Image

മാര്‍ക്‌സിന്റെയും ലെനിന്റെയും പ്രതിമ തകര്‍ക്കുന്നത്‌ അനുവദിക്കാന്‍ കഴിയില്ലന്ന്‌ മമതാ ബാനര്‍ജി

Published on 07 March, 2018
മാര്‍ക്‌സിന്റെയും ലെനിന്റെയും പ്രതിമ തകര്‍ക്കുന്നത്‌ അനുവദിക്കാന്‍ കഴിയില്ലന്ന്‌ മമതാ ബാനര്‍ജി
കൊല്‍ക്കത്ത: സിപിഐഎം തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയാണെങ്കിലും വ്‌ളാദിമര്‍ ലെനിനെയും, മാര്‍ക്‌സിനെയും തൊട്ടാല്‍ തനിക്ക്‌ വേദനിക്കുമെന്ന്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ത്രിപുരയില്‍ ബിജെപി അധികാരമേറ്റതിന്‌ ശേഷം ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതികരിക്കവെയാണ്‌ ഇത്തരം നടപടികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന്‌ മമത വ്യക്തമാക്കിയത്‌.

തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നും 90 കി.മീറ്റര്‍ അകലെയുള്ള ബെലോണിയ പട്ടണത്തിലാണ്‌ ലെനിന്റെ പ്രതിമ തകര്‍ത്തത്‌.

 25 വര്‍ഷക്കാലം ഭരണത്തിലിരുന്ന സിപിഎം നേതൃത്വത്തിലുള്ള മണിക്‌ സര്‍ക്കാരിനെ മുഖ്യമന്ത്രി കസേരയില്‍ നിന്നും താഴെയിറക്കിയതിന്‌ പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗത്തും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.

 'ലെനിന്റെ പ്രതിമ തകര്‍ത്ത നടപടി അംഗീകരിക്കാന്‍ കഴിയില്ല. സിപിഎം ഞങ്ങളുടെ എതിരാളികളാണ്‌, ലെനിന്‍ ഞങ്ങളുടെ നേതാവുമല്ല. പക്ഷെ മാര്‍ക്‌സിന്റെയും, ലെനിന്റെയും പ്രതിമ തകര്‍ക്കുന്നത്‌ അനുവദിക്കാന്‍ കഴിയില്ല', തൃണമുല്‍ കോണ്‍ഗ്രസ്‌ മേധാവി ഒരു റാലിയില്‍ വ്യക്തമാക്കി.

  2011ല്‍ 33 വര്‍ഷത്തെ സിപിഎം ഭരണത്തിന്റെ അടിത്തറ ഇളക്കിയാണ്‌ മമത ബംഗാളില്‍ ഭരണത്തിലേറിയത്‌. എന്നാല്‍ ബിജെപിയുടെ വിജയത്തേരോട്ടം തന്നെ പോലുള്ള സംസ്ഥാന കക്ഷികള്‍ക്ക്‌ ഭീഷണിയാണെന്ന്‌ തിരിച്ചറിഞ്ഞാണ്‌ ഈ പ്രതികരണമെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാല ഐക്യം രൂപീകരിക്കാന്‍ തെലങ്കാന മുഖ്യന്‍ കെ ചന്ദ്രശേഖര റാവുവിനെയും, ഡിഎംകെ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എംകെ സ്റ്റാലിനുമായും അവര്‍ ബന്ധപ്പെട്ട്‌ കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക