനികളുംആയിരുന്നു.മലയാളിമെമ്മോറിയലുംഅതു കഴിഞ്ഞുള്ളഈഴവമെമ്മോറിയലുംഇരുപതാം നൂറ്റാണ്ടിന്റെആദ്യഭാഗത്തുതുടങ്ങിയപുതിയകിട മത്സരങ്ങള്‍ക്കു ഉദാഹരണങ്ങള്‍ആണ് .1894 ലെ ഭാഷ പോഷിണി സഭയാണ് കേരളത്തിലെ ആദ്യത്തെ സാംസ്‌കാരിക -സാഹിത്യ -ഭാഷ'സിവില്‍ സൊസൈറ്റി'. അതില്‍ ഒരൊറ്റ ഈഴവനോ, മുസ്ലീമോ, ദളിതരോ ഇല്ലായിരുന്നു.

ഈ പുതിയ വരേണ്യ വിഭാഗത്തിന്റെ കൈയില്‍ ആയിരുന്നു ഭൂമിയും അധികാര സന്നാഹങ്ങളും .
കൂടുതല്‍ ജനസാന്ദ്രതയും കുറച്ചു റിസോര്‍സും ഉള്ള ഒരു സമൂഹത്തില്‍ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ നാല്‍പതു കൊല്ലം ഈ റിസോര്‍സ് (ഭൂമി, വ്യവസായം, പ്ലാന്റെഷന്‍, സ്ഥാപനങ്ങള്‍ ) എന്നിവക്ക് വേണ്ടി വരേണ്യ ജാതി -മതങ്ങള്‍ തമ്മില്‍ ഉള്ള കിട മത്സരത്തില്‍ ജാതീയതയും മത വൈര്യവും ഉണ്ടായിരിന്നു . ഇതിനെതിരായ ബദലുകള്‍ ഡോ പല്പുവിന്റെ യും പിന്നെ എസ് എന്‍ ഡി പി യുടെയും നേതൃത്തത്തില്‍ ഉണ്ടായി.

റിസോഴ്‌സിന്വേണ്ടിവരേണ്യ സമുദായങ്ങള്‍നടത്തിയമത്സരത്തില്‍പാസ്സീവ് വയലന്‍സ് ഉണ്ടായിരുന്നു. ഈ വയലന്‍സ് ആദ്യമായി വെളിയില്‍ വരാന്‍ തുടങ്ങിയത് 1930 കളില്‍ ആണ് . കേരള രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്ത് സജീവമായ സെക്‌റ്റേറിയന്‍ രാഷ്ട്രീയം സജീവമായതും 1930 കളില്‍ ആണ്.ജാതി -മത വേര്‍തിരുവുകള്‍ മറ നീക്കി പുറത്തു വരാന്‍ തുടങ്ങിയത്1930 കളില്‍ ആണ്.തിരുവിതാകൂറിലെ സര്‍സീ പി ഭരണകാലവും ഇത് പല രീതിയില്‍ അടയാളപ്പെടുത്തുന്നുണ്ട്. സര്‍സീ പി യുടെ മൂക്ക് വെട്ടില്‍ തീര്‍ന്ന കൊലപാതക ശ്രമവും വേറൊരു അടയാളപ്പെടുത്തല്‍ ആണ്

3) കേരളത്തില്‍1939-ല്‍ ഉണ്ടായ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കര്‍ഷക തൊഴിലാളികളെയും, പരമ്പരാഗത തൊഴിലാളികളെയും ഈഴവ -ദളിത് സമൂഹങ്ങളിലെ ആളുകളെയും സംഘടിപ്പിക്കുവാന്‍ തുടങ്ങി. അവരില്‍തന്നെഭൂരിപക്ഷവുംഭൂമിഇല്ലാത്തവര്‍ ആയിരുന്നു. കമ്മ്യുണിസ്റ്റ്പാര്‍ട്ടിയുടെആദ്യകാലനേതാക്കള്‍സവര്‍ണ്ണ സമുദായങ്ങള്ളില്‍പെട്ടവരായിരുന്നെങ്കിലും -കേരളത്തിലെജാതി മേല്‍കോയ്മക്കെതിരെയും ജന്മിത്ത വ്യവസ്ഥിതിക്കു എതിരെയുംതൊഴിലാളികളെയുംഭൂരഹിതരെയുംസംഘടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഭൂസ്വാമിമരായിരുന്ന സവര്‍ണ ജന്മികള്‍ കമ്മ്യുണിസത്തിനു എതിരെ പല തരം അക്രമം അഴിച്ചു വിട്ടു. പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി . നേതാക്കന്‍മാരെ വേട്ടയാടി, പല തൊഴിലാളികളെയുംചേറ്റില്‍ ചവട്ടി താഴ്ത്തി . അതിനു ബദലായ ഒരു പ്രതിരോധം എന്ന നിലയിലാണു കമ്മ്യുണിസ്റ്റു തൊഴിലാളികളും തിരിച്ചടിക്കാന്‍ തുടങ്ങിയത്.

അങ്ങനെയാണ് കേരളത്തില്‍ ഒരു അക്രമ രാഷ്ട്രീയം തുടങ്ങി വച്ചത്. നാല്‍പതുകളില്‍ അങ്ങനെയുള്ള പ്രതി രോധ തിരിച്ചടിയുടെ സാഹചര്യത്തില്‍ ആണ് പുന്നപ്ര വയലാറും ഞാന്‍ കാണുന്നത്. കമ്മ്യുണിസ്ട്ട് വളര്‍ച്ച ഏറ്റവും കൂടുതല്‍ ആലോസരപെടുത്തിയത്ഭൂമി ഒരുപാട് ഉണ്ടായിരുന്നവരെയും അത് പോലെ നവ സാമ്പത്തിക വരേണ്യര്‍ ആയ തോട്ടം ഉടമകളെയും ആണ്. അവര്‍ അതിനു പല തരത്തില്‍ ഉള്ള കമ്മ്യൂണിസ്റ്റ് വിരോധവും അത് നടപ്പാക്കാന്‍ പല തന്ത്രങ്ങളും ഉപയോഗിച്ചു. കേരളത്തില്‍ അങ്ങനെ ആര്‍ എസ എസ് എസിനെ കൊണ്ട് വന്നത് സവര്‍ണ ജാതി മേല്‍ക്കോയ്മയുടെ വക്താക്കള്‍ തന്നെയാണ് . അതിനു നേത്ര്യത്വംകൊടുത്തവരില്‍ മന്നത്ത്പത്മനാഭനും ഉണ്ടായിരുന്നു.

അത് പോലെ തന്നെ കേരളത്തിലെ സവര്‍ണ നസ്രാണി പുഞ്ചഉടമകളും തോട്ടം ഉടമകളും അക്രമം അഴിച്ചു വിട്ടു. അതിനു ബദലായികമ്മ്യൂണിസ്റ്റ്പാര്‍ട്ടിയും അക്രമ സജ്ജമായി പ്രധിരോധിക്കുവാന്‍ തുടങ്ങി . ഒരു പക്ഷെ അതില്ലെങ്കില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കു കേരളത്തില്‍ പിടിച്ചു നില്‍കുവാന്‍ ആകില്ലായിരുന്നു. അത്രമേല്‍ ആക്രണങ്ങള്‍ ആണ് കേരളത്തില്‍ അവര്‍ ആദ്യ പതിനഞ്ചു കൊല്ലങ്ങളില്‍ നേരിട്ടത്

കമ്മ്യുണിസത്തിന്എതിരായി എല്ലാ പ്രബലജാതിമതശക്തികള്‍നടത്തിയ വിമോചന സമരത്തിലും ഈ വയലന്‍സ് ദ്രുശ്യമാണ് .

അതുകൊണ്ട് തന്നെ 'അടിക്ക് -അടി ' എന്നഒരു ഡിഫെന്‍സീവ് സ്ട്രാറ്റജിയിലൂടെയാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വേരുറപ്പിച്ചത് . അതിനു പ്രത്യയ ശാസ്ത്ര ന്യായീകരങ്ങളും ഉണ്ടായിരുന്നു

4) 1960 കളുടെ അവസാനത്തോടെരാഷ്ട്രീയ വയലന്‍സിനു സാധുത കൂടി . ഇതിനു ഒരു കാരണം അന്നത്തെ ചെറുപ്പക്കാര്‍ നക്‌സലൈറ്റു വിപ്ലവം എന്ന് ധരിച്ചു നടന്ന സായുധ ആക്രമണങ്ങള്‍ക്ക് അവര്‍ക്ക് പ്രത്യയശാസ്ത്ര പരമായ ന്യായീകരണങ്ങള്‍ ഉണ്ടായിരുന്നു.

1970 കളോടെ കേരളത്തില്‍ ക്യാമ്പസ് രാഷ്ട്രീയം സജീവമാകുകയും അവിടെ മേല്‍കോയ്മക്ക് വേണ്ടി അക്രമ രാഷ്ട്രീയം സാധൂകരിക്കപ്പെടുകയും ചെയ്തു . ഏതാണ്ട് എഴുപതുകള്‍ മുതല്‍ എന്‍പതുകളുടെ ആദ്യം വരെ എസ എഫ് ഐയും കെ എസ യു വും തമ്മില്‍ ആയിരുന്നു ഈ അക്രമങ്ങള്‍. ആ കാലത്തു കൊല്ലപ്പെട്ട എസ് എഫ് ഐ ക്കാര്‍ നിരവധി ആണ്.എന്റെ അറിവില്‍ പെട്ടവര്‍ ആണ് പന്തളം എന്‍ എസ് എസ്കോളജിലെ ഭുവന ചന്ദ്രനുംഎനിക്ക് നേരിട്ട് പരിചയം ഉണ്ടായിരുന്ന പത്തനംതിട്ട കത്തോലിക്കോളേജിലെ സീ വി ജോസും.

രാജനും പോലീസ് ലോക്കപ്പില്‍ വച്ചു കൊല്ലപ്പെടുന്നത് അടിയന്തരാവസ്ഥക്കാലത്ത് ആണ്. എഴുപതുകളിലെ ക്യാംപസ് രാഷ്ട്രീയത്തിലെ ക്ഷുഭിത യൗവനങ്ങള്‍ അക്രമം മുഖ്യധാര രാഷ്ട്രീയത്തിന്റെ ഭാഗമാക്കി.

കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തില്‍ തുടങ്ങിയ വയലന്‍സ് പിന്നെ പല തരത്തില്‍ പരിവര്‍ത്തനം ചെയ്താണ് കാമ്പസ്രാഷ്ട്രീയത്തില്‍ വയലന്‍സ് ഒരു 'ലെജിറ്റിമെറ്റ് നോര്‍മല്‍'രാഷ്ട്രീയപ്രയോഗമായത്. അത്യാവശ്യം അടി കൊടുക്കാനും അടി മേടിക്കുവാനും കഴിയില്ലെങ്കില്‍നേതാവു ആകുവാന്‍ വഴി ഇല്ലാതെ വന്നു.

അങ്ങനെ കോളജുകളില്‍ അടിച്ചും അടി കൊടുത്തും വാങ്ങിയും കുത്തിയും വെട്ടിയും ഒക്കെ കയറി വന്നവര്‍ ആണ് ഇന്ന് ഈ പാര്‍ട്ടികളുടെ നേത്രുത്വത്തില്‍ ഉള്ളത്. അങ്ങനെയുള്ള അക്രമ രാഷ്ട്രീയത്തില്‍ വഴുതി വീണു പോലീസ് കേസും വക്കാണവുമായി വിദ്യാഭ്യാസവും ജീവിതവും നശിപ്പിച്ചവര്‍ പല വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകളില്‍ഉണ്ടായിരുന്നു. ചിലര്‍ നാട് വിട്ടു. ചിലര്‍ ഗള്‍ഫില്‍ പോയി. ചിലര്‍ ജീവിതത്തിന്റെ നല്ല കാലം പ്രത്യകിച്ചു ഒരു കാരണവും ഇല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഹോമിച്ചു.അതില്‍ ഏതാണ്ട് രണ്ടോ മൂന്നോ ശതമാനം നേതാക്കള്‍ ആയി.

എണ്‍പതുകളില്‍ ഇടതു പക്ഷ മുന്നണി അധികാരത്തില്‍ വന്നതോടെ എസ് എഫ് ഐ ക്ക് പല കാമ്പസ്സ്‌കളിലും മേല്‍കൈ വരികയും 'ചെങ്കൊട്ടകള്‍' ഉണ്ടാകുകയും ചെയ്തു. അതിനു ബദലായി ആണ് എ ബി വി പി യും അതിനു പിന്നില്‍ ആര്‍ എസ് എസും എണ്‍പതുകളോടെ കേരളത്തിലെ ക്യംപസ്സുകളിലെ ചെങ്കൊട്ടകളില്‍ കയറി അടിച്ചു നിന്നതുംതിരുവനന്തപുരത്തെ എം ജി കോളേജു പോലെ ഉള്ളിടത്ത് നില ഉറപ്പിച്ചതും .

5) 1970 കളിലും 1980 കളിലും വളര്‍ന്നു വന്നനേതാക്കള്‍ക്യാമ്പസ് രാഷ്ട്രീയത്തില്‍ കൂടെ വളര്‍ന്നവര്‍ ആണ്. അതാണ് അവരും ഒന്നാം തലമുറ കമ്മ്യുണിസ്റ്റ്,കൊണ്‍ഗ്രസ്സ് നേതാക്കളും തമ്മില്‍ ഉള്ള വ്യത്യാസം

ഇന്ന് കേരളത്തിലെ സി പി എമ്മിന്റ്യും,കൊണ്‍ഗ്രസ്സിന്റെയും ബി ജെ പി/ ആര്‍ എസ എസ്എന്നിവയുടെയും ഒക്കെ നേത്രുത്വത്തില്‍ഉള്ളത് ക്യാംപസ്രാഷ്ട്രീയത്തിലൂടെഅക്രമംആന്തരവത്കരിക്കപ്പെട്ടുവന്നവര്‍ആണ്.

ആ വര്‍ഷങ്ങളില്‍ ആണ് ക്യംപസ്സുകള്‍ 'ചെങ്കോട്ട' കള്‍ ആകുന്നതും കണ്ണൂരില്‍ പാര്‍ട്ടി 'ഗ്രാമങ്ങള്‍ ' ഉണ്ടാകുന്നതും . ഇതില്‍ 'അടിക്കുഅടി' എന്ന ഒരു തലത്തില്‍ നിന്ന് 'ഞങ്ങളെ ചോദ്യം ചെയ്താല്‍ ' അടിച്ചുഒതുക്കും 'എന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. വയലന്‍സ് ലെജിറ്റിമൈസ് ചെയ്യപെട്ടു , യുണിവേര്‍സിറ്റി കോളേജിലും കൊല്ലം എസ എന്‍ കോളജിലും ഒക്കെ എസ എഫ് ഐ അനുഭാവി അല്ലെങ്കില്‍ 'അടിച്ചു' ഒതുക്കും എന്ന നില വന്നു. അതു പോലെഅടിച്ചുഒതുക്കുംഎന്ന' ലെജിറ്റിമൈസെഷന്‍ ' പാര്‍ട്ടി ഗ്രാമങ്ങളിലും വന്നു.

ഇതില്‍ ഒന്നാമതായി പ്രതിപക്ഷത്തോടുള്ള അസഹിഷ്ണുത. രണ്ടു വെറുപ്പിന്റെയുംപകയുടെയുംരാഷ്ട്രീയം. മൂന്ന് വേണ്ടി വന്നാല്‍ അടിച്ചു 'ഒതുക്കുക' എന്നത് രാഷ്ട്രീയ സാധുതയുടെ ഭാഗംആയഒരു നോര്‍മല്‍ ജനക്കൂട്ട മനസ്ഥിതിആയി പരിണമിച്ചുരാഷ്ട്രീയ പൊതു ബോധത്തിന്റെ ഭാഗം ആയി.

എണ്‍പതുകളുടെ മധ്യത്തില്‍ ഒഴിവു സമയങ്ങളില്‍ ഞാന്‍ കേരള യുണിവേര്‍സിറ്റി ലൈബ്രറിയില്‍ വായിക്കുവാന്‍ പോകുമായിരുന്നു. ഒരിക്കള്‍ ഞാന്‍ കണ്ടത്ഇന്ന് കേരളത്തിലെ രണ്ടു വലിയ പാര്‍ട്ടികളുടെ നേതാക്കള്‍ പച്ച തെറിയും പറഞ്ഞുതെരുവില്‍ അടി പിടി കൂടുന്നതും ഒരു നേതാവിന് നേരെഇന്നത്തെപ്രമുഖനായൊരുനേതാവ് കത്തിയുമായി കുത്തുവാന്‍ ഓടുന്ന കഴ്ചയായാണ്.

ഇങ്ങനെയുള്ള വയലന്‍സ് ലെജിറ്റിമൈസ് ചെയ്ത അന്നത്തെക്യാമ്പസ് നേതാക്കള്‍ ആണ് ഇന്ന് കേരളത്തില്‍ പല രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ളത്. അവരെ അടിച്ചും കുത്തിയും എ ബി വി പി യിലൂടെ വളന്നു വന്ന ആര്‍ എസ എസ നേതാക്കള്‍ക്കും 'വയലന്‍സ്' ഒരു പുത്തരിയല്ല. അങ്ങനയാണ് കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി കൊമ്പെറ്റീറ്റിവ് വയലന്‍സ് ക്യംപസ്സുകള്‍ക്ക് വെളിയില്‍ വളരാന്‍ തുടങ്ങിയത് .

6) എഴുതപതുകളിലും എന്‍പതുകളിലും ക്യാമ്പസ് രാഷ്ട്രീയം സാധുത കൊടുത്ത വയലന്‍സ് ആണ് ഇന്ന്അസഹിഷ്ണുതയുടെ ചിന്തകളും വാക്കുകളും പ്രവര്‍ത്തിയും ആയി രൂപാന്തരം പ്രാപിക്കുന്നത് . വയലന്‍സിന്റെ ആദ്യപടി ആണ് ഇന്‍ടോളറന്‍സ് . അത് ആദ്യം രൂപപെടുന്നത് ചിന്തയില്‍ ആണ്. പിന്നെ വാക്കുകളില്‍. അതാണ് കൂടുതല്‍ പരിണമിച്ചു വെറുപ്പിന്റെ രാഷ്ട്രീയം ആകുന്നത് .

വെറുപ്പിന്റെ മനസ്ഥിതിയില്‍ ഒരാളെആദ്യം കൊല്ലുന്നതു വാക്കുകള്‍ കൊണ്ടാണ്. പിന്നീടാണ്വാളും വടി വാളുംകൊണ്ട്കൊല്ലുന്നത്. ടീ പി ചന്ദ്ര ശേഖരനെ ആദ്യം കൊന്നത് 'കുലംകുത്തി' എന്ന് അടയാളപെടുത്തി ആണ് . അവിടെ നിന്ന് 52 വെട്ടിലേക്ക് അധിക ദൂരം സഞ്ചരിക്കണ്ടതില്ല

പാര്‍ടികള്‍ തമ്മില്‍ അക്രമം കൊലപാതകം ആയപ്പോള്‍ പോലീസ് നിയമ സംവിധാനങ്ങളെ ഉപയോഗിക്കുവാന്‍ പഠിച്ചു. പലപ്പോഴും രാഷ്ട്രീയ കൊലപാതകങ്ങളില്‍ പോലീസിനു യഥാര്‍ത്ഥ പ്രതിയെ പിടിക്കുവാന്‍ ഒക്കാതെ വന്നു . അങ്ങനെ പോലീസ് സംവിധാനത്തെ തന്നെ ദുരുപയോഗം ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങള്‍ പതിയെ വ്യവസ്ഥാപകവല്‍ക്കരിക്കപ്പട്ടു

7) തൊണ്ണൂറുകളില്‍ കേരളത്തില്‍ വളരാന്‍ തുടങ്ങിയ പണ ആധിപത്യവും , അഴിമതിയുടെ വ്യവസ്ഥാവല്‍ക്കരണവും, റിയല്‍ എസ്റ്റേറ്റ് മാഫിയയും രാഷ്ട്രീയ പാര്‍ട്ടികളുടെ ശങ്കിടി മുതലാളിത്ത കൂടുകെട്ടും എല്ലാം കേരളത്തില്‍ ചെറുപ്പക്കാരുടെ 'ക്വട്ടെഷന്‍സംഘങ്ങള്‍ ' വളര്‍ത്തി. അവര്‍ റിയല്‍ എസ്റ്റെറ്റ്, ക്വാറി, മണലൂറ്റ്, മദ്യ വ്യവസായം എന്നതിന്റെ ഒക്കെ അവിഭാജ്യ ഘടകമായി.

അവര്‍ വയലന്‍സ് ഒരു ബിസിനസ് സംരംഭമാക്കി. രാഷ്ട്രീയ നേതാക്കള്‍ അവര്‍ക്ക് ഒത്താശ നല്‍കി. അവര്‍പല രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒത്താശയോടെ പിന്നാമ്പുറങ്ങളില്‍ ഓപ്പറേറ്റ് ചെയ്തു. അടിക്കാനും കൊല്ലാനുംകൊല്ലപ്പെടാനും ജയിലില്‍ പോകുവാനും തയാറായി. അങ്ങനെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊല്ലും കൊലയും പോലും ഔട്ട്‌സോര്‍സ് ചെയ്യാന്‍ തുടങ്ങി .

8) വയലന്‍സു ഉപയോഗിച്ച് നേതാവായി മന്ത്രി ഒക്കെയായാല്‍ അതു നിയന്ത്രിക്കണം എന്ന് ആത്മാര്‍ഥമായി വിചാരിച്ചാലും നടക്കില്ല. അതിനു ഒരു കാരണംഇന്ന് കേഡര്‍ പാര്‍ട്ടികള്‍ ആയ സീ പി എം , ബി ജെ പി മുതലായ സംഘടനകളുടെ 'കമാന്‍ഡ് ആന്‍ഡ് കണ്ട്രോള്‍' സ്ട്രക്ചര്‍ ഏതാണ്ട് ദ്രവിച്ചു വരികയാണ്.അത്കൊണ്ട് തന്നെമുകളില്‍ ഉള്ളവര്‍ നിര്‍ത്താന്‍ പറഞ്ഞാല്‍ കൊല്ലും കൊലയും അവസാനിക്കുന്നില്ല.

കാരണം അസഹിഷ്ണുതയുടെയുംവെറുപ്പിന്റെയും രാഷ്ട്രീയംഇന്ന് കൊമ്പെറ്റീറ്റിവ് പോളിറ്റിക്‌സിന്റെകാതലുംസാമൂഹിക മനശാസ്ത്രവും ആണ് .

അങ്ങനെ വയലന്‍സ്ആന്തരവല്‍ക്കരിക്കപ്പെട്ട ഒരുരാഷ്ട്രീയസംസകാരത്തില്‍ആണ് ഈ അക്രമപൂര്‍ണ്ണ മായ മാസ്‌ക്കുലിനിറ്റിയും പച്ച തെറി സംസ്‌കാരവും ഇന്റൊളറന്‍സും എല്ലാം പത്തിവിരിച്ചുആടുന്നത്.അത് ഇന്ന് ഒരു പോളിടിക്കള്‍ സബ് കള്‍ച്ചര്‍ ആയി പരിവര്‍ത്തനംചെയ്തിരിക്കുകയാണ്.

ഫേസ് ബുക്കില്‍ വരെ അക്രമത്വരയോടെ വാക്കുകള്‍ ഉപയോഗിച്ചു ആക്രമിക്കുന്നതും തെറി അഭിഷേകം നടത്തുന്നതും എല്ലാം അങ്ങനെ ഉള്ള ഒരു വയലന്റ് ആയ പൊളിറ്റിക്കല്‍ സബ് കള്‍ച്ചറിന്റെ ഉദാഹരങ്ങള്‍ ആണ്.

9) ക്യാമ്പസ് രാഷ്ട്രീയത്തിലെ അസഹിഷണ സംസ്‌കരത്തിലൂടെ വളര്‍ന്നു വന്ന ഒരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും വായ്ത്താരി ആയ ഫേസ് ബുക്ക് തെരുവിലെ വാക്കുകള്‍വാളുകള്‍ ആക്കുന്നപലര്‍ക്കും ഉള്ളത് ജനക്കൂട്ട മനസ്ഥിതി മാത്രമാണ്. കാരണം ഇന്ന് അരാഷ്ട്രീയവല്‍ക്കരിക്കപെട്ട പാര്‍ട്ടികള്‍ക്ക് വേണ്ടത് പ്രത്യയ ശാസ്ത്ര ബോധ്യം ഉള്ളവരെ അല്ല. മറിച്ചു അവരുടെ നേതാക്കള്‍ക്ക് വേണ്ടിയും പാര്‍ട്ടിയുടെ പേരില്‍ എന്ത് വൃത്തി കേടുകള്‍ നടന്നാലും അതിനെ വെള്ള പൂശുവാനും വേണ്ട 'കമ്മിറ്റ്ഡ' അനുചരന്‍മാരാണ്. നേതാക്കള്‍ക്ക് സ്തുതി പാടി അധികാര രാഷ്ട്രീയത്തിന്റെ അരികു പറ്റി അവരുടെ ശ്രദ്ധ പിടിച്ചു പറ്റുക എന്നതിന് പ്രത്യായ ശാസ്ത്ര ബോധ്യങ്ങള്‍ ഒന്നും ആവശ്യമല്ല. ഇതാണ് ഇന്ന് ഒട്ടു മിക്ക പാര്‍ട്ടി അനുചര വക്കാലത്ത് അവസ്ഥ.

10) കേരളത്തിലെ ഈ അസഹിഷ്ണ രാഷ്രീയ സംസ്‌കാരത്തിനും വെറുപ്പിന്റെ രാഷ്ട്രീയ സംസ്‌കാരത്തിനും ആണ് ആദ്യമായി മാറ്റം ഉണ്ടാകേണ്ടത്. അങ്ങനെയുള്ള ഒരു രാഷ്ട്രീയ സാമൂഹിക മനസ്ഥിതിയില്‍ നിന്നാണ് അസഹിഷ്ണ വാക്കുകളും വാചകങ്ങളും പുറത്തു വരുന്നത് . അതിന്റെ തുര്‍ടര്‍ച്ചയാണ് വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്ന് ഉളവാകുന്ന കൊലപാതകങ്ങള്‍. ആ അവസ്ഥ മാറണം .

പലപ്പോഴും വയലിന്‍സിന്റ ഉറവിടം അരക്ഷിത അവസ്ഥയുംഭയവും ആണ്. പിന്നെയുള്ളത് രാഷ്ട്രീയം തന്നെ. ഒരു സീറോ സം ഗെയിം ആണ് എന്ന ധാരണ ആണ്.നിങ്ങള്‍ ഞങ്ങളുടെ കൂടെ അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ ശത്രുക്കള്‍ ആണെന്ന ധാരണ.പിന്നെ ഹെര്‍ഡ് മെന്റാലിറ്റിയുടെ ഭാഗമായി എന്തും ഏതുംനമ്മുടെ കക്ഷിയോ നമ്മുടെ ശത്രുവോഎന്ന ബൈനറിയില്‍ ഒതുക്കുക.പലപ്പോഴും ചിന്തയില്‍ ഉള്ള വയലന്‍സ് വാക്കിലൂടെ വന്നാണ് തികഞ്ഞ സ്ത്രീ വിരോധവും പച്ചതെറി സംസ്‌കാരവും വെളിയില്‍ വരുന്നത്.

ഒരു പക്ഷെ കേരളവും ആയി പല കാര്യത്തിലും സാമ്യം ഉള്ള ഒരു രാജ്യമാണ് ബംഗ്ലാദേശ് . അവിടുത്തെ അവസ്ഥ പരിതാപകരമാണ് .

കേരളത്തില്‍ അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാന്‍ പാടില്ല , കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരം അടിതൊട്ടു മുടി വരെ മാറിയില്ലെങ്കില്‍ കൊലപാതക രാഷ്ട്രീയം കേരളത്തെ വീണ്ടും ഒരു ജാതി-മത ഭ്രാന്തലയമാക്കും. അത് സംഭവിച്ചു കൂട. 
കൊലപതക രാഷ്ട്രീയത്തിന്റെ സാമൂഹിക മനസ്ഥിതി (ജെ എസ് അടൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക