Image

ഭംഗിയുള്ള പൂമരം

ആശ എസ് പണിക്കര്‍ Published on 19 March, 2018
      ഭംഗിയുള്ള പൂമരം
'ഇര' എന്ന ചിത്രം മുന്നോട്ടു വയ്ക്കുന്നത് അതിക്രമങ്ങള്‍ക്കു വിധേയരാകുന്നവര്‍ മാത്രമാണോ ഇര എന്ന വാക്കിനാല്‍ ചിത്രീകരിക്കപ്പെടുക എന്നതാണ്. കേരളത്തില്‍ പീഡനകേസുകളില്‍ ശാരീരിക അതിക്രമത്തിനു വിധേയരാകുന്ന പെണ്‍കുട്ടികള്‍ അല്ലെങ്കില്‍ സ്ത്രീകള്‍ എന്നിവര്‍ക്ക്  സമൂഹവും മാധ്യമങ്ങളും ചാര്‍ത്തിക്കൊടുത്ത പേരാണ് ഇര. എന്നാല്‍ ഇരകളാക്കപ്പെടുന്നത് സ്ത്രീകള്‍ മാത്രമാണോ? മാനഭംഗത്തിന് ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ മാത്രമാണോ ഇരകള്‍? ഏതുവിധത്തിലുമുള്ള ശാരീരിക അതിക്രമത്തിനു വിധേയരാകുന്നവര്‍, രാഷ്ട്രീയ പക തീര്‍ക്കാന്‍ കൊലക്കത്തികളില്‍ ജീവന്‍ പിടഞ്ഞു വീഴുന്നവര്‍, അര്‍ഹതയുണ്ടായിട്ടും നീതി നിഷേധിക്കപ്പെട്ടവര്‍.. ചെയ്യാത്ത കുറ്റത്തിന് സമൂഹത്തിനു മുന്നില്‍ അപഹാസ്യരാകേണ്ടി വന്നവര്‍, ചെയ്യാത്ത കുറ്റത്തിനു ശിക്ഷ ഏല്‍ക്കേണ്ടി വന്നവര്‍ ...ഇവരെല്ലാം ഇരകളല്ലേ?ആരാണ് യഥാര്‍ ഇര? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇര എന്ന എസ്.എസ്.ഷൈജു സംവിധാനം ചെയ്ത ചിത്രം. 

അഴിമതിക്കാരനായ മന്ത്രി (അലന്‍സിയര്‍) ഒരു ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ച ചികിത്സ തേടുന്നു. എന്നാല്‍ പെട്ടെന്ന് ഹൃദയ സ്തംഭനം വന്ന് മന്ത്രി മരണമടയുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം ബഹളം വയ്ക്കുന്ന സമയവും. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ മരണത്തില്‍ ദുരൂഹത  ആരോപിക്കപ്പെടുന്നു. സംഭവം ആളിക്കത്തുകയാണ്. കേസ് അന്വേഷിക്കാന്‍ വന്ന പോലീസ് ആകട്ടെ, മന്ത്രിയെ ചികിത്സിച്ച  ഡോക്ടര്‍ ആര്യന് (ഗോകുല്‍ സുരേഷ് ഗോപി) നക്‌സലറ്റുകളുമായി ബന്ധമുണ്ടെന്നു പറഞ്ഞ് അയാളെ അറസ്റ്റു ചെയ്യുന്നു. ജയിലിലായ ആര്യന്റെ നിരപരാധിത്വം തെളിയിക്കാന്‍ വരുന്ന പോലീസ് ഓഫീസറാണ് രാജീവ്(ഉണ്ണി മുകുന്ദന്‍). 

രാജീവ് ആണ് പിന്നീട് കഥയുടെ കേന്ദ്ര ബിന്ദുവാകുന്നത്. ഇടവേളയ്ക്കു ശേഷം അയാള്‍ നായകനില്‍ നിന്നും പ്രതിനായകനിലേക്ക് മാറുന്നു. തന്റെ കാമുകിയായിരുന്ന കാത്തു(മിയ)വിനെ മന്ത്രിയും മകനും കൂടി ക്രൂരമായി കൊലപ്പെടുത്തിയതിന്റെ പ്രതികാരം തീര്‍ക്കാനാണ് അയാള്‍ വരുന്നത്. കാത്തു ആര്യന്റെ സഹോദരിയുമാണ്. ഇവര്‍ രണ്ടു പേരും ചേര്‍ന്ന് കാത്തുവിനെ കൊലപ്പെടുത്തിയവരോട് പ്രതികാരം ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ. 

ഉണ്ണി മുകുന്ദനൊപ്പം ഗോകുല്‍ സുരേഷും പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഇര. സമീപ കാലത്ത് പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ മലയാളത്തിലെ പ്രമുഖ നടന്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലായതും ആ കേസുമായി ബന്ധപ്പെട്ട് പോലീസ് സംഘം നിരത്തിയ ചില നിര്‍ണായക തെളിവുകളുമെല്ലാം ഈ ചിത്രത്തിന്റെ പ്രമേയവുമായി കൂട്ടിയിണക്കിയിട്ടുണ്ട്. ആദ്യ പകുതിയില്‍ കേസന്വേഷണവും ഫ്‌ളാഷ് ബാക്കുമാണെങ്കില്‍ രണ്ടാം പകുതിയില്‍ കാടും പ്രകൃതി ചൂഷണവുമൊക്കെയാണ് കഥയില്‍. ത്രില്ലര്‍ സ്വഭാവമുളള പ്രമേയമാണെങ്കിലും പലപ്പോഴും കഥ ഇഴഞ്ഞു നീങ്ങുന്നു. കഥയില്‍ ത്രില്ലടിപ്പിക്കുന്ന അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ഉണ്ടാകുന്നത് പ്രേക്ഷകര്‍ സദാ സ്വാഗതം ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഈ ചിത്രത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റുകളുടെ വേലിയേറ്റം തന്നെയാണ്. ഒന്നിലും ഉറച്ചു നില്‍ക്കാന്‍ പ്രേക്ഷകനെ അനവദിക്കാത്ത അവസ്ഥ. 

പ്രണയവും പ്രതികാരവും സമന്വയിക്കുന്ന രാജീവ് എന്ന പോലീസ് ഓഫീസറുടെ കഥാപാത്രമായി ഉണ്ണി മുകുന്ദന്‍ തിളങ്ങി. ഓരോ ചിത്രങ്ങള്‍ കഴിയുന്തോറും ഗോകുല്‍ സുരേഷ് അഭിനയത്തില്‍ ഏറെ മെച്ചപ്പെടുന്നുണ്ട്. ആര്യന്‍ എന്ന കഥാപാത്രത്തിന് സംഭാഷണങ്ങള്‍ അധികമില്ലെങ്കിലും സൂക്ഷ്മമായ അഭിനയമികവ് പല രംഗങ്ങളിലും ഗോകുല്‍ പ്രകടിപ്പിച്ചിട്ടുണ്ട്. കാത്തുവായി എത്തിയ മിയ ആഴമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അഴിമതിക്കാരനായ മന്ത്രിയായി അലന്‍സിയറും ക്രൂരനായ മന്ത്രിയായി ശങ്കര്‍ രാമകൃഷണനും മികച്ച അഭിനയമാണ് കാഴ്ച വച്ചത്. ഇവരെ കൂടാതെ കൈസാഷ്, ലെന, നിരഞ്ജന, നീരജ, മറീന എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി. 

നവീന്‍ ജോണിന്റേതാണ് തിരക്കഥ. അമിത പ്രതീക്ഷകള്‍ ഇല്ലാതെ പോയാല്‍ കാണാന്‍ രസമുളള ചിത്രമാണ് ഇര.        



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക