Image

മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ കമിതാക്കള്‍ വിഷം കഴിച്ച നിലയില്‍, പെണ്‍കുട്ടി മരിച്ചു, കാമുകന്‍ ഗുരുതരാവസ്ഥയില്‍

Published on 11 March, 2018
മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ കമിതാക്കള്‍ വിഷം കഴിച്ച നിലയില്‍, പെണ്‍കുട്ടി മരിച്ചു, കാമുകന്‍ ഗുരുതരാവസ്ഥയില്‍


മൂന്നാര്‍: മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ കമിതാക്കള്‍ വിഷം കഴിച്ച്‌ ആത്മഹത്യയ്‌ക്കു ശ്രമിച്ചു, പെണ്‍കുട്ടി മരിച്ചു. തമിഴ്‌നാട്‌ സ്വദേശികളായ ഉദുമല്‍പ്പേട്ട ശ്രീ ജിവിജി വിശാലാക്ഷി വിമന്‍സ്‌ കോളജ്‌ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി കെ അളകുമീനയാ(18)ണു മരിച്ചത്‌. ഉദുമല്‍പേട്ട കനകപാളയം ജെജെ നഗറില്‍ താമസിക്കുന്ന എസ്‌ സതീഷ്‌ കുമാറി (24) നെ അതീവ ഗുരുതരാവസ്ഥയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്‌ച ഉച്ചയോടെയാണ്‌ ഇരുവരും മൂന്നാര്‍ സന്ദര്‍ശനത്തിനായി എത്തിയത്‌. നടയാര്‍ റോഡിലെ സ്വകാര്യ കോട്ടേജില്‍ മുറി വാടകയ്‌ക്കെടുത്ത ഇരുവരും മാട്ടുപ്പെട്ടിയടക്കമുള്ള വിനോദസഞ്ചാരമേഖല സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു. ശനിയാഴ്‌ച രാവിലെ കോട്ടേജ്‌ ജീവനക്കാരനോടു ഭക്ഷണമെത്തിക്കാന്‍ അളകുമീന ആവശ്യപ്പെട്ടിരുന്നു.

ഭക്ഷണം നല്‍കുന്നതിനായി മുറിയില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന്‌ മുറിയുടെ കതകു തള്ളിത്തുറന്ന്‌ അകത്തു പ്രവേശിക്കവെയാണ്‌ ഇരുവരെയും വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്‌. സതീഷ്‌കുമാറിനു ജീവനുള്ളതായി കണ്ടെത്തിയ ജീവനക്കാര്‍ ഇയാളെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില അതീവഗുരുതരമായി തുടരുകയാണ്‌. അളകുമീന സംഭവസ്ഥലത്തു തന്നെ മരിച്ചു.ഇവരുടെ പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി സൂചനയുണ്ട്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക