Image

വരുന്നത് മറ്റൊരു ഓഖിയോ, പേടിച്ചു വിറച്ച് കേരളതീരം, ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നു ജാഗ്രതാ നിര്‍ദ്ദേശം നീട്ടി

Published on 11 March, 2018
വരുന്നത് മറ്റൊരു ഓഖിയോ, പേടിച്ചു വിറച്ച് കേരളതീരം, ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നു ജാഗ്രതാ നിര്‍ദ്ദേശം നീട്ടി
കേരളത്തിനു സമീപത്തു കൂടി ലക്ഷദ്വീപിലേക്ക് പായുന്നവിധത്തില്‍ രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നു കേരളവും പരിഭ്രാന്തിയില്‍. ശ്രീലങ്കന്‍ തീരത്താണ് ന്യൂനമര്‍ദ്ദം രൂപം കൊണ്ടിരിക്കുന്നത്. ഇതിനെത്തുടര്‍ന്നുള്ള ജാഗ്രതാ നിര്‍ദേശം നീട്ടി. തെക്കന്‍ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ കൂടി മത്സ്യബന്ധനത്തിനു പോകരുതെന്നാണ് കാലാവസ്ഥാ വകുപ്പ് ഇന്ന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ന്യൂനമര്‍ദ മേഖല ശക്തിപ്രാപിക്കുന്നതിനാലാണ് നിര്‍ദേശം. കന്യാകുമാരി മേഖലയിലെ കടലില്‍ മീന്‍പിടിക്കാന്‍ പോകരുതെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഓഖി ദുരന്തത്തിന്റെ തീവ്രത ഇതുവരെ തീരദേശങ്ങളില്‍ നിന്നും ഒഴിഞ്ഞുപോയിട്ടില്ല. അതിനു പിന്നാലെയാണ് ന്യൂനമര്‍ദ്ദം കേരളത്തെ തൊട്ടു കടന്നുപോകുന്നത്. ഇത് ഒരു കൊടുങ്കാറ്റായി മാറുമോയെന്നു ഇപ്പോള്‍ പറയാനാവില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്. എന്നാല്‍, മുന്‍പുണ്ടായ കൊടുങ്കാറ്റിന്റെ പരിണിതഫലം മുന്നില്‍ ഉള്ളതു കൊണ്ടു ജാഗ്രതനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും 2.6 മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നുമായിരുന്നു ശനിയാഴ്ച കേന്ദ്രകാലാവസ്ഥാവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നത്. തെക്ക് ന്യൂനമര്‍ദം രൂപപ്പെടുകയും പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിനു സമീപത്തേക്കു നീങ്ങി ശക്തിപ്പെടുകയും ചെയ്യാനിടയുള്ളതിനാലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക