Image

റോക്കി പര്‍വതനിരകളിലേക്ക്

റീനി മമ്പലം (Madhyamam) Published on 18 March, 2012
റോക്കി പര്‍വതനിരകളിലേക്ക്
ആഗസ്റ്റ് മാസത്തില്‍ യെലോസ്റ്റോണ്‍ നാഷനല്‍ പാര്‍ക്കിലേക്ക് ഒരു യാത്ര പ്ളാനിടുമ്പോള്‍, ഒരുവര്‍ഷം മുമ്പ് അലാസ്കയിലേക്കുള്ള കപ്പല്‍യാത്രയും അതിന് മുമ്പ് ഒരു ആരിസോണന്‍ യാത്രയും അലസിപ്പോയതിനാല്‍ എനിക്ക് ശുഭാപ്തിവിശ്വാസം കുറവായിരുന്നു. ഒന്നാംതിയതി എട്ടു പേരടങ്ങുന്ന ഞങ്ങളുടെ സുഹൃദ്സംഘം ലഗ്വാര്‍ഡിയ എയര്‍പോര്‍ട്ടിലേക്കുള്ള ലിമോസിനില്‍ ഇരിക്കുമ്പോള്‍ സന്തോഷാതിരേകത്താല്‍ എന്‍െറ മനസ്സിലാണ് ലാവ തിളച്ചുമറിയുന്നതെന്ന് തോന്നി. അതിരാവിലെ, ഇരുട്ട് മറയാന്‍ മടികാണിച്ച്, സൂര്യന്‍ മുഖം കാണിക്കാന്‍ വെമ്പിനിന്നൊരു നിമിഷത്തിലാണ് ലിമോസിന്‍ ഞങ്ങളുടെ ഡ്രൈവേയില്‍ എത്തുന്നത്. സീലിങ്ങില്‍, ഇരുട്ടില്‍ തിളങ്ങുന്ന നക്ഷത്രങ്ങളൊട്ടിച്ചുവെച്ച ലിമോസിനില്‍ ഇരിക്കുമ്പോള്‍ ലോകത്തെയാകെ വാരിയെടുത്ത് ഒരു ഉമ്മകൊടുക്കണമെന്ന് തോന്നി.
കോളറാഡോ സ്റ്റേറ്റിന്‍െറ തലസ്ഥാനമായ ഡെന്‍വറില്‍ വിമാനമിറങ്ങിയപ്പോള്‍, ആദ്യം ഞങ്ങള്‍ റിസര്‍വ് ചെയ്തിരുന്ന വാന്‍ വാടകക്കെടുത്തു. 13 പേരുണ്ടായിരുന്നു ഞങ്ങള്‍. ഏതാണ്ട് ഒരുമണിക്കൂര്‍ ഡ്രൈവ്ചെയ്ത്  ഫോര്‍ട്ട് കോളിന്‍സ് എന്ന സ്ഥലത്തുള്ള ഒരു മോട്ടലില്‍ അന്നു രാത്രി താമസിച്ചതിനുശേഷം രാവിലെ റോക്കി പര്‍വതനിരകള്‍ കാണാന്‍ പുറപ്പെട്ടു.
റോക്കി പര്‍വതനിരകള്‍ നോര്‍ത് അമേരിക്കയുടെ പടിഞ്ഞാറുഭാഗത്തുള്ള പ്രധാന പര്‍വത നിരകളാണ്. ഏതാണ്ട് 70-300 മൈല്‍ (110- 480 km) വീതിയുള്ള റോക്കി പര്‍വതനിരകള്‍ കാനഡയില്‍ ബ്രിട്ടീഷ് കൊളംബിയയുടെ തെക്കുമുതല്‍ യുനൈറ്റഡ് സ്റ്റേറ്റിന്‍െറ വടക്കന്‍ പ്രദേശങ്ങള്‍വരെ മൂവായിരം മൈലോളം (4830 km) നീണ്ടുകിടക്കുന്നു.
കാലാവസ്ഥ സുന്ദരമായിരുന്നു, അധികം ചൂടുമില്ല, തണുപ്പുമില്ല. ഫോര്‍ട്ട് കോളിന്‍സില്‍നിന്ന് റോക്കിസിലേക്ക് പോകുംവഴി  എക്കോ ലേക്  എന്നൊരു തടാകമുണ്ട്. അതി മനോഹരം. ഏകദേശം പതിനായിരം വര്‍ഷംമുമ്പ് ഹിമാനികള്‍ അഥവാ, ചലനശേഷിയുള്ള ഹിമപാളികള്‍  ഉരുകിയാണ് ഈ തടാകം ഉണ്ടായത്. അല്‍പം സമയം തടാകത്തിന്‍െറയും അതിനെ മുത്തമിട്ടുനില്‍ക്കുന്ന ആകാശത്തിന്‍െറയും നീലിമ ആസ്വദിച്ചതിനുശേഷം വാനില്‍ തിരിച്ചുകയറി. ഇവിടെനിന്നാണ് റോക്കിസിലേക്കുള്ള യാത്രയും മലകയറ്റവും ആരംഭിക്കുന്നത്.
സമുദ്രനിരപ്പില്‍നിന്ന് കൂടുതല്‍ ഉയരത്തിലേക്ക് കയറുന്തോറും  ഓക്സിജന്‍െറ അളവ് കുറയുമെന്നും തന്മൂലം ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാമെന്നുമുള്ള മുന്നറിയിപ്പ് മലയുടെ അടിവാരത്തില്‍ കണ്ടു. അധികം താമസിയാതെതന്നെ വാന്‍ വീതി കുറഞ്ഞ, ഹെയര്‍ പിന്‍ വളവുകള്‍ നിറഞ്ഞ ട്രെയില്‍ റിഡ്ജ് റോഡിലൂടെയായി യാത്ര. വായുമര്‍ദത്തിലുള്ള വ്യത്യാസം ചെവികള്‍ അറിഞ്ഞ് പരാതിപ്പെട്ടു. അവ കൊട്ടിയടച്ചു. ഞങ്ങളുടെ സുഹൃത്ത് ബാബു നമ്പൂതിരിയായിരുന്നു സ്റ്റിയറിങ്ങിനു പിറകില്‍.  
13 സീറ്റര്‍ വാന്‍ ഹെയര്‍പിന്‍ വളവുകളിലൂടെ ശ്രദ്ധയോടെ നീങ്ങി.  ആദ്യമായിട്ടാണെന്ന് തോന്നുന്നു ഇത്രയും വലിയ വാഹനം ബാബു ഓടിക്കുന്നത്. റോഡിന്‍െറ ഒരുവശത്ത് ആഴംകൊണ്ട് നമ്മെ പരിഭ്രമിപ്പിക്കുന്ന ഗര്‍ത്തങ്ങള്‍. മറുവശത്ത് ഉയരംകൊണ്ട് നമ്മെ പരവശരാക്കുന്ന പര്‍വതങ്ങള്‍.
ഏകദേശം പത്തു വര്‍ഷംമുമ്പ് ഞാനും  ജേക്കബും കുട്ടികളോടൊപ്പം അവരുടെ സ്കൂളില്‍നിന്ന് ഒരു നാഷനല്‍ കോമ്പറ്റീഷന് കോളറാഡോയിലെ ബോള്‍ഡര്‍ എന്ന സ്ഥലത്ത് വന്നിരുന്നു. അന്ന് ബോള്‍ഡറിലുള്ള റോക്കി പര്‍വത ശിഖരത്തിന്‍െറ ഏറ്റവും മുകളില്‍വരെ കാറില്‍ പോയിരുന്നു. അതൊരു മേയ് മാസത്തിലായിരുന്നു. മലയുടെ അടിവാരത്ത് ബോള്‍ഡറില്‍ സുഖകരമായ കാലാവസ്ഥ. എങ്കിലും കൈയില്‍ ജാക്കറ്റുകള്‍ കരുതിയിരുന്നു. മലകയറുന്തോറും കാലാവസ്ഥ മാറുന്നതറിഞ്ഞു. കുറേ ഉയരത്തില്‍ ചെന്നപ്പോള്‍ അവിടെ മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. വൃക്ഷത്തലപ്പുകളിലും ചുറ്റുവട്ടത്തും മഞ്ഞിന്‍െറ പ്രളയം.  റോഡില്‍നിന്ന് മഞ്ഞ് ഉരുകിക്കൊണ്ടിരുന്നതിനാല്‍, റോഡ് അടച്ചിരുന്നില്ല. പിറ്റേദിവസം മലകയറാന്‍ ശ്രമിച്ചവര്‍ക്ക് മഞ്ഞുപാതം നിമിത്തം റോഡ് അടച്ചിട്ടതിനാല്‍ പകുതി കയറിയിട്ട് തിരികെ പോരേണ്ടിവന്നു.
‘ബെയര്‍ലേക് ’ ആയിരുന്നു  ഞങ്ങളുടെ അടുത്ത സ്റ്റോപ്പ്. പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങളെ അലയാന്‍വിട്ട നീലാകാശം രഹസ്യം ചൊല്ലാനെന്ന മട്ടില്‍ താണിറങ്ങിയിട്ടും, കാമുകനെപ്പോലെ ചുംബന ദൂരത്ത് നിര്‍ത്തി, ദേഹത്ത് മഞ്ഞ് വാരിയിട്ട  പര്‍വതനിരകളെ ചുറ്റിനും കാവല്‍ നിര്‍ത്തി, പൈന്‍ മരങ്ങള്‍ അതിര്‍ത്തിയിട്ട്, ഭൂമിയുടെ മടിയില്‍ ശാന്തമായി കിടക്കുന്ന ഒരു നീല വിസ്മയം. അതായിരുന്നു ആനിമിഷത്തില്‍ എന്‍െറ നോട്ടത്തില്‍ സമുദ്ര നിരപ്പില്‍നിന്ന് 9450 അടി ഉയരത്തിലുള്ള ‘ബെയര്‍ലേക്’. ഐസ് ഏജ് എന്ന ആനിമേഷന്‍ സിനിമയുടെ അവസാനത്തില്‍ ഗ്ളേസിയേര്‍സ് (ഹിമാനികള്‍) ഉരുകിയാണ് ബെയര്‍ലേക് ഉണ്ടായിരിക്കുന്നത്. അവിടെയടിക്കുന്ന കാറ്റിനുപോലും മത്തുപിടിപ്പിക്കുന്ന ഒരു നീലനിറമുണ്ടെന്ന് എനിക്ക് തോന്നി. ഈ കാഴ്ചകളൊന്നും തന്നെ ഭ്രമിപ്പിക്കാന്‍ പോന്നതല്ല എന്ന മട്ടില്‍ ഒരു അണ്ണാറക്കണ്ണന്‍ ഞങ്ങളുടെ പിറകെ കൂടി.
വണ്ടി മല കയറുകയാണ്. പിറകിലും മുമ്പിലും അധികം വാഹനങ്ങളില്ല. ധാരാളമായി കണ്ടിരുന്ന പൈന്‍ മരങ്ങള്‍ കാണാതായി. കാലാവസ്ഥയുടെ രൂക്ഷത, കാറ്റ് ,  വരള്‍ച്ച, വേരുകള്‍ ആഴത്തിലേക്ക് താഴ്ത്തിവിട്ട് വളരാനുള്ള സൗകര്യക്കുറവ് എന്നീ കാരണങ്ങള്‍കൊണ്ട്  ഇവിടെ,  ഇത്രയും പൊക്കത്തില്‍ മരങ്ങള്‍ വളരില്ല.
ഞങ്ങള്‍ ഇപ്പോള്‍ 11,500 അടിക്ക് മീതെ റ്റന്‍ഡ്ര എന്നു വിളിക്കുന്ന സസ്യജാലങ്ങള്‍ വളരുന്നയിടത്താണ്. സുഖകരമായ കാലാവസ്ഥ. ജാക്കറ്റിന്‍െറപോലും ആവശ്യമില്ല. നിലത്തിനോട് ചേര്‍ന്ന് വളരുന്ന ചെടികള്‍മാത്രം. ഭൂമിയോട്  ശൃംഗരിച്ച് മുട്ടിയുരുമ്മിനില്‍ക്കുന്ന ആകാശം. ദൂരെ മഞ്ഞിന്‍െറ ചേലചുറ്റിയ പര്‍വതശിഖരങ്ങളുടെ ഗാംഭീര്യം. ‘സ്വര്‍ഗം താണിറങ്ങി വന്നതോ’ എന്ന് അറിയാതെ മൂളിപോയി. ആകാശത്തേക്ക്  നോക്കിനിന്നപ്പോള്‍ സ്വര്‍ഗത്തിന്‍െറ വാതില്‍ ഏത് നിമിഷവും തുറക്കപ്പെട്ടേക്കാമെന്നും വെള്ള മേഘങ്ങള്‍ ചിറകുവിരിച്ച മാലാഖമാര്‍ ആവുമെന്നും തോന്നി. അവാച്യമായൊരു അനുഭൂതി എന്നെ പൊതിഞ്ഞു. ഇവിടെ ഞാനൊന്നുമല്ല. ഭൂമിയുടെ അവകാശികള്‍ എന്ന് ഭാവിക്കുന്ന മരങ്ങള്‍പോലുമില്ല. ഈ ഭൂമി പര്‍വതശൃംഗങ്ങളുടേതാണ്. അവരാണ് ഭൂമിയുടെ അവകാശികള്‍!
മഞ്ഞിന്‍െറ സമൃദ്ധി, മാസങ്ങളോളം നീളുന്ന സബ്സീറോ ടെമ്പറേച്ചര്‍, വരള്‍ച്ച, സൂര്യപ്രകാശത്തിന്‍െറ കാഠിന്യം മുതലായവയാണ് സമുദ്രനിരപ്പില്‍നിന്ന് 11500 മുകളിലേക്കുള്ള ഈ പ്രദേശത്തെ കാലാവസ്ഥ. ഇവിടെ ചുഴറ്റിയടിക്കുന്ന കാറ്റിന് 175 മൈല്‍ വേഗതവരെയാകാം. ആറ് ആഴ്ചക്കാലം മാത്രം വളര്‍ച്ചക്ക് അനുകൂലമായ ഈ കാലാവസ്ഥയെ അതിജീവിക്കുന്ന സസ്യജാലങ്ങളെയാണ് ‘റ്റന്‍ഡ്ര’ എന്നുവിളിക്കുന്നത്. ഇവിടെ മരങ്ങള്‍ വളരുന്നില്ല. ചില പായലുകളും ‘ലൈക്കന്‍സും’ വളരുന്നു. നിലത്തോട് ഒട്ടി വളരുന്നതിനാല്‍ ചുഴറ്റിയടിക്കുന്ന കാറ്റ്  ഇവക്ക് മീതെ കടന്നുപോവുന്നു. അഞ്ച് വര്‍ഷത്തില്‍ കാല്‍ ഇഞ്ച് ഡയാമീറ്റര്‍ എന്ന നിരക്കിലാണ് ഈ ചെടികളുടെ വളര്‍ച്ച. ഏതെങ്കിലും സാഹചര്യങ്ങളാല്‍ ഈ ചെടികള്‍ നശിച്ചാല്‍ നൂറുനൂറുവര്‍ഷങ്ങള്‍ എടുക്കും പഴയ പടി വളര്‍ന്ന് വരാന്‍. റോക്കി പര്‍വത നിരകളിലേക്ക് ഒരു വര്‍ഷം മുപ്പത് ലക്ഷം സന്ദര്‍ശകര്‍ ഉണ്ടാവും. അവരില്‍നിന്നെല്ലാം ഈ ചെടികളെ സൂക്ഷിക്കേണ്ടത് ചെടികളുടെ നിലനില്‍പിന് ആവശ്യമാണ്.
ഞങ്ങള്‍ പര്‍വതത്തിന്‍െറ ഉച്ചിയോട് അടുക്കുന്തോറും ഓക്സിജന്‍െറ അളവ് കുറഞ്ഞുകൊണ്ടിരുന്നു.‘തിന്‍ എയര്‍’ എന്ന് പറയും. അതിനാല്‍ ഡോക്ടര്‍ തങ്കപ്പന്‍ എന്തോ അസ്വസ്ഥത അനുഭവിക്കുന്നു എന്നറിയിച്ചു. മടങ്ങിപ്പോവാം എന്ന് എല്ലാവരും നിശ്ചയിച്ചു. ബാബു സ്റ്റിയറിങ്ങിനു പിറകിലിരുന്നു, പകുതി ദൂരം കഴിയുമ്പോള്‍ ജേക്കബിന് നല്‍കാമെന്ന് സമ്മതിച്ചുകൊണ്ട്. ഞങ്ങള്‍ മലയിറങ്ങി, അടിവാരത്തുനിന്ന് തീപ്പെട്ടിവലുപ്പം  തോന്നിക്കുന്ന കാറുകള്‍ മലകയറുന്നതിലേക്ക് എന്‍െറ കണ്ണുകള്‍ ചിറകുവിരിച്ചു പറന്നു. ഗര്‍ത്തങ്ങളുടെ ഓരം ചേര്‍ന്ന് വാന്‍ മലയിറങ്ങി. പര്‍വതങ്ങളിലെ മഞ്ഞുപാളികള്‍ വജ്രം പോലെ മിന്നി.  മലയിറങ്ങിയപ്പോള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തി. റസ്റ്റാറന്‍റിന് പിറകില്‍ വിവിധ നിറങ്ങളുള്ള പാറക്കൂട്ടങ്ങളോടുകൂടിയ മലകള്‍. അവക്കിടയില്‍ ഒരു വെള്ളച്ചാട്ടം. വളരെ താഴ്ചയില്‍, ചാട്ടത്തില്‍ തകര്‍ന്നുപോയി എന്ന ഭാവത്തില്‍ ഒരു വെള്ളിനൂലായി പിങ്ക് നിറമുള്ള പാറകള്‍ക്കിടയിലൂടെ  വെള്ളം ഒഴുകുന്നു, താഴ്ന്നു താഴ്ന്ന്. കാഴ്ചകളത്രയും മനസ്സിലും കാമറയിലും പതിപ്പിച്ച് ഹോട്ടലില്‍ ഉറങ്ങാനായി എത്തി. പിറ്റേ ദിവസം രാവിലെ ‘വയോമിങ് ’ സ്റ്റേറ്റിലൂടെ ഓടിച്ച് വൈകുന്നേരമാകുമ്പോള്‍ ‘മോണ്ടാന’ എന്ന സ്റ്റേറ്റില്‍ എത്തണം. അവിടെ ബോര്‍ഡറില്‍ താമസിച്ച്  ‘യെലൊസ്റ്റോണ്‍ നാഷനല്‍ പാര്‍ക്ക് ’ കാണണം.
റോക്കി പര്‍വതനിരകളിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക