Image

വീണ്ടും കൊടികുത്തല്‍, മുഖ്യമന്ത്രിയുടെ വാക്കിനു പാഴ്‌വില, അറിഞ്ഞിട്ടില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം

Published on 07 March, 2018
വീണ്ടും കൊടികുത്തല്‍, മുഖ്യമന്ത്രിയുടെ വാക്കിനു പാഴ്‌വില, അറിഞ്ഞിട്ടില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം
കൊല്ലം ജില്ലയില്‍ വീണ്ടും കൊടികുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ അവഗണിച്ച് ജില്ലയിലെ മറ്റൊരു വര്‍ക്ക്‌ഷോപ്പിലും കൊടികുത്തി. നിലമേലാണ് സിപിഎമ്മിന്റെ വകയായി കൊടി കുത്തിയിരിക്കുന്നത്. കടയ്ക്കല്‍ നിലമേലിന് സമീപം മുരുക്കുമണില്‍ വര്‍ക്ക്‌ഷോപ്പിനു മുന്നിലെ മണ്ണിലാണ് പാര്‍ട്ടിയുടെ ചെങ്കൊടി. വര്‍ഷങ്ങളായി ഇവിടെ നടത്തിവരുന്ന പാര്‍ഥിപന്റെ വര്‍ക്‌ഷോപ്പിന് മുന്നിലിലെ തറ നിരത്താനാണ് മണ്ണ് ഇറക്കിയിരിക്കുന്നത്.

ഈ മണ്ണിലാണ് സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടുമാസമായി കൊടികുത്തിയിരിക്കുന്നത്. വര്‍ക്ക്‌ഷോപ്പിനു മുന്നിലെ തറ നിരപ്പാക്കുന്ന പ്രവര്‍ത്തനം തണ്ണീര്‍ത്തട നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മണ്ണിലാണ് നിലമേല്‍ സിപിഎം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്രവര്‍ത്തകര്‍ കൊടികുത്തിയത്. ഇതേ തുടര്‍ന്ന് തറ നികത്താനായി ഇറക്കിയ മണ്ണ് എന്തുചെയ്യുമെന്ന അവസ്ഥയിലാണ് പാര്‍ഥിപന്‍.
കഴിഞ്ഞയാഴ്ചയാണ് വാഹനവര്‍ക് ഷോപ്പ് നിര്‍മ്മിക്കുന്ന സ്ഥലത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിലും പണംചോദിച്ച് ഭീഷണിപ്പെടുത്തിയതിലും മനംനൊന്ത് പുനലൂര്‍ സ്വദേശി സുഗതന്‍ ആത്മഹത്യ ചെയ്തത്. ഇത് വന്‍ വിവാദമുണ്ടാക്കിയിരുന്നു. പുനലൂര്‍ ഐക്കരകോണം വാഴമണ്‍ സ്വദേശി സുഗതനെ ഫെബ്രുവരി 23നാണ് വര്‍ക്ക് ഷോപ്പ് ഷെഡിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഗതന്റെ മരണത്തില്‍ എഐവൈഎഫിനെ പ്രതിക്കൂട്ടിലാക്കി കഴിഞ്ഞ ദിവസം നിയമസഭയില്‍ സുഗതന്റെ മരണം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് മറുപടി നല്‍കേണ്ടിവന്നു.

കൊടികുത്തിയതിനെതിരേ പാര്‍ഥിപന്‍ പോലിസിനും പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കും പരാതി നല്‍കി നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ ഉണ്ടായില്ലെന്ന് പാര്‍ഥിപന്‍ പറഞ്ഞു. എന്നാല്‍ നിലമേലിലെ കൊടികുത്തല്‍ സംബന്ധിച്ച് തങ്ങള്‍ ഇതുവരെയും അറിഞ്ഞിട്ടില്ലെന്നാണ് സിപിഎം ലോക്കല്‍ നേതൃത്വത്തിന്റെയും ജില്ലാ നേതൃത്വത്തിന്റെയും വിശദീകരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക