Image

പേര്‌ വെളിപ്പെടുത്തിയില്ലെങ്കില്‍ അവരെ ഞാന്‍ കോടതി കയറ്റും; നിഷയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ ഷോണ്‍ ജോര്‍ജ്ജ്‌

Published on 17 March, 2018
 പേര്‌ വെളിപ്പെടുത്തിയില്ലെങ്കില്‍ അവരെ ഞാന്‍ കോടതി കയറ്റും; നിഷയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ ഷോണ്‍ ജോര്‍ജ്ജ്‌
കോട്ടയം: കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ തന്നെ അപമാനിച്ചെന്ന ജോസ്‌ കെ.മാണി എം.പിയുടെ ഭാര്യ നിഷയുടെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച്‌ പി.സി ജോര്‍ജ്ജ്‌ എം.എല്‍.എയുടെ മകന്‍ ഷോണ്‍ ജോര്‍ജ്‌.

ട്രെയിനില്‍ വെച്ച്‌ അവരോട്‌ അപമര്യാദയായി പെരുമാറിയത്‌ താനാണെന്ന്‌ ഒന്നുകില്‍ അവര്‍ പറയണമെന്നും അല്ലെങ്കില്‍ അതില്‍ പറഞ്ഞിരിക്കുന്നത്‌ താന്‍ അല്ലെന്ന്‌ പറയണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ തനിക്ക്‌ നേരെയാണ്‌ ഇപ്പോള്‍ വിരല്‍ചൂണ്ടുന്നതെന്നും അതുകൊണ്ട്‌ തന്നെ സത്യം അവര്‍ പറഞ്ഞേ തീരൂവെന്നും ഷോണ്‍ പ്രതികരിച്ചു.

ആരോപണങ്ങള്‍ എന്റെ നേര്‍ക്ക്‌ നീളുമ്പോള്‍ അതില്‍ പ്രതിപാദിച്ചിരിക്കുന്നത്‌ ഞാന്‍ ആണോയെന്ന്‌ അവര്‍ വിശദീകരിക്കണ്ടതുണ്ട്‌. അതിനായി അവര്‍ക്കെതിരെ കേസ്‌ കൊടുക്കാനുള്ള നടപടിയിലാണ്‌ ഞാനിപ്പോള്‍ ഉള്ളത്‌.

മീറ്റു എന്ന്‌ പറഞ്ഞ്‌ വ്യാജ ആരോപണവുമായി ഇനി ഒരു സ്‌ത്രീയും വരരുത്‌. ഇവിടെ മാന്യമായി ജീവിക്കുന്ന ഏത്‌ പുരുഷന്‌ നേരെയും ഇത്തരമൊരു ആരോപണം ഉയര്‍ത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌ അത്ര നല്ല കാര്യമല്ല. സ്‌ത്രീകള്‍ക്ക്‌ മാത്രമല്ലല്ലോ ഇവിടെ അവകാശങ്ങള്‍ ഉള്ളത്‌ പുരുഷന്മാര്‍ക്കും ഇവിടെ ജീവിക്കണ്ടെയെന്നും ഏഷ്യാനെറ്റ്‌ ന്യൂസിന്‌ അനുവദിച്ച അഭിമുഖത്തില്‍ ഷോണ്‍ പറയുന്നു.

പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ അന്തസും അഭിമാനവും മാത്രമാണ്‌ എനിക്ക്‌ കൈമുതലായിട്ടുള്ളത്‌. അത്‌ ഇത്തരമൊരു ആരോപണം കൊണ്ട്‌ നശിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കുക തന്നെ ചെയ്യും. ഷോണ്‍ ജോര്‍ജിലേയ്‌ക്ക്‌ എന്ന പേരില്‍ നിരവധി പോര്‍ട്ടലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ്‌ പിതാവ്‌ പിസി ജോര്‍ജ്ജും എന്റെ ഭാര്യ പാര്‍വ്വതിയും പ്രതികരിച്ചത്‌.

ആളുകള്‍ പീഡിപ്പിച്ചല്ലേയെന്ന്‌ ചോദിക്കുന്ന അവസ്ഥ മോശമാണ്‌ .നാട്ടില്‍ കൂടി ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിയാണ്‌ ഇപ്പോള്‍. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ അഭിമാനം നശിപ്പിക്കാന്‍ നിഷയല്ല കെഎം മാണി ശ്രമിച്ചാല്‍ പോലും സമ്മതിക്കില്ലെന്നും ഷോണ്‍ പറയുന്നു.

 ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദര്‍ സൈഡ്‌ ഓഫ്‌ ദിസ്‌ ലൈഫ്‌' എന്ന പുസ്‌തകത്തിലായിരുന്നു ട്രെയിനില്‍ വച്ച്‌ കോട്ടയത്തുള്ള പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിച്ചെന്ന്‌ നിഷ തുറന്നെഴുതിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക