Image

വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ലേഖനം-നാലാം ഭാഗം: ജയന്‍ വര്‍ഗീസ്)

Published on 02 March, 2018
വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ലേഖനം-നാലാം ഭാഗം: ജയന്‍ വര്‍ഗീസ്)
IV. വര്‍ഗ്ഗ നാശം.

ഭൂഗര്‍ഭ ശാസ്ത്ര രേഖകള്‍ പ്രകാരം അഞ്ച് തവണയെങ്കിലും ഭൂമിയില്‍ ജീവി വര്‍ഗ്ഗങ്ങളുടെ കൂട്ട നാശമുണ്ടായതായി ശാസ്ത്രം പറയുന്നു. അന്‍പത്തി ഏഴ് കോടി കൊല്ലങ്ങള്‍ക്ക് മുന്‍പ് പ്രീ കാബ്രിയന്‍ യുഗത്തിലുണ്ടായ മഹാ നാശമാണ് പ്രാണവായുവായ ഓക്‌സിജന്‍ ഇല്ലാതിരുന്ന കാലത്തു നിന്ന്, ഓക്‌സിജന്‍ ഉള്ള കാലത്തേക്കുള്ള പരിണാമം സാദ്ധ്യമാക്കിയതെന്നും ശാസ്ത്രം പറയുന്നുണ്ട്.

അവിടെ വീണ്ടും സംശയം ഉടലെടുക്കുന്നു. അപ്പോള്‍ ഈ പ്രീ കാബ്രിയന്‍ യുഗത്തിന് മുന്‍പ് ഭൂമുഖത്ത് പ്രാണവായുവായ ഓക്‌സിജന്‍ ഇല്ലായിരുന്നു എന്നാണോ മനസ്സിലാക്കേണ്ടത്? ഓക്‌സിജന്‍ ഇല്ലാത്ത ഭൂമുഖത്ത് ജീവികള്‍ ഉണ്ടായിരുന്നിരിക്കാന്‍ ഇടയില്ല. എന്തുകൊണ്ടെന്നാല്‍, പ്രാണവായു ശ്വസിക്കുകയോ, ഉപയോഗപ്പെടുത്തുകയോ ചെയ്യാത്തവരായി ഒരു ജീവിയും ലോകത്തുള്ളതായി അറിവില്ലാ. സസ്യങ്ങള്‍ പോലും ഉണ്ടായിരിക്കാന്‍ ഇടയില്ല. കാരണം, സസ്യങ്ങള്‍ ഓക്‌സിജന്‍ പുറത്തു വിടുന്നു എന്നത് കൊണ്ടും, കാര്‍ബണ്‍ ഡയോക്‌സൈഡ് സ്വീകരിക്കുന്നു എന്നത് കൊണ്ടും മറ്റു ജീവിവര്‍ഗ്ഗങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. പ്രപഞ്ച നിര്‍മ്മാണ തന്ത്രത്തിന്റെ മറ്റൊരു ചാക്രിക സംഗീതം !

മരങ്ങളോ, ചെടികളോ,ജീവികളോ, മാത്രമല്ലാ, ജലഗോളമായ ഭൂമിയിലെ ജലം പോലുമില്ലാത്ത ഒരവസ്ഥ ആയിരിക്കണമല്ലോ അപ്പോള്‍ നിലവിലുണ്ടായിരുന്നത്? കാരണം, ഓക്‌സിജന്റെയും, ഹൈഡ്രജന്റെയും സങ്കര രൂപമാണല്ലോ ജലം? ഈ ജലത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഓക്‌സിജനാണല്ലോ ചെകിളപ്പൂക്കളുടെ സഹായത്തോടെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പാവപ്പെട്ട മല്‍സ്യങ്ങള്‍ ശ്വസിച്ചു കൊണ്ടിരിക്കുന്നത്? ഇതൊന്നുമില്ലാത്ത ഭൂമിയുടെ രൂപം ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. അചേതനവും, അജൈവവുമായ ഒരു നിര്‍ജ്ജീവ പിണ്ഡം. ഇവിടെയാണ് മഹാനാശം ഉണ്ടായതായും, ( ഇവിടെ നശിക്കാനെന്തിരിക്കുന്നു?) ചരാചരങ്ങളെ തകര്‍ത്തെറിഞ്ഞതായും ശാസ്ത്രം പറയുന്നത്. ഒന്നും മനസ്സിലാവുന്നില്ല, മനസിലാവുന്നവര്‍ ഉണ്ടെങ്കില്‍ ദയവായി പറഞ്ഞു തരിക?

അതും പോകട്ടെ, ഏറ്റവുമൊടുവില്‍ ഉണ്ടായ സര്‍വനാശം ആറരക്കോടി വര്‍ഷങ്ങള്‍ക്ക് മുന്പായിരുന്നുവത്രെ? അന്നാണ്, നമ്മുടെ കുട്ടികളുടെ പ്രിയ സുഹൃത്തായ ബാണിയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ദിനോസറുകള്‍ എല്ലാം ചത്തു മണ്ണടിഞ്ഞത്. മറ്റ് ജീവി വര്‍ഗ്ഗങ്ങളിലെ തൊണ്ണൂറ് ശതമാനവും അന്ന് ചത്തു പോയത്രേ!? ഇതിന് കാരണമായി പറയുന്ന ഒരു കഥയുണ്ട്; കേട്ടോളൂ:

" അന്ന്, അതായത് ആറരക്കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെക്‌സിക്കോയിലെ ' യത്തിക്കാന്‍ ' എന്ന താഴ്‌വരയില്‍ ഇരുപത് മൈല്‍ ചതുരശ്ര വ്യാപ്തിയുള്ള ഒരു പടുകൂറ്റന്‍ പാറ ( ഉല്‍ക്ക ) വന്നു വീണു. ആ വീഴ്ചയുടെ ആഘാതത്തില്‍ നൂറ്റിയന്പത് മൈല്‍ വ്യാസമുള്ള ഒരു വന്‍ കുഴി രൂപം പൂണ്ടു. അവിടെ നിന്നുയര്‍ന്ന കറുത്തിരുണ്ട പുകയും, പൊടിയും, തീയും, തീക്കാറ്റും ഒരുപാട് വര്‍ഷങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങി നിന്ന് സൂര്യനെ മറച്ചു. സൂര്യപ്രകാശം മറഞ്ഞതോടെ തലത്തിലെ താപനില പൂജ്യം ഡിഗ്രിയിലും താഴെപ്പോയി. കടലൊക്കെ ഉറഞ്ഞു. എല്ലാം മഞ്ഞുപാളിയായിക്കിടന്നു ഏറെക്കാലം. ഭൂമിയൊരു ഹിമഗോളമായി. പതിനഞ്ചുകോടി കൊല്ലങ്ങളോളം ഭൂതലം അടക്കി വാണുകൊണ്ടിരുന്ന ദിനോസറുകളെപ്പോലുള്ള ഭീമ ജീവികളെല്ലാം ചത്തൊടുങ്ങി. വര്‍ഷങ്ങള്‍ കഴിഞ് പൊടിപടലമെല്ലാം അടങ്ങിയപ്പോള്‍, സൂര്യപ്രകാശം ഭൂമിയില്‍ വീണു തുടങ്ങിയപ്പോള്‍ ജീവന്‍ വീണ്ടും തളിരിട്ടു. ഇത്തവണ ദിനോസറിനെപ്പോലുള്ള ഭീമ സരടങ്ങളല്ലാ വന്നത്. പകരം സസ്തന ജീവികളാണ് പരിണമിച്ചു വന്നത്. അവ വനാന്തരങ്ങളില്‍ ഒളിച്ചു പാര്‍ത്തു. രാത്രികാലങ്ങളില്‍ മാത്രം ഇരതേടി പുറത്തിറങ്ങി. ഇങ്ങനെ ഒന്നും, രണ്ടുമല്ലാ, ലക്ഷക്കണക്കിന് വര്ഷങ്ങളാണ് കടന്നു പോയത്. അങ്ങനെ സസ്തനികള്‍ ജീവലോകത്തിന്റെ നടുനായക സ്ഥാനത്തു വന്നു. ഈ സസ്തനീ പരിണാമമാണ്, കുരങ്ങുകളുടെയും, ആള്‍ക്കുരങ്ങുകളുടെയും ഒടുവില്‍ നമ്മെപ്പോലുള്ള ഇരുകാലി മനുഷ്യരുടെയും വരവിന് വഴി വച്ചത് " ( ആധികാരികമായ ഒരു ശാസ്ത്ര ലേഖനത്തില്‍ നിന്ന്.)

എങ്ങിനെയുണ്ട് കഥ? ഇനി ഈ കഥയുടെ ഉള്ളുകള്ളികളിലേക്ക് നമുക്കൊന്ന് ചുഴിഞ്ഞു നോക്കാം? ഇരുപതു മൈല്‍ ചതുരശ്ര വ്യാപ്തിയുള്ള ഉല്‍ക്കയാണ് മെക്‌സിക്കോയിലെ യത്തിക്കാന്‍ താഴ്‌വരയില്‍ വീണത്. ഇത് കൊണ്ട് ഉണ്ടായ കുഴിയുടെ വ്യാസം നൂറ്റിയന്പത് മൈലാണ്. ഈ നൂറ്റിയന്പത് മൈല്‍ എന്ന് പറയുന്നത് ഭൂമിയുടെ വ്യാസത്തിന്റെ അന്‍പത്തി നാലില്‍ ഒന്ന് മാത്രമാകുന്നു. കാരണം, ഭൂമിയുടെ വ്യാസം എണ്ണായിരം മൈല്‍ ആകുന്നുവല്ലോ? ഇത് ഉപരിതലത്തില്‍ സംഭവിച്ചു എന്നതിനാല്‍, ഈ നൂറ്റിയന്പത് മൈല്‍ നേര്‍വിസ്താരം എന്നത് ഭൂമിയുടെ നേര്‍വിസ്താരത്തിന്റെ നൂറ്റി എഴുപത്തി എഴില്‍ ഒന്ന് മാത്രമാകുന്നു. എന്തുകൊണ്ടെന്നാല്‍, ഭൂമിയുടെ നേര്‍വിസ്താരം, അതായത് ചുറ്റളവ് എന്നത് ഇരുപത്തി അയ്യായിരം മൈല്‍ ആകുന്നുവല്ലോ? അപ്പോള്‍ ഭൂമിയുടെ വലിപ്പത്തിന്റെ ഒരു ശതമാനം പോലുമില്ലാത്ത ഈ കുഴിയിലെ മണ്ണും, പൊടിയും മറ്റു വസ്തുക്കളും അന്തരീക്ഷത്തില്‍ തങ്ങി നിന്ന് മൊത്തം ഭൂമിയുടെ സൂര്യ പ്രകാശ ലഭ്യത പാടേ മറച്ചു പിടിച്ചു കൊണ്ട് ഭൂമിയെ ഒരു ഹിമ ഗോളമാക്കിക്കളഞ്ഞു എന്ന് പറഞ്ഞാല്‍ അതെങ്ങനെ സാദ്ധ്യമാകും എന്ന് സംശയമുണ്ട്. ഗ്രാഫ് നോക്കുക.


ഭൂമിയുടെ വലിപ്പവുമായി താരതമ്യപ്പെടുത്തുന്‌പോള്‍ നൂറ്റിയന്പത് മൈല്‍ വ്യാസമുള്ള കുഴിയുടെ വലിപ്പമാണ് ഹൈലൈറ്റ് ചെയ്തു കാണിച്ചിരിക്കുന്നത്. ഇതില്‍ നിന്നുയര്‍ന്ന മണ്ണും, പൊടിയും, തീയും, പുകയും എല്ലാം കൂടി സൂര്യനെ പൂര്‍ണ്ണമായും മറച്ചുകളഞ്ഞു എന്ന് പറഞ്ഞാല്‍, അപ്രകാരം മറയ്ക്കപ്പെട്ടു ഭൂമി ഒരു മഞ്ഞു ഗോളമായിത്തീര്‍ന്നു എന്ന് പറഞ്ഞാല്‍, ആ മഞ്ഞിലും, തണുപ്പിലും പെട്ട് ജീവജാലങ്ങളില്‍ തൊണ്ണൂറ് ശതമാനവും ചത്തൊടുങ്ങിയെന്നും, പതിനഞ്ചു കോടി കൊല്ലങ്ങളിലെ കൈവശാവകാശവുമായി ഭൂമിയെ അടക്കി വാണിരുന്ന ' ബാണി ' യുടെ വര്‍ഗ്ഗക്കാര്‍ക്ക് വംശനാശം സംഭവിച്ചു എന്നുമൊക്കെ പറഞ്ഞാല്‍, ഇതൊക്കെ കണ്ണുമടച്ചു വിശ്വസിക്കണമെങ്കില്‍ മറ്റെന്തെങ്കിലുമൊക്കെ കൂടി കൊടുക്കേണ്ടി വരും. ടോപ്‌ലെസ് ബാറുകളിലെ ബിക്കിനിത്തരുണികളുടെ കയ്യിലും, മെയ്യിലും നുരഞ്ഞു പതയുന്ന എന്തെങ്കിലുമൊക്കെ?

ഈ നൂറ്റിയന്പത് മൈല്‍ ആഴം വലുതായി തോന്നാമെങ്കിലും, ഭൂമിയുടെ ആകര്‍ഷണ ബലം അന്നും സജീവമാണ്. ഇളകി മാറുന്ന പാറയും, മണ്ണും, പൊടിയും മുക്കാല്‍ പങ്കും അപ്പോള്‍ത്തന്നെ ആകര്‍ഷണത്താല്‍ ഉപരിതലത്തില്‍ അടിയും. ബാക്കിയുള്ളതില്‍ മുക്കാലും ആഴ്ചകളോ, മാസങ്ങളോ കൊണ്ട് മണ്ണില്‍ അടിയും. വീണ്ടും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന സൂഷ്മ കണികകള്‍ അക്കാലത്തും പെയ്തിരിക്കാനിടയുള്ള മഴയില്‍ അലിഞ്ഞു മണ്ണില്‍ വീഴും. ഇവയെയെല്ലാം അതിജീവിച് അന്തരീക്ഷത്തില്‍ തങ്ങുന്ന ധൂളികള്‍ക്ക് പൂര്‍ണ്ണമായും സൂര്യപ്രകാശത്തെ മറയ്ക്കാനാകുമോ? അതും മുപ്പതു കോടിയോളം ചതുരശ്ര മൈല്‍ വിസ്താരമുള്ള ഭൗമോപരിതലത്തെ പൂര്‍ണ്ണമായി?

ഇനി മറയ്ക്കാനാവും എന്ന് തന്നെ കരുതുക. എത്ര ചതുരശ്ര മൈല്‍ പ്രദേശം മറയ്ക്കാനാവും? ആയിരം? പതിനായിരം? ഒരു ലക്ഷം? പത്ത് ലക്ഷം? ശരി, വാദത്തിനു വേണ്ടി പത്തു ലക്ഷം ചതുരശ്ര മൈല്‍ പ്രദേശം ഈ ധൂളീപടലം മറച്ചു എന്ന് തന്നെ കരുതുക. എങ്കില്‍പ്പോലും, ഭൂമിയുടെ പകുതി വശത്തു മാത്രം പതിനഞ്ചു കോടിയോളം ചതുരശ്ര മൈല്‍ വിസ്താരമുണ്ടല്ലോ?

മാത്രമോ? അന്നും ഭൂമി കറങ്ങുന്നുണ്ടല്ലോ? ഇരുപത്തി നാല് മണിക്കൂറില്‍ ഒരു വട്ടം? മെക്‌സിക്കന്‍ ഭൂപ്രദേശത്തിനു മുകളിലുള്ള ആ കറുത്ത പൊട്ട് അവിടെ നില്‍ക്കുന്‌പോളും, തെളിഞ്ഞ അന്തരീക്ഷവുമായി മറ്റ് ഭൂപ്രദേശങ്ങള്‍ സൂര്യപ്രകാശം ഏറ്റുവാങ്ങേണ്ടതല്ലേ? പിന്നെങ്ങനെയാണ്, ശാസ്ത്ര ഭാഷയില്‍ മുഴുവന്‍ ഭൂമിയും സൂര്യപ്രകാശം ലഭിക്കാതെ ഒരു ഹിമ ഗോളമായിത്തീര്‍ന്നത്? കടലൊക്കെ ഉറഞ് എല്ലാം മഞ്ഞു പാളിയായിക്കിടന്നത്.? പതിനഞ്ചു കോടിയോളം വര്‍ഷങ്ങള്‍ ഭൂതലം അടക്കി വാണിരുന്ന ദിനോസറുകള്‍ ഒന്നൊഴിയാതെ ചത്തൊടുങ്ങിയത്? കടലായ കടലിലും, കരയായ കരയിലും ഒക്കെയുണ്ടായിരുന്ന മറ്റ് ജീവികളില്‍ തൊണ്ണൂറു ശതമാനവും ചത്തു മണ്ണടിഞ്ഞത്.?

തീര്‍ന്നില്ല. നോര്‍ത്ത് അമേരിക്കയിലെ രാജ്യമാണ് മെക്‌സിക്കോ. അവിടെയുള്ള യത്തിക്കാന്‍ താഴ്‌വാരം പസഫിക് മഹാസമുദ്രത്തിന്റെയും, മെക്‌സിക്കന്‍ ഗള്‍ഫിന്റെയും സാമീപ്യം അവകാശപ്പെടാവുന്ന ഒരു പ്രദേശമാണ്. അയ്യായിരമോ, പതിനായിരമോ മൈല്‍ നീളം വീതിയില്‍ പടര്‍ന്നു നിന്ന ഈ പൊടിപടലത്തിന്റെ മുക്കാല്‍ പങ്കും പസഫിക്കിന്റെ മെക്‌സിക്കന്‍ മേഖലയിലും, മെക്‌സിക്കന്‍ ഗള്‍ഫിന്റെ മെക്‌സിക്കന്‍ മേഖലയിലും ആയിട്ടായിരുന്നിരിക്കണം വിന്യസിച്ചു നിന്നിരുന്നത്. അങ്ങിനെ വരുന്‌പോള്‍, പതിനഞ്ചുകോടി കൊല്ലങ്ങളുടെ പാരന്പര്യമുള്ള ദിനോസറുകളുടെ നൂറു ശതമാനവും ഈ മെക്‌സിക്കന്‍ കര ഭാഗത്ത് തന്പടിച്ചിരിക്കുകയായിരുന്നോ? തൊണ്ണൂറു ശതമാനവും ചത്തു മലച്ചു എന്ന് പറയുന്ന മറ്റു ജീവിവര്‍ഗ്ഗങ്ങളും ദിനോസറുകളുടെ ആശ്രിതന്മാരായി അവരോടൊപ്പം കഴിഞ്ഞു കൂടുകയായിരുന്നുവോ.?

ഭൂമദ്ധ്യരേഖക്കും, നോര്‍ത്ത് പോളിനും ഇടക്ക് സ്ഥിതി ചെയ്യുന്ന മെക്‌സിക്കന്‍ മേഖലയില്‍ സൂര്യപ്രകാശം ചരിഞ്ഞാണ് പതിക്കുന്നത്. മെക്‌സിക്കോ കേന്ദ്രമാക്കി വിന്യസിക്കപ്പെടുന്ന പൊടി പടലങ്ങള്‍ക്ക് ഭൂമദ്ധ്യരേഖക്കടുത്ത് സാന്ദ്രത കുറയുമെന്നതിനാല്‍ പൂര്‍ണ്ണമായും സൂര്യപ്രകാശത്തെ തടഞ്ഞു നിര്‍ത്തുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

തുടരും.
അടുത്തതില്‍: സസ്തനികള്‍.
വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ലേഖനം-നാലാം ഭാഗം: ജയന്‍ വര്‍ഗീസ്)
Join WhatsApp News
അടിസ്ഥാനം 2018-03-02 18:27:06
ജയൻ വർഗീസ് പിന്നെയും തന്റെ അല്പശാസ്ത്രജ്ഞാനമുപയോഗിച്ച് യുക്തിവിളമ്പാൻ തുടങ്ങി. പ്രാണവായു ഉപയോഗിക്കുകയോ ശ്വസിക്കുകയോ ചെയ്യാത ഒരു ജീവജാലവും ഭൂമിയിൽ ഇല്ലന്നോ? Anaerobic organisms എന്നു കേട്ടിട്ടില്ലായിരിക്കും. അടിസ്ഥാനമില്ലാതെ കെട്ടിപ്പൊക്കാതെ സുഹൃത്തേ. ദാ ഇതും കൂടി വായിച്ചു പഠിച്ചോളൂ. An anaerobic organism or anaerobe is any organism that does not require oxygen for growth. It may react negatively or even die if oxygen is present. An anaerobic organism may be unicellular or multicellular.
https://en.wikipedia.org/wiki/Anaerobic_organism

Ninan Mathullah 2018-03-02 23:00:04
I do not think what Jayan wrote is wrong. He wrote that there are no living organisms that not use oxygen. Obligate anaerobes are harmed in the presence of free oxygen. But the raw materials they use to produce energy contain oxygen molecules.
കുട്ടി ദൈവം 2018-03-02 23:04:19
ജയനും മാത്തുള്ളക്കും യാതൊരു റിസേർച്ചും നടത്തണ്ട ആവശ്യമില്ല .  വെറുതെ കണ്ണടച്ചിരുന്നാൽ മതി എല്ലാം ദൈവം വെളുപ്പെടുത്തികൊടുത്തുകൊണ്ടിരിക്കുന്നു. ആൻഎയിറോബിക്ക് ഓർഗാനിസം എന്ന് പറയുന്നതും ദൈവത്തിന്റെ സൃഷ്ടിയാണ് . അതുകൊണ്ടു 'അടിസ്ഥാന' രഹിതമായ വർത്തമാനം പറയാതിരിക്കുക

അറിവ് 2018-03-03 08:58:57
ക്രിസ്തു മതം പറയുന്നു ക്രിസ്തുവിൽ കൂടെ അല്ലാതെ രക്ഷ ഇല്ല. മറ്റുള്ളവരൊക്കെ മാനസാന്തരപ്പെടാത്ത കാലത്തോളം നരകം പൂകും. ഇസ്‌ലാം പറയുന്നു ഞമ്മളൊഴിച്ചു ബാക്കി സർവ കാഫിറുകളും നരകത്തിൽ പൊകും. ഹിന്ദു മതവും ഏറെക്കുറെ സമാന പ്രചാരണം ആണ് (കൂടുതൽ അറിയില്ല) ചുരുക്കത്തിൽ ആരും തന്നെ സ്വർഗത്തിൽ പോകില്ല. എന്നാൽ നരകത്തിൽ എല്ലാ മത വിശ്വാസികളും ഉറപ്പായിട്ടും എത്തുകയും ചെയ്യും. അത് കൊണ്ട് എന്തിനാ മാത്തുള്ളക്കും ജയനും മറ്റു മത ഭ്രാന്തന്മാർക്കും ഒക്കെ മറുപടി കൊടുത്തു സമയം കളയുന്നത്. ആ നേരത്തു ലൈബ്രറിയിൽ നിന്നും വല്ല പുസ്തകവും എടുത്തു വായിച്ചു അറിവ് നേടൂ.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക